ഈ സ്നേഹത്തിന് അവകാശികൾ നിങ്ങൾ പ്രവാസികൾ -മുഖ്യമന്ത്രി
text_fieldsദുബൈ: മലയാളികൾക്ക് യു.എ.ഇ ഭരണാധികാരികളുടെ ഹൃദയത്തിലാണ് സ്ഥാനമെന്നും ആ സ്നേഹത്തിന്റെ അവകാശികൾ പ്രവാസികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈ അൽനാസർ ലെഷർലാൻഡിൽ നടന്ന പ്രവാസി മലയാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാലത്ത് ഇവിടേക്ക് വരേണ്ടതില്ലെന്ന് കരുതിയതാണ്. എന്നാൽ, തിരുവനന്തപുരം ലുലു മാളിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ യു.എ.ഇ അന്താരാഷ്ട്ര വ്യാപാര മന്ത്രി താനി ബിൻ അഹ്മദ് അൽ സെയൂദിയുടെ ക്ഷണമാണ് തന്നെ ഇവിടെ എത്തിച്ചത്. ഇവിടെയുള്ള ഭരണാധികാരികളുടെ ഹൃദയവിശാലത എത്ര പ്രശംസിച്ചാലും മതിവരില്ല. ഈ നാടിനോട് നമ്മൾ കാണിക്കുന്ന സ്നേഹമാണ് നമുക്ക് തിരിച്ചുകിട്ടുന്നത്. അത് ഒന്നോ രണ്ടോ പേർ ഉണ്ടാക്കിയതല്ല. നിങ്ങളും നിങ്ങളുടെ മുൻതലമുറയും ഉണ്ടാക്കിയെടുത്തതാണ്. തിരക്കിനിടയിലും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നമ്മളെ ഓർക്കുന്നു എന്നതിന്‍റെ തെളിവാണ് എക്സ്പോയിൽ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ച. അവരുടെ വാക്കുകൾ നിങ്ങൾക്കുള്ള അഭിനന്ദനമാണ്.
ദുബൈയുടെ വളർച്ചയിൽ വലിയ പങ്കുവഹിച്ചവരാണ് നിങ്ങൾ. പ്രവാസികൾക്കായി ഈ വർഷം 12 പദ്ധതികൾ നടപ്പാക്കും. ഈ സർക്കാർ അധികാരത്തിലേറ്റ ശേഷം നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അൽനാസർ ലെഷർലാൻഡിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകൾ എത്തിയിരുന്നു.
കേരളത്തിന്‍റെ വികസനത്തിന് എന്നും ഒപ്പം നിന്നവരാണ് പ്രവാസികളെന്നും ഞങ്ങളെല്ലാം ഇനിയും ഒപ്പമുണ്ടാകുമെന്നും അധ്യക്ഷത വഹിച്ച ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഇവിടെയുള്ള ഭരണാധികാരികൾ സമയം കണ്ടെത്തിയത് കേരളത്തോടുള്ള അവരുടെ സ്നേഹത്തിന്റെ തെളിവാണ്. നമ്മൾ നൽകിയ സ്നേഹമാണ് അവർ തിരിച്ചുനൽകുന്നതെന്നും യൂസുഫലി കൂട്ടിച്ചേർത്തു. പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.