ഈ മനോഹര തീരത്തു വരണം ഇനിയുമൊരായിരം വട്ടം
text_fieldsഅജ്മാനോട് ചേർന്ന് കിടക്കുന്ന ഷാർജയുടെ കവിത പൂക്കുന്ന ദേശമാണ് അൽ ഹിറ. ഇവിടെ നിന്ന് വിളിച്ചാൽ വിളി കേൾക്കുന്ന ദൂരത്താണ് അൽ ഫിഷ്ത് കോർണീഷ്. നിരവധി കവികൾക്ക് ജൻമമേകിയ പ്രദേശമാണ് അൽ ഹിറ- പരമ്പരാഗത കാവ്യശാഖയായ അൽ മുർഷിദിെൻറ ഉറവിടം ഈ മേഖലയാണ്. നിരവധി യുവകവികൾ ഇന്നും ഈ പ്രദേശത്തുണ്ട്. ഒരു കാലത്ത് കവികളുടെ സംഗമ കേന്ദ്രമായിരുന്നു ചരിത്ര ഭംഗിയുള്ള ഫിഷ്ത് കടലോരം. കച്ചവടങ്ങളിലൂടെ ലോകത്തെ ഷാര്‍ജയുമായി വിളക്കി ചേര്‍ത്തത് ഈ തീരമാണ്. അകം നിറയെ സ്വപ്നങ്ങൾ നിറച്ച് വമ്പൻ ചരക്ക് കപ്പലുകൾ സഞ്ചരിക്കുന്നത് ഈ തീരത്തു നിന്നാൽ കാണാം
പ്രശസ്തമായ ഖാലിദ് തുറമുഖം ഈ തീരത്തോട് ചേർന്നാണ്. ഫിഷ്ത്ത് ബീച്ചിനെ വൈവിധ്യങ്ങളുടെ വര്‍ണങ്ങള്‍കൊണ്ട് കടഞ്ഞെടുത്തിരിക്കുകയാണ് സാംസ്കാരിക നഗരം. പുല്‍മേടുകളും പൂച്ചെടികളും പൂങ്കാറ്റും അഴക് വിരിക്കുന്ന നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും അല്‍ മുന്തസ റോഡും സന്ദര്‍കര്‍ക്ക് കടല്‍ കാഴ്ചകള്‍ ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങളും മനോഹരമാണ്. ഒൗദ്യോഗികമായി തുറന്നിട്ടില്ലെങ്കിലും പരിസരവാസികള്‍ വ്യായാമത്തിനും വിശ്രമത്തിനുമായി ഇവിടെ എത്തുന്നുണ്ട്. അരികത്തുകൂടി ഒരു കാറ്റു കടന്നുപോയാല്‍ അതിെൻറ ചങ്കേലസ് കിലുങ്ങുന്ന ശബ്ദം വ്യക്തമായി കേള്‍ക്കണമെന്ന വിധത്തിലാണ് റോഡിനെയും തീരത്തെയും വേര്‍തിരിച്ചത്. ഓരോ പാതകളെയും വ്യത്യസ്ത വര്‍ണത്തില്‍ ചാലിച്ചിരിക്കുന്നു. ടെലിഫോണ്‍ ബൂത്തുകളില്‍ പോലും അഴക് കിനിയുന്നത് കാണാം.
അറബ് സംസ്കൃതിയുടെ തലസ്ഥാനമായ ഷാര്‍ജയുടെ വളര്‍ച്ചയുടെ ഓരോ ചുവടിലും കടലലകളുടെ ആഴമേറിയ പ്രാര്‍ഥനകളുണ്ട്. മലയാളക്കരയുടെ വളര്‍ച്ചയുടെ ആദ്യപടവുകളില്‍ കാത് ചേര്‍ത്തുവെച്ചാല്‍ ഈ പ്രാര്‍ഥന വ്യക്തമായി കേള്‍ക്കാം. ഷാര്‍ജയുടെ തീരങ്ങളില്‍ ഏറെ പ്രാധാന്യമുണ്ട് അജ്മാനോട് ചേര്‍ന്ന് കിടക്കുന്ന ഫിഷ്ത്ത് കോര്‍ണീഷിന്.
അജ്മാന് അതിര്‍ത്തിയില്‍ നിന്ന് തുടങ്ങി ദുബൈ അതിര്‍ത്തി വരെ എത്തുന്ന, 27 കിലോമീറ്റര്‍ സൈക്കിള്‍പാത, വ്യായാമപാത എന്നിവ അധികം വൈകാതെ സന്ദര്‍ശകര്‍ക്കായി തുറക്കും. ഷാര്‍ജ നഗരാസൂത്രണ കൗണ്‍സില്‍ (എസ്.യു.പി.സി) ആണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഫിഷ്ത്ത്, ഷാര്‍ജ കോര്ണീഷുകളെ കോര്‍ത്തിണക്കിയുള്ള പദ്ധതി പൂര്‍ണമാകുന്നതോടെ സന്ദര്‍ശകരുടെ കുത്തൊഴുക്കായിരിക്കും. ഇത് മുന്‍കൂട്ടി കണ്ട് പാര്‍ക്കിങും സര്‍വീസ് റോഡുകളുടെയും പോഷക റോഡുകളുടെയും സൗകര്യങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്.
പൂക്കളും പുല്‍മേടുകളും വിശ്രമ കേന്ദ്രങ്ങളും വിനോദങ്ങളും കോര്‍ത്തിണക്കിയുള്ള, 3.3 ബീച്ച് ഫ്രണ്ട് വികസനം ഷാര്‍ജയുടെ സ്വപ്ന പദ്ധതികളില്‍ പ്രധാനമാണ്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേകനിര്‍ദേശ പ്രകാരമുള്ളതാണ് ഈ പദ്ധതി. ഷാര്‍ജയുടെ പ്രധാന വിനോദമേഖലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന സൈക്കിള്‍, വ്യായാമ പാത പ്രദേശവാസികളുടെ ആരോഗ്യത്തിന് കൂട്ടാകും.
പച്ചപ്പാര്‍ന്ന മേഖലയിലൂടെ കടന്നുപോകുന്ന പാതയോട് ചേര്‍ന്ന് പൂമരങ്ങളുടെ തണലും ഒരുക്കുന്നുണ്ട്. പൂര്‍ണമായും ബീച്ചിനോട് ചേര്‍ന്നാണ് ഈ 27 കിലോമീറ്റര്‍ പാത. പട്ടണത്തിനോട് ചേര്‍ന്നാണെങ്കിലും, വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമോ മലിനീകരണമോ ബാധിക്കാത്ത രീതിയിലാണ് ഒരുക്കിയത്. 2012 മുതല്‍ ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്ത് സിറ്റി പദ്ധതിയില്‍ ഷാര്‍ജ അംഗമാണ്. പൊതുജനാരോഗ്യത്തെ സംരക്ഷിക്കാനും ക്ഷേമം ഉറപ്പുവരുത്താനും മുന്‍കൈ എടുത്തതിെൻറ ഫലമായി 2015ല്‍ മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആരോഗ്യ പരിപാലന നഗരമായി ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.