കാണാക്കാഴ്ചകൾ കാണാൻ ഇനിയുമിനിയും സഞ്ചരിക്കണം
text_fieldsദീർഘകാലത്തെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനു ശേഷമാണ് ഭർത്താവിനും മക്കൾക്കുമൊപ്പം എക്സ്പോ സന്ദർശിക്കാനായത്. മഹാവിസ്മയങ്ങളുടെ പുതിയ ലോകത്ത് എത്തിച്ചേർന്നതിെൻറ കൗതുകങ്ങൾ ഒരായുഷ്കാലം മുഴുവൻ ഓർമയിൽ തങ്ങിനിൽക്കും വിധം ഗംഭീരമായിരുന്നു. ഇതിനിടയിൽ അഞ്ചു തവണ മഹാനഗരിയിലെത്തി. ഇന്നേ വരെ കണ്ടിട്ടില്ലാത്ത അനേകം പുതിയ അറിവുകളിലേക്കും അനുഭവങ്ങളിലേക്കും ദേശാതിർത്തികൾ ഭേദിച്ചുള്ള യാത്രയിൽ അൽപം പോലും മുഷിപ്പില്ലാതെയാണ് അഞ്ചു ദിവസവും ചെലവഴിച്ചത്. ദിനേന എട്ടു മണിക്കൂർ വെച്ച്.
വിവിധ രാജ്യങ്ങൾ അവരുടെ ഭൂപ്രകൃതിയെയും ചരിത്രത്തെയും സംസ്കാരത്തെയുമെല്ലാം സമാനതകളില്ലാത്ത സൗന്ദര്യ ബോധത്തോടെ പുനഃസൃഷ്ടിച്ചു കണ്ടപ്പോൾ കുട്ടികൾക്ക് ആലീസിെൻറ അത്ഭുത ലോകത്തെത്തിയ പ്രതീതിയായിരുന്നു. ഓരോ രാജ്യവും ഒരുക്കിയ അവരുടേത് മാത്രമായ സവിശേഷ വിഭവങ്ങൾ രുചിച്ചറിയാനും അവസരം കിട്ടി.
ചില രാജ്യങ്ങൾ ഇക്കോ ടൂറിസത്തെയാണ് പ്രാധാന്യപൂർവം അവതരിപ്പിച്ചത്. മറ്റുചിലത്, അവർ കൈവരിച്ച സാങ്കേതിക മികവുകളെയും ശാസ്ത്രനേട്ടങ്ങളെയും അടയാളപ്പെടുത്തി. അങ്ങനെ മണ്ണിലും വിണ്ണിലും കടലിലുമായി സൃഷ്ടിച്ചെടുത്ത അത്ഭുതങ്ങൾ ഭൂമിക്കും മനുഷ്യർക്കും സുസ്ഥിരമായ ഭാവി എങ്ങനെ രൂപപ്പെടുത്താമെന്ന് ബോധ്യപ്പെടുത്തുന്നവയായിരുന്നു. യു.എ.ഇയുടെയും സൗദിയുടെയും ഇന്ത്യയുടെയും പവലിയനുകൾ മികച്ചവയായാണ് അനുഭവപ്പെട്ടത്. കോടമഞ്ഞ് നിറഞ്ഞ ആൽപ്സ് പർവത നിരകളിലൂടെ പിക്നിക്ക് പോയ പ്രതീതിയായിരുന്നു സ്വിറ്റ്സർലൻഡ് പവലിയൻ സന്ദർശിച്ചപ്പോൾ. ഹംഗേറിയൻ പവലിയൻ കൗതുകക്കാഴ്ചകളാൽ കുട്ടികളെ ഹരം പിടിപ്പിച്ചു. ലക്സൻ ബർഗ് പവലിയനിലെ സ്ലൈഡിങ് കുട്ടികൾ നന്നായി ആസ്വദിച്ചു.
ബെൽജിയൻ പവലിയൻ ഗോളാന്തരയാത്രയുടെ പ്രതീതി പകർന്നു തന്നു. ഭൂമി വിട്ട് ഇതര ഗോളങ്ങളിലേക്കും ചന്ദ്രനിലേക്കും തെന്നിമാറിയുള്ള സഞ്ചാരം. ആസ്ട്രനോട്ട് ആവണമെന്ന മകൾ സഹ്റയുടെ കുഞ്ഞുമനസ്സിലെ ആഗ്രഹത്തെ ഊട്ടിയുറപ്പിക്കാൻ പാകത്തിൽ കണ്ണഞ്ചിപ്പിക്കുന്നതും വിജ്ഞാനപ്രദവുമായ കാഴ്ചകളായിരുന്നു അവിടം നിറയെ. നിർബന്ധമായും കണ്ടിരിക്കേണ്ട വ്യത്യസ്തമായൊരു പവലിയനാണ് നോർവേയുടേത്.
കടലിെൻറ ഉള്ളറകളിലൂടെയെന്ന വിധം സജ്ജീകരിച്ച യാത്രയിലൂടെ സന്ദർശകർക്ക് നോർവേയുടെ സമുദ്രസഞ്ചാരത്തിെൻറ പൈതൃകവും സമുദ്രത്തെ കേന്ദ്രീകരിച്ച് രാജ്യം നടത്തുന്ന വിവിധങ്ങളായ പഠന പ്രവർത്തനങ്ങളും പരിചയപ്പെടാൻ സാധിക്കും. സമുദ്രങ്ങളുമായി ബന്ധപ്പെട്ട സംഭ്രമിപ്പിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എടുത്തു കാണിച്ച് ആ വെല്ലുവിളികൾ നേരിടാൻ സഹായകമായ അത്യാധുനിക മാർഗങ്ങൾ അവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. കരയേക്കാൾ വലിയ വിഭവസ്രോതസ്സാണ് കടലെന്ന് ഓരോ കാഴ്ചയും ആഴത്തിൽ ബോധ്യപ്പെടുത്തി. ഭർത്താവ് സക്കരിയ കുറച്ചു വർഷം മുമ്പ് നോർവേ സന്ദർശിച്ച കാര്യം പറഞ്ഞപ്പോൾ ഞങ്ങളോടവർ വലിയ അടുപ്പം കാണിച്ചു. കുടുംബ സമേതം ഒരിക്കൽ കൂടി വരാൻ സ്നേഹപൂർവ്വം ക്ഷണിച്ചു.
പ്രകൃതിരമണീയമായി വിതാനിച്ചിരിക്കുന്നു സിംഗപ്പൂർ പവലിയൻ. അപ്പാടെ ഒരു വനത്തിലകപ്പെട്ട പ്രതീതി. പ്രകൃതിയുടെ പച്ചപ്പിലൂടെയുള്ള ആ യാത്ര നാടിനെ ഓർമപ്പെടുത്തുന്നതായി. നെതർലാൻഡ് പവലിയൻ ഏറ്റവും നൂതനമായ കണ്ടെത്തലുകളുടെ പറുദീസയാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പത്തിൽ നിന്ന് വെള്ളം വലിച്ചെടുത്ത് ഭക്ഷ്യാവശ്യങ്ങൾക്കും കൃഷിക്കും പ്രയോജനപ്പെടുത്തുന്ന സാങ്കേതികവിദ്യ മനുഷ്യരാശിക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. കുടിവെള്ളം കിട്ടാക്കനിയായ രാജ്യങ്ങളിലെ അനേകായിരം ദരിദ്ര ജനങ്ങൾക്ക് ഈ കണ്ടെത്തൽ വലിയൊരാശ്വാസമായി മാറുമെന്ന് കരുതാം.
പവലിയനുകൾക്കുള്ളിൽ അവതരിപ്പിക്കപ്പെട്ട വിനോദപരിപാടികൾ ആകർഷകവും ആസ്വാദ്യകരവുമായിരുന്നു. കുട്ടികൾ ജലധാരകൾക്കൊപ്പം നൃത്തം ചെയ്തുല്ലസിച്ചു. ഒന്നാം ദിവസത്തെ സന്ദർശനം വേണ്ടത്ര മുന്നൊരുക്കില്ലാതെ വന്നതിനാൽ തിരക്കു കാരണം പല പവലിയനും കാണാനൊത്തില്ല. അടുത്ത ദിവസങ്ങളിൽ മാപ് നോക്കിയും 'സ്മാർട്ട് ക്യൂ ഓപ്ഷൻ'ഉപയോഗപ്പെടുത്തിയും മുൻകൂർ തയാറെടുപ്പ് നടത്തിയതിനാൽ സമയം പാഴാവാതെ അനേകം പവലിയനുകളിൽ എത്തിച്ചേരാൻ പറ്റി. നാൽപതോളം പവലിയനുകളിൽ കയറിയിറങ്ങി തിരിച്ചുവരുമ്പോൾ അറിവിെൻറയും അനുഭവങ്ങളുടെയും അനേകം ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ചതിെൻറ ആഹ്ലാദത്തിമർപ്പായിരുന്നു മനസ്സു നിറയെ. തിരിച്ചുപോരുമ്പോൾ ഒരാഗ്രഹം മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളൂ. ഇനിയുമൊരിക്കൽ കൂടി എക്സ്പോയിൽ പോവണം. കാണാത്ത കാഴ്ചകളുടെ, എത്തിച്ചേരാനാവാത്ത ദേശങ്ങളുടെ, ഇതുവരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങളുടെ ലോകങ്ങളിലൂടെ ഇനിയുമിനിയും സഞ്ചരിക്കണം.
തയാറാക്കിയത്: ഫാത്തിമത്തുൽ റംസിയ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.