ശൈഖ് മുഹമ്മദ് അന്ന് ഷംലാലിനെ വിളിച്ചു -'young malabar boy'
text_fields'Young Malabar boy'- മലബാർ ഗ്രൂപ്പിന്‍റെ പേരും പെരുമയും വിദേശ രാജ്യങ്ങളിലേക്ക് പറിച്ചുനട്ട ഷംലാൽ അഹ്മദിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിളിപ്പേരാണിത്. ചേർത്തുപിടിച്ച് തോളിൽ തട്ടി ഇങ്ങനെ വിളിച്ചത് മറ്റാരുമല്ല, സാക്ഷാൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സബീൽ പാലസിന്‍റെ രാജകീയ അൾത്താരയിൽ ശൈഖ് മുഹമ്മദിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ അര മണിക്കൂറാണ് ജീവിതത്തിലെ ഏറ്റവും അസുലഭ മുഹൂർത്തമായി ഷംലാൽ എഴുതിവെച്ചിരിക്കുന്നത്. പിതാവിനൊപ്പം ചേർന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ ലോകത്തിന് പരിചയപ്പെടുത്തിയ ഷംലാൽ അഹ്മദ് തന്നെ വളർത്തിയ യു.എ.ഇയെ കുറിച്ച്, പിന്നിട്ട വഴികളെ കുറിച്ച് സംസാരിക്കുന്നു...
'തോറ്റുപിൻമാറാൻ ആർക്കും കഴിയും. പൊരുതിനേടാനാണ് ക്ഷമ വേണ്ടത്' -സ്വന്തം ജീവിതമാണ് ഷംലാലിനെ ഇങ്ങനെ പറയാൻ പ്രാപ്തനാക്കിയത്. സ്വർണ ബിസിനസിലെ ഗൾഫ് സ്വപ്നങ്ങളുമായി 2003ലാണ് ഷംലാൽ ദുബൈയിൽ എത്തുന്നത്. ഖിസൈസിൽ ഷോറൂം തുറന്നെങ്കിലും ഒന്നര വർഷമെ ആയുസുണ്ടായിരുന്നുള്ളു. വലിയൊരു നഷ്ടവുമായി ആ ഷോറൂം മറ്റൊരാൾക്ക് കൈമാറി നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. നാല് വർഷം കൂടി ബാപ്പക്കൊപ്പം ചേർന്ന് ബിസിനസിന്‍റെ കൂടുതൽ പാഠങ്ങൾ പഠിച്ചെടുത്ത് ദുബൈയിൽ മടങ്ങിയെത്തിയ ഷംലാൽ ഗൾഫിൽ മലബാറിന്‍റെ പുതുചരിത്രം കുറിക്കുകയായിരുന്നു. പത്ത് വർഷത്തിന് ശേഷം മലബാറിന്‍റെ നൂറാമത്തെ ഔട്ട്ലെറ്റായി മറ്റൊരു ജൂവല്ലറി ഗ്രൂപ്പിൽ നിന്ന് ഈ ഷോറൂം തിരിച്ചുപിടിക്കാൻ പാകത്തിൽ തന്നെ വളർത്തിയെടുത്തത് യു.എ.ഇയാണെന്ന് ഷംലാലിന് കണ്ണടച്ച് പറയാനാകും.
2007ലായിരുന്നു ഷംലാലിന്‍റെ രണ്ടാം വരവ്. മലബാറിന്‍റെ ശൃംഖല ഗൾഫിലേക്ക് വ്യാപിപ്പിക്കുക എന്നതായിരുന്നു നിയോഗം. അന്ന് ഇന്ത്യയിൽ 13 ഷോറൂമാണുള്ളത്. വിദേശത്ത് എവിടെ തുടങ്ങും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു^യു.എ.ഇ. മാർക്കറ്റ് പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഷംലാലിന്‍റെ ആഗമനം. മികച്ചൊരു ടീമും ഒപ്പമുണ്ടായിരുന്നു. ദുബൈ ഗോൾഡ് സൂഖ് കേന്ദ്രീകരിച്ച് ഹോൾസെയിൽ ബിസിനസായിരുന്നു തുടക്കം. ഒരു വർഷം ഹോൾസെയിൽ മാത്രമായി തുടർന്നു. 2008 ജൂൺ 18നാണ് മലബാറിന്‍റെ ആദ്യ ഷോറൂം ഷാർജ റോളയിൽ തുറന്നത്. വടക്കൻ കേരളത്തിന്‍റെ മിനി പതിപ്പായതിനാലാണ് റോള തെരഞ്ഞെടുക്കാൻ കാരണം. മലയാളി ഉപഭോക്താക്കളിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്വന്തം സ്ഥാപനം പോലെ അവർ ഏറ്റെടുത്തു. ഈ കരുത്തിലാണ് പിന്നീട് ദുബൈ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലേക്ക് മലബാർ വളർന്ന് പന്തലിച്ചത്. ഇന്ന് പത്ത് രാജ്യങ്ങളിലായി 260ലേറെ ബ്രാഞ്ചുള്ള മലബാർ ഗോൾഡിന്‍റെ വിദേശത്തെ തുടക്കം ഇവിടെ നിന്നായിരുന്നു.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് മലബാറിന്‍റെ വളർച്ചക്ക് വളമിട്ടതെന്ന് ഷംലാൽ പറയും. പ്രധാന ജൂവലറി ഗ്രൂപ്പുകളെല്ലാം പ്രതിസന്ധിയിലായ സമയമാണിത്. ചിലത് പൂട്ടിപ്പോയി. ഈ ഗാപ്പിലേക്കാണ് മലബാർ ഇടിച്ചുകയറിയത്. യു.എ.ഇ മാർക്കറ്റിലെ പുതുമുഖമായതിനാൽ മലബാറിന് സ്വന്തം സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.
മറക്കാനാകുമോ ആ കൂടിക്കാഴ്ച
സബീൽ പാലസിൽ ജോലി ചെയ്യുന്ന സുഹൃത്ത് നദീർ പാലസിലേക്ക് ക്ഷണിച്ചപ്പോൾ ചെറിയ ഏതോ ചെറിയ ഓർഡറിന്‍റെ കാര്യം സംസാരിക്കാനാണെന്നാണ് ഷംലാൽ കരുതിയത്. അന്ന് മലബാർ തുടങ്ങിയിട്ടേയുള്ളൂ. യു.എ.ഇയിൽ രണ്ട് ബ്രാഞ്ച് മാത്രമാണുള്ളത്. പാലസിലെത്തിയപ്പോഴാണ് അറിയുന്നത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് വേണ്ടിയുള്ള വിളിയായിരുന്നു അതെന്ന്. മലബാർ ഗോൾഡിന്‍റെ ആളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പുറത്ത് തട്ടിപ്പറഞ്ഞത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട് 'Young Malabar boy'. അന്ന് ഇതിനേക്കാൾ ചെറുപ്പമാണ്.
അദ്ദേഹത്തിന്‍റെ വാക്കുകൾ നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന് ഷംലാൽ പറയുന്നു. ശൈഖ് മുഹമ്മദിന് വേണ്ടി ജൂവലറി ഉണ്ടാക്കാനായിരുന്നു തന്നെ ക്ഷണിച്ചതെന്നും അവിടെയെത്തിയപ്പോഴാണ് അറിയുന്നത്. തന്‍റെ മനസിലുള്ള ഭാവനയെ പറ്റി ശൈഖ് മുഹമ്മദ് അര മണിക്കൂറോളം സംസാരിച്ചു. അദ്ദേഹത്തിന്‍റെ നേതൃപാടവവും ഊർജവുമെല്ലാം നേരിട്ട് മനസിലാക്കാൻ കഴിഞ്ഞ അവസരമായിരുന്നു ഇത്. എന്തും നടപ്പാക്കാൻ കഴിയുമെന്ന് ആ വാക്കുകളിൽ വ്യക്തമായിരുന്നെന്ന് ഷംലാൽ സാക്ഷ്യപ്പെടുത്തുന്നു. പാലസിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
'ആഗോള സാമ്പത്തിക പ്രതിസന്ധി കത്തിനിന്ന സമയത്താണ് യു.എ.ഇക്ക് ആത്മവിശ്വാസമേകി ശൈഖ് മുഹമ്മദ് ദുബൈ മെട്രോ തുറന്നുകൊടുത്തത്. യു.എ.ഇക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ഏതൊരു പ്രതിസന്ധിയിൽ നിന്നും തിരികെ വരുമെന്നുമുള്ള സന്ദേശമായിരുന്നു മെട്രോ. ഏത് ദുരിതകാലത്തും ശൈഖ് മുഹമ്മദിന്‍റെയോ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെയോ പ്രഖ്യാപനങ്ങൾ കേൾക്കുമ്പോൾ ലഭിക്കുന്ന പോസിറ്റീവിറ്റി ചെറുതല്ല'^ഷംലാൽ പറയുന്നു.
മഹാമാരിയിലും തളരാതെ
മലബാർ ഗ്രൂപ്പ് വേരുറപ്പിച്ച ശേഷം നേരിട്ട ഏറ്റവും പ്രധാന പ്രതിസന്ധിയായിരുന്നു കോവിഡ്. എന്ത് ചെയ്യണം എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. എന്നാൽ, പ്രതിസന്ധികൾ അവസരങ്ങളാക്കി മാറ്റുന്ന മലബാർ ഇതിനെയും തന്ത്രപരമായി മറികടന്നു. ചെലവ് ചുരുക്കുക എന്നതായിരുന്നു പ്രാഥമീക ലക്ഷ്യം. ചില ജീവനക്കാർക്ക് ദീർഘകാല അവധി നൽകി നാട്ടിലേക്ക് അയച്ചു. കെട്ടിട ഉടമകളുമായി ചർച്ച ചെയ്ത് വാടക കുറപ്പിച്ചു. എന്താണ് അനാവശ്യം, അത്യാവശ്യം എന്ന് ചിന്തിക്കാൻ കഴിഞ്ഞു. ചില സ്റ്റോറുകൾ അടച്ചു. ജീവനക്കാരെ വിമാനം ചാർട്ട് ചെയ്ത് നാട്ടിലെത്തിച്ചു. തിരിച്ചുകയറാൻ സമയമായി എന്ന് തോന്നിയപ്പോഴാണ് ഗിയർ മാറ്റിയത്. മാർക്കറ്റിൽ നിന്ന് ചില കമ്പനികൾ പുറത്തായ വിടവ് നികത്തി മലബാർ കുതിപ്പ് തുടർന്നു. മാനേജ്മെൻറിന്റെ തീരുമാനത്തിനൊപ്പം നിലകൊണ്ട ജീവനക്കാർക്കാണ് ഷംലാൽ ഇതിന്‍റെ മുഖ്യ ക്രെഡിറ്റ് നൽകുന്നത്.
യു.എ.ഇയുടെ നിലപാടും കാര്യമായി സഹായിച്ചു. വിസ ചെലവ് വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകിയും യു.എ.ഇ കൂടെനിന്നു. ലൈസൻസ്, മുനിസിപ്പൽ നരിക്കുകൾ കുറച്ചു. ബാങ്കുകൾ മൊറട്ടോറിയം നൽകി. ഞങ്ങൾ കൂടെയുണ്ടെന്ന് പറയാതെ പറയുകയായിരുന്നു യു.എ.ഇ.
ഇത് ജീവനക്കാരുടെ സ്ഥാപനം
മലബാറിന്‍റെ ഉടമയാരാണെന്ന് ചോദിച്ചാൽ ഷംലാൽ ജീവനക്കാർക്ക് നേരെ വിരൽചൂണ്ടും. ഇത് വെറുതെ പറയുന്നതല്ല. മലബാറിന്‍റെ ഷെയർ ഹോൾഡർമാരിൽ നല്ലൊരു ശതമാനവും ജീവനക്കാർ തന്നെയാണ്. മുൻപ് പുറത്തുള്ളവർക്ക് നിക്ഷേപം അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ ജീവനക്കാർക്ക് മാത്രമാണ് മലബാറിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നത്. ഇന്‍റർനാഷനൽ ഓപറേഷൻസിലെ ഷെയർ ഹോൾഡേഴ്സിൽ 30 ശതമാനവും ജീവനക്കാരാണ്. ബാങ്കിൽ നിന്ന് പണമെടുത്ത് നിക്ഷേപിച്ചവരുമുണ്ട്. ലാഭവിഹിതം കൃത്യമായി അവരുടെ അക്കൗണ്ടിലെത്തും.
കഴിവുള്ളവർക്ക് ഏത് പൊസിഷനിൽ എത്താനുള്ള അവസരവും മലബാറിലുണ്ടെന്ന് ഷംലാൽ വ്യക്തമാക്കുന്നു. താനും ബാപ്പായുമെല്ലാം ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. സെയിൽസ് മാനായി വന്നവർ പോലും ഡയറക്ടർ പോസ്റ്റിലെത്തി. റിസൽട്ട് കൊണ്ടു വരുന്നവർക്ക് ഉയർച്ചയുണ്ടാവും.
മലയാളി ഉപഭോക്താക്കളാണ് മലബാറിന്‍റെ മറ്റൊരു കരുത്ത്. ഉപഭോക്താക്കളോട് കാണിച്ച വിശ്വാസ്യതയാണ് തങ്ങളുടെ വിജയരഹസ്യമെന്നാണ് ഷംലാലിന്‍റെ അഭിപ്രായം. കലക്ഷനും ഡിസൈനും വിലയുമെല്ലാം ഇത് കഴിഞ്ഞേ വരൂ. വിശ്വാസം നഷ്ടപ്പെടാൻ ഒരു നിമിഷം മതി, പക്ഷെ, നേടിയെടുക്കാൻ വർഷങ്ങൾ വേണ്ടി വരും^ഷംലാലിന്‍റെ വാക്കുകളിൽ നയം വ്യക്തം.
ഗോൾഡൻ യു.എ.ഇ
സ്വർണബിസിനസിന് യു.എ.ഇ നൽകുന്ന പിന്തുണയെ കുറിച്ച് ഷംലാൽ പറയുന്നു^''ദുബൈ അറിയപ്പെടുന്നത് സിറ്റി ഓഫ് ഗോൾഡ് എന്നാണ്. സ്വർണത്തിന്‍റെ മെക്കയെന്നും ഹബെന്നുമെല്ലാം ഈ നഗരത്തിന് വിളിപ്പേരുണ്ട്. ഇത് വെറുതെ വിളിക്കുന്നതല്ല. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സ്വർണം കയറ്റുമതി ചെയ്യുന്നത് ഇവിടെ നിന്നാണ്. സൗത്ത് അമേരിക്ക, മെക്സികോ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ഖനനം ചെയ്യുന്ന സ്വർണം ഏറ്റവും മധികം റിഫൈൻ ചെയ്ത് റോ മെറ്റീരിയലായി ലണ്ടനിലേക്കും അമേരിക്കയിലേക്കും ഇന്ത്യയിലേക്കും സ്വിറ്റ്സർലൻഡിലേക്കുമെല്ലാം കയറ്റിവിടുന്നത് യു.എ.ഇയാണ്. ബൽജിയത്തിലെ ആൻഡ്വേർപ്പാണ് ഡയമണ്ട് ഹബെങ്കിൽ ദുബൈയാണ് ഗോൾഡിന്‍റെ ഹബ്. എണ്ണ കഴിഞ്ഞാൽ ഏറ്റവും വലിയ വിറ്റുവരവ് സ്വർണമാണ്. ഇന്ത്യക്ക് പുറത്ത് മലബാറിന്‍റെ ബേസ് കെട്ടിപ്പടുക്കാൻ കാരണമായത് യു.എ.ഇയിലെ ഓപറേഷനാണ്. ഈ നാട്ടിൽ നിന്ന് ലോകത്തിന്‍റെ ഏത് ഭാഗത്തും ബിസിനസ് ചെയ്യാം. എവിടെ നിന്നും ഇറക്കുമതി ചെയ്യാനും എവിടേക്ക് വേണമെങ്കിലും കയറ്റുമതി ചെയ്യാനും കഴിയും. എന്നെ ഞാനാക്കിയ നാടാണിത്. നാട്ടിലായിരുന്നെങ്കിൽ ഷംലാൽ ഒരുപക്ഷെ ഇതായിരിക്കില്ല. ഇവിടുത്തെ സാഹചര്യങ്ങളും അവസരങ്ങളുമാണ് എന്നെയും ഞങ്ങളുടെ സ്ഥാപനത്തെയും ഈ നിലയിൽ എത്തിച്ചത്''.
വഴികാട്ടിയായ ബാപ്പ
മലബാർ ഗോൾഡിനെ വിദേശത്ത് നയിക്കുന്നത് ഷംലാലും വൈസ് ചെയർമാനായ കെ.പി. അബ്ദുൽ സലാമുമാണെങ്കിൽ ഇതിനെല്ലാം പിന്നിൽ കരുത്ത് പകർന്ന് ഒരാളുണ്ട്, എം.പി. അഹ്മദ്. മലബാർ ഗ്രൂപ്പിനെ നട്ട് നനച്ച് വളർത്തിയ മനുഷ്യൻ. ആ മനുഷ്യന്‍റെ മകനായി പിറന്നതാണ് തന്‍റെ ഏറ്റവും വലിയ യോഗ്യത എന്ന് ഷംലാൽ പറയുന്നു. വ്യക്തിപരമായും െപ്രാഫഷനലായും തന്നെ വളർത്തിയെടുത്തത് ബാപ്പയുടെ ജീവിത ചര്യകളായിരുന്നു. ദീർഘവീക്ഷണം, ദിശാബോധം, കാഴ്ചപ്പാട്, സത്യസന്ധത, സുതാര്യത... ഇതെല്ലാം കൈമുതലായുള്ള എം.പി അഹ്മദാണ് ഷംലാലിന്‍റെ റോൾ മോഡൽ.
'ഞങ്ങൾക്ക് ബിസിനസിൽ താൽപര്യമുണ്ടാകാൻ ബാപ്പ പലതും ഞങ്ങളെ കൊണ്ട് വാങ്ങിപ്പിക്കും. അതേകുറിച്ച് പഠിക്കാൻ പറയും. പണം ചെലവാക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ലൈൻ. ചെലവ് ചെയ്താലേ വരവുണ്ടാക്കാൻ കഴിയു എന്നാണ് ഞങ്ങൾക്ക് പറഞ്ഞ് തരുന്നത്. വിഡിത്തങ്ങൾ പറഞ്ഞാലും പറഞ്ഞോളാൻ പറയും. മിസ്റ്റേക്ക് ഉണ്ടാക്കി പഠിക്കട്ടേ എന്ന് പറയും. 2002ൽ കോളജ് പഠനം കഴിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ പലർക്കും കടമായി സ്വർണം നൽകിയിരുന്നു.
എന്‍റെ പേരിൽ എഴുതിവെച്ചോളാൻ പറയുകയും ചെയ്യും. ഒരു ദിവസം ഇക്കാര്യം എന്‍റെ അങ്കിൾ ബാപ്പായോട് പറഞ്ഞു. അഞ്ച് ലക്ഷം ആകുന്നത് വരെ അവൻ കടം കൊടുക്കെട്ട എന്നായിരുന്നു ബാപ്പ പറഞ്ഞത്. അഞ്ച് ലക്ഷം ആയപ്പോൾ ബാപ്പ വിളിപ്പിച്ചു. ഇതുവരെ കൊടുത്ത കടം തിരികെ വാങ്ങിയിട്ട് മതി ഇനി കടം കൊടുക്കൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭൂരിപക്ഷം കടവും തിരികെ കിട്ടിയില്ല എന്നതാണ് സത്യം. ബാപ്പയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് 'ഇപ്പോൾ പോയത് ചെറിയ ലക്ഷങ്ങൾ മാത്രമാണ്. നാളെ കോടികൾ നഷ്ടമുണ്ടാകാതിരിക്കാൻ ഇത് ഉപകരിക്കും' എന്നായിരുന്നു. ജീവിതത്തിലെയും ബിസിനസിലെയും ഏറ്റവും വലിയ പാഠങ്ങളിലൊന്നായിരുന്നു ഇത്'^ഷംലാലിന്‍റെ വാക്കുകൾ.
1993ലാണ് എം.പി അഹ്മദ് കോഴിക്കോട്ട് ആദ്യ ഷോപ്പ് തുറക്കുന്നത്. 700 സ്ക്വയർ ഫീറ്റ് മാത്രമുള്ള ചെറിയൊരു മുറിയായിരുന്നു അത്. അന്ന് ഷംലാൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. ബന്ധുക്കളായ നിഷാദ്, മജീദ്, ഫൈസൽ, ബീരാൻകുട്ടിക്ക തുടങ്ങിയവരെല്ലാം ചേർന്ന മികച്ചൊരു ടീം അന്നുണ്ടായിരുന്നു. പിന്നീട് തിരൂരിലും കണ്ണൂരിലും തലശേരിയിലും തുറന്നു. സ്വർണ ബിസിനസിൽ പാരമ്പര്യമേതുമില്ലാത്ത കർഷക കുടുംബമായിരുന്നു അഹ്മദിന്റേത്. ബാക്കിയെല്ലാം സ്വന്തമായി കെട്ടിപ്പടുത്തതാണ്. ●
ഇബ്രാഹിം ഹാജിക്ക എന്ന തണൽമരം
ഇബ്രഹിം ഹാജിക്കയുടെ വിയോഗത്തിലൂടെ നഷ്ടമായത് പിതൃതുല്യനായ മനുഷ്യനെയാണെന്ന് ഷംലാൽ പറയുന്നു. 'മലബാറിന്‍റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ഹാജിക്ക. 2003ലാണ് അദ്ദേഹവുമായി ചേരുന്നത്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഷോറൂം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഹാജിക്കയുമായി ബന്ധപ്പെടുന്നത്. അന്ന് ചുരുക്കം ബ്രാഞ്ച് മാത്രമാണുള്ളത്. മലബാറിൽ അദ്ദേഹം ഇൻവസ്റ്റ് ചെയ്തു എന്ന് മാത്രമല്ല, സുഹൃത് വലയത്തിലുള്ള വലിയൊരു എൻ.ആർ.െഎ സമൂഹം മലബാറിന്‍റെ ഷെയർഹോൾഡർമാരായി എത്തുകയും ചെയ്തു. ഇബ്രാഹിം ഹാജിക്ക മലബാറിന്‍റെ ഇൻവസ്റ്ററാണ് എന്ന വിശ്വാസത്തിൽ മാത്രം ഞങ്ങളോടൊപ്പം ചേർന്നവരുണ്ട്. കാരണം, അദ്ദേഹം അത്ര പഠിച്ചശേഷമേ ഇൻവസ്റ്റ് ചെയ്യൂ.
2007ൽ ദുബൈയിലെത്തിയ ശേഷമാണ് ഞാൻ അദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്. മക്കളിലൊരാളായാണ് എന്നെ കണ്ടിരുന്നത്. എന്‍റെ മെന്‍റർ, വഴികാട്ടി എന്നൊക്കെ പറയാം. എന്തും തുറന്നു സംസാരിക്കാം. നല്ലൊരു കേൾവിക്കാരനായിരുന്നു. എല്ലാം കേട്ടതിന് ശേഷം ചിലപ്പോൾ ഉടൻ തന്നെ മറുപടി കിട്ടും. ചിലപ്പോൾ ആലോചിച്ചിട്ട് പറയാം എന്ന് പറയും. ദീർഘ വീക്ഷണത്തോടെയുള്ളതായിരിക്കും മറുപടി. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും വിളിക്കും. രണ്ടാഴ്ചയിലൊരിക്കലെങ്കിലും നേരിൽ കാണും. ഈ കൂടിക്കാഴ്ചകൾക്കൊന്നും ചിലപ്പോൾ കച്ചവടുവമായി ബന്ധമുണ്ടായിരിക്കില്ല. മലബാറിൽ പ്രൊഷനലിസം കൊണ്ടുവരാൻ ഹാജിക്കയുടെ ഇൻറർനാഷനൽ അനുഭവ സമ്പത്ത് ഏറെ ഗുണം ചെയ്തിരുന്നു'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.