റോഡപകടങ്ങളിൽ മുന്നിൽ യുവാക്കൾ; 2022ൽ 530 അപകടങ്ങൾക്ക് കാരണക്കാർ
text_fieldsദുബൈ: കഴിഞ്ഞ വർഷം യു.എ.ഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റോഡപകടങ്ങളുടെ പ്രധാന കാരണക്കാർ യുവാക്കളും പുതുതായി ലൈസൻസ് നേടിയവരും ആണെന്ന് പഠന റിപ്പോർട്ട്. 2022ൽ ചെറുതും വലുതുമായ 3945 അപകടങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 ശതമാനം അപകടങ്ങളും സംഭവിച്ചത് യുവാക്കളുടെയും അഞ്ചു വർഷത്തിനുള്ളിൽ ഡ്രൈവിങ് ലൈസൻസ് നേടിയവരുടെയും അശ്രദ്ധമൂലമാണ്. കഴിഞ്ഞ വർഷം 530 അപകടങ്ങളിലാണ് ഈ വിഭാഗം ഉൾപ്പെട്ടിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണുകളുടെ ഉപയോഗം, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരിക്കൽ, സുരക്ഷിതമല്ലാതെ പെട്ടെന്നുള്ള ലൈൻ തെറ്റിക്കൽ എന്നിവയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. 790 അപകടങ്ങളും സംഭവിച്ചത് വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നതുമൂലമാണ്. 675 കേസുകൾ മുന്നിലുള്ള വാഹനത്തെ അശ്രദ്ധമായി മറികടന്നതിലൂടെ സംഭവിച്ചതാണ്. മദ്യപിച്ച് വാഹനമോടിച്ചതാണ് 533 അപകടങ്ങൾക്ക് കാരണം.
അതേസമയം, 2022ലുണ്ടായ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരിൽ 41 ശതമാനവും 30 വയസ്സിന് താഴെയാണെന്നും 53 ശതമാനം പേർക്കാണ് പരിക്കേറ്റതെന്നും റോഡ് സുരക്ഷ യു.എ.ഇ മുന്നറിയിപ്പ് നൽകി. വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന പുതിയ ഡ്രൈവർമാരുടെ എണ്ണം ആശങ്കജനകമാണെന്ന് റോഡ് സുരക്ഷ അതോറിറ്റി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് ഈഡിൽമൻ പറഞ്ഞു. പ്രായമായവരെ അപേക്ഷിച്ച് പുതുതലമുറ അശ്രദ്ധമായ ഡ്രൈവിങ്ങാണ് ചെയ്യുന്നതെന്ന് യുഗോവുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ വ്യക്തമായതായും റോഡ് സുരക്ഷ യു.എ.ഇ അധികൃതർ വ്യക്തമാക്കി. അതേസമയം, ലോകത്ത് അഞ്ചിനും 24നും ഇടയിൽ പ്രായമുള്ള യുവാക്കളുടെ മരണത്തിന്റെ പ്രധാനകാരണം വലിയ റോഡപകടങ്ങളാണെന്ന് യു.എൻ നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. ലോകത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനം 18നും 24നും ഇടയിൽ പ്രായമുള്ളവരാണ്. 25 ശതമാനം അപകടങ്ങളിലും കൊല്ലപ്പെടുന്നത് ഈ പ്രായത്തിലുള്ളവരാണെന്നും പഠനം പറയുന്നു. കൃത്യമായി സീറ്റ്ബെൽറ്റ് ഉപയോഗിക്കുക, വേഗപരിധി പാലിക്കുക, വാഹനങ്ങൾക്കിടയിലെ നിശ്ചിത അകലം പാലിക്കുക, കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിക്കുക, ലഹരിപദാർഥങ്ങൾ ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക, മൊബൈൽ ഫോണുകളുടെ ഉപയോഗം കുറക്കുക തുടങ്ങിയ കാര്യങ്ങളാണ് അപകടം കുറക്കാനുള്ള വഴിയെന്നും റോഡ് സുരക്ഷ യു.എ.ഇ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.