ആ വിജയയാത്രക്ക് അരനൂറ്റാണ്ട്; ആദ്യ പാസ്പോർട്ടുമായി ശൈഖ് മുഹമ്മദിനെ സന്ദർശിച്ച് യൂസുഫലി
text_fieldsഅബൂദബി: പ്രവാസജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സന്ദർശിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി.
ശനിയാഴ്ചയാണ് അദ്ദേഹം അബൂദബിയിലെ കൊട്ടാരത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സന്ദർശിച്ചത്. 1973 ഡിസംബർ 31ന് ദുബൈ റാശിദ് തുറമുഖത്തെത്തിയപ്പോൾ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച ആദ്യ പാസ്പോർട്ട് അദ്ദേഹം പ്രസിഡന്റിനെ കാണിച്ചു. അമ്പത് വർഷം കഴിഞ്ഞിട്ടും ഇന്നും നിധിപോലെ യൂസുഫലി സൂക്ഷിക്കുന്ന പഴയ പാസ്പോർട്ട് ഏറെ കൗതുകത്തോടെയാണ് പ്രസിഡന്റ് കണ്ടത്.
അന്ന് ബോംബെയിൽനിന്ന് ‘ദുംറ’ എന്ന കപ്പലിൽ യാത്രചെയ്താണ് 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന യൂസുഫലി ദുബൈയിലെത്തിയത്. ആറ് ദിവസം നീണ്ട അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും അദ്ദേഹം പ്രസിഡന്റിന് വിശദീകരിച്ചു കൊടുത്തു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.
അബൂദബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽനിന്നുള്ള 69,000ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ് എന്ന വമ്പൻ സ്ഥാപനത്തിന്റെ മേധാവിയായി യൂസുഫലി മാറിയത്. ഇതിനിടെ വാണിജ്യ വ്യവസായ സാമൂഹിക സേവനരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇയുടെ ഉന്നത ബഹുമതിയായ അബൂദബി അവാർഡ്, ബഹ്റൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹ്റൈൻ, ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബൂദബി ചേംബറിന്റെ വൈസ് ചെയർമാനായി യു.എ.ഇ പ്രസിഡന്റ് നാമനിർദേശം ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.