സ്കേറ്റ് ബോഡിങ്ങിൽ ആശ്ചര്യമായി ആറു വയസുകാരി സാറ
text_fieldsആറു വയസുകാരി സാറ ആൻഗ്ലാഡിസ് സ്കേറ്റ് ബോഡിങ് ചെയ്യുന്നത് കണ്ടാൽ ആരും അൽഭുതപ്പെടും. സാധാരണ മുതിർന്നവർക്ക് തന്നെ പ്രയാസകരമായ സാഹസികതയാണ് സങ്കോചമില്ലാതെ ഈ മിടുക്കി ചെയ്യുന്നത്. അന്താരാഷട്ര തലത്തിൽ തന്നെ സ്കേറ്റ് ബോഡിങ് മൽസരങ്ങൾ ഏഴ് വയസ് കഴിഞ്ഞവർക്കായാണ് നടത്തപ്പെടാറ്.
അതിനാൽ തന്നെ പൊതുവെ കുട്ടികൾ സ്കേറ്റ് ബോഡിങ് പരിശീലിക്കുന്നത് കൗമാരത്തിലാണ്. എന്നാൽ സാറ സ്വന്തം താൽപര്യത്തിൽ അഞ്ചാം വയസുമുതൽ ഈ ആക്ഷൻ സ്പോർടിനോട് താൽപര്യം കാണിച്ചു. മുതിർന്ന കുട്ടികൾ ചെയ്യുന്നത് നോക്കിയാണ് തുടങ്ങിയത്. താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കൾ തുടക്കം മുതൽ പ്രോൽസാഹിപ്പിച്ചു. യൂടൂബിലും മറ്റും നോക്കിയാണ് നിയമങ്ങളും മറ്റും പഠിച്ചെടുത്തത്.
ഓൺലൈനിലൂടെ മാത്രം പരിശീലനം നൽകാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ ഇൻസ്ട്രക്ടറെ വെച്ച് ആഴ്ചയിൽ നാലു ദിവസം പരിശീലിക്കുന്നുണ്ട്. സ്കേറ്റ് ബോഡിങിലെ പാർക് ഇവൻറാണ് സാറ മികച്ച രീതിയിൽ ചെയ്യുന്നത്. എളുപ്പമല്ലാത്ത ഡ്രോപ്പ് ഇൻ രീതിയും പഠിച്ചെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും ടിക്ടോകിലും ധാരാളം ആരാധകരെയും ഇതിനകം ഈ മിടുക്കി നേടിക്കഴിഞ്ഞു. സ്കേറ്റ് ബോഡിങ് വ്യാപകമായ അമേരിക്കയിലും ആസ്ത്രേലിയയിലും ഉള്ളവരടക്കം സാറയെ ഫോളോ ചെയ്യുന്നുണ്ട്.
മികച്ച രീതിയിൽ പഠിച്ചെടുത്ത് വലിയ മൽസരങ്ങളിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. ദുബൈയിലെ സാഹചര്യത്തിൽ അതിന് ഏറെ എളുപ്പങ്ങളുണ്ടെന്ന് രക്ഷിതാക്കളും പറയുന്നു.
ജെംസ് സ്കൂളിൽ കെ.ജി-2 വിദ്യാർത്ഥിയായ സാറയുടെ അധ്യാപകരും പ്രോൽസാഹനവുമായി രംഗത്തുണ്ട്. പിതാവ് എറണാകുളം കളമശേരി സ്വദേശി ചിൻറു ഡേവിസ് 12വർഷമായി ദുബൈയിൽ പ്രവാസിയാണ്. മാതാവ് ആനി ഗ്രേഷ്യസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.