സായിദ് ചാരിറ്റി റണ്ണില്‍ അണിനിരന്നത് പതിനായിരങ്ങള്‍
text_fieldsഅബൂദബി: സായിദ് ചാരിറ്റി റണ്ണില്‍ പങ്കെടുത്തത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തിലധികം പേര്. മള്‍ട്ടിപ്പിള്‍ സ്കെലറോസിസ് ബാധിതരായവരുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ നാഷനല്‍ മള്‍ട്ടിപ്പിള്‍ സ്കെലറോസിസിനാണ് ഇത്തവണത്തെ ചാരിറ്റി റണ്ണില്‍ നിന്നുള്ള വരുമാനം നല്‍കുക. ഇന്ത്യ, ഫിലിപ്പീന്‍സ്, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മൂന്നു വിഭാഗങ്ങളിലായി നടത്തിയ ഓട്ടമത്സരത്തില്‍ പങ്കെടുത്തത്. നാലായിരത്തോളം ഇമാറാത്തി ഓട്ടക്കാരും ഇത്തവണത്തെ ചാരിറ്റി റണ്ണില്‍ ഭാഗമായി. 115 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. 77 വയസ്സുള്ളവരായിരുന്നു മത്സരത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം ചെന്നവരെന്ന് സംഘാടകര്‍ അറിയിച്ചു.
10 കിലോമീറ്റര്‍ പൊതു വിഭാഗത്തില്‍ ജെമിച്ചു ദിരിബ, ബെറഹാനു വെന്ഡെമു സേഗു, ചാല ടേചോ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10 കിലോമീറ്റര്‍ ഹാന്‍ഡ് ബൈക്ക് വിഭാഗത്തില്‍ ആയിദ് അല്‍ അഹ്ബാബി ഒന്നാം സ്ഥാനവും സഈദ് അല്‍ ധാഹിരി രണ്ടാം സ്ഥാനവും തെബാന്‍ അല്‍ മഹീരി മൂന്നാം സ്ഥാനവും നേടി. 10 കിലോമീറ്റര്‍ പാരാ സൈക്ലിങ് വിഭാഗത്തില്‍ അബ്ദുല്ല അല്‍ ബ്ലൂഷി, അഹമ്മദ് അല്‍ ബെദവാവി എന്നിവര്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10 കിലോമീറ്റര്‍ വീല്‍ ചെയര്‍ വിഭാഗത്തില്‍ ബാദിര്‍ അല്‍ ഹൊസനി, മുഹമ്മദ് ഉസ്മാന്, മുഹമ്മദ് വഹ്ദാനി എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
അഞ്ച് കിലോമീറ്റര്‍ ഓട്ടമത്സരത്തില്‍ ഇസ്മായില്‍ എല്‍ ഖര്ചി, ചാല ഗുഡേത, ഫെയിസ ഡെജനി എന്നിവരും മൂന്നു കിലോമീറ്റര്‍ ഇനത്തില്‍ അബ്ദുല്‍ കരീം അബ്ദുറഹ്മാനും മൊസിസി സിയൂം ഗുഡിസയും യാസിര്‍ എച് ചാചൂയിയും ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടി. മൂന്നു കിലോമീറ്റര്‍ സ്പെഷല്‍ ഒളിമ്പിക്സില്‍ റാചിഡ് എലിസൂയ് ഒന്നാമതെത്തി. ഖല്ഫാന് സലാ, ആദില്‍ ക്വാദി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒരു കിലോമീറ്റര്‍ ഓട്ടത്തില്‍ മോതസിം മുഹമ്മദ് ഫെതൂഹ് മാമൂന് ഫറാഗും ഉസ്മാന് അഹമ്മദ് സൈനലാബ്ദിന്‍ സിറാജില്ദിനും മുഹമ്മദ് ഇസ്സാം അബ്ദുല്‍ഗനി ഉസ്മാന് എല്‍ മഗ്രബിയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ശൈഖ് യാസ് ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല് നഹ് യാന്‍ ആണ് 10 കിലോമീറ്റര്‍ ഓട്ടത്തിന് തുടക്കം കുറിക്കുന്നതിനായി വെടി പൊട്ടിച്ചത്. 2024 ഡിസംബര്‍ 27ന് ഈജിപ്തിലെ കൈറോയിലും 2025 ജനുവരി 18ന് യു.എസിലെ മിയാമിയിലും സായിദ് ചാരിറ്റി റണ്‍ അരങ്ങേറുന്നുണ്ട്. വിവിധ കാറ്റഗറിയിലെ ജേതാക്കളുടെ വിവരമറിയാന്‍ www.zayedcharityrun.com വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.