സായിദ് സുസ്ഥിരത പുരസ്കാരം: അന്തിമപട്ടികയിൽ 33 പദ്ധതികൾ
text_fieldsഅബൂദബി: ഈ വര്‍ഷത്തെ സായിദ് സുസ്ഥിരത പുരസ്കാരത്തിന്റെ അന്തിമപട്ടികയില്‍ 33 പദ്ധതികൾ. 5213 അപേക്ഷകളില്‍ നിന്നാണ് 33 പദ്ധതികളെ അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 30 രാജ്യങ്ങളില്‍നിന്നുള്ള ബിസിനസ് സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സ്കൂളുകൾ തുടങ്ങിയവയാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ആരോഗ്യം, ഭക്ഷണം, ഊര്‍ജം, ജലം, കാലാവസ്ഥ, ആഗോള ഹൈസ്കൂളുകള്‍ എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് പദ്ധതികളുടെ മൂല്യനിര്‍ണയം നടത്തുക. ഡിസംബര്‍ ഒന്നിന് യു.എ.ഇ ആതിഥ്യമരുളുന്ന കോപ് 28 കാലാവസ്ഥ ഉച്ചകോടിയുടെ വേദിയിൽ പുരസ്കാരം സമ്മാനിക്കും.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരില്‍ 15 ശതമാനം വര്‍ധനവുണ്ടായതായി സംഘാടകര്‍ അറിയിച്ചു. യു.എ.ഇ സുസ്ഥിരത വര്‍ഷം, കോപ് 28 എന്നിവ ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ കാലാവസ്ഥ അനുകൂല പ്രവര്‍ത്തനങ്ങൾ മത്സര ഇനമായി ഉള്‍പ്പെടുത്തിയത്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന സുസ്ഥിരത പദ്ധതികളിലെ ജേതാവിന് സമ്മാനം നല്കുന്ന സായിദ് പുരസ്കാരം 2008ലാണ് ആരംഭിച്ചത്.
15 വര്‍ഷത്തിനിടെ 151 രാജ്യങ്ങളില്‍നിന്നുള്ള 378 ദശലക്ഷം ജനങ്ങള്‍ക്ക് സഹായം ചെയ്യാന്‍ പുരസ്കാരം തുണയായെന്ന് വ്യവസായ സാങ്കേതിക വിദ്യാ മന്ത്രിയും സായിദ് സുസ്ഥിരതാ പുരസ്കാരം ഡയറക്ടര്‍ ജനറലുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിര്‍ പറഞ്ഞു. ഇതുവരെ 106 ജേതാക്കള്‍ക്കാണ് പുരസ്കാരം കൈമാറിയത്.
ഇവയിലൂടെ 11 ദശലക്ഷം ജനങ്ങള്‍ക്ക് കുടിവെള്ളം, 54 ദശലക്ഷം വീടുകളില്‍ ഊര്‍ജം, 35 ലക്ഷം ആളുകള്‍ക്ക് പോഷകാഹാരം എന്നിവ എത്തിക്കാൻ സഹായിച്ചു. ആരോഗ്യം, ഭക്ഷണം, ഊര്‍ജം, വെള്ളം, കാലാവസ്ഥാ പ്രവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ ജയിക്കുന്നവര്‍ക്ക് ആറുലക്ഷം ഡോളറാണ് സമ്മാനം. ജേതാവാകുന്ന ആറ് ഗ്ലോബല്‍ ഹൈസ്കൂളുകള്‍ക്ക് ഒരുലക്ഷം ഡോളര്‍ വീതം കൈമാറും. അമേരിക്കാസ്, യൂറോപ്പ് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ, മിന, സബ് സഹാറന്‍ ആഫ്രിക്ക, സൗത്ത് ഏഷ്യ, ഈസ്റ്റ് ആന്‍ഡ് ദ പസഫിക് എന്നിങ്ങനെ ആറ് മേഖലകളിലായി തിരിച്ചാണ് ഗ്ലോബല്‍ ഹൈസ്കൂളുകളെ തിരഞ്ഞെടുത്തത്. സൗത്ത് ഏഷ്യന്‍ മേഖലയിലെ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യ ഇന്റര്‍നാഷനല്‍ പബ്ലിക് സ്കൂളാണ് ഏക ഇന്ത്യന്‍ സ്കൂള്‍. യു.എ.ഇയില്‍നിന്ന് ജെ.എസ്.എസ് ഇന്റര്‍നാഷനല്‍ സ്കൂളും പട്ടികയില്‍ ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.