ആഫ്രിക്കയിൽ വെളിച്ചമായി സായിദ് സസ്റ്റൈനബിലിറ്റി പുരസ്കാരം
text_fieldsദുബൈ: ഒന്നര പതിറ്റാണ്ടായി ലോകത്തിന് വെള്ളവും വെളിച്ചവും പ്രകൃതിക്ക് പച്ചപ്പും നൽകുന്ന പുരസ്കാരമാണ് ശൈഖ് സായിദ് സസ്റ്റൈനബിലിറ്റി അവാർഡ്. 30 ലക്ഷം ദിർഹം സമ്മാനത്തുകയുള്ള പുരസ്കാരം ആഫ്രിക്കൻ ഗ്രാമങ്ങളെ നയിച്ചത് ഇരുളിൽനിന്ന് വെളിച്ചത്തിലേക്കാണ്. 2019ലെ ശൈഖ് സായിദ് സസ്റ്റൈനബിലിറ്റി പുരസ്കാരം ആഫ്രിക്കയിൽ ഏത് രൂപത്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന് പരിശോധിക്കുകയാണ് ഇവിടെ.
2019ൽ യുഗാണ്ടയിലെ വി കെയർ സോളാർ എന്ന ആശയത്തിനായിരുന്നു പുരസ്കാരം നൽകിയത്. അന്ന് 22 ലക്ഷം ദിർഹമായിരുന്നു സമ്മാനത്തുക. നവജാത ശിശുക്കൾക്ക് വെളിച്ചമേകുന്ന സോളാർ സ്യൂട്ട് കെയ്സ് എന്ന പദ്ധതിക്കാണ് ഈ തുക ചെലവഴിച്ചത്. ആയിരക്കണക്കിന് ആഫ്രിക്കൻ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമാണ് ഈ പദ്ധതി വെളിച്ചം പകർന്നത്. ഇലക്ട്രിസിറ്റിയുടെ കണിക പോലുമില്ലാത്ത ഗ്രാമങ്ങളിൽ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്ക് ഇപ്പോഴും വെളിച്ചമേകുന്നത് ഈ സോളാർ വെളിച്ചമാണ്. ഉഗാണ്ടയിലെ കംബള, എൻടിൻഡ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളിലെ പ്രസവവാർഡുകളിൽ സോളാർ വിതരണം ചെയ്തു. വെളിച്ചം പോലും വിലക്കപ്പെട്ട ആശുപത്രികളാണിത്. മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടങ്ങളിൽ ചികിത്സ നടന്നിരുന്നത്. ഇതുമൂലം നിർണായക ശസ്ത്രക്രിയകൾ പോലും മാറ്റിവെക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഭയംമൂലം സ്ത്രീകൾ ആശുപത്രികളിൽ പോകാൻ മടിച്ചു. നവജാത ശിശുക്കളുടെ മരണം പെരുകി. രാത്രിസമയങ്ങളിലെ പ്രസവം ഭീകരാനുഭവമായി മാറി. പരിചരിക്കുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയുണ്ടായി.
പ്രസവവുമായി ബന്ധപ്പെട്ട് ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകൾ മരിക്കുന്ന അവസ്ഥയായിരുന്നു. 2017ൽ യുഗാണ്ടയിൽ മാതൃമരണ നിരക്ക് ലക്ഷം പേരിൽ 336 എന്ന നിലയിലായി. ഇവിടേക്കാണ് കരുണയുടെ വെളിച്ചവുമായി സായിദ് സസ്റ്റൈനബിലിറ്റി പുരസ്കാരം എത്തിയത്. പുരസ്കാരം നേടിയ വി കെയർ സോളാർ ചെറിയ പ്രദേശങ്ങളിലെ ആശുപത്രികളിൽ പോലും വെളിച്ചമെത്തിച്ചു. ഓരോ വർഷവും 64,000ത്തോളം അമ്മമാരിലേക്കാണ് പുതുവെളിച്ചം എത്തുന്നത്. മറ്റ് സന്നദ്ധ സംഘടനകളുടെ സഹായവും ഉണ്ടായിരുന്നു. യുഗാണ്ടയിൽ തുടങ്ങിയ പദ്ധതി പിന്നീട് സിംബാബ്വെയിലേക്കും നേപ്പാളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.