ദ്രുതനടന ചുവടുകളിൽ പ്രവാസം
text_fieldsഒരു നർത്തകന് സൗദിയിൽ എന്ത് ചെയ്യാനുണ്ട്? അച്ഛൻ അയച്ച വിസയിൽ സൗദി അറേബ്യയിലേക്ക് വരാൻ നിർബന്ധിതനായപ്പോൾ വിഷ്ണു ആശങ്കപ്പെട്ടത് ഇതാണ്. ജീവിതത്തിലെ ആഘോഷങ്ങൾ അവസാനിക്കുകയാണോ എന്ന ഉത്കണ്ഠ വരിഞ്ഞുമുറുക്കി. അമ്മയെ വിസ്സമ്മതമറിയിച്ചു. അച്ഛൻ പ്രകോപിതനായി. എൻജിനീയറിങ്ങിന് പഠിക്കാൻ വിട്ടിട്ട് അത് പൂർത്തിയാക്കാതെ ആട്ടവും പാട്ടുമായി നടക്കുന്ന മകനെ വരുതിയിലാക്കാൻ അച്ഛൻ കണ്ട മാർഗം അതുമാത്രമായിരുന്നു, സൗദിയിലേക്കൊരു വിസ.
ഡാൻസ് ട്രൂപ്പും ടി.വി റിയാലിറ്റി ഷോയിലെ കോറിയോഗ്രഫിയുമായി തുള്ളിച്ചാടുന്ന ജീവിതത്തെ, ഇതൊന്നുമില്ലാത്ത സൗദിയിൽ കൊണ്ടുവന്ന് തളച്ചിടുന്നതോളം ക്രൂരത വേറെ എന്തുണ്ട് എന്ന് സ്വയംചോദിച്ചു. ഉറക്കെ ചോദിക്കാൻ അച്ഛനെ പേടിയായിരുന്നു. വേറെ നിവൃത്തിയുണ്ടായിരുന്നില്ല. വിമാനം കയറിയേ പറ്റൂ എന്നായപ്പോൾ, എല്ലാ മോഹങ്ങളും ഹിപ്ഹോപ് ഡാൻസറുടെ വേഷത്തോടൊപ്പം വീട്ടിൽ അഴിച്ചുവെച്ച് പാസ്പോർട്ടും എടുത്തിങ്ങുപോന്നു. അന്ന് അറിഞ്ഞിരുന്നില്ലല്ലോ, കലാകാരന്മാർക്കും ഈ മണൽക്കാട് ഫലഭൂയിഷ്ഠത കാത്തുവെച്ചിട്ടുണ്ടെന്ന്.
മെക്കാനിക്കൽ എൻജിനീയറിങ്ങാണ് പഠിച്ചത്. എന്നാൽ, ജീവിതത്തിെൻറ എൻജിനീയറിങ് ശരിയായത് ഡാൻസിെൻറ മെയ്വഴക്കത്തിലായിരുന്നു. ഹിപ്ഹോപ് ഡാൻസിലാണ് ജീവിതം കരുപ്പിടിപ്പിച്ചതെങ്കിലും തുടങ്ങിയത് ജിംനാസ്റ്റിക്സിലും എയറോബിക്സിലുമാണ്. ഈയിനങ്ങളിൽ ഇന്ത്യയിൽ നാഷനൽ ലെവൽ ചാമ്പ്യൻഷിപ് മത്സരങ്ങളിൽ പങ്കെടുത്ത വിഷ്ണു അതിെൻറ തുടർച്ചയായി തന്നെ ഹിപ്ഹോപ്പിലേക്കും ചുവടുവെക്കുകയായിരുന്നു. അതും ഒരു കായികയിനമാണല്ലോ. വിഷ്ണുവിെൻറ ഡാൻസ് ടീം ഹിപ്ഹോപ് നാഷനൽ ലെവൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളാവുകയും ചെയ്തു.
അച്ഛൻ എസ്. വിജയൻ റിയാദിൽ ഒരു കൺസ്ട്രക്ഷൻ കരാർ കമ്പനിയാണ് നടത്തിയിരുന്നത്. ഒന്നുകിൽ അതിൽ, അല്ലെങ്കിൽ മറ്റൊരു കമ്പനിയിൽ ജോലി. അതായിരുന്നു വിസ അയക്കുേമ്പാൾ അചച്ഛൻറ ഉദ്ദേശ്യം. റിയാദിലെത്തി കുറച്ചുകാലം ഒരു കമ്പനിയിൽ ജോലിചെയ്തു. രണ്ടുവർഷം അങ്ങനെയങ്ങുപോയി. ഡാൻസ് എന്നത് ഗൃഹാതുര ഓർമമാത്രമായി. 2010ലാണ് റിയാദിലെത്തിയത്. 2013ലാണ് സൗദിയിലും കലാസാംസ്കാരിക വേദികളും ആഘോഷങ്ങളും ഡാൻസ് വേദികളുമുണ്ടെന്നറിയുന്നത്. റിയാദിലെ നവോദയ കലാസാംസ്കാരിക വേദിയുടെ വാർഷികാഘോഷ പരിപാടിയായിരുന്നു തുടക്കം.
അതോടെ മനസ്സിലെ കർട്ടന് പിന്നിൽ അടക്കിനിർത്തിയിരുന്ന ഡാൻസർ പുറത്തുവന്നു. ഡാൻസറെക്കാൾ കോറിയോഗ്രാഫറെയായിരുന്നു പ്രവാസത്തിലെ വേദികൾക്കാവശ്യം. അല്ലെങ്കിലും അതുതന്നെയായിരുന്നല്ലോ തനിക്കേറ്റവും ഇഷ്ടമായ വേഷവും.
ബ്രേക്കിൽ തുടക്കം
2001ലാണ് ഹിപ്ഹോപ് ഡാൻസ് രൂപം കേരളത്തിൽ അവതരിപ്പിക്കപ്പെടുന്നത്. ആ അരങ്ങേറ്റ വേദിയിൽതന്നെ ഡാൻസറായി വിഷ്ണു. സ്വദേശമായ തിരുവനന്തപുരത്തായിരുന്നു അരങ്ങൊരുങ്ങിയതും. ഈ ഡാൻസ് പരിശീലിപ്പിച്ചത് സിനിമാകോറിയോഗ്രാഫറായ ഉല്ലാസ് മോഹനനാണ്. സ്കൂളിൽ പഠിക്കുന്നകാലത്ത് ജഗതിയിലെ വീട്ടിന് മുന്നിലെ റോഡിലൂടെ നടന്നുപോയിരുന്ന ഒരാൾ സവിശേഷ ശ്രദ്ധയാകർഷിച്ചു. അദ്ദേഹത്തിെൻറ നടത്തത്തിന് വല്ലാത്തൊരു ആകർഷണമുണ്ടായിരുന്നു. അയൽവക്കത്തെ വീട്ടിൽ താമസിച്ചിരുന്ന അദ്ദേഹം ഒരു ബ്രേക്ക് ഡാൻസ് മാസ്റ്ററാണെന്ന് അന്വേഷിച്ച് മനസിലാക്കി. തന്നെക്കൂടി ഡാൻസ് പഠിപ്പിക്കുമോ എന്ന് ഒരിക്കൽ അദ്ദേഹത്തെ വഴിയിൽ തടഞ്ഞുനിർത്തി ചോദിച്ചു. അദ്ദേഹം കൂടെ കൂട്ടി. അതായിരുന്നു ആദ്യ കളരി.
കോളജിൽ പഠിക്കുേമ്പാൾ 2003ൽ പ്രമുഖ സിനിമാ കോറിയോഗ്രാഫറായ സജ്ന നജാമിെൻറ തിരുവനന്തപുരത്തെ സറീന ഡാൻസ് കമ്പനിയിൽ അംഗമായി. ഏഷ്യാനെറ്റ് പ്ലസിെൻറ ലോഞ്ചിങ് ചടങ്ങിലായിരുന്നു ആദ്യപരിപാടി. ടി.വി ചാനലുകളിൽ റിയാലിറ്റി ഷോകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്ന കാലമായിരുന്നു അത്. അമൃത ടി.വിയിൽ സൂപ്പർ സ്റ്റാർ സിംഗർ, ഏഷ്യാനെറ്റിൽ ഐഡിയ സ്റ്റാർ സിംഗർ, മഴവിൽ മനോരമയിൽ മിടുക്കി തുടങ്ങിയ നിരവധി റിയാലിറ്റി ഷോകളിൽ ഡാൻസ് ടീമംഗവും കോറിയോഗ്രാഫറുമൊക്കെയായി. അങ്ങനെ 20 വർഷം തുടർച്ചയായി ചാനൽ ഷോകളിൽ ഇത്തരം റോളുകൾ കൈകാര്യം ചെയ്യുന്നു. ഡാൻസ് ചെയ്യുന്നതിന് പകരം മറ്റുള്ളവരെ അത് പരിശീലിപ്പിച്ച് സ്റ്റേജിൽ അവതരിപ്പിക്കുക എന്ന കോറിയോഗ്രാഫറുടെ റോളിലേക്ക് മാറി. സൗദിയിലെത്തിയശേഷവും ചെറിയ ഇടവേളകളെടുത്ത് നാട്ടിൽ പോയി ചാനൽ ഷോകളും മെഗാ ഇവൻറുകളിലെ ഡാൻസ് വേദികളും കൈകാര്യം ചെയ്യുന്നു.
പോൾസ്റ്റാറിെൻറ ഉദയം
2009ൽ നാട്ടുകാരനായ രതീഷ് ‘പോൾസ്റ്റാർ’ എന്ന ഹിപ്ഹോപ് ഡാൻസ് ക്രൂ കമ്പനി തുടങ്ങി. സറീന ഡാൻസ് കമ്പനിയിലും പോൾസ്റ്റാറിലും ഒരേപോലെ ഡാൻസ് പരിപാടികൾ ചെയ്യാൻ തുടങ്ങി. പതിയെ പോൾസ്റ്റാറിെൻറ നടത്തിപ്പുകാരിൽ ഒരാളായി. സിനിമകളിലും കോറിയോഗ്രഫി നിർവഹിക്കാൻ തുടങ്ങി. തമിഴിലും മലയാളത്തിലും ഉൾപ്പെടെ സിനിമകളിൽ മെയിൻ കോറിയോഗ്രാഫറോടൊപ്പം വർക്ക് ചെയ്യാനായി. സൗദിയിലെത്തിയശേഷം സ്വതന്ത്രമായ കോറിയോഗ്രഫി ചെയ്തത് പ്രവാസികൾ നിർമിച്ച ‘സതി’ എന്ന സിനിമക്കാണ്. ‘നജ’ എന്നൊരു സിനിമക്ക് വേണ്ടി ഇപ്പോൾ കോറിയോഗ്രഫി ചെയ്യുന്നു. സൗദിയിൽനിന്ന് അവധിയെടുത്തുപോയി ചാനൽ ഷോയിൽ ഗ്രൂമറായതാണ് മഴവിൽമനോരമയിലെ ‘ഡി ഫോർ ഡാൻസ്’ റിയാലിറ്റി ഷോ. അതിൽ കോറിയോഗ്രഫി ചെയ്യുേമ്പാൾ പരിശീലിപ്പിച്ച പ്രതിഭകളിലൊരാളാണ് ഇപ്പോൾ ‘ഭീഷ്മപർവം’ എന്ന സിനിമയിലെ രതിപുഷ്പം വിടരും എന്ന പാട്ടിനൊത്ത് എൺപതുകളിലെ ഡാൻസ് ചുവടുകൾ വെച്ച് ശ്രദ്ധേയനായ റംസാൻ.
റിയാദിലെ വേദികൾ
2013ൽ റിയാദിലെ നവോദയയുടെ വേദിയിലൂടെ വിഷ്ണുവിെൻറ ഡാൻസ് ലോകം പുതിയ ഉദയംതേടുകയായിരുന്നു. കുറെ കുട്ടികളെ ഡാൻസ് പഠിപ്പിച്ച് വേദിയിൽ അരങ്ങേറ്റംകുറിച്ച് പുലർന്ന ആ രാത്രിക്ക് ശേഷം പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. റിയാദിൽ താൽപര്യവും കഴിവുമുള്ള കുട്ടികളെ ധാരാളമായി ലഭിച്ചു. അവർക്കായി ക്ലാസ് തുടങ്ങി. റിയാദിലുണ്ടായിരുന്ന ഭാരതീയ കലാക്ഷേത്രം എന്ന നൃത്തവിദ്യാലയത്തിലാണ് ആദ്യമായി ഡാൻസ് പഠിപ്പിക്കാൻ തുടങ്ങുന്നത്. അതിനുശേഷമാണ് പോൾസ്റ്റാർ സ്കൂൾ സ്വന്തമായി തുടങ്ങൂന്നത്. നാട്ടിൽ ഇപ്പോഴും സജീവമായിരിക്കുന്ന പോൾസ്റ്റാർ ട്രൂപ്പിെൻറ പേര് തന്നെ സൗദിയിലും സ്വീകരിക്കുകയായിരുന്നു. സൗദിയിലെ വേദികളിലും ഡാൻസുകൾ അവതരിപ്പിക്കുന്നത് പോൾസ്റ്റാറിെൻറ പേരിൽതന്നെയാണ്. സൗദിയിൽ പോൾസ്റ്റാർ ഡാൻസ് ട്രൂപ് രൂപവത്കരിക്കുേമ്പാൾ തുണയായിനിന്നത് തിരുവനന്തപുരം സ്വദേശിയായ ജുനു ആണ്. 20 പേരടങ്ങിയ പെർഫോമിങ് ക്രൂ ആണ് ഇന്ന് പോൾസ്റ്റാറിന് റിയാദിലുള്ളത്. 120ലേറെ സ്കൂൾ കുട്ടികൾ ഡാൻസ് പരിശീലിക്കുകയും ചെയ്യുന്നു. ക്ലാസ് തുടങ്ങാൻ പ്രചോദനവും തുണയുമായത് ബംഗളൂരു സ്വദേശികളായ മൗനയും മുരളിയുമാണ്.
ആദ്യവേദി റിയാദ് സീസണിൽ
സൗദിയിൽ റിയാദ് സീസണോട് അനുബന്ധിച്ച് നടന്ന ഒരു പരിപാടിയിലാണ് കോറിയോഗ്രാഫർ എന്നനിലയിൽ ആദ്യ അരങ്ങേറ്റം. ഫ്ലവേഴ്സ് ടി.വിയിലെ കോമഡി ഉത്സവത്തിെൻറ ഭാഗമായി നടന്ന ആ പരിപാടിയിൽ പോൾസ്റ്റാർ ക്രൂവിെൻറ ഡാൻസ് അവതരിപ്പിക്കാനായി. സൗദി ആദ്യമായി ആതിഥേയത്വം വഹിച്ച ഫോർമുല-ഇ കോറാട്ട മത്സരത്തിെൻറ ഉദ്ഘാടനച്ചടങ്ങിലും അവസരം ലഭിച്ചു. റിയാദിലെ പൗരാണികനഗരമായ ദറഇയയിലെ ‘ദറഇയ ഗേറ്റിലായിരുന്നു ആ വേദി. എന്നാൽ, പ്രവാസത്തിൽ കലാജീവിതത്തിെൻറ വഴിത്തിരിവായത് ‘ഗൾഫ് മാധ്യമം’ 2019 നവംബറിൽ റിയാദ് ബൻബാനിലെ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘അഹ്ലൻ കേരള’ എന്ന മലയാളത്തിെൻറ മഹോത്സവമായിരുന്നു. സൗദി അറേബ്യയിൽതന്നെ അത്തരത്തിൽ ആദ്യത്തെ ഇന്ത്യൻ കലാസാംസ്കാരിക ഉത്സവമായിരുന്നു അത്. അരലക്ഷത്തോളം പ്രേക്ഷകർ ഒഴുകിയെത്തിയ അഹ്ലൻ കേരളയുടെ കൂറ്റൻ വേദിയിൽ അമ്പതോളം ഡാൻസർമാരെ അണിനിരത്തി പരിപാടി അവതരിപ്പിക്കാനായത് ജീവിതത്തിലെ വലിയ നേട്ടമായി മാറി. അത് സൗദിയിലെ തെൻറ കലാജീവിതത്തിെൻറ വ്യാകരണംതന്നെ മാറ്റിയെഴുതി. മലയാളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്രയോടൊപ്പം വേദിപങ്കിടാൻ കഴിഞ്ഞതും മലയാളസിനിമയിലെ പുതിയ താരോദയം ടൊവിനോയെ വേദിയിലേക്ക് ആനയിക്കുന്ന സ്വാഗതനൃത്തമൊരുക്കാൻ സാധിച്ചതുമെല്ലാം മറക്കാനാവാത്ത അനുഭവമാണ്. ജിദ്ദ സീസൺ ആഘോഷത്തിെൻറ ഒന്നും രണ്ടും പതിപ്പുകളിൽ ‘ഇന്ത്യൻ നൈറ്റ്’ സെഷനിൽ കോറിയോഗ്രാഫർ എന്നനിലയിൽ കഴിവുതെളിയിക്കാനായതും വലിയ നേട്ടമായാണ് കാണുന്നത്. നോക്കെത്താദൂരത്തേക്ക് പരന്നുകിടക്കുന്ന മരുഭൂമി ഇനിയും എത്ര വിസ്മയങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നത്. അതുപോലെ പ്രവാസവും തെൻറ കലാജീവിതത്തിനായി ഇനിയും പലതും കാത്തുവെച്ചിട്ടുണ്ടാവും എന്ന പ്രതീക്ഷയിലാണെന്നും വിഷ്ണു പറയുന്നു. ഏറ്റവുമൊടുവിൽ ഗൾഫ് മാധ്യമവും ഇന്ത്യൻ എംബസിയും ചേർന്ന് സംഘടിപ്പിച്ച ‘മെമ്മറീസ് ഓഫ് ലജൻഡ്സ്’ സംഗീത പരിപാടിയിലും ആയിഷ എന്ന സിനിമയുടെ റിയാദ് ലുലുവിൽ നടന്ന പ്രമോഷൻ പരിപാടിയിലും വെൽകം ഡാൻസ് അവതരിപ്പിച്ചു. ആയിഷയിലെ നായിക മഞ്ജു വാര്യർ പോൾസ്റ്റാർ കുട്ടികളോടൊപ്പം ചുവടുവെച്ചു.
അഞ്ജുവാണ് വിഷ്ണുവിെൻറ ജീവിതപങ്കാളി, നഴ്സാണ്. ഏകമകൾ നൃത്ത. പിതാവ് എസ്. വിജയൻ വർഷങ്ങൾക്ക് മുമ്പ് തന്നെ റിയാദിൽനിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങി. നാട്ടിലെത്തി അധികം വൈകാതെ അദ്ദേഹം മരണപ്പെട്ടു. മാതാവ് ഗീത നാട്ടിലാണ്. ജിദ്ദയിലുള്ള വിജേഷ് എന്ന ചന്ത്രുവും എസ്.ബി.ഐ മാനേജർ വിജിത്തും സഹോദരങ്ങളാണ്. വിജേഷ് ജിദ്ദയിൽ അറിയപ്പെടുന്ന ഗായകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.