ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി
text_fieldsതിരുവനന്തപുരം: ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി. പദ്ധതി ആവിഷ്‌ക്കരിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ പദ്ധതി നടപ്പിലാക്കുന്നത്.
കോര്‍പറേഷന്റേയും മറ്റ് വിഭാഗങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇവിടത്തെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കും. എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉറപ്പ് വരുത്തും. ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി ഫോര്‍ട്ട് കൊച്ചി മേഖലയില്‍ വരുന്ന ഹോട്ടലുകള്‍ റെസ്റ്റോറന്റുകള്‍ തുടങ്ങി ഭക്ഷ്യ സ്ഥാപനങ്ങളുടെ സര്‍വേ നടത്തും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ തദേശസ്വയംഭരണം, ടൂറിസം, പോലീസ്, ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. മൂന്നാഴ്ചയ്ക്കകം സര്‍വേ നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഉന്നതതല യോഗം ചേര്‍ന്നായിരിക്കും പദ്ധതി നടപ്പിലാക്കുക.
കെ.ജെ. മാക്‌സി എം.എല്‍.എ, ഡെപ്യൂട്ടി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ജേക്കബ് തോമസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.