വജ്രജൂബിലി തിളക്കത്തിൽ ആലപ്പുഴ ടി.ഡി മെഡിക്കൽ കോളജ്
text_fieldsആലപ്പുഴ: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ മെഡിക്കൽ കോളജിന് 60 വയസ്സ്. 1963 മാർച്ച് ആറിനാണ് അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കർ തിരുമല ദേവസ്വം (ടി.ഡി) മെഡിക്കൽ കോളജിന് തറക്കല്ലിട്ടത്. കേരളത്തിലെ ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വമാണ് (എ.എ.ടി.ടി.ഡി) ഈ കോളജ് സ്ഥാപിച്ചത്. 1923 മുതൽ ദേവസ്വം പ്രസിഡന്റായിരുന്ന കെ. നാഗേന്ദ്രപ്രഭുവാണ് സ്ഥാപകൻ. തുറവൂർ, ആലപ്പുഴ ടി.ഡി സ്കൂളുകൾ, തുറവൂർ ടി.ടി.ഐ, പുറക്കാട് എസ്.വി.ഡി യു.പി സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിയ അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ 1961ലാണ് ബൃഹത്പദ്ധതിയുമായി തിരുമല ദേവസ്വം മുന്നിട്ടിറങ്ങിയത്.
അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയും ആരോഗ്യമന്ത്രി വി.കെ. വേലപ്പനും ഇടപെട്ട് 1961 ആഗസ്റ്റ് 30നാണ് അനുമതി നൽകിയത്. വണ്ടാനത്ത് 125 ഏക്കറോളം ഭൂമി വാങ്ങിയാണ് തറക്കല്ലിട്ടത്. അന്നിട്ട ശിലാഫലകം ഇപ്പോഴും ആലപ്പുഴ മെഡിക്കൽ കോളജിന്റെ മുൻവശത്ത് സ്ഥാപിച്ചിട്ടുണ്ട്. അതേവർഷം ഒന്നാംവർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. ആലപ്പുഴ എസ്.ഡി കോളജിൽ 1962 മുതൽ അഡ്മിഷന് ആവശ്യമായ പ്രീ പ്രഫഷനൽ കോഴ്സും തുടങ്ങിയിരുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ, ലൈബ്രറി എന്നിവയുമുണ്ടായിരുന്നു. അന്ന് സർക്കാർ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ മുഴുവൻ ചെലവും ദേവസ്വമാണ് സമാഹരിച്ചത്. 1963-64 വർഷത്തിൽ കേന്ദ്രസർക്കാർ അഞ്ചുലക്ഷം രൂപ പ്രത്യേക ഗ്രാന്റ് അനുവദിച്ചു. 1965-67 കാലഘട്ടത്തിൽ സർക്കാർ സഹായത്തോടെ സംയുക്തമായി മെഡിക്കൽ കോളജ് നടത്തി. കാര്യങ്ങൾ നല്ലനിലയിൽ പോയെങ്കിലും നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ട് അറിയിച്ചതോടെ അഞ്ചുവർഷത്തേക്ക് സർക്കാർ മാത്രമായി നടത്താനുള്ള ധാരണപത്രം ഒപ്പിട്ടു.
അതിന്റെ അവസാനം 1972 ഒക്ടോബർ 17മുതൽ ടി.ഡി മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തതായുള്ള ഉത്തരവ് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോൻ പുറപ്പെടുവിച്ചു. അതോടെയാണ് ജി.എസ്.ബി സമുദായം സ്ഥാപിച്ച സ്വകാര്യ മേഖലയിലെ ആദ്യ മെഡിക്കൽ കോളജ് സർക്കാറിന് സ്വന്തമായത്. ഈ സംരംഭവുമായി ബന്ധപ്പെട്ട രേഖകളും അപൂർവ ചിത്രങ്ങളും ഇപ്പോഴും ഭദ്രമായി സൂക്ഷിക്കുകയാണ് കെ. നാഗേന്ദ്രപ്രഭുവിന്റെ മകൻ 90 വയസ്സുള്ള എൻ. ഗോപിനാഥപ്രഭു. എല്ലാവർഷവും ടി.ഡി മെഡിക്കൽ കോളജിൽനിന്നുള്ള മികച്ച വിദ്യാർഥിക്ക് അവാർഡും എർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.