എല്ലാ കട്ടത്തൈരും വയറിന് മരുന്നോ?
text_fields‘ഉദരത്തെ ഉഷാറാക്കുക’ എന്നത് ഇന്ന് ആരോഗ്യസംരക്ഷണത്തിൽ പറഞ്ഞുകേൾക്കുന്ന വലിയൊരു മുദ്രാവാക്യമാണ്. വയറിലെ, ദഹനത്തിന് ഗുണകരമായ സൂക്ഷ്മജീവികൾ അഥവാ മൈക്രോബയോമുകളുടെ ആരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണം കഴിക്കുന്നതിലൂടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യം നന്നാക്കാമെന്നാണ് വിശ്വാസം.
കട്ടത്തൈര് പോലുള്ള പാലുൽപന്നങ്ങളാണ് ഇതിനായി പലരും ഉപയോഗിക്കുന്നത്. എന്നാൽ, ഇത്തരം പാലുൽപന്നങ്ങൾ എല്ലാം ഉപകാരപ്രദമാണോ?
പ്രോബയോട്ടിക് യോഗർട്ട്
യോഗർട്ട് അഥവാ കട്ടത്തൈര്, പ്രോബയോട്ടിക് അഥവാ കുടലിലെ മൈക്രോബയോമുകൾക്ക് നല്ലതാണെന്ന് നമുക്കറിയാം. പുളിപ്പിച്ച ഭക്ഷണമാണ് യോഗർട്ട്. പാൽ തിളപ്പിച്ച്, ബാക്ടീരിയ ചേർത്ത് പുളിപ്പിച്ചെടുക്കുന്ന തൈര് കഴിക്കുമ്പോൾ അതിലെ ബാക്ടീരിയകൾ മോശം മൈക്രോബയോമുകളെ ഇല്ലാതാക്കി, വയറിന്റെ ആരോഗ്യം നന്നാക്കുന്നു.
എന്നാൽ, കൂടുതൽ ഷെൽഫ് ലൈഫ് ലഭിക്കാൻ പാസ്ച്വറൈസേഷൻ നടത്തി വിപണിയിലെത്തുന്ന പല യോഗർട്ടുകൾക്കും ഈ ഗുണം ലഭിക്കണമെന്നില്ലെന്നാണ്, യു.കെ ലവ്ബറോ സർവകലാശാലയിലെ പെർഫോമൻസ് ന്യൂട്രീഷ്യനിസ്റ്റ് ബീഥൻ ക്രൗസ് അഭിപ്രായപ്പെടുന്നത്.
കേടുകൂടാതിരിക്കാനും സാൽമൊണല്ല, ഇ കോളി പോലുള്ള ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാനുമാണല്ലോ പാൽ പാസ്ച്വറൈസ് ചെയ്യുന്നത്. എന്നാൽ, പുളിപ്പിച്ചശേഷം വീണ്ടും ചൂടാക്കുന്നതാണ് ഗുണം നഷ്ടമാകാൻ കാരണം.
സ്വാഭാവിക പ്രോബയോട്ടിക് ഭക്ഷണം
പാസ്ച്വറൈസ് ചെയ്യാത്ത ഗ്രീക്ക്, സ്വാഭാവിക കട്ടത്തൈര് തുടങ്ങിയവ മികച്ച പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്. കെഫിർ മുതൽ സോർഡോ ബ്രെഡ് വരെ വിവിധ സമൂഹങ്ങൾ ഉപയോഗിക്കുന്ന സ്വാഭാവിക പുളിപ്പിച്ച ഭക്ഷണങ്ങളാണ് മികച്ച പ്രോബയോട്ടിക്കുകളെന്നും ക്രൗസ് പറയുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിൽ ഇത്തരം പ്രോബയോട്ടിക് ഭക്ഷണം ഉൾപ്പെടുത്തണമെന്നും ക്രൗസ് നിർദേശിക്കുന്നു.
നമ്മുടെ പ്രോബയോട്ടിക് ഭക്ഷണങ്ങൾ
- പുളിപ്പിച്ച പാലുൽപന്നങ്ങളായ തൈര്, മോര്, ലെസ്സി തുടങ്ങിയവ
- പുളിപ്പിച്ച ധാന്യമാവുകൊണ്ടുള്ള ഇഡ്ഡ്ലി, ദോശ, അപ്പം, ധോക്ല തുടങ്ങിയവ
- പുളിപ്പിച്ച പച്ചക്കറികളും നാടൻ അച്ചാറുകളും
- പഴങ്കഞ്ഞിപോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.