ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം: നിയമനിർമാണം നടത്തുമെന്ന് വീണ ജോര്‍ജ്
text_fieldsതിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിയമനിർമാണം നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. 2021-22 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിശാഗന്ധി ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ വശങ്ങളും പരിശോധിച്ച് എത്രയും വേഗം നടപ്പിലാക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അതവരുടെ മനോവീര്യം തകര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കണം. സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇ-ഹെല്‍ത്ത് സംവിധാനമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. 540 ഓളം സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ പേപ്പര്‍ രഹിത ആശുപത്രി സേവനം സാധ്യമാക്കാനും ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റെടുക്കാനും ആശുപത്രി അപ്പോയിന്റ്മെന്റെടുക്കാനും സാധിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടിയ സംസ്ഥാനമാണ് കേരളം. ഇതുവരെ 157 സ്ഥാപനങ്ങളാണ് എന്‍ക്യു.എ.എസ് നേടിയിട്ടുള്ളത്. കേരളത്തിലെ ആരോഗ്യ സൂചകങ്ങള്‍ വികസിത രാജ്യങ്ങളോട് താരതമ്യം ചെയ്യാവുന്നതാണ്. ഈ രണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ ദേശീയ തലത്തില്‍ 11 ഓളം പുരസ്‌കാരങ്ങള്‍ ആരോഗ്യ മേഖലക്ക് ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. രോഗം വരുമ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ മുടങ്ങാന്‍ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയായി. ജില്ലാതല ആശുപത്രികളില്‍ ജില്ലാ ആശുപത്രി എ.എ റഹിം മെമ്മോറിയല്‍ കൊല്ലം, ജനറല്‍ ആശുപത്രി എറണാകുളം എന്നിവ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ പങ്കിട്ടു. സബ് ജില്ലാ വിഭാഗത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പുനലൂര്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സി.എച്ച്.സി പെരിഞ്ഞനം തൃശൂര്‍ എന്നിവ ഒന്നാം സ്ഥാനം നേടി. പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.