അട്ടപ്പാടി ശിശുമരണം: ആരോഗ്യ വകുപ്പ് പ്രത്യേക പഠനം നടത്തിയിട്ടില്ലെന്ന് വീണ ജോർജ്
text_fieldsകോഴിക്കോട് : അട്ടപ്പാടി മേഖലയിൽ ശിശുമരണം സംഭവിക്കുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക പഠനം നടത്തിയിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്. എന്നാൽ, ഓരോ മരണം സംഭവിക്കുമ്പോഴും, അത് സംഭവിക്കാനുള്ള കാരണങ്ങൾ വിശദമായി അവലോകനം ചെയ്യുന്നു. ഒഴിവാക്കാൻ പറ്റുമായിരുന്ന കാരണങ്ങൾ കണ്ടു പിടിക്കുവാനും, അവ ആവർത്തിക്കാതിരിക്കാനുമാണ് വിശദമായ മരണ ഓഡിറ്റ് നടത്തുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
അട്ടപ്പാടിയിലെ മാതൃ-ശിശു മരണങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വകുപ്പ് സൂക്ഷ്മമായി പരിശോധിക്കുകയും, വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇവയുടെ ആരോഗ്യ സംബന്ധമായ കാരണങ്ങളും, സാമൂഹികമായ വശങ്ങളും പരിശോധിച്ച് സർക്കാർ വിവിധ തരത്തിലുള്ള നടപടികൾ എടുത്തു. മാതൃ -ശിശു മരണങ്ങൾ സംഭവിക്കുന്നത് വിവിധ തലങ്ങളിൽ പരിശോധിച്ച് (ആശുപത്രി, ജില്ല, സംസ്ഥാനതലത്തിൽ) കാരണങ്ങൾ മനസിലാക്കുവാൻ ശ്രമിച്ചു.
ഇവയിൽ മെച്ചപ്പെടുത്താൻ പറ്റുന്ന മേഖലകളിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, ആരോഗ്യ വിദ്യാഭ്യാസം നൽകുക ആരോഗ്യ പ്രവർത്തകർക്കുള്ള വിവിധങ്ങളായ പരിശീലന പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് നടത്തി.
ഗർഭിണികളിലെ പോഷകാഹാരക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ശിശുമരണങ്ങൾക്ക് കാരണമായേക്കാം. അതിനാൽ ഇവരിലെ പോഷകാഹാരവും, ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. ഗർഭിണികളെ ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ തന്നെ കണ്ടെത്തി അവശ്യ പരിചരണം നൽകുവാൻ നിർദേശം നൽകി.
കണ്ടെത്തിയ ഗർഭിണികളെ ആഴ്ചയിൽ അഞ്ച് ദിവസവും ദിവസേന ഒരാൾ വീതം (ജെ.പി.എച്ച്.എൻ, ആശ വർക്കർ, ട്രൈബൽ പ്രമോട്ടർ, കുടുംബശ്രീ ആനിമേറ്റർ, അങ്കണവാടി വർക്കർ) ഗൃഹ സന്ദർശനം നടത്തുന്നു. ലിസ്റ്റ് പ്രകാരം ഭക്ഷണം പാകം ചെയ്ത് കൃത്യമായി കഴിക്കുന്നുണ്ടോയെന്നും, മരുന്നുകൾ കൃത്യമായി കഴിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നു.
ഗർഭിണികളിലെ പോഷകാഹാര കുവിന്റെ തോത് കുറയ്ക്കുന്നതിനായി വിവിധ നടപടികൾ സ്വീകരിച്ചു. ഗർഭിണികളിൽ അനീമിയയുടേയും, തൂക്ക കുറവിന്റെയും തോത് കുറച്ച് അതിലൂടെ ഗർഭാവസ്ഥയുടെ സങ്കീർണതകളും, നവജാത ശിശു മരണ നിരക്കും കുറഞ്ഞ് വരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അട്ടപ്പാടിയിൽ ഗുരുതരമായി പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. അഗളി, അട്ടപ്പാടി, പൂതൂർ എന്നിവിടങ്ങളിൽ ന്യൂട്ടിഷൻ റിഹബിലിറ്റേഷൻ സെ ന്റർ പ്രവർത്തിക്കുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആസിപത്രിയിൽ 24 മണിക്കൂറും ആംബുലൻസ് സേവന സൗകര്യമുണ്ടെന്നും മന്ത്രി ടി.ജെ വിനോദ്, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, എൽദോസ് പി. കുന്നപ്പിള്ളിൽ എന്നിവർക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.