Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightകുട്ടികളിലെ ആസ്ത്മ...

കുട്ടികളിലെ ആസ്ത്മ തടയാം

text_fields
bookmark_border
കുട്ടികളിലെ ആസ്ത്മ തടയാം
cancel

കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് ആസ്ത്മ. പ്രത്യേകിച്ച് മഞ്ഞും തണുപ്പുമുള്ള രാത്രികാലങ്ങളില്‍. ശ്വാസനാളങ്ങള്‍ ചുരുങ്ങി അടയുമ്പോഴുണ്ടാകുന്ന ശ്വാസതടസ്സവും ഇത് മാറുമ്പോഴുണ്ടാകുന്ന അദ്ഭുതാവഹമായ ആശ്വാസവുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. 
ശ്വാസനാളങ്ങളെ ചുരുങ്ങാന്‍ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍മൂലം ശ്വാസകോശങ്ങള്‍ക്ക് ഉണ്ടാകുന്ന അലര്‍ജിയാണ് ആസ്ത്മ. ജീവിത ശൈലിയില്‍ വന്ന അനാരോഗ്യ പ്രവണതകളും പരിസ്ഥിതി മലിനീകരണവും മൂലം ആസ്ത്മ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടുതലാണ്. 

കാരണങ്ങള്‍
പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുള്ള രോഗമാണ് ആസ്ത്മ. അച്ഛനമ്മമാര്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ കുട്ടികളില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
പൊടി, മഞ്ഞ്, തണുപ്പ് , പുക, പൂമ്പൊടി, പുകവലിക്കുന്നവരുടെ സാമീപ്യം, ഫംഗസുകള്‍ , വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍, പാറ്റപോലെയുള്ള ജീവികളുടെ സാന്നിധ്യം തുടങ്ങിയ അലര്‍ജനുകള്‍ (ശ്വാസനാളികളെ ചുരുക്കാന്‍ പ്രേരകമാകുന്ന വസ്തുക്കള്‍)ക്കെതിരെ ശരീരത്തിന്‍െറ പ്രതിരോധസംവിധാനം ആന്‍റിബോഡികളെ പ്രേരിപ്പിക്കും. ഈ ആന്‍റിബോഡികള്‍ ശരീരത്തിന്‍െറ അലര്‍ജി കോശങ്ങളെ ഉത്തേജിപ്പിച്ച് രാസപദാര്‍ഥങ്ങളെ ഉല്‍പാദിപ്പിക്കും. ഈ രാസപദാര്‍ഥങ്ങള്‍ ശ്വാസകോശങ്ങളിലും മൂക്കിലും കണ്ണിലുമൊക്കെ പ്രവര്‍ത്തിച്ച് അലര്‍ജി പ്രതികരണങ്ങളായ തുമ്മല്‍, ശ്വാസംമുട്ടല്‍, ചുമ തുടങ്ങിയവയുണ്ടാക്കുന്നു. 

ആസ്ത്മ പകരില്ല
ആസ്ത്മ പകരുന്ന രോഗമല്ല. ആസ്ത്മ രോഗിയുമൊത്ത് കുട്ടികള്‍ ഉറങ്ങുന്നതുകൊണ്ടോ കളിക്കുന്നതുകൊണ്ടോ രോഗം പകരില്ല. 

പ്രധാന ലക്ഷണങ്ങള്‍
* ശ്വാസം എടുക്കുമ്പോള്‍ ചൂളംവിളിക്കുന്ന ശബ്ദം 
* തണുത്ത കാലാവസ്ഥയിലും തണുത്ത ഭക്ഷണശേഷവുമുള്ള ചുമ
* ചുമ, പ്രത്യേകിച്ച് രാത്രിയില്‍
* നെഞ്ചിനകത്ത് ഭാരം
* പെട്ടെന്ന് കിതപ്പ് വരുക
* നെഞ്ചിനകത്ത് കഫം കുറുകുക
* ജലദോഷം വന്നുകഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമ
* സാധാരണ പ്രവൃത്തികളിലേര്‍പ്പെടുമ്പോള്‍ ശ്വാസംമുട്ടലും ചുമയും
* ശ്വാസം ശക്തിയായി പുറത്തോട്ട് വിടുമ്പോഴുള്ള ചുമ
* ഓടിക്കളിച്ചശേഷമുള്ള ചുമ
* ചിലപ്പോള്‍ നാസികാരോഗം ആസ്ത്മക്ക് മുന്നോടിയായി ഉണ്ടാകാം. ജനനം മുതല്‍ ഏതു പ്രായത്തിലും കുട്ടികളില്‍ ആസ്ത്മ രോഗലക്ഷണങ്ങള്‍ പ്രകടമാകാം.

കുട്ടികളില്‍ പലതരം ആസ്ത്മകള്‍
* നിസ്സാരമായ ആസ്ത്മ
കുട്ടികളില്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന ശ്വാസതടസ്സമാണിത്. ചുരുങ്ങിയ ദിവസത്തെ ചികിത്സകൊണ്ട് ഭേദമാകും.
* സാമാന്യമായ ആസ്ത്മ
മേല്‍പറഞ്ഞതില്‍നിന്ന് അധികമായ തോതില്‍ ആസ്ത്മയുടെ ഉപദ്രവമുള്ളവരെയാണ് ഈ വിഭാഗത്തില്‍പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആസ്ത്മയില്ലാത്ത അവസരങ്ങളിലും രാത്രിയിലെ ചുമപോലെയുള്ള അസ്വസ്ഥതകള്‍ കാണാറുണ്ട്. 

* ഗുരുതരമായ ആസ്ത്മ
ഈ വിഭാഗത്തില്‍പെടുന്ന കുട്ടികള്‍ക്ക് മിക്കവാറും എല്ലാ ദിവസവും ശ്വാസംമുട്ടലനുഭവപ്പെടുന്നു. ശരിയായ ചികിത്സയുടെ അഭാവമുള്ളവരില്‍ വളര്‍ച്ച മുരടിക്കാം. വിദ്യാഭ്യാസത്തിന് പ്രതിബന്ധമുണ്ടാകാറുണ്ട്. 
* അപകടകാരി ആസ്ത്മ 
ശ്വാസതടസ്സം തുടങ്ങിയാല്‍ ഉടന്‍തന്നെ അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന വിഭാഗം ആസ്ത്മയും ചിലരില്‍ കാണുന്നു. ഇത്തരക്കാര്‍ പ്രാരംഭ ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ ചികിത്സ തേടേണ്ടതും തുടരേണ്ടതുമാണ്. 

കളിയും വ്യായാമങ്ങളും
കായികവിനോദങ്ങളിലേര്‍പ്പെടുമ്പോള്‍ ശക്തമായ ചുമയോടുകൂടിയ ശ്വാസതടസ്സം ചില കുട്ടികളില്‍ കാണാറുണ്ട്. 
ആ പ്രത്യേക കായികവിനോദം ഒഴിവാക്കി മറ്റു കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രോഗശമനത്തിനും ഇത് അനിവാര്യമാണ്. തുറസ്സായ സ്ഥലങ്ങളില്‍ കളിച്ചുവളരുന്നത് ആസ്ത്മനിയന്ത്രണത്തിന് ഫലപ്രദമാകാറുണ്ട്. 
സാവധാനത്തിലും ആഴത്തിലുമുള്ള ശ്വസനവ്യായാമങ്ങളും കുട്ടികള്‍ക്ക് ആസ്ത്മയെ നിയന്ത്രിക്കാന്‍ പരിശീലിക്കാവുന്നതാണ്. ഒപ്പം ലഘുവ്യായാമങ്ങളും ഡോക്ടറുടെ നിര്‍ദേശാനുസരണം ശീലമാക്കാം. 

ചികിത്സ
അലര്‍ജിക്കിടയാക്കുന്ന സാഹചര്യങ്ങളില്‍നിന്ന് പരമാവധി അകന്നുനില്‍ക്കുന്നതോടൊപ്പം കൃത്യമായ ഒൗഷധോപയോഗവും ആസ്ത്മയെ അകറ്റും. രോഗിയുടെ ആരോഗ്യം, രോഗത്തിന്‍െറ ദൈര്‍ഘ്യം, രോഗത്തിന്‍െറ അവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ലഘുവായ പഞ്ചകര്‍മ ചികിത്സകളും ചിലര്‍ക്ക് നല്‍കേണ്ടതുണ്ട്. 
കുമ്പളം, വെള്ളരി, ചീര, നാരങ്ങ, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഭക്ഷണങ്ങള്‍ ആസ്ത്മരോഗിക്ക് അനുയോജ്യമാണ്. ഭക്ഷണം അമിതമായി കഴിക്കാതെ കുറഞ്ഞ അളവില്‍ പല തവണയായി ചൂടോടെ കഴിക്കാം. പഴകിയ ഭക്ഷണങ്ങള്‍, തൈര്, ഉഴുന്ന്, പകലുറക്കം, തണുത്ത ഭക്ഷണം, അസമയത്തെ കുളി, ചെമ്മീന്‍, ഞണ്ട്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ ഒഴിവാക്കണം. 

വീട്ടില്‍ ശ്രദ്ധിക്കാന്‍
* കുട്ടിക്ക് അലര്‍ജിക്കിടയാക്കുന്ന ഘടകം തിരിച്ചറിയാന്‍ ശ്രദ്ധിക്കുക. 
* മാസത്തില്‍ എത്രതവണ, ഏതു സാഹചര്യത്തില്‍ എന്നും ശ്രദ്ധിക്കണം.
* രോഗം ഭക്ഷണത്തെയും പഠനത്തെയും ബാധിക്കാതെ നോക്കണം. ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ പ്രവണത ഗുണകരമല്ല. 
* കുട്ടിക്ക് ആസ്ത്മയുള്ള കാര്യം സ്കൂളില്‍ അധ്യാപകരോട് പറയുകയും ആവശ്യത്തിനുള്ള മരുന്ന് കുട്ടിയുടെ കൈയില്‍ കരുതുകയും വേണം. 
* രാത്രിഭക്ഷണം ലഘുവാക്കാനും ശ്രദ്ധിക്കണം. 
*പാടമാറ്റി ഒരു ഗ്ളാസ് പാലില്‍ ഒരു ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് നല്‍കുന്നത് നല്ല ഫലം തരും. 
* രോഗപ്രതിരോധത്തിന് അഗസ്ത്യരസായനം, ദശമൂല രസായനം, ച്യവനപ്രാശം ഇവയിലൊന്ന് സ്ഥിരമായി ശീലിക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asthma
News Summary - -
Next Story