നടുവേദനയകറ്റാം ആയുര്വേദത്തിലൂടെ
text_fieldsജീവിതത്തിൽ ഒരു തവണയെങ്കിലും നടുവേദനയിലൂടെ കടന്നുപോകാത്തവർ ഉണ്ടാകില്ല. ഇന്ന് 80 ശതമാനം പേർക്കും നടുവേദന ഉണ്ടാകാനുള്ള മുഖ്യ കാരണം ജീവിതശൈലിയാണ്. ശരീരത്തിെൻറയും മനസ്സിെൻറയും സന്തുലിതാവസ്ഥയെ താളംതെറ്റിക്കുന്ന അസുഖമാണ് നടുവേദന. അതുകൊണ്ടുതന്നെ വളരെ ശാസ്ത്രീയമായ സമീപനത്തിലൂടെ മാത്രമേ നടുവേദനയെ ചികിത്സിക്കാവൂ.
നടുവേദനയുടെ കാരണങ്ങൾ
നെട്ടല്ലിനും അതിനോട് ചേർന്ന പേശികൾക്കും ഉണ്ടാകുന്ന വേദനയാണ് നടുവേദന. എന്നിരുന്നാലും അർബുദം പോലുള്ള മറ്റു പലവിധ രോഗങ്ങളുടെയും ഒരു ലക്ഷണം കൂടിയാണ് നടുവേദന. ഡയബറ്റിക് ന്യൂറോപ്പതി, വൃക്കയിലെ കല്ലുകൾ, ഉദര സംബന്ധമായ ചില രോഗങ്ങൾ എന്നിവയുടെ അനുബന്ധ ലക്ഷണമായും നടുവേദന കണ്ടുവരുന്നു.
പേശികളും നാഡികളും മുതൽ വൃക്കകളും ആന്തരിക അവയവങ്ങളും വരെ നടുപ്രദേശത്തെ സങ്കീർണമാക്കുന്നു. 90 ശതമാനം പേരിലും അവർ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് നടുവേദന അനുഭവപ്പെടുന്നത്. 33 കശേരുക്കൾക്കിടയിൽ ഡിസ്ക് എന്നൊരു ഭാഗമുണ്ട്. ഇതിെൻറ ഇലാസ്തികതയാണ് ചലനത്തെ സഹായിക്കുന്നത്. ആഘാതങ്ങളിൽനിന്ന് സംരക്ഷണം നൽകാനും കശേരുക്കൾ തമ്മിലുള്ള ഉരസൽ ഒഴിവാക്കാനും സഹായിക്കുന്നത് ഇൗ ഡിസ്ക്കാണ്. ഇതിെൻറ സ്ഥാനഭ്രംശമാണ് നടുവേദനയായി അനുഭവപ്പെടുന്നത്.
കൂടുതൽ സമയം നിൽക്കുകയും, ഇരിക്കുകയും ചെയ്യുന്നത് മൂലം 33 കശേരുക്കളിലെ എൽ1-എൽ5 കശേരുക്കളിലാണ് കൂടുതൽ സമ്മർദം ഉണ്ടാകുന്നത്. ആയുർവേദ വിധിപ്രകാരം താഴേക്കുപോകേണ്ട വായു മുകളിലേക്ക് വന്നിട്ട്, അതായത് വായുവിെൻറ സ്ഥാനഭ്രംശം കാരണം കശേരുക്കളിൽ സമ്മർദമുണ്ടാവുകയും അത് വേദനക്ക് കാരണമാവുകയും ചെയ്യുന്നു.
പേശികൾ, കശേരുക്കൾ, കണ്ഡരകൾ (ലിഗെമൻറ്) എന്നിവയുടെ സന്തുലിത പ്രവർത്തനം ഇല്ലാതായാലും നടുവേദന ഉണ്ടാകാം. അമിതഭാരമുള്ള വസ്തുക്കൾ ഉയർത്തൽ, ഡിസ്ക്കുകളുടെ തേയ്മാനം, നെട്ടല്ലിെൻറ വളവുകളിലുള്ള മാറ്റങ്ങൾ, ജന്മനാലുള്ള വൈകല്യങ്ങൾ, അസ്ഥികളുടെ ബലക്ഷയം, ഒാസ്റ്റിയോ പോറോസിസ്, വാതരോഗങ്ങൾ, കിടക്കുേമ്പാഴുണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതാധ്വാനം, മലബന്ധം, അമിത മദ്യപാനം, പുകവലി, തെറ്റായ വ്യായാമരീതി, കടുത്ത ചുമ, അമിത ശരീരഭാരം, തുടർച്ചയായ ഇരിപ്പ്, വിറ്റമിൻ ഡി, കാൽസ്യം എന്നിവയുടെ കുറവ്, മാനസിക പിരിമുറുക്കം, ചില മരുന്നുകളുടെ അമിത ഉപയോഗം മുതലായവയും നടുവേദനക്ക് കാരണമാകുന്നു.
സ്ത്രീകളിൽ നടുവേദനക്കുള്ള കാരണങ്ങൾ
ആർത്തവം, ഗർഭധാരണം മുതലായ പല ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് നടുവേദന വളരെ സാധാരണമായിത്തന്നെ കണ്ടുവരുന്നു. ചുരുക്കിപ്പറഞ്ഞാൽ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും നടുവേദനയിലൂടെ കടന്നുപോകാറുണ്ട്. ആർത്തവ ക്രമക്കേടുകൾ, വെള്ളപോക്ക്, ഗർഭകാലം, പ്രസവം, ആർത്തവ വിരാമം, ഗർഭാശയ മുഴകൾ, എേൻറാമെട്രിയോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, യൂട്രെൽ കാൻസർ എന്നീ പ്രത്യേക കാരണങ്ങളാലും സ്ത്രീകളിൽ നടുവേദന കാണപ്പെടുന്നു. അതിനാൽതന്നെ സ്ത്രീരോഗങ്ങൾ കൂടി പരിഗണിച്ചു വേണം സ്ത്രീകളിലെ നടുവേദന ചികിത്സിക്കാൻ.
ലക്ഷണങ്ങൾ
നടുവേദനയുടെ ലക്ഷണങ്ങൾ ഒാരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയുടെ മാനസികവും ശാരീരികവും വൈകാരികവുമായ ഭാവങ്ങൾ വേദനയെ സ്വാധീനിക്കുന്നു. പെെട്ടന്നുണ്ടാകുന്ന വേദന, കുത്തിനോവ്, കഴപ്പ്, അരക്കെട്ടിന് വേദന, അരക്കെട്ടിന് നീര്, പിടിത്തം, വേദന കാലുകളിലേക്കു വരുക, കാലിന് പിടിത്തം, കുനിയുന്നതിന് പ്രയാസം, ശക്തമായ വേദന, വയർ വീർക്കലും വേദനയും, കാലിന് സ്പർശനശേഷി അറിയാതിരിക്കുക, തുടർച്ചയായോ വിട്ടുവിേട്ടാ നടുവിൽ അനുഭവപ്പെടുന്ന വേദന, മുട്ട് മടക്കാതെ കാല് മുകളിേലക്ക് ഉയർത്തുേമ്പാൾ കാലുകൾക്ക് ഉണ്ടാകുന്ന ശക്തമായ വേദനയും പിടിത്തവും, സ്ഥാനചലനമുണ്ടാകുേമ്പാൾ വേദനയിൽ കൂടുതലോ കുറവോ അനുഭവപ്പെടുക, രാവിലെ എഴുന്നേൽക്കുേമ്പാൾ കഠിന വേദന, പിന്നെ ചലിച്ചു തുടങ്ങുേമ്പാൾ വേദനയിൽ ഉണ്ടാകുന്ന കുറവ് ഇവ നടുവേദനയുടെ വിവിധ ലക്ഷണങ്ങളിൽപെടുന്നു.
ചികിത്സ
മറ്റേതൊരു രോഗം പോലെത്തന്നെ കാരണമറിഞ്ഞ് ചികിത്സിക്കുകയാണ് നടുവേദനക്കും ഉത്തമം. വിശ്രമം, വ്യായാമം എന്നിവ ക്രമെപ്പടുത്തണം. ഇതോടൊപ്പംതന്നെ കാലാവസ്ഥാഭേദത്തിനനുസരിച്ച് ദൈനംദിന കാര്യങ്ങളിൽ വേണ്ട മാറ്റം വരുത്തണം. ഒപ്പം യുക്തമായ ചികിത്സയും ആവശ്യമാണ്.
നടുവേദനക്കായി നിരവധി മരുന്നുകൾ ആയുർവേദം നിർദേശിക്കുന്നുണ്ട്. വിരേചനത്തിന് നടുേവദന ചികിത്സയിൽ പ്രധാന സ്ഥാനമാണുള്ളത്. ഒരു ഒൗൺസ് കരിനൊച്ചിയില നീരിൽ ആവണക്കെണ്ണ ചേർത്ത വിരേചനൗഷധമോ സഹചരാദികഷായത്തിൽ ആവണക്കെണ്ണ ചേർത്ത വിരേചനൗഷധമോ അവസ്ഥക്കനുസരിച്ച് വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.
അമൃതോത്തരം കഷായം, രസ്നാസപ്തകം കഷായം, ഗന്ധർവഹസ്താദി കഷായം, മഹാരാസ്നാദി കഷായം, ധാന്വന്തരം കഷായം, സഹചരാദി കഷായം, വൈശ്വാനരം, ഷട്ധരണം മുതലായ ചൂർണങ്ങൾ, കൂടാതെ കൈശോരഗുൽഗുലു, ചുക്കും പിപ്പല്യാദി ഗുളിക, ത്രയോദശാംഗ ഗുൽഗുലു, മരുന്നിട്ട് കാച്ചിയ ആവണക്കെണ്ണ, ബലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, അമൃതാരിഷ്ടം, ദശമൂലാരിഷ്ടം മുതലായ അരിഷ്ടങ്ങൾ, വിവിധ ഇനം ലേഹ്യങ്ങൾ, നെയ്യുകൾ എന്നിവ അവസ്ഥാനുസേരണ നൽകിവരുന്നു.
പഞ്ചകർമ ചികിത്സരീതികൾ
രോഗത്തിെൻറ കാഠിന്യം, അവസ്ഥ, രോഗിയുടെ പ്രകൃതി, സത്വബലം, ദോഷത്തിെൻറ അവസ്ഥകൾ മുതലായവ പരിഗണിച്ച് പഞ്ചകർമ ചികിത്സ ചെയ്യാവുന്നതാണ്. പൊടിക്കിഴി, ഇലക്കിഴി, മുട്ടക്കിഴി, ഞവരക്കിഴി, വയറിളക്കൽ, ഛർദിപ്പിക്കൽ, അവഗാഹം, വസ്തി, പിചു-എന്തുയിടൽ (തൈലത്തിൽ മുക്കിയ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് നടത്തുന്ന ചികിത്സ), അഗ്നികർമം, രക്തമോക്ഷം എന്നിവ യുക്തിപൂർവം വൈദ്യനിർദേശപ്രകാരം ചെയ്യാവുന്നതാണ്.
സ്ത്രീകൾക്ക് പ്രത്യേക ചികിത്സ
സ്ത്രീകളുടെ നടുവേദന, ഗർഭാശയ രോഗങ്ങൾ, മറ്റു സ്ത്രീജന്യരോഗങ്ങൾ എന്നിവകൂടി പരിഗണിച്ചു വേണം ചികിത്സിക്കാൻ. ഇതോടൊപ്പം ശരിയായ വിശ്രമവും പോഷകാഹാരവും കൂടി ശ്രദ്ധിക്കേണ്ടതാണ്.
വിദഗ്ധ ചികിത്സയെപ്പോലെത്തന്നെ നടുവേദനയിൽ പ്രധാനമാണ് പഥ്യാപഥ്യങ്ങളുടെ പാലനവും. ദഹിക്കാൻ പ്രയാസമുള്ള ആഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, ബേക്കറി ഭക്ഷണങ്ങൾ, തണുപ്പുള്ള ആഹാരങ്ങൾ, തണുത്ത വെള്ളത്തിലുള്ള കുളി, ദീർഘദൂര യാത്രകൾ എന്നിവ ഒഴിവാക്കുന്നത് നടുവേദനയുടെ ശമനത്തിന് കൂടുതൽ സഹായകരമാണ്. കുളിക്കാനും കുടിക്കാനും ചൂടുവെള്ളമാണ് നല്ലത്. ശരീരത്തിൽ കാത്സ്യത്തിെൻറ അളവ് വർധിപ്പിക്കുന്ന ആഹാരങ്ങൾ ശീലമാക്കുന്നത് നല്ലതാണ്.
രണ്ടു മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുക, ശരീരഭാരം ഉയരത്തിനനുസരിച്ച് ക്രമപ്പെടുത്തുക, മലർന്നുകിടന്നുറങ്ങുക, കുനിഞ്ഞ് ഭാരം ഉയർത്തുന്നത് ഒഴിവാക്കുക, മലബന്ധം, അസിഡിറ്റി എന്നിവ വരാതിരിക്കാൻ ശ്രദ്ധിക്കുക എന്നിവയും നടുവേദനയുള്ളവർ പാലിേക്കണ്ട കാര്യങ്ങളാണ്. രോഗിയെയും രോഗത്തെയും അടുത്തറിഞ്ഞ് നടത്തുന്ന വിദഗ്ധ ചികിത്സയിലൂടെയും പഥ്യാചാരങ്ങളിലൂടെയും നടുവേദന ഒരു പരിധിവരെ നമുക്ക് ഒഴിവാക്കാം.
തയാറാക്കിയത്: ഡോ. ഗായത്രി ദേവി
ജില്ല മെഡിക്കൽ ഒാഫിസർ
ഇന്ത്യൻ സിസ്റ്റംസ് ഒാഫ്
മെഡിസിൻ, കൊല്ലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.