സ്ത്രീകളിലെ നടുവേദനയും ആയുർവേദപ്രതിവിധികളും
text_fieldsജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്തവർ വിരളമാണ്. നടുവേദന ഇന്ന് സർവസാധാരണമാകുകയും പലപ്പോഴും നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിക്കുകയും ചെയ്യുന്നു. പ്രായഭേദമന്യെ സ്ത്രീ പുരുഷൻമാർക്ക് ആർക്കുവേണമെങ്കിലും പിടിപെടാവുന്ന ഒന്നാണിത്. എങ്കിലും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രത്യേകിച്ച് മധ്യവയസ്കരായ സ്ത്രീകളിൽ. എന്നാൽ നടുവേദനയുടെ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.
നമ്മുടെ നട്ടെല്ലിന് വളരെ സങ്കിർണ്ണമായ ഘടനയാണുള്ളത്. കശേരുക്കൾ , പേശികൾ, ഡിസ്കുകൾ, സ്നായുക്കൾ, ഞരമ്പുകൾ, അസ്ഥിബന്ധങ്ങൾ തുടങ്ങിയവയാലാണ് നട്ടെല്ല് നിർമിച്ചിരിക്കുന്നത്. ഇവയുടെ കൂട്ടായ പ്രവർത്തനത്താൽ നട്ടെല്ല് ശരീരത്തെ താങ്ങിനിർത്തുകയും ശരീരത്തിന്റെ ചലനത്തെ സഹായിക്കുകയും ചെയ്യുന്നു.കശേരുക്കൾ തമ്മിൽ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതുമായ കശേരുക്കൾക്കിടയിലെ മൃദുവായ ഭാഗമാണ് ഡിസ്കുകൾ. ആരോഗ്യമുള്ള ഒരു മനുഷ്യന് നട്ടെല്ല് ശക്തിയുള്ളതും വഴക്കമുള്ളതുമായിരിക്കും. നട്ടെല്ലിന്റെ സുഗമമായ ചലനങ്ങൾക്ക് തടസ്സം നേരിടുമ്പോഴാണ് സാധാരണയായി നടുവേദന ഉണ്ടാകുന്നത്.
കാരണങ്ങൾ:
ഡിസ്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾ, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന സ്നായുക്കൾക്കുണ്ടാക്കുന്ന വലിച്ചിലുകൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിത ശൈലി തുടങ്ങിയവയാണ് നടുവേദനക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങൾ. കൂടാതെ നട്ടെല്ലിന് ഏൽക്കുന്ന പരിക്കുകൾ, ആയാസമുള്ള ജോലികൾ, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്കുകൾ, അസ്ഥിക്ഷയം, നട്ടെല്ലിന്റെ സ്വാഭാവിക ഘടനയിലുള്ള മാറ്റങ്ങൾ, അമിതവണ്ണം, മാനസിക പിരിമുറുക്കം, ചിലതരം കാൻസർ രോഗങ്ങൾ ഇവയും നടുവേദനക്ക് കാരണമാകുന്നു.
കശേരുക്കൾക്കിടയിലെ ഡിസ്കുകളിൽ സാധാരണഗതിയിൽ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുന്തോറും ഡിസ്കിനുള്ളിലെ ജലാംശം കുറയുന്നത് ഡിസ്കുകൾ പൊട്ടാനും തെന്നാനുമുള്ള സാധ്യത കൂട്ടും. ഇപ്രകാരം ഘടനാമാറ്റം വന്ന ഡിസ്കുകൾ തൊട്ടടുത്തുള്ള നാഡികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് നടുവേദനയായി അനുഭവപ്പെടുന്നത്. പലപ്പോഴും വേദന കാലുകളിലേക്കും വ്യാപിക്കാറുണ്ട്. പെട്ടന്ന് തിരിയുകയോ അമിതഭാരം എടുക്കുകയോ ചെയ്യുമ്പോൾ കശേരുക്കളിൽ സമ്മർദ്ദമുണ്ടായി ഡിസ്കുകൾക്ക് സ്ഥാന വ്യത്യാസം സംഭവിക്കാം.
കാൽമുട്ടുകൾക്കുണ്ടാകുന്ന തേയ്മാനം ഇടുപ്പെല്ലുകളിലും നട്ടെല്ലിന്റെ താഴ്ഭാഗത്തും വേദനയുണ്ടാകാൻ കാരണമായേക്കാം. മണിക്കുറുകളോളം കമ്പ്യുട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിൽ നടുവേദന, തോൾ വേദന, കഴുത്തുവേദന,എന്നിവ കാലക്രമേണ ഉണ്ടാകുന്നു.അപൂർവമായി നട്ടെല്ലിനെയോ അല്ലെങ്കിൽ മറ്റ് അവയവങ്ങളേയോ ബാധിക്കുന്ന രോഗങ്ങൾ ചിലപ്പോൾ പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണം നടുവേദനയായിരിക്കും. വാതരോഗങ്ങൾ അത്തരം കാരണങ്ങളിൽ ഉൾപ്പെടും. റുമാറ്റോയ്ഡ് ആർത്രൈറ്റിസ്,ആൻകിലോസിങ് സ്പോൺഡിലൈറ്റിസ്, സോറിയാറ്റിക് ആർത്രോപതി തുടങ്ങിയ വാതരോഗങ്ങൾ നട്ടെല്ലിനെ ബാധിക്കുന്നവയാണ്.
പാൻക്രിയാസ്, പിത്താശയഗ്രന്ഥി, ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ ചിലേപ്പോൾ നടുവേദന ഒരു രോഗലക്ഷണമായി കാണപ്പെടാം. മൂത്രാശയക്കല്ലുകളോ,പഴുപ്പോ, വൃക്ക രോഗങ്ങളോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതായി കാണാറുണ്ട്.
സ്ത്രീകളിൽ നടുവേദന ഉണ്ടാകാൻ മറ്റു കാരണങ്ങളുമുണ്ട്. സ്ത്രീകൾക്കുണ്ടാകുന്ന നടുവേദനയിൽ 20 ശതമാനം ഗർഭാശയസംബന്ധമായ രോഗങ്ങൾ മൂലമാണുണ്ടാകുന്നത്.ഗൾഭാശയത്തെ ബാധിക്കുന്ന അണുബാധ (pelvic inflammatory desease), ഫൈബ്രോയ്ഡ്, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങൾ നടുവേദന ഉണ്ടാക്കാം. ആർത്തവ സമയത്ത് വരുന്ന നടുവേദന ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം മൂലമാണ്.
ആർത്തവം നിൽക്കുന്നതോടെ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം നടുവേദനക്ക് കാരണമാകുന്നു. ഇതിനാൽ അസ്ഥികളിൽ കാൽസ്യം കുറയുകയും തത്ഫലമായി അസ്ഥികൾക്ക് ദൃഡത കുറയുകയും ഈ അവസ്ഥ നട്ടെല്ലിനെ ബാധിക്കുമ്പോൾ നടുവേദന ഉണ്ടാകുകയും ചെയ്യുന്നു. ഗർഭാശയത്തിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന അണുബാധയും രോഗങ്ങളും, ഗർഭകാലം, പ്രസവം,കുടവയർ,പേശികളുടെ ബലക്ഷയം ഇവയെല്ലാം തന്നെ സ്ത്രീകളിൽ നടുവേദനക്ക് ഇടയാക്കാറുണ്ട്. പ്രസവാനന്തരം ശരിയായ വിശ്രമമെടുക്കാതിരുന്നാലും വേണ്ട രീതിയിൽ പ്രസവാനന്തരശുശ്രൂഷ ചെയ്യാതിരുന്നാലും നടുവേദനക്ക് കാരണമാകും.
പുരുഷൻമാരേക്കാൾ സ്ത്രീകളിൽ കണ്ടുവരുന്ന വിവിധതരം നടുവേദനകളാണ് സ്പൈനൽ ഓസ്റ്റിയോ ആർത്രൈറ്റിസ്, ഡീജനറേറ്റീവ് സ്പോൺഡൈലോലിസ്തസിസ്,കോക്സിഡൈനിയ, പിരിഫോർമിസ് സിൻഡ്രോം എന്നിവ.
തേയ്മാനംമൂലം നട്ടെല്ലിലെ കശേരുക്കൾക്ക് സ്ഥാനവ്യത്യാസംമൂലം ഉണ്ടാകുന്ന നടുവേദനയാണ് ഡീജനറേറ്റീവ് സ്പോൺഡൈലോലിസ്തസിസ്. ആർത്തവ വിരാമത്തിനുശേഷമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. ഇത് കാലുകളിലും വേദന ഉളവാക്കുന്നു.
കശേരുക്കളിലെ സന്ധികളിലുണ്ടാകുന്ന തേയ്മാനം സ്ത്രീകളിൽ സാധാരണമാണ്. ശരീരഭാരവുംപ്രായവും കൂടുമ്പോൾ തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഇത് പുറം ഭാഗത്തും അരക്കെട്ടിലും തുടകളിലും വേദന ഉണ്ടാക്കും. രാവിലെ എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന ഇത്തരം നട്ടെല്ലിന് താഴ്വശത്തെ പേശികളിലെ വേദനയുംപരിമുറുക്കവും സ്പൈനൽ ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നു.
നട്ടെല്ലിന്റെ ഏറ്റവും കീഴ്ഭാഗത്തെ കശേരുക്കളിലെ പരിക്കുകൾ മൂലവും തേയ്മാനം മൂലവും ചിലതരം നീർക്കെട്ടുകൾ മൂലവും ഉണ്ടാകുന്ന വേദനയെ കോക്സിഡൈനിയ എന്നു പറയുന്നു. പ്രസവസമയത്ത് ഇടുപ്പെല്ലിന് ഉണ്ടാകുന്ന രൂപവ്യതിയാനവും ക്ഷതങ്ങളും കാരണം ഇത് സ്ത്രീകളിൽ കൂടുതലായി കാണാറുണ്ട്.
അരക്കെട്ടിൽ സ്ഥിതി ചെയ്യുന്ന പിരിഫോമിസ് എന്ന പേശയിലുണ്ടാകുന്ന സമ്മർദ്ദം കൊണ്ട് ഉണ്ടാകുന്ന നടുവേദനയെ പിരിഫോമിസ് സിൻഡ്രോം എന്ന് പറയുന്നു. ഇത് വിട്ടുമാറാത്ത നടുവേദനയുണ്ടാക്കുകയും ഇത്തരം വേദന തുടകളിലേക്കും കാലുകളിലേക്കും പ്രവഹിക്കുകയും ചെയ്യും. ഗർഭധാരണവുമായി ബന്ധപ്പെട്ട് ഇടുപ്പിന് വരുന്ന മാറ്റം കൊണ്ടും ഹോർമോൺ വ്യതിയാനം കൊണ്ടും പിരിഫോർമിസ് സിൻഡ്രോം ഉണ്ടാകുന്നതാണ്.
രോഗനിർണ്ണയം:
രോഗലക്ഷണങ്ങളിലൂടെയും വിവിധ ശാരീരിക പരിശോധനയിലൂടെയും രോഗനിർണ്ണയം നടത്താവുന്നതാണ്. എക്സ് റേ, എം. ആർ. ഐ., സി.ടി. സ്കാൻ മുതലായവ കൃത്യമായ രോഗനിർണയത്തിന് സഹായകമാണ്.
നടുവേദനക്ക് ആയുർവേദ പരിഹാരങ്ങൾ:
രോഗകാരണങ്ങളെ ഒഴിവാക്കലാണ് ചികിൽസയിൽ പ്രധാനം.ശരിയായ വ്യായാമം, വിശ്രമം, ഉറക്കം, ആഹാരരീതി ഇവ ശീലിക്കുന്നത് തന്നെയാണ് ആയുർവേദത്തിൽ നിദാന പരിവർജനം എന്നതുകൊണ്ട് അർഥമാക്കുന്നത്. രോഗാവസ്ഥ അനുസരിച്ച് പ്രയോഗിക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ ഔഷധ തൈല പ്രയോഗങ്ങൾ, അഭ്യംഗം, സ്വേദനം, വിവിധ തരം കിഴികൾ,പിഴിച്ചിൽ, ലേപനപ്രയോഗങ്ങൾ, വിരേചനം, വസ്തി, ശമനൗഷധങ്ങൾ എല്ലാം തന്നെ ഡിസ്കുകൾക്കും കശേരുക്കൾക്കും ഉണ്ടാകുന്ന തകരാറുകൾ മാറ്റാനും നാഡികളുടെ ക്ഷതം ദൂരീകരിക്കാനും നട്ടെല്ലിനെ ബന്ധപ്പെട്ടുള്ള പേശികൾക്ക് ബലം നൽകാനും സഹായിക്കുന്നു.
ഉചിതമായ ഔഷധങ്ങൾ ബാഹ്യ ചികിൽസക്കൊപ്പം തന്നെ അവസ്ഥാനുസാരേണ ഉപയോഗിക്കുന്നത് നടുവേദനയിൽ രോഗികൾക്ക് വളരെ വേഗം ആശ്വാസം നൽകും. ഗന്ധർവഹസ്താദി കഷായം, രാസ്നസപ്തകം കഷായം, സഹചരബലാദി കഷായം, ധാന്വന്തരം കഷായം, ക്ഷീരബല തൈലം, സഹചരാദി കുഴമ്പ്, മഹാനാരായണ തൈലം, മുറിവെണ്ണ, കർപ്പൂരാദി തൈലം എന്നീ കൈ കൊണ്ട ഔഷധങ്ങൾ അവസ്ഥാനുസാരേണ പ്രയോഗിക്കപ്പെടുന്നു . ചികിൽസകളെല്ലാം വൈദ്യ നിർദേശപ്രകാരം തന്നെ ചെയ്യേണ്ടവയാണ്.
നടുവേദനയെ എങ്ങനെ പ്രതിരോധിക്കാം:
ദഹനശക്തി കൂട്ടുന്നതും എല്ലുകളുടേയും പേശികളുടേയും ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതും മലബന്ധം ഒഴിവാക്കുന്നതുമായ ആഹാരക്രമം പാലിക്കുക. ഉയരത്തിന് ആനുപാതികമായ ശരീരഭാരം നിലനിർത്തുക. ശരീരശക്തിക്കനുസരിച്ച് നിത്യവും വ്യായാമം ചെയ്യുക. ദീർഘനേരം ഇരുന്നു കൊണ്ട് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകളിൽ എഴുന്നേറ്റു നടക്കുക,ഹൈഹീലുള്ള പാദരക്ഷകൾ കഴിയുന്നതും ഒഴിവാക്കുക, ശരിയായ രീതിയിലുള്ള മെത്തകൾ ഉപയോഗിക്കുക, എന്നീ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നത് നടുവേദന വരാതിരിക്കാനും വേദന ഉള്ളവരിൽ വേഗത്തിൽ തന്നെ സുഖപ്പെടാനും സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.