Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightനെഞ്ചുവേദന...

നെഞ്ചുവേദന തിരിച്ചറിയാം...

text_fields
bookmark_border
നെഞ്ചുവേദന തിരിച്ചറിയാം...
cancel

ഒട്ടും അവഗണിക്കാന്‍ പാടില്ലാത്ത പ്രധാന രോഗലക്ഷണങ്ങളില്‍ ഒന്നാണ് നെഞ്ചുവേദന. താരതമ്യേന നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന്‍െറ വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. ഗുരുതരരോഗമായ മഹാധമനിയിലുണ്ടാകുന്ന വിള്ളലും നെഞ്ചുവേദനയുടെ രൂപത്തിലാണ് പ്രകടമാകുക. കൂടാതെ ശ്വാസകോശം, ദഹനേന്ദ്രിയം, നെഞ്ചിന്‍കൂട് തുടങ്ങിയവയെ ബാധിക്കുന്ന പല രോഗങ്ങളും നെഞ്ചുവേദനയായിട്ട് അനുഭവപ്പെടുന്നു.

നെഞ്ചുവേദനയുടെ പ്രധാന കാരണങ്ങള്‍

1. ഹൃദയസംബന്ധിയായവ

  • ഹൃദയാഘാതം
  • ഹൃദയാവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്
  • മഹാധമനിയിലെ വിള്ളലുകള്‍
  • വാല്‍വ് ചുരുങ്ങുക തുടങ്ങി വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍
  • ഹൃദയപേശികളെ ബാധിക്കുന്ന രോഗങ്ങള്‍
  • ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍

ഇവ നെഞ്ചുവേദന ഉണ്ടാക്കും.

2. ശ്വാസകോശത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍

  • ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം (പ്ളൂറസി), ന്യുമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇവയും നെഞ്ചുവേദനക്കിടയാക്കും.

3. ഉദരസംബന്ധിയായവ

  • അന്നനാളം ചുരുങ്ങുക, വിള്ളുക ഇവ നെഞ്ചുവേദനയുണ്ടാക്കും.
  • പാന്‍ക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങള്‍ ഇവയും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.

 


4. നെഞ്ചിന്‍കൂടിന്‍െറ പ്രശ്നങ്ങള്‍

  • വാരിയെല്ലുകള്‍, മാറെല്ല് ഇവയിലുണ്ടാകുന്ന നീര്‍ക്കെട്ടിന്‍െറ ലക്ഷണവും നെഞ്ചുവേദനയാണ്.

5. മാനസിക പ്രശ്നങ്ങള്‍

  • അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.

ഹൃദ്രോഗം-സവിശേഷ വ്യാപനരീതി

ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന വേദനക്കൊപ്പംനെഞ്ചിന് മീതെ ഭാരം കയറ്റിവെച്ചത് പോലെയോ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെയോ ഉള്ള ലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനക്ക് ഒരു സവിശേഷ വ്യാപനരീതിയുണ്ട്. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിന്‍െറ മുകള്‍ഭാഗം, നെഞ്ചിന്‍െറ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് നെഞ്ചുവേദന പടരുന്നു.

ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ നെഞ്ചുവേദന അരമണിക്കൂറോളം നീണ്ടുനില്‍ക്കാം.
വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

പൊടുന്നനെ ഉള്ള നെഞ്ചുവേദന
കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലത്തെി തടസ്സം സൃഷ്ടിക്കുന്നത് പൊടുന്നനെയുള്ള നെഞ്ചുവേദനക്കിടയാക്കാറുണ്ട്.

പുകവലിക്കാര്‍, അമിതവണ്ണമുള്ളവര്‍, അര്‍ബുദരോഗികള്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളായി കിടപ്പിലായവര്‍ തുടങ്ങിയവരെല്ലാം സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത ഏറിയവരാണ്. കാലില്‍ പെട്ടെന്ന് രൂപപ്പെടുന്ന നീരും ചുവപ്പും വേദനയും ശ്രദ്ധയോടെ കാണണം.

വലുപ്പം കൂടിയ രക്തക്കട്ട രൂപപ്പെടുന്നവരില്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാം. വലുപ്പം കുറഞ്ഞ രക്തക്കട്ടകള്‍ രൂപപ്പെടുമ്പോള്‍ നെഞ്ചിന്‍െറ വശങ്ങളില്‍ വേദനയുളവാക്കും.

ശ്വാസകോശ രോഗങ്ങളും നെഞ്ചുവേദനയും
ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദന കൊളുത്തിപ്പിടിക്കുന്നതുപോലെയാണ് സാധാരണ അനുഭവപ്പെടുക. ശ്വാസകോശാവരണത്തില്‍ വായുനിറയുക, നീര്‍ക്കെട്ട്, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലെല്ലാം ഇത്തരം വേദനയുണ്ടാകാം.

ദഹനേന്ദ്രിയ പ്രശ്നങ്ങളും നെഞ്ചുവേദനയും
അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന പല രോഗങ്ങളുടെയും പൊതുലക്ഷണമാണ് നെഞ്ചുവേദനയും അസ്വസ്ഥതകളും. നെഞ്ചെരിച്ചിലും പുളിച്ച് തികട്ടലായും പ്രകടമാകുന്ന അസ്വസ്ഥതകള്‍ അതിരാവിലെ ഭക്ഷണം കഴിക്കാത്ത സമയത്തും കിടക്കുമ്പോഴും അധികരിക്കാറുണ്ട്. ആമാശയത്തില്‍നിന്ന് അമ്ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്നതാണ് നെഞ്ചെരിച്ചിലായി അനുഭവപ്പെടുക.

അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുമ്പോള്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി വേദന അനുഭവപ്പെടാം. ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദമുള്ളപ്പോഴും നെഞ്ചുവേദനയുണ്ടാകാം. ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വേദന കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിന്‍െറ പുറകുവശത്തുമൊക്കെ വ്യാപിക്കാം.

ആമാശയത്തിലെയും അന്നനാളത്തിലെയും അമ്ളാധിക്യം മൂലമുള്ള നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യയുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗമായും ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കാനിടയുള്ളതിനാല്‍ പരിശോനയിലൂടെ രോഗനിര്‍ണയം നടത്തേണ്ടതുണ്ട്.

നിരുപദ്രവകരമായ നെഞ്ചുവേദന
നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിനുണ്ടാകുന്ന വേദന. ഒപ്പം നീര്‍ക്കെട്ടുമുണ്ടാകും. വിങ്ങുന്നപോലെയോ കുത്തിക്കൊള്ളുന്നതുപോലെയോ വേദന അനുഭവപ്പെടാം.

കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്ന തേയ്മാനത്തെതുടര്‍ന്നുള്ള വേദനയും നെഞ്ചിലേക്ക് പടര്‍ന്നിറങ്ങാറുണ്ട്. അതുപോലെ തോള്‍ സന്ധിയെ ബാധിക്കുന്ന സന്ധിവാതവും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്.

ചികിത്സ
നെഞ്ചുവേദനക്കിടയാക്കുന്ന കാരണങ്ങള്‍ പലതായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പാര്‍ഥ അഥവ അര്‍ജുനം ഹൃദയസംബന്ധമായ നെഞ്ചുവേദനയില്‍ ഉപയോഗപ്പെടുത്തുന്ന ഒൗഷധികളില്‍ പ്രധാനമാണ്.

കുറുന്തോട്ടി, ജീരകം, ചുക്ക്, പുഷ്ക്കരമൂലം, പാല്‍മുതക്ക്, ദേവതാരം, കൊത്തമ്പാലരി, കൂവളവേര്, കച്ചോലം, ചിറ്റരത്ത ഇവ ഉള്‍പ്പെട്ട ഒൗഷധങ്ങള്‍ വിവിധതരം നെഞ്ചുവേദനയുടെ ചികിത്സകളില്‍ പ്രയോജനപ്പെടുത്താറുണ്ട്. കുറുന്തോട്ടി ചേര്‍ത്ത് ആവര്‍ത്തിച്ച തൈലങ്ങള്‍ ഉപയോഗിച്ചുള്ള ‘പിചു’വും നല്ല ഫലം തരും.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chest pain
News Summary - chest pain
Next Story