ചിക്കൻ പോക്സ് പടരാതെ ശ്രദ്ധിക്കാം...
text_fieldsചൂടുകാലത്ത് സർവ സാധാരണമായി കണ്ടുവരുന്ന രോഗങ്ങളിലൊന്നാണ് ചിക്കൻപോക്സ്. അതിവേഗം പടരുന്ന രോഗമാണിത്. ‘‘വേരിസെല്ലസോസ്റ്റർ’’ എന്ന വൈറസാണ് ചിക്കൻപോക്സ് പടർത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാൽ ഗർഭിണികൾ, എയ്ഡ്സ് രോഗികൾ, പ്രമേഹ രോഗികൾ, നവജാത ശിശുക്കൾ, അർബുദം ബാധിച്ചവർ തുടങ്ങിയവർ ഇതിനെ ഏറെ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. 1767ൽ ആണ് വസൂരിയിൽനിന്ന് വ്യത്യസ്തമായ ഇൗ രോഗത്തെ ലോകം തിരിച്ചറിഞ്ഞത്. ‘‘ലഘു വസൂരിക’’ എന്നാണ് ആയുർവേദത്തിൽ ഇൗ രോഗം അറിയപ്പെടുക.
പ്രധാന ലക്ഷണങ്ങൾ
- പൊതുവേ ശ്രദ്ധിക്കാതെ പോകുന്ന ഘട്ടമാണ് ചിക്കൻപോക്സിെൻറ ആദ്യഘട്ടം. കുമിളകൾ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത്. ചിലരിൽ പനി ഉണ്ടാകും.
- കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് മിക്കവരിലും ചിക്കൻപോക്സ് പ്രകടമാക്കുന്ന ആദ്യ ലക്ഷണം. പൂവിെൻറ ഇതളുകളിൽ വെള്ളത്തുള്ളി പറ്റിയിരിക്കുന്നതുപോലുള്ള കുമിളകൾ ഒറ്റക്കോ കൂട്ടമായോ പ്രകടമാകും. ഏകദേശം 2-6 വരെ ദിവസം ഇൗ ഘട്ടം നീളും. ചുവന്ന തടിപ്പ്, കുരു, കുമിള, പഴുപ്പ്, ഉണങ്ങൽ എന്നീ ക്രമത്തിലാണ് ഇവ രൂപാന്തരപ്പെടുന്നത്. ഒരേ സമയത്തുതന്നെ പലഘട്ടത്തിലുള്ള കുമിളകൾ ചിക്കൻപോക്സിൽ സാധാരണയാണ്.
മിക്കവരിലും തലയിലും വായിലും ആണ് കുരുക്കൾ ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് നെഞ്ചത്തും പുറത്തും ഉണ്ടാകുന്നു. എണ്ണത്തിൽ ഇത് കൂടുതലാണ്. എന്നാൽ, കൈകാലുകളിൽ എണ്ണം കുറവാണ്. എന്ന പ്രത്യേകതയുമുണ്ട്.
ചിക്കൻപോക്സിെൻറ മറ്റൊരു പ്രധാന ലക്ഷണമാണ് ചൊറിച്ചിൽ. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചിൽ അനുഭവപ്പെടാം. ചൊറിഞ്ഞ് പൊട്ടിയാൽ പഴുക്കാൻ സാധ്യത കൂടുതലാണ്.
രോഗം പകരുന്നത് എങ്ങനെ?
ഒരാൾ രോഗിയാകുന്നതിനു മുമ്പുതന്നെ രോഗംപരത്താൻ പ്രാപ്തനാകുന്നു എന്ന ദൗർഭാഗ്യകരമായ അവസ്ഥയുള്ള ഒരു രോഗമാണ് ചിക്കൻപോക്സ്. ഉയർന്നതോതിൽ രോഗം പടർത്തുന്നു എന്നതുതന്നെയാണ് ഇൗ രോഗത്തിെൻറ പ്രധാനപ്രശ്നം.
രോഗിയുടെ വായിൽനിന്നും മൂക്കിൽനിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ, സ്പർശനം മൂലവും ചുമയ്ക്കുേമ്പാൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതൽ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. സാധാരണ ഗതിയിൽ ഒരിക്കൽ രോഗം ബാധിച്ചാൽ ജീവിതകാലം മുഴുവൻ ഇൗ രോഗം വരാതെയിരിക്കാം. എന്നാൽ, പൊതു പ്രതിരോധം തകരാറിലായാൽ മാത്രം വീണ്ടും രോഗം വരാറുണ്ട്.
ഷിംഗിൾസ്: ചിക്കൻപോക്സിെൻറ വകഭേദം
ഒരിക്കൽ ചിക്കൻപോക്സ് ബാധിച്ചവരിൽ മാത്രം കാണപ്പെടുന്ന ചിക്കൻപോക്സിെൻറ ഒരു വകഭേദമാണ് ‘ഞരമ്പ് പൊട്ടി’ അഥവാ ഷിംഗിൾസ്. ഇവരിൽ ശരീരത്തിൽ ശക്തമായ വേദന അനുഭവപ്പെടുകയും സംവേദന നാഡികളുടെ വിന്യാസത്തിൽ കൂട്ടമായി കുരുക്കൾ ഉണ്ടാവുകയും ചെയ്യും. ചിക്കൻപോക്സ് വന്നവരിൽ വൈറസ് ഉറങ്ങിക്കിടക്കുകയും അനുകൂല സാഹചര്യത്തിൽ പ്രവർത്തന സജ്ജമാകുകയും ചെയ്യുന്നതാണ് ഷിംഗിൾസിന് ഇടയാക്കുന്നത്. നെഞ്ചത്തും പുറത്തും മുഖത്തുമാണ് ഇവ സാധാരണ കാണപ്പെടുക. കുരുക്കൾ പോയാലും വർഷങ്ങൾ കഴിഞ്ഞും വേദന നിലനിൽക്കുന്നവരുമുണ്ട്.
ചിക്കൻപോക്സ് സങ്കീർണതകൾ
- ഗർഭിണികൾ: ഗർഭത്തിെൻറ ഒമ്പതു മുതൽ 16 വരെയുള്ള ആഴ്ചകളിൽ അമ്മക്ക് ചിക്കൻപോക്സ് ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് കണ്ണിനും തലച്ചോറിനും തകരാറ്, അംഗവൈകല്യം, നാഡി തളർച്ച ഇവ സംഭവിക്കുമെന്നതിനാൽ ഗർഭിണികൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
- പ്രതിരോധ ശേഷി തീരെ കുറഞ്ഞവരെ ഗുരുതരമായി ചിക്കൻപോക്സ് ബാധിക്കാറുണ്ട്. പ്രത്യേകിച്ച് തലച്ചോർ, കരൾ, വൃക്കകൾ തുടങ്ങിയ അവയവങ്ങളെ ബാധിച്ച് പ്രശ്നങ്ങൾ സങ്കീർണമാക്കാറുണ്ട്.
- ചിക്കൻ പോക്സിനൊപ്പം ന്യൂമോണിയ കൂടി ബാധിക്കുന്നത് ഗർഭിണികളിലും ദുർബലരിലും സങ്കീർണതക്കിടയാക്കും.
- കുമിളകൾ പഴുക്കുക, രക്തസ്രാവം എന്നിവ ചിലരിൽ സങ്കീർണത സൃഷ്ടിക്കും.
പരിഹാരങ്ങൾ
ചികിത്സ, പോഷക ഭക്ഷണം, വിശ്രമം ഇവ അനിവാര്യമായ ഒരു രോഗമാണ് ചിക്കൻപോക്സ്. കുരുക്കൾ ഉണക്കുക, പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക, വേദന കുറക്കുക, പനി ശമിപ്പിക്കുക ഇവ ഉൾപ്പെട്ടതാണ് ചിക്കൻ പോക്സിെൻറ ആയുർവേദ ചികിത്സകൾ. കണിക്കൊന്ന, വേപ്പ്, മഞ്ചട്ടി, ഗുഗ്ഗുലു ഇവ ഉൾപ്പെട്ട മരുന്നുകൾ അതിവേഗം കുരുക്കളെ ഉണക്കുകയും പാട് ഇല്ലാതാക്കുകയും ചെയ്യും. കുളിക്കാൻ നാൽപാമരമോ ത്രിഫലയോ വേപ്പിലയും മഞ്ഞളും ചേർത്തതോ ആയ ചെറുചൂടുള്ള വെള്ളം ഉപയോഗപ്പെടുത്താം. പ്രതിരോധ ശക്തിക്ക് രസായനൗഷധങ്ങളും നൽകുന്നു. ചികിത്സക്കൊപ്പം വിശ്രമം അനിവാര്യമാണ്. മറ്റുള്ളവർക്ക് രോഗം പരത്താതിരിക്കാനും രോഗി ശ്രദ്ധിക്കേണ്ടതുണ്ട്.
പച്ചക്കറികൾ ധാരാളമടങ്ങിയ നാടൻ വിഭവങ്ങൾ ചിക്കൻപോക്സ് ബാധിച്ചവർക്ക് അനുയോജ്യം. ഒപ്പം വെള്ളവും ധാരാളം ഉൾപ്പെടുത്തേണ്ടതാണ്. തിളപ്പിച്ചാറിയ വെള്ളം, ഇളനീർ, പഴച്ചാറുകൾ ഇവ പ്രയോജനപ്പെടുത്താം.
രോഗി ശ്രദ്ധിക്കേണ്ടത്
- കുരുക്കൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പൊട്ടി പഴുക്കുന്നവരിൽ അടയാളം കൂടുതൽ കാലം നിലനിൽക്കും.
- മറ്റുള്ളവരുമായി ഇടപഴകുന്നത് രോഗി പരമാവധി ഒഴിവാക്കുക. മൂക്കിലെയും വായിലെയും സ്രവങ്ങളും പൊട്ടിയ കുരുവിലെ സ്രവങ്ങളും രോഗം പകർത്തുമെന്നറിയുക.
- പോഷക ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
- കുരുക്കൾ പൊന്തി 6-10 ദിവസംവരെ രോഗം പരത്തുമെന്നതിനാൽ ഇൗ കാലയളവിൽ കുട്ടികൾ സ്കൂളിലും മുതിർന്നവർ ജോലി സ്ഥലത്തും പൊതുസ്ഥലത്തും പോകാതിരിക്കുക.
തയാറാക്കിയത്: ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.