Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightവേനല്‍ച്ചൂടില്‍...

വേനല്‍ച്ചൂടില്‍ വാടല്ലേ....

text_fields
bookmark_border
water-on-head
cancel

ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുവരുന്ന ഉത്തരായനകാലമാണ് വേനല്‍. അത്യുഷ്ണമാണ് വേനലിന്റെ പ്രത്യേകത. പ്രകൃതിയിലെ ജീവജാലങ്ങള്‍, വൃക്ഷലതാദികള്‍ എന്നിവയുടെ ബലവും ഓജസ്സും കുറയുന്ന കാലമാണിത്. ഗ്രീഷ്മത്തില്‍ കഫം ക്ഷയിക്കുകയും വാതദോഷം വര്‍ധിക്കുകയും ചെയ്യുന്നു. അതിനാല്‍ കഫവര്‍ധകവും വാതത്തെ കുറക്കുന്നതുമായ ചര്യകളാണ് ഗ്രീഷ്മത്തില്‍ അനുഷ്ഠിക്കേണ്ടത്. 

ശരീരത്തിന്റെ ചൂട് കുറക്കുന്നതും ജലാംശം നിലനിര്‍ത്തുന്നതുമായ ആഹാരവിഹാരങ്ങളിലാണ് ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്. ഷഡ്‌രസങ്ങളില്‍ ഉപ്പ്, എരിവ്, പുളി രസങ്ങള്‍ കുറക്കുക. മിതമായ വ്യായാമം മാത്രം ചെയ്യുക. മധുരരസ പ്രധാനവും ലഘുവും സ്‌നിഗ്ധവും ശീതവും ദ്രവരൂപത്തിലുള്ളതുമായ ആഹാരമാണ് ഉചിതം. ശരീരത്തില്‍ പരമാവധി വെയിലേല്‍ക്കാതെ സൂക്ഷിക്കണം. ശരീരം മുഴുവനും പൊതിഞ്ഞിരിക്കത്തക്ക വിധത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഇത് സൂര്യാതപം തടയാന്‍ സഹായിക്കും. കോട്ടണ്‍, ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ശരീരത്തില്‍ ചൂട് വേഗത്തില്‍ വ്യാപിക്കാതിരിക്കുന്നതിനും വിയര്‍പ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

summer-Dress

ശരീരം എല്ലായ്‌പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. പലവിധത്തിലുള്ള ത്വഗ്‌രോഗങ്ങള്‍ക്ക് വഴിവെക്കുന്ന കാലം കൂടിയാണിത്. ജലാംശം നഷ്ടപ്പെടുന്നതുമൂലം ത്വക്കിന്റെ സ്‌നിഗ്ധത കുറയുകയും ചൊറിച്ചില്‍ പോലുള്ള വിഷമതകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഇക്കാലയളവില്‍ ശീത-സ്‌നിഗ്ധ പ്രധാനമായ തൈലങ്ങള്‍കൊണ്ടുള്ള അഭ്യംഗം വളരെ നന്നായിരിക്കും. ത്രിഫല, ചന്ദനം, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മരോഗങ്ങളെ അകറ്റാന്‍ ഏറെ ഫലപ്രദമായ മാര്‍ഗമാണ്.

 ബീറ്റാ കരോട്ടിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, മത്തി-ചൂര തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളാണ്.

 കൊഴുപ്പ്, വിറ്റമിന്‍ സി, ഇ എന്നിവയും പ്രധാനമാണ്. രാമച്ചം, മല്ലി, കച്ചോലം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്.

മുടികൊഴിച്ചിലും മുടിപൊട്ടുന്നതും തടയുന്നതിനും മൃദുത്വവും തിളക്കവും നിലനിര്‍ത്തുന്നതിനും ഭക്ഷണത്തിലെ പോഷകങ്ങള്‍ സഹായിക്കുന്നു. മുടിയുടെ പരിചരണത്തിനായി ശുദ്ധമായ വെളിച്ചെണ്ണയില്‍ കേശ്യവും ശീതവുമായ കഞ്ഞുണ്ണി, ഉഴിഞ്ഞ, നീലയമരി, നെല്ലിക്ക ഇവ ചേര്‍ത്ത് കാച്ചി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കറ്റാര്‍വാഴ താളി തേക്കുന്നതും എണ്ണ കാച്ചി ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്നു.

thurst

കരുതിയിരിക്കുക സൂര്യാതപത്തെ
അമിത ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നമാണ് സൂര്യാതപം. പ്രായമായവരിലും കുട്ടികളിലും മറ്റ് ശാരീരിക പ്രശ്‌നങ്ങളുള്ളവരിലുമാണ് സൂര്യാതപം സാധാരണ ഉണ്ടാകുന്നത്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു. സാധാരണയായി ശാരീരിക താപനില 40 ഡിഗ്രി സ​െൻറിഗ്രേഡ് കൂടുമ്പോഴാണ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുന്നത്.

 ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സൂര്യാതപം ഉണ്ടാകാം. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെ സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാതപത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. ഇത് കോമക്കും ഇടയാക്കാറുണ്ട്. വൃദ്ധജനങ്ങളില്‍ സൂര്യാതപത്തെ തുടര്‍ന്ന് ചര്‍മം ഉണങ്ങിവരണ്ടിരിക്കും.

സൂര്യാതപമേറ്റാല്‍

  • ഉടന്‍ വെയിലില്‍നിന്ന് മാറ്റുക
  • കാറ്റ് കൊള്ളിക്കുക
  • തണുത്ത വെള്ളം ദേഹത്ത് ഒഴിക്കുക
  • ഐസ് കട്ടകള്‍ ശരീരത്തില്‍ വെക്കുക
  • കൈകാലുകള്‍ തിരുമിക്കൊടുക്കുക

രോഗങ്ങളുടെയും കാലം
വേനല്‍ ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്ന കാലമാണ്. പല രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന കാലഘട്ടമായതിനാല്‍ ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറുന്നു. ടൈഫോയ്ഡ്, കോളറ, അതിസാരം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയവ സാധാരണയായി കാണുന്ന ജലജന്യ രോഗങ്ങളാണ്.

വായുജന്യരോഗങ്ങള്‍
ചിക്കന്‍പോക്‌സ്, അഞ്ചാംപനി, ചെങ്കണ്ണ് എന്നിവയും വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാറുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, പഴകിയതും പുളിച്ചതുമായ ആഹാരങ്ങള്‍ കഴിക്കരുത്, പച്ചവെള്ളം കുടിക്കരുത്, തുറന്നുവെച്ച ആഹാരസാധനങ്ങള്‍ കഴിക്കരുത്, കൈകള്‍ വൃത്തിയായി സോപ്പിട്ട് കഴുകിയതിനുശേഷം ഭക്ഷണം കഴിക്കുക.

ചിക്കന്‍പോക്‌സ്, അഞ്ചാംപനി എന്നിവ ബാധിച്ചാല്‍ രോഗിയെ പ്രത്യേകം മുറിയിലേക്ക് മാറ്റണം. രോഗി പുറത്തിറങ്ങരുത്. രോഗി കിടക്കുന്ന മുറിയുടെ ജനലുകള്‍ തുറന്നിടരുത്. രോഗിയെ പരിപാലിക്കാന്‍ നേരത്തേ രോഗം ബാധിച്ചവര്‍ ഉണ്ടെങ്കില്‍ അവരെ ചുമതലപ്പെടുത്തണം. രോഗിക്ക് പ്രത്യേക പാത്രത്തില്‍ ആഹാരം നല്‍കണം. രണ്ടാഴ്ച പൂര്‍ണ വിശ്രമം എടുക്കണം.

ചെങ്കണ്ണ് ബാധിച്ച കണ്ണിന് വിശ്രമം നല്‍കണം. പുറത്തിറങ്ങരുത്. കണ്ണ് തിരുമ്മരുത്. പൊടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രോഗി ഉപയോഗിക്കുന്ന സാധനങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

ത്രിഫല, ഇരട്ടി മധുരം എന്നിവ ഇട്ട് വെന്ത വെള്ളംകൊണ്ട് കണ്ണ് കഴുകുക. ത്രിഫലാദി എണ്ണ തേച്ച് കുളിക്കുക.

Fatigue

വേനല്‍ക്കാലത്ത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

  • ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക
  • തിളപ്പിച്ചാറിയ വെള്ളം ഇടവിട്ട് കുടിക്കുന്നതാണ് ഉത്തമം
  • കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, രാമച്ചം-മല്ലി തുടങ്ങിയവയിട്ട് തിളപ്പിച്ച വെള്ളം, സംഭാരം എന്നിവയും നല്ലതാണ്
  • മദ്യം, ബിയര്‍, കോള എന്നിവ ഒഴിവാക്കുക
  • ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തുക
  • ഇറച്ചി, മുട്ട, വറുത്ത ഭക്ഷണവസ്തുക്കള്‍ എന്നിവ പരമാവധി ഒഴിവാക്കുക
  • ഉപ്പ്, എരിവ്, പുളി തുടങ്ങിയ രസങ്ങള്‍ കുറക്കുക
  • സാലഡുകള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക
  • ഭക്ഷണത്തിന്റെ അളവ് മിതപ്പെടുത്തുക
  • രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
  • കറുപ്പും കടും നിറങ്ങളിലുമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക
  • ദിവസവും രണ്ടുനേരം കുളിക്കുക
  • പിണ്ഡതൈലം, നാല്‍പാമരാദി കേരം, പഞ്ചാമ്ലതൈലം എന്നിവ വേനല്‍ക്കാലത്ത് തേച്ചുകുളിക്കാന്‍ നല്ലതാണ്
  • ശരീരം ചൂടായിരിക്കുന്ന സമയത്ത് കുളിക്കരുത്
  • ഞവരക്കിഴി, ഞവരതേപ്പ്, ക്ഷീരധാര, ശിരോധാര, തക്രധാര തുടങ്ങിയ ചികിത്സാവിധികള്‍ നല്ലതാണ്
  • അത്യധ്വാനം, കഠിനവ്യായാമം, ശോധന ചികിത്സകള്‍ എന്നിവ ഒഴിവാക്കണം
     

തയാറാക്കിയത്​: ഡോ. റോസ് മേരി വില്‍സണ്‍
ചീഫ് ഫിസിഷ്യന്‍, കണ്ടംകുളത്തി ആയുര്‍വേദ ആശുപത്രി ആന്‍ഡ് റിസോര്‍ട്ട്, മാള, തൃശൂര്‍


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHealth in SummerSummer SeasonHealth News
News Summary - Health in Summer Season -Health News
Next Story