മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം
text_fieldsകടുത്ത ചൂടിനും വേനലിനുമൊക്കെ അറുതിയായി മഴക്കാലമെത്തുേമ്പാൾ എല്ലാവർക്കും ആശ്വാസമാണ്. മുറ്റത്താണ് പെയ്യുന്നതെങ്കിലും മനസ്സിെൻറ ഉള്ളിൽ ഒരു മഴപെയ്തിറങ്ങിയ ഫീൽ ആയിരിക്കും എല്ലാവർക്കും. മഴയെ ആസ്വദിക്കാൻ മഴ നനയാൻ ഇറങ്ങുന്ന സംഘങ്ങൾ വരെയുണ്ട് ഇന്ന്. എന്നാലും കാത്തുകാത്തിരുന്ന് മഴ വരുേമ്പാൾ കുറച്ച് രോഗങ്ങൾകൂടി കൊണ്ടുവരുന്നുണ്ടോ എന്ന് സംശയിക്കുന്നവരാണ് മലയാളികളിൽ ഏറെയും. അതുകൊണ്ടുതന്നെ ഇൗ മഴക്കാലം രോഗാതുരമാവാതിരിക്കാൻ ശ്രദ്ധിക്കാം.
ഋതുചര്യ
ഓരോ സീസണിലും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ‘ഋതുചര്യ’ എന്ന പേരിൽ ആയുർവേദം കൃത്യമായി പറയുന്നുണ്ട്. ഋതുക്കൾക്കൊത്ത് ഇൗ താളക്രമം ചിട്ടപ്പെടുത്തുന്ന രീതിയാണ് ഋതുചര്യ. കാലഗണനക്കനുസരിച്ച് ചില ശീലങ്ങൾ വർജിക്കുകയും ചില ശീലങ്ങൾ നിത്യജീവിതത്തിെൻറ ഭാഗമാക്കുകയും ചെയ്യലാണ് ഋതുചര്യകൾ ആചരിക്കുന്നു എന്നതിലും നിഷ്കർഷിക്കപ്പെടുന്നത്.
വേനലും മഴയും തണുപ്പുമടക്കം മാറിവരുന്ന പ്രതിഭാസങ്ങൾക്കനുസരിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും അവയുടെ ജീവിതചക്രം ക്രമപ്പെടുത്തുന്നുണ്ട്. മാറിമാറിവരുന്ന ഇൗ പ്രകൃതി പ്രതിഭാസങ്ങളുടെ മാറ്റമാണ് വിവിധ ഋതുക്കൾ നമുക്ക് സമ്മാനിക്കുന്നത്. മാറിവരുന്ന പ്രതിഭാസങ്ങൾക്ക് അനുഗുണമായി നമ്മുടെ ശരീരപ്രകൃതി താദാത്മ്യം പ്രാപിക്കുേമ്പാഴാണ് സന്തുലിതമായ ആരോഗ്യത്തോടെ കഴിയാൻ കഴിയുന്നത്. അയുക്തമായ മാറ്റങ്ങൾ പ്രകൃതി പ്രതിഭാസങ്ങളുടെ ചാക്രികതാളം തെറ്റിക്കുന്നതോെടാപ്പം ആ താളത്തിനൊത്ത് ചലിക്കുന്ന ജീവജാലങ്ങളിലും താളക്രമം തെറ്റിക്കാനിടയാക്കുന്നു. ഇനി പ്രകൃതിമാറ്റങ്ങൾ യുക്തമാണെങ്കിൽ കൂടി ജീവജാലങ്ങൾക്ക് ആ മാറ്റങ്ങളോട് താദാത്മ്യം പ്രാപിക്കാനാവാതെവന്നാലും അത് രോഗകാരിയാവും.
ആയുർേവദ വിധിപ്രകാരം ഭൂമിയെ ആനൂപം, ജാംഗലം എന്നിങ്ങനെ രണ്ടായി തിരിക്കാം. വെള്ളക്കെട്ടുകളുടെ നാടായ കേരളത്തിെൻറ കൂടുതൽ ഭാഗം ആനൂപപ്രധാനമായ ഭൂപ്രകൃതിയാണ്. മഴക്കാലം വരുന്നതോടെ വയലേലകളും വെള്ളക്കെട്ടുകളുമെല്ലാം നിറഞ്ഞ് ഇൗർപ്പംകൂടി അത് രോഗവ്യാപനത്തെ എളുപ്പമാക്കുന്നു. ആഹാര സാധനങ്ങൾ ദഹിപ്പിക്കാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും ശരീരത്തിനുള്ള ശേഷി ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണ് മഴക്കാലം. വാത, പിത്ത ദോഷങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് ശരീരം രോഗങ്ങളുണ്ടാകുന്ന അവസ്ഥയിലേക്കെത്തും. കഫദോഷങ്ങൾ ഇളകുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും. പനിയും ജലദോഷവും ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.
മഴക്കാല രോഗപ്രതിരോധ ശേഷിയും ഭക്ഷണവും
ഋതുക്കളിൽ ഏറ്റവും ചൂടുള്ള ഗ്രീഷ്മകാലവും മഴക്കാലം അഥവാ വർഷകാലവുമാണ് ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയം. നമ്മുടെ രോഗപ്രതിരോധശേഷി ശരീരബലം തന്നെയാണ് എന്നു പറയാം. ഒരു ഋതു വിട്ട് മറ്റൊരു ഋതുവിലേക്ക് പ്രവേശിക്കുന്ന സമയമാണ് ഋതുസന്ധി. ഒന്നിെൻറ അവസാനത്തെ ഏഴു ദിവസവും ഋതുസന്ധിയിൽ നാം ചൂടുകാലത്ത് ശീലിച്ചിരുന്ന ആഹാര വിഹാര ശീലങ്ങൾ പതിയെ കുറച്ചുകൊണ്ടുവരുകയും അടുത്ത ഋതുവായ മഴക്കാലത്ത് ശീലിക്കേണ്ട ചര്യകൾ പതിയെ ശീലിച്ചുതുടങ്ങുകയും വേണം. ഇങ്ങനെയായാൽ നമുക്ക് ഒരു പരിധിവരെ ദേഹബലം കാത്തുരക്ഷിക്കാം.
കഴിക്കുന്ന ആഹാരം പചിപ്പിച്ച് പോഷണഭാഗം ശരീരത്തിൽ ആഗിരണം ചെയ്യാനും മലഭാഗം സമയാസമയം പുറന്തള്ളാനുമുള്ള ശക്തിയെ അഗ്നിബലം എന്ന് പറയും. ചുട്ടുപഴുത്ത വേനൽക്കാലത്ത് നാം ദേഹം തണുപ്പിക്കുന്ന വിധത്തിലുള്ള മധുരം ചേർത്ത ജ്യൂസുകൾ, എളുപ്പം ദഹിക്കാവുന്ന ദ്രവമൂലത്തിലുള്ള ആഹാരങ്ങൾ എന്നിവയാണ് ഉപയോഗിച്ചുവരുന്നത്. മഴവന്ന് ചൂടുള്ള ചുറ്റുപാടുകളിൽ പതിക്കുന്ന ആദ്യദിനങ്ങളിൽ, ആവിയുണ്ടാക്കുന്ന ഉൾപുഴുക്ക് പോലുള്ള അവസ്ഥ സംജാതമാവുന്നു. ഇൗസമയം, ദഹനരസങ്ങളുടെ പ്രവർത്തനത്തിലും വ്യതിയാനമുണ്ടാകുന്നു. ഇപ്രകാരം അഗ്നിബലം കുറഞ്ഞുപോയാലും ദഹനവ്യവസ്ഥ താളംതെറ്റുകയും അത് അഗ്നിമാന്ദ്യത്തിലേക്കും നയിക്കും. കൂടാതെ ദഹനപ്രവർത്തനം മന്ദീഭവിച്ച് വിഷാംശങ്ങൾ രൂപം കൊള്ളുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്നവയെ ആമം എന്നും അതിൽനിന്ന് ജനിക്കുന്ന വ്യാധികളെ ആമയങ്ങൾ എന്നും പറയുന്നു.
മഴക്കാലത്ത് എന്തുകൊണ്ട് രോഗങ്ങൾ കൂടുന്നു?
മഴക്കാലം എന്ന് കേൾക്കുന്നതുതെന്ന മലയാളിയുടെ മനസ്സിൽ മഴയോടൊപ്പം പെരുകുന്ന പകർച്ചപ്പനികളും മറ്റു പകർച്ചവ്യാധികളും ഉയർത്തുന്ന ഭീതി നിറയും. മഴക്കാലം ഒരുകാലത്ത് സാധാരണ കേട്ടിരുന്ന ജലദോഷപ്പനിയെ കവച്ചുവെച്ച് പുതിയതരം പനികൾ വരുന്നതും സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതും ഇന്ന് സ്ഥിരം കാഴ്ചകളായി. ഡെങ്കിപ്പനിയും എലിപ്പനിയും ചികുൻഗുനിയയും കടന്ന് അത് എച്ച്1 എൻ1 പോലെ പുതിയ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുന്നു.
കാരണങ്ങൾ
മലിനമായ വായു, വെള്ളം, പരിസരം, മനുഷ്യെൻറ പ്രതിരോധശേഷിക്കുറവ്, രോഗവാഹകരുടെ ക്രമാതീതമായ വളർച്ച എന്നിവയാണത്. മഴവെള്ളം കെട്ടിനിന്ന് ജലനിരപ്പ് ഉയരുന്നതോടെ സെപ്റ്റിക് മാലിന്യം അടക്കം വെള്ളത്തിൽ കലരാനും അങ്ങനെ ശുദ്ധജല സ്രോതസ്സുകൾ മലിനമാവാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ ഇൗർപ്പം വർധിക്കുന്നതും അനുകൂലമായ ഉൗഷ്മാവ് ലഭിക്കുന്നതും രോഗാണു വളർച്ചയെയും പെരുകലിനെയും ത്വരിതപ്പെടുത്തുന്നു. കേരളം പോലുള്ള ചെറുതും ജനസാന്ദ്രത കൂടിയതും അശാസ്ത്രീയ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു സംസ്ഥാനത്ത് നഗര/ഖര മാലിന്യ സംസ്കരണത്തിലെ ശോച്യാവസ്ഥ മലിനീകരണത്തിെൻറ ആക്കം കൂട്ടുന്നു.
അനാരോഗ്യമായ ജീവിത/ആരോഗ്യശൈലികളാണ് മനുഷ്യനെ ദേഹബലവും അഗ്നിബലവും ദുർബലമാകുന്ന സാഹചര്യത്തിലേക്ക് ചെന്നെത്തിക്കുന്നത്. ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും മാനസിക പിരിമുറുക്കവും തുടങ്ങി വിവിധ പകർച്ചവ്യാധിയിതര രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയിലേക്കും പ്രതിരോധശേഷി ശോഷിച്ച സാഹചര്യങ്ങളിലേക്കും ജനങ്ങളെ എത്തിക്കുന്നു. മലിനമായ ചുറ്റുപാടുകൾ രോഗവാഹകരായ കൊതുകുകൾ, ഇൗച്ചകൾ, എലികൾ എന്നിവയുടെ ത്വരിത പ്രജനനത്തിലേക്ക് വഴിവെക്കുന്നു. ഡെങ്കിപ്പനി, ചികുൻഗുനിയ മുതലായ രോഗവാഹകരായ ഇൗഡിസ് കൊതുകിന് വളരാൻ കേവലം ഒരു ടീസ്പൂൺ വെള്ളം മതി.
മഴക്കാല രോഗങ്ങൾ
മഴക്കാല രോഗങ്ങൾ കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങി ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, ചികുൻഗുനിയ, എലിപ്പനി എന്നിങ്ങനെ രോഗവാഹകർ പരത്തുന്ന രോഗങ്ങളുമാണ്.
പകർച്ചവ്യാധികൾ, ലക്ഷണങ്ങൾ
- ജലദോഷപ്പനി -സാധാരണ മഴക്കാലത്തിെൻറ തുടക്കത്തിൽ കാണപ്പെടുന്നു. തലവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന.
- ഡെങ്കിപ്പനി - ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണില്ല. ശക്തമായ തലവേദന, കൺകുഴികളിൽ വേദന, ദേഹം വേദന, എല്ല് നുറുങ്ങുന്ന വേദന, കൂടിയ ഘട്ടത്തിൽ ത്വക്കിൽ ചുവന്ന പാടുകൾ.
- എലിപ്പനി -മുകളിൽ പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ മാംസപേശികളിൽ ശക്തമായ വേദന, വിറയൽ, ഛർദി, കണ്ണിന് ചുവപ്പ്, വെളിച്ചത്തോട് വെറുപ്പ്, രക്തസ്രാവം.
- ചികുൻഗുനിയ -പനി, വിറയൽ, ഛർദി, സന്ധികളിൽ നീര്, ദേഹത്ത് തടിപ്പ്, രോഗം ഭേദപ്പെട്ടാലും മാസങ്ങളോളം തുടരുന്ന സന്ധിവേദന.
- മഞ്ഞപ്പിത്തം -കണ്ണ്, നഖം, മൂത്രം എന്നിവകളിൽ മഞ്ഞനിറം, ഛർദി, ഒാക്കാനം, തലവേദന, ശരീരവേദന, വിശപ്പില്ലായ്മ.
- കോളറ -പനിെക്കാപ്പം കടുത്ത ഛർദിയും വയറിളക്കവും. വേദനയില്ലാതെ അടിക്കടി വെള്ളം പോലുള്ള വയറിളക്കം.
- ടൈഫോയ്ഡ് -ഇടവിട്ടുള്ള പനി, വിറയൽ, തലവേദന, വയറുവേദന, വിശപ്പില്ലായ്മ.
പകർച്ചവ്യാധികൾ എങ്ങനെ തടയും?
രോഗവ്യാപനം തടയുക, വ്യക്തികളുടെ രോഗപ്രതിരോധേശഷി വർധിപ്പിക്കുക എന്നിവയാണ് അടിസ്ഥാന ഉപായങ്ങൾ.
- വ്യക്തിശുചിത്വം, ജലശുദ്ധീകരണം, ആഹാരശുചിത്വം, കൊതുക് നിയന്ത്രണം എന്നിവ രോഗവ്യാപനം തടയാനുള്ള മാർഗങ്ങളാണ്. കുളി, പല്ലുതേപ്പ്, വീട്ടിൽ കയറും മുമ്പ് കൈകാലുകൾ സോപ്പിട്ട് കഴുകൽ, മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരത്തിന് മുമ്പും കൈകൾ സോപ്പിട്ട് കഴുകൽ, പാദരക്ഷ ധരിക്കൽ, നന്നായി ഉണങ്ങിയ വസ്ത്രം മാത്രം ഉപയോഗിക്കൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കൽ എന്നിവ ശീലമാക്കുക.
- കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടുക, ചപ്പുചവറുകൾ അപ്പപ്പോൾ സംസ്കരിക്കുക, പ്ലാസ്റ്റിക് തുടങ്ങിയ അജൈവ മാലിന്യങ്ങളുടെ ഉപയോഗം കുറക്കുക, ചുറ്റുവട്ടത്തെ കിണറുകളും കുളങ്ങളും അണുമുക്തമാക്കുക തുടങ്ങിയവ സാമൂഹിക മുന്നേറ്റത്തിലൂടെ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കേണ്ടതാണ്.
- 5-10 മിനിറ്റ് വെട്ടിത്തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക, ചുക്ക്, തുളസിയില എന്നിവ ചേർത്ത് വെള്ളം തിളപ്പിക്കാം. ഭക്ഷണപദാർഥങ്ങൾ അടച്ചുവെക്കുക, ചൂടുള്ള ആഹാരം മാത്രം കഴിക്കുക, കഴിവതും അപ്പപ്പോൾ പാകംചെയ്ത് കഴിക്കുക, വയറിെൻറ പകുതിഭാഗം വരെ മാത്രം കഴിക്കുക, ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരങ്ങൾ ഒഴിവാക്കുക.
- കൊതുക് നിയന്ത്രണത്തിന് പ്രധാനമാർഗം ഉറവിട നശീകരണമാണ്. വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക, വീടിനകത്ത് തുണികൾ അലക്ഷ്യമായി തൂക്കിയിടാതിരിക്കുക, കടുക്, വയമ്പ്, മഞ്ഞൾ, കുന്തിരിക്കം എന്നിവ ചേർത്ത് പുകക്കുക എന്നിവയുമാകാം.
- വ്യക്തികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനായി മഴക്കാലാരംഭത്തിൽ വയറിളക്കുക, പഞ്ചകോലം മുതലായ ഒൗഷധങ്ങൾ ചേർത്ത കഞ്ഞികൾ ശീലിക്കുക, തണുത്തതും പഴകിയതുമായ ആഹാരം ഒഴിവാക്കുക, മിതമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരം ശീലിക്കുക, പകലുറക്കം ഒഴിവാക്കുക.
- വ്യക്തിശുചിത്വമോ വ്യക്തിശീലങ്ങളോ മാത്രം നോക്കിയാൽ മഴക്കാല രോഗങ്ങൾ തടയാനൊക്കില്ല. മറിച്ച് പൊതുജന മുന്നേറ്റം ഒരുമിച്ച് നടത്തിയാൽ മാത്രമേ നമുക്ക് ആ ലക്ഷ്യം കൈവരിക്കാനാവൂ. പൊതുജനങ്ങളും ജനപ്രതിനിധികളും വിദ്യാർഥികളും വീട്ടമ്മമാരും ആരോഗ്യപ്രവർത്തകരും ഒത്തൊരുമിച്ച് പ്രയത്നിച്ചാൽ മഴക്കാലം നമുക്ക് പനിപ്പേടിക്കാലമല്ലാതാക്കിമാറ്റാം.
Writer: Dr. M.C. Sobhana
Prof. & HOD, Dept. of Swastavritta
V.P.S.V Ayurveda College, Kottakkal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.