സൗന്ദര്യസംരക്ഷണം ആയുര്വേദത്തില്
text_fieldsആരോഗ്യസംരക്ഷണ പാരമ്പര്യ രീതിയാണ് ആയുർവേദം. ആരോഗ്യ സംരക്ഷണം േപാലെതന്നെ സൗന്ദര്യ സംരക്ഷണത്തിനും നിരവധി ചികിത്സകൾ ആയുർവേദത്തിലുണ്ട്. ജീവിതശൈലികൊണ്ട് ഉണ്ടാകുന്ന എല്ലാ ശരീരപ്രയാസങ്ങളെയും പരിഹരിച്ച് ശരീര സൗന്ദര്യം വീണ്ടെടുക്കാനുള്ള ചില കാര്യങ്ങൾ അറിയാം.
തലമുടി: നീലഭൃംഗാദി കേരം, കുന്ദള കാന്തി കേരം, കയ്യോന്ന്യാദി കേരം എന്നിവ ലേപനം ചെയ്യാം. കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേക്കാം. അരി കാടികൊണ്ട് തല കഴുകാം.ചെമ്പരത്തി താളി ഉപയോഗിക്കാം. ശിരോധാര ചെയ്യാം. തക്രധാര ചെയ്യാം തലയിൽ ചെറിയ കുരുക്കൾക്ക് നാൽപാമരാദി കേരം, ദിനേശേലാദി കേരം, ചെമ്പരത്യാദി കേരം എന്നിവ പുരട്ടാം.
താരൻ: ദുർദുര പത്രാദി കേരം, ദിനേശേലാദി കേരം എന്നിവ പുരട്ടാം. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞ് മൈൽഡ് ഷാംപു ഉപയോഗിച്ച് കഴുകിക്കളയാം. മുടി വട്ടത്തിൽ കൊഴിയുന്നതിന് ചെറിയ ഉള്ളികൊണ്ട് മസാജ് ചെയ്യണം. തൃഫലചൂർണം പേസ്റ്റാക്കി ഇടാം എണ്ണയിട്ട് മസാജ് ചെയ്യാം. കാർകോകിലരി, കരിംജീരകം കുതിർത്ത് അരച്ച് 20 മിനിറ്റ് പുരട്ടി വെക്കണം. ശേഷം നീലഭൃംഗാദി, ആവണക്കെണ്ണ എന്നിവകൊണ്ട് മസാജ് ചെയ്യാം. തലയിലെ ചൂട്, സ്ട്രസ് എന്നിവക്ക് തക്രധാര നല്ലതാണ്. ശിരോധാരയും ചെയ്യാം. ഉറക്കക്കുറവുള്ളവർ ചന്ദനാദി തൈലം, ക്ഷീരബലം തൈലം എന്നിവ തലയിൽ പുരട്ടാം. (ജലദോഷമുള്ളവർ ഒഴിവാക്കണം)
അകാലനര തടയാൻ: നിംബാദി തൈലംകൊണ്ട് നസ്യം ചെയ്യുക. ശിരോധാര ചെയ്യാം മുടിയുടെ വരൾച്ചക്കും അറ്റം പിളരുന്നതിനും ഇതുതന്നെ ചെയ്യാം.
കണ്ണ്: കണ്ണിനു ചുറ്റുമുള്ള കറുത്ത പാട്, കണ്ണിനു ചുറ്റുമുള്ള ചർമം ചുളുങ്ങിയാൽ - കുങ്കുമാദി തൈലം എല്ലാ ദിവസവും രാത്രി 10 മിനിറ്റ് മസാജ് കൊടുത്ത് രാവിലെ കഴുകിക്കളയാം. ഒപ്പം കുങ്കുമാദി തൈലംകൊണ്ട് നസ്യം ചെയ്യാം. ഏഴു മുതൽ 10 ദിവസം വരെ നസ്യം ചെയ്യാം. പുരികം തഴച്ചുവളരാൻ ആവണക്കെണ്ണ പുരട്ടാം. കൺപീലി ഇടതൂർന്ന് വളരാൻ വീട്ടിൽ തയാറാക്കിയ കൺമഷി ഉപയോഗിക്കാം.കണ്ണിെൻറ വരൾച്ച തടയാൻ, കാഴ്ചശക്തി കൂട്ടാൻ തർപ്പണചികിത്സ ചെയ്യുക.
മുഖക്കുരു: ഏലാദിചൂർണം കുഴച്ച് മുഖത്ത് പുരട്ടണം (വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി മുഖത്താക്കിയാൽ വളരെ നല്ലത്) ത്രിഫലചൂർണം, നിംബാദിചൂർണം എന്നിവ വെള്ളത്തിൽ കുഴച്ച് പുരട്ടണം. മഞ്ചിഷ്ട്ടാദി ചൂർണം, നാൽപാമരാദി ചൂർണം എന്നിവ നല്ലതാണ്. വണ്ട ചർമം ഉള്ളവർ ഇത് ഒഴിവാക്കണം.
മുഖത്തെ കരിമങ്ങ്/കറുത്തപാട്: നാൽപാമരാദി ചൂർണം കുഴച്ച് പുരട്ടാം. രക്തചന്ദനം തേനിൽ ചാലിച്ച് പുരട്ടുക. കുങ്കുമാദി തൈലം രാത്രി പുരട്ടി രാവിലെ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക. നസ്യം ചെയ്യാം.
മുഖത്തുണ്ടാകുന്ന അനാവശ്യ രോമം കളയാൻ: ലോമനാശചൂർണം/തൈലം പുരട്ടാം. മുഖം വെളുക്കാനും നിറം വരാനും ഏലാദിചൂർണം മുഖത്ത് പുരട്ടാം. നാൽപാമരാദി എണ്ണ/ലാദി എണ്ണ എന്നിവ (ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം) മുഖം വരണ്ടു പോകുന്നതിന് പരിഹാരമാണ്. രക്തചന്ദനം, മഞ്ചിഷ്ഠ, ലോദോ, കുഷ്ഠ, പ്രിയങ്കു, വാദാങ്കുര, മസൂർദാൽ ഒരേ അളവിൽ എടുത്ത് പ്രത്യേകം പൊടിക്കണം. ഒാരോരുത്തരുടെയും ചർമത്തിെൻറ സ്വഭാവം അനുസരിച്ച് നാരങ്ങനീര്, മുട്ടയുടെ വെള്ള, പാല് ഇവ ചേർത്ത് പുരട്ടാം. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.
ചുണ്ടുകൾക്ക് മാർദവത്വവും തിളക്കവും: ശരദൗധ നെയ്യ് പുരട്ടാം.
മുഖത്തെ ചുളിവുകൾ മാറാൻ: ലാക്ഷാദിതൈലം പുരട്ടി മുകളിലോട്ട് മസാജ് ചെയ്യുക. ശരീരത്തിലെ ചുളിവുകൾ മാറി നിറം വെക്കാൻ ലാക്ഷാദിതൈലം, ഏലാദിതൈലം എന്നിവ ചൂടാക്കി പുറമേ പുരട്ടി കുളിക്കാം.
നഖത്തിന് ബലം കിട്ടാൻ: ശതദൗധഘൃതം/ജാത്യാദി ഘൃതം പുരട്ടുന്നതാണ് നല്ലത്. പല്ലിന് തിളക്കം കിട്ടാനും വായിലെ കുരുക്കൾ/ദുർഗന്ധം അകറ്റാനും അരിമേദാദി തൈലം ചെറുചൂടിൽ വായിൽ കവിൾ കൊള്ളണം.
വയറ് കുറക്കാൻ: കർപ്പൂരാദിതൈലം കൊണ്ട് മസാജ് ചെയ്യുക, ശേഷം വയറിന് ആവി കൊടുക്കുക. വയറിന് മാത്രമായി ഉദ്വർത്തനം, പൊടിക്കിഴി, ധാര എന്നിവ ചെയ്യാം. മുരിങ്ങ ഇല, ഇന്തുപ്പ് അരച്ച് പുറമേ പുരട്ടാം. കോലകുലത്ഥാദി ചൂർണംകൊണ്ട് അമർത്തി മസാജ് ചെയ്യാം.
കാല് വിണ്ടുകീറുന്നത് തടയാൻ: ജാത്യാദിലേപം നല്ലതാണ്. പുഴുക്കടി മാറാനും ജാത്യാദിഘൃതം പുരട്ടാം. തൃബലകഷായം തിളപ്പിച്ചിട്ട് കാല് മുക്കിവെച്ചാൽ കാലിലെ അണുബാധ മാറിക്കിട്ടും.
തലവേദന: കടുത്ത തലവേദന മാറാൻ ബലാഹഡാദി തൈലം തലയിൽ പുരട്ടി കുളിക്കാം. വിട്ടുമാറാത്ത തുമ്മലിന് തുളസീസുരസാദി തൈലം അല്ലെങ്കിൽ അസന വില്വാദി തൈലം നല്ലതാണ്.
തയാറാക്കിയത്: ഡോ. അനുശ്രീ. എൽ
ചീഫ് മെഡിക്കൽ ഓഫീസർ,
ഹിന്ദുസ്ഥാൻ ആയുർവേദിക് ഹെൽത്ത്കെയർ
വഴുതക്കാട്, തിരുവനന്തപുരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.