പെൺകുട്ടികളുടെ അമ്മമാർ അറിയാൻ...
text_fieldsപുതുമകളുടെ ലോകത്ത് സ്വതന്ത്രമായി പാറിനടക്കാൻ താൽപര്യമുള്ളവരാണ് കുട്ടികളിലധികവും. പ്രലോഭനങ്ങളുടെ ചതി ക്കുഴിയുള്ള ഒരു ലോകത്തിലാണ് തങ്ങളെന്ന് അറിയാതെ, തീർത്തും സുരക്ഷിതരാണെന്ന് കരുതുന്നവരാണ് ഇവരിലേറെയും. അറിവും ആരോഗ്യവും നേടുന്നതോടൊപ്പം സമൂഹത്തിലെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും കുട്ടികൾ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ.
ചുറ്റും പതിയിരിക്കുന്ന കെണികളെക്കുറിച്ച് അവരെ ബോധവതികളാക്കാൻ ഏറ്റവും ഉചിതമായ വ്യക്തി അമ്മതന്നെയാണ്. രണ്ടു വയസ്സുള്ള കുഞ്ഞിനുപോലും ശാരീരികമായി ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുന്ന പുതിയ പശ്ചാത്തലത്തിൽ കുട്ടിയുടെ ഏത് പ്രായത്തിലും അമ്മയുടെ സജീവ ശ്രദ്ധ ഉണ്ടായേ മതിയാകൂ. ഇൻറർനെറ്റ്- മൊബൈൽ ഫോൺ കരുക്കുകളിൽ വീഴുന്നതും ബാല്യ-കൗമാരത്തിൽപ്പെടുന്ന കുട്ടികളാണ്. ഇൻറർനെറ്റിെൻറ സാധ്യതകളെ ആേരാഗ്യകരമായി ഉപയോഗപ്പെടുത്താനും അതിലെ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാനും അമ്മ ജാഗ്രത കാേട്ടണ്ടതുണ്ട്.
ശൈശവം
തീരെ ചെറിയ പ്രായമായ ശൈശവത്തിൽതന്നെ ശരിയായ വിധത്തിൽ വസ്ത്രം ധരിച്ച് ശീലിപ്പിക്കാൻ അമ്മ ശ്രദ്ധിക്കണം. അതുപോലെ രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ പല്ലുതേപ്പ് തുടങ്ങിയ ശീലങ്ങൾ ചിട്ടയോടെ എന്നും പാലിക്കാൻ അവരെ പരിശീലിപ്പിക്കണം. ഇൗ പ്രായത്തിൽ അമ്മ അച്ഛൻ, മുത്തശ്ശി തുടങ്ങി അടുത്ത ബന്ധത്തിലുള്ളവരുടെ ഒരു ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കുന്നത് കുട്ടികളുടെ സുരക്ഷക്കും സ്വഭാവ രൂപീകരണത്തിനും അനിവാര്യമാണ്. അപരിചിതർക്കൊപ്പം കുട്ടിയെ തനിച്ച് ഏൽപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ ഉണ്ടാവണം.
നിഷ്കളങ്കതയുടെ ബാല്യം
നിഷ്കളങ്കതയുടെ ഘട്ടമായ ബാല്യം ഇന്ന് ഏറെ ഗൗരവത്തോടെയാണ് കടന്നുപോകുന്നത്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമക്കുറവും മൂലം കുട്ടിത്തം മാറാതെ തന്നെ ആർത്തവാഗമനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ അവരിൽ പലർക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഒാടിക്കളിച്ച് വളരുന്ന പെൺകുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ കുറവാണെന്നും അമ്മ അറിയേണ്ടതുണ്ട്.
കൂടാതെ സ്കൂളിലേക്കുള്ള യാത്രയിൽ ആരൊക്കെ ഒപ്പമുണ്ട്, വാഹനത്തിൽ മുതിർന്നവർ എത്രപേരുണ്ട് തുടങ്ങിയ കാര്യങ്ങൾ എല്ലാം രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. എല്ലാ ദിവസവും യാത്രയിലെ വിവരങ്ങൾ ചോദിച്ചറിയാൻ സമയം കണ്ടെത്തുകയും വേണം.
രണ്ടു മാസം കൂടുേമ്പാൾ അമ്മ സ്കൂളിൽ പോവുകയും ടീച്ചർമാരോട് അടുപ്പം ഉണ്ടാവുകയും വേണം. ബാഗ്, പുസ്തകങ്ങൾ, ബാഡ്ജുകൾ ഇവയൊക്കെ സൂക്ഷിക്കാനുള്ള ചുമതല കുട്ടിയെ ഇൗ പ്രായത്തിൽ ശീലിപ്പിക്കണം. വീട്ടിൽ അപരിചിതർ വന്നാൽ പാലിക്കേണ്ട അകലത്തെപ്പറ്റിയും അവർക്ക് ലളിതമായി പറഞ്ഞുകൊടുക്കാം.
വളർച്ചയുടെ ഇൗ ഘട്ടത്തിൽ തവിട് നീക്കാത്ത അരി, കൂവരക്, എള്ള്, ഏത്തപ്പഴം, ഇൗന്തപ്പഴം, കരിപ്പെട്ടി, മോര്, ചെറുപയർ, മത്സ്യം, കോഴിമുട്ട ഇവ ഉൾപ്പെട്ട ഭക്ഷണം നൽകുകയും വേണം. ഒപ്പം എല്ലാ കാര്യങ്ങളും കുട്ടി അമ്മയോട് തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അടുപ്പവും വളർത്തിയെടുക്കാനും ശ്രദ്ധിക്കണം.
കൗമാരം ആഘോഷങ്ങളുടെ വസന്തകാലം
ബാല്യം വിട്ട് ആഹ്ലാദങ്ങളുടെയും ആഘോഷങ്ങളുടെയും വസന്തകാലത്തിെൻറ തുടക്കം കൗമാരത്തിലാണ് തുടങ്ങുന്നത്. ശാരീരികമായും മാനസികമായും ഏറെ മാറ്റങ്ങൾ വരുന്നത് കൗമാര പ്രായത്തിലാണ്. ആദ്യ ആർത്തവത്തിെൻറ ആഗമനവും. ഒരു പെൺകുട്ടി ജനിക്കുേമ്പാഴോ അമ്മയാവുക എന്ന വലിയ പ്രതിഭാസത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ ശരീരത്തിൽ നടക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് ശരിയായ ഭക്ഷണശീലവും വ്യായാമവും കൗമാരക്കാർക്ക് നൽകണം.
ആർത്തവത്തെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ ആയി കാണാനുള്ള തിരിച്ചറിവ് കുട്ടിക്ക് അമ്മ പകർന്നുനൽകണം. എന്നാൽ, ആർത്തവത്തോടനുബന്ധിച്ച് പ്രശ്നങ്ങളുണ്ടെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപെടുത്തുകയും വേണം. ഭാവിയിൽ വന്ധ്യതക്കിടയാക്കുന്ന പി.സി.ഒ.എസ്, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളുടെ തുടക്കവും കൗമാരത്തിലാണ്. നീണ്ടുനിൽക്കുന്ന ആർത്തവം, തുള്ളി തുള്ളിയായുള്ള രക്തംപോക്ക്, 15 വയസ്സിന് ശേഷവും ആർത്തവം വരാതിരിക്കുക തുടങ്ങിയവയെല്ലാം ഗൗരവമായി കാണണം.
തവിട് നീക്കാത്ത അരി, ഇലക്കറികൾ, നെല്ലിക്ക, പയർവർഗങ്ങൾ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, പാൽ, പഴങ്ങൾ, ബദാം, ബീൻസ്, എള്ള്, കരിപ്പെട്ടി, മുതിര, വെളുത്തുള്ളി, കടൽ മത്സ്യങ്ങൾ, കോഴിയിറച്ചി, മുട്ട ഇവ ഉൾപ്പെട്ട ഭക്ഷണം കൗമാരക്കാർക്ക് അനുയോജ്യമാണ്.
കൗമാരത്തിൽ ലഘുവ്യായാമങ്ങൾ ശീലമാക്കുന്നത് ഹോർമോൺ വ്യതിയാനം, അമിതവണ്ണം ഇവയെ തടയുമെന്നതിനാൽ വ്യായാമത്തിെൻറ പ്രാധാന്യം അവരെ ബോധ്യപ്പെടുത്താനും അമ്മ ശ്രദ്ധിക്കണം. കൂടാതെ ശുചിത്വം, സാനിട്ടറി പാഡുകളുടെ ഉപയോഗം, നിർമാർജനം ഇവയെപ്പറ്റിയും വേണ്ടത്ര അറിവുകൾ കൗമാരക്കാർക്ക് നൽകേണ്ടതാണ്. ഗൗരവമായ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ സഹായം തേടുന്നതോടൊപ്പം ലഘുവായ പ്രശ്നങ്ങൾക്ക് ഗൃഹ ചികിത്സകളും അമ്മ അറിഞ്ഞിരിക്കണം.
മുഖക്കുരു
- പച്ചമഞ്ഞളും രക്തചന്ദനവും സമം പാലിലരച്ച് പുരട്ടുക.
- കസ്തൂരി മഞ്ഞൾ പനിനീരിൽ ചാലിച്ച് പുരട്ടുക.
ആർത്തവ വേദന
- മുതിര വേവിച്ചരച്ച് അൽപ്പം ശർക്കരയും ജീരകവും പൊടിച്ച് ചേർത്ത് കഴിക്കുക.
- എള്ള് കഷായമാക്കി ചുക്ക് പൊടിയും നെയ്യും ചേർത്ത് കഴിക്കുക.
അമിത രക്തസ്രാവത്തിന്
- 20 ഗ്രാം ജീരകം അരച്ച് തൈരിൽ ചാലിച്ച് കഴിക്കുക.
- വാഴക്ക ശർക്കരക്കൊപ്പം ചതച്ച് കഴിക്കുക.
അമ്മയുടെ പ്രത്യേക ശ്രദ്ധക്ക്
- മുതിർന്നവർക്ക് ടെക്നോളജിയെക്കുറിച്ച് ധാരണയില്ലാത്തത് കുട്ടികൾ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെ കൂട്ടുമെന്നതിനാൽ രക്ഷിതാക്കൾ കമ്പ്യൂട്ടർ സാക്ഷരത േനടേണ്ടത് അനിവാര്യമാണ്.
- സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുേമ്പാൾ പാലിക്കേണ്ട ജാഗ്രതകളെക്കുറിച്ചും സൈബർ നിയമങ്ങളെക്കുറിച്ചും കുട്ടികൾക്ക് ലളിതമായി പറഞ്ഞുകൊടുക്കണം.
- ലൈംഗിക കാര്യങ്ങളെക്കുറിച്ച് കുട്ടികൾ സംശയങ്ങൾ ചോദിക്കുേമ്പാൾ അതിൽ നിന്നൊഴിഞ്ഞുപോകാതെ പ്രായത്തിനനുയോജ്യമായ മറുപടികൾ നൽകണം.
- പ്രണയത്തിന് ഏറെ വിലകൽപ്പിക്കുന്ന പ്രായമാണ് കൗമാരം. പ്രണയം ഉറപ്പിച്ചുനിർത്താനായി ലൈംഗിക കൗതുകങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന ചില പെൺകുട്ടികളുമുണ്ട്. ഇത്തരം തെറ്റായ പ്രവണതകളുടെ ആപത്വശങ്ങളെപ്പറ്റി കുട്ടിയെ ബോധവതിയാക്കാനും അമ്മ ശ്രദ്ധിക്കേണ്ടതുണ്ട്.
- മകളുടെ കൂട്ടുകാർ ആണായാലും പെണ്ണായാലും അവരുമായി ഒരു നല്ല സൗഹൃദം രക്ഷിതാക്കൾക്കും ഉണ്ടാവണം. അവരുടെ കുടുംബവുമായി ഒരടുപ്പം ഉണ്ടാകുന്നതും നല്ലതാണ്.
- അന്തസ്സും മാന്യതയമുള്ള പെരുമാറ്റം അവരെ ചെറിയ പ്രായം മുതൽ പരിശീലിപ്പിക്കുന്നതോടൊപ്പം മാന്യമായി വസ്ത്രം ധരിക്കാനും അവരെ ശീലിപ്പിക്കണം.
- ആവശ്യത്തിന് മാത്രം കുട്ടികൾക്ക് പണം നൽകാൻ അമ്മ ശ്രദ്ധിക്കുക. ഒപ്പം പണം എങ്ങനെ അവർ ചെലവഴിക്കുന്നു എന്ന് നിരീക്ഷിക്കുകയും വേണം.
- അപരിചിതമായ സ്ഥലത്ത് ഒറ്റക്ക് അസമയത്ത് എത്തിപ്പെടാത്ത വിധത്തിൽ മുന്നൊരുക്കങ്ങൾ നടത്താൻ അവരെ പരിശീലിപ്പിക്കുക.
- അച്ഛനുമായി ഉൗഷ്മള ബന്ധം മകൾക്ക് ഉണ്ടാക്കിയെടുക്കാനും അമ്മ മുൻകൈയെടുക്കണം. അച്ഛെൻറ കൂട്ട് പെൺകുട്ടികൾക്ക് ആത്മബലവും വിശ്വാസവുമുണ്ടാക്കും.
- മകളെ അടുക്കള ജോലിയിൽനിന്നും വീട്ടുേജാലിയിൽനിന്നും അകറ്റാതെ അവരെയും ഉത്തരവാദിത്തങ്ങളിലേക്ക് പതുക്കെ നയിക്കണം.
- സമൂഹത്തിൽനിന്ന് മോശമായ പെരുമാറ്റങ്ങൾ ഉണ്ടായാൽ ശക്തമായി പ്രതികരിക്കാനും ഉറച്ചുനിൽക്കാനും അവർക്ക് പ്രേരണ നൽകണം.
- കുട്ടിക്കാലം മുതൽക്കേ നാടൻ ഭക്ഷണ ശീലങ്ങൾ അവരിൽ വളർത്തിയെടുക്കുക. കൃത്രിമ നിറ-കൊഴുപ്പ് വിഭവങ്ങളുടെ അപകടം അവരെ ബോധ്യപ്പെടുത്തുക.
- ദിവസം മുഴുവൻ ഉണർവും പ്രസരിപ്പും നിലനിർത്തുന്ന പ്രഭാത ഭക്ഷണം ശീലമാക്കാനും കുട്ടികളെ നിർബന്ധിക്കണം.
- നല്ല അമ്മക്ക് മാത്രമേ ഒരു നല്ല കേൾവിക്കാരിയാകാൻ കഴിയൂ. കുട്ടികൾ പറയുന്ന ചെറുതും വലുതമായ വിശേഷങ്ങൾ കേൾക്കാൻ അമ്മ തയാറാവണം. ഇതിനെല്ലാമുപരി അവർക്ക് അമ്മയോട് എന്നും പറയാനുള്ള സ്വാതന്ത്ര്യം നൽകി ഒരു മികച്ച കൂട്ടുകാരിയാകാനും അമ്മക്ക് കഴിയണം.
തയറാക്കിയത്: ഡോ. പ്രിയ ദേവദത്ത്,
കോട്ടക്കൽ ആര്യവൈദ്യശാല
മാന്നാർ.
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.