പുരുഷവന്ധ്യത: കാരണങ്ങളും പരിഹാരവും
text_fieldsദാമ്പത്യം സാർത്ഥകമാകുന്നത് ഒരു കുഞ്ഞിന്റെ പിറവിയോടെയാണ്. നിർഭാഗ്യവശാൽ വന്ധ്യതക്ക് മുമ്പിൽ നിരാശരായി കഴിയുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ആഗോള ആരോഗ്യപ്രശ്നങ്ങളിൽ വന്ധ്യതയും ഉൾപെടുന്നു. വന്ധ്യതക്കിടയാക്കുന്ന കാരണങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ്.
ഏകദേശം 30 ശതമാനത്തോളം പങ്ക് സ്ത്രീക്കും പുരുഷനുമുണ്ട്. ബാക്കി 40 ശതമാനം അറിയപ്പെടാത്ത മറ്റ് കാരണങ്ങളാലോ രണ്ട് പേരുടെയും പ്രശ്നങ്ങൾ മൂലമോ ആകാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ നിന്ന് അകന്നതും വ്യായാമക്കുറവും വന്ധ്യതക്കിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. തിരക്കും മാനസികസമ്മർദ്ദവും പുകവലിയും മദ്യപാനവുമെല്ലാം ജീവിതശൈലിയുടെ ഭാഗമായതും വന്ധ്യതാ നിരക്ക് കുത്തനെ ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
പുരുഷ വന്ധ്യതയുടെ കാരണങ്ങൾ
ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പുരുഷ വന്ധ്യതക്കിടയാക്കുന്ന നിർണായക ഘടകം. ഇതിന് പല കാരണങ്ങളുണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാൻസർ, വെരിക്കോസീൽ, അകത്തേക്കിറങ്ങിയ അവസ്ഥയിലുള്ള വൃഷണം, ജീവിത തകരാറുകൾ, വൃഷണത്തിന് അമിതമായി ചൂടേൽക്കുക, മൂത്രദ്വാരം ലിംഗത്തിന്റെ ഒരു വശത്തേക്ക് മാറിയ അവസ്ഥ തുടങ്ങി നിരവധിഘടകങ്ങൾ ബീജവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്.
പ്രമേഹം, തൈറോയ്ഡ്...
മുണ്ടിനീര്, വിളർച്ച, പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ, തുടരെയുള്ള ശ്വാസകോശ രോഗങ്ങൾ എന്നിവ പുരുഷന്‍റെ പ്രത്യുൽപാദനശേഷിയെ ബാധിക്കാറുണ്ട്.
അണുബാധ
ശുക്ലത്തിൽ ശ്വേതാണുക്കളുടെ എണ്ണം വർധിക്കുന്നത് അണുബാധയുടെ ലക്ഷണമാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലും മറ്റും വരുന്ന അണുബാധയും നീർക്കെട്ടും ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും.
ചൂടുള്ള സാഹചര്യങ്ങളിലെ ജോലി
ബീജോൽപാദനത്തിന് ശരീരോഷ്മാവിനേക്കാളും കുറഞ്ഞ ഉൗഷ്മാവാണ് അനുയോജ്യം. അധികം ഉൗഷ്മാവുള്ള ചുറ്റുപാടിൽ ജോലി ചെയ്യുന്നവരിൽ ബീജസംഖ്യ കുറയുന്നതായി കാണുന്നു. ഫാക്ടറികളിലെ തീച്ചൂളകളിൽ ജോലി ചെയ്യുന്നവർ, ദീർഘദൂര വാഹനങ്ങൾ, ട്രക്കുകൾ ഇവയിലെ ഡ്രൈവർമാർ തുടങ്ങിയവർക്കെല്ലാം തൊഴിൽ സാഹചര്യങ്ങളിലെ അമിതചൂട് വന്ധ്യതക്കിടയാക്കാറുണ്ട്. അതിനാൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഇവർ സ്വീകരിക്കേണ്ടതുണ്ട്.
ബീജങ്ങളുടെ എണ്ണം കുറവ്
പുരുഷവന്ധ്യതാ നിർണയത്തിൽ ബീജസംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു മില്ലി ലിറ്റർ ശുക്ലത്തിൽ ഒന്നരകോടിയോളം ബീജങ്ങൾ ആരോഗ്യമുള്ള ഒരാളിൽ ഉണ്ടാകണം. ഒരു മാസത്തിന്റെ ഇടവേളയിൽ നടത്തുന്ന രണ്ട് പരിശോധനഫലങ്ങൾക്ക് കൂടുതൽ വിശ്വാസ്യതയേറുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ബീജത്തിന്റെ എണ്ണം കുറയുന്നത് വന്ധ്യതക്ക് കാരണമാകും.
ബീജങ്ങളുടെ ചലനം
ബീജങ്ങൾ സദാ ചലിച്ചുകൊണ്ടിരിക്കുന്നവയാണ്. ആകെ ബീജത്തിൽ പകുതിയെങ്കിലും നേരേ മുന്നോട്ട് ചലിക്കുന്നവയും അതിൽ പകുതിയെങ്കിലും ദ്രുതചലന ശേഷിയുള്ളവയുമായിരിക്കണം. ബീജത്തിന് ശരിയായ വേഗത്തിൽ ചലിക്കാനാകാതെ വന്നാൽ കൃത്യമായി അണ്ഡവുമായി സംയോജിക്കാനാകില്ല. ഇത് വന്ധ്യതക്കിടയാക്കും.
ബീജ ആകൃതിയും പ്രധാനം
ബീജത്തിന് തല, ഉടൽ, വാൽ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. ഏകദേശം 60 മൈക്രോൺ നീളവുമുണ്ടാകും. തലയിൽ തൊപ്പിപോലുള്ള അക്രോസോം ക്യാപ് ഉപയോഗിച്ചാണ് അണ്ഡത്തിന്റെ പുറംപാളിയെ ബീജം ഭേദിക്കുന്നത്. എന്നാൽ അസ്വഭാവിക ആകൃതിയിലുള്ള ബീജത്തിന് ശരിയായ ദിശയിൽ സഞ്ചരിച്ച് അണ്ഡവുമായി യോജിക്കാൻ കഴിയാതെ വരും.
ബീജമില്ലാത്ത അവസ്ഥ
ചിലരിൽ ശുക്ലത്തിൽ ഒട്ടും ബീജമില്ലാത്ത അവസ്ഥയുണ്ടാകും. ഇത് രണ്ട് തരത്തിൽ വരും. ബീജം പുറത്തേക്ക് പോകുന്നതിൽ ജന്മനാലോ പിൽക്കാലത്തോ തടസ്സമുണ്ടാകാം. കൂടാതെ ബീജോൽപാദനം തന്നെ ഇല്ലാത്ത അവസ്ഥയുമുണ്ടാകാം. ചെറുപ്പക്കാരിലും ബീജോൽപാദനം നിലച്ച അവസ്ഥയുണ്ടാകുന്നുണ്ട്. യഥാർഥ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
വെരിക്കോസീൽ
വൃഷണത്തിന്റെ മുകളിലും വശങ്ങളിലും ഞരമ്പുകൾ തടിച്ച്പിണഞ്ഞ് കിടക്കുന്നതാണ് വെരിക്കോസിൻ. ഇതുമൂലം ബീജ അളവിനും ചലനശേഷിക്കും ന്യൂനത വരാറുണ്ട്. എന്നാൽ വന്ധ്യതയുടെ കാരണം ഇതാകണമെന്നില്ല. ഔഷധങ്ങളുടെ ഉപയോഗത്താൽതന്നെ വെരിക്കോസിൽ ഉള്ളവരുടെ കൗണ്ടും ചലനശേഷിയും മെച്ചപ്പെടുത്താനാകും.
കൂടാതെ ബീജത്തിനെതിരെ പ്രവർത്തിക്കുന്ന ആന്റിസ്പേം ആന്‍റിബോഡിയും ബീജത്തിന്റെ എണ്ണവും ശേഷിയും കാര്യമായി കുറക്കും. ശുക്ലത്തിന്റെ സാന്ദ്രതയും അമ്ലതയും കൂടുതലായിരിക്കുക, ലൈംഗിക രോഗങ്ങൾ, ഉദ്ധാരണകുറവ്, അന്തരീക്ഷ മലിനീകരണം, കീടനാശിനികളുമായി സ്ഥിരമായുള്ള അടുത്തിടപഴകൽ, ഇവയും പുരുഷ വന്ധ്യതിക്കിടയാക്കും.
പുകവലിയും മദ്യപാനവും
പുരുഷ വന്ധ്യതക്കിടയാക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് പുകവലിയും മദ്യപാനവും. പുകവലിക്കുന്നവരിൽ ബീജസംഖ്യയും ചലനശേഷിയും കുറയാറുണ്ട്. പുകവലിക്കാരുടെ പങ്കാളികൾക്ക് പരോക്ഷ പുകവലിമൂലം അണ്ഡാശയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ശരിയായ ആകൃതിയിലുള്ള ബീജങ്ങളും പുകവലിക്കാരിൽ കുറവായിരിക്കും.
മദ്യപിക്കുന്നവരുടെ രക്തത്തിലെ ആൽക്കഹോൾ സാനിധ്യംമൂലം ബീജോത്പാദനവും ബീജസംഖ്യയും കുറയും. ചലനശേഷിയും ബീജത്തിന് കുറവായിരിക്കും. അതിനാൽ പുരുഷ വന്ധ്യത തടയാൻ പുകവലിയും മദ്യപാനവും ഒഴിവാക്കിയോതിരൂ.
മാനസിക സമ്മർദ്ദം
വന്ധ്യത ഉൾപ്പെടെ ഒട്ടേറെ ഗൗരവമുള്ള രോഗങ്ങൾക്ക് മാനസികസമ്മർദ്ദം പ്രധാന കാരണമാണ്. പുരുഷബീജത്തിന്റെ എണ്ണവും ഗുണവും കുറുക്കുന്നതിൽ മാനസിക സമ്മർദ്ദത്തിന് വലിയ പങ്കുണ്ട്. കൂടുതെ പല ലൈംഗിക അസ്വസ്ഥതകൾക്കും മാനസികസമ്മർദ്ദം വഴിയൊരുക്കാറുമുണ്ട്. ജോലിസ്ഥലത്തെ സംഘർഷങ്ങൾ അവിടെതന്നെ അവസാനിപ്പിക്കാൻ ശീലിക്കുക. പാട്ട്, വ്യായാമം, യോഗ, വായന ഇവയും സംഘർഷം ലഘൂകരിക്കും.
മൊബൈൽ ഫോണും ലാപ്ടോപ്പും
ഇവയിൽനിന്നുള്ള വികിരണങ്ങൾ വന്ധ്യതക്കിടയാക്കുമെന്ന് ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ബീജോത്പാദനത്തെയും ഗുണനിലവാരത്തെയും ബാധിക്കുമെന്നതിനാൽ നിയന്ത്രിത അളവിൽ സുരക്ഷിതമായി ലാപ്ടോപും മൊബൈലും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇറുകിയ വസ്ത്രങ്ങൾ
പതിവായി ഇറുകിടയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കാം. സിന്തറ്റിക് വസ്ത്രങ്ങളും പരമാവധി ഒഴിവാക്കുക.
ശരിയായ ജീവിതശൈലിയിലൂടെ വന്ധ്യത തടയാം
പുതുതലമുറ ജോലികൾ പലതും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത്തവയാണ്. അതോടെ ഭക്ഷണ സംസ്കാരത്തിലും വലിയ മാറ്റങ്ങൾ വന്നു. ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം പാടെ ഒഴിവാക്കി പൂരിത കൊഴുപ്പുകളടങ്ങിയ രാത്രി ഭക്ഷണം പരമാവധി അളവിൽ കഴിക്കുന്ന പുതിയ പ്രവണത, വന്ധ്യതക്ക് വഴിയൊരുക്കുന്നതിൽ പ്രധാനമാണ്.
പച്ചകറികൾ, നാടൻ പഴങ്ങൾ, പയർ, പരിപ്പ്, മുഴു ധാന്യങ്ങൾ, റാഗി, ഇവയുൾപ്പെട്ട ഭക്ഷണം വന്ധ്യത തടയാൻ ഏറെ അനുയോജ്യമാണ്. വിരുദ്ധാഹാരങ്ങൾ, ഫാസ്റ്റ്ഫുഡ് ഇവ ഒഴിവാക്കുന്നതോടൊപ്പം അത്താഴം ലഘുവാക്കുന്നതും പുരുഷ വന്ധ്യതയെ തടയാൻ അനിവാര്യമാണ്. കുമ്പളം, ഈത്തപ്പഴം, ഉണക്കമുന്തിരി, മുരിങ്ങക്ക, നെല്ലിക്ക, മാതളം, ഏത്തപ്പഴം, തണ്ണിമത്തൻ, പപ്പായ ഇവയും നല്ല ഫലം തരും.
തണ്ണിമത്തിനലെ ഐസോപിൻ, ബീറ്റാകരോട്ടിൻ, സിട്രുലിൻ ഇവ ലൈംഗികാരോഗ്യം മെച്ചപെടുത്തും. സിട്രുലിൻ ഉദ്ധാരണശേഷയും വർധിപ്പിക്കും. മത്തി, ചൂര, നാടൻ കോഴിയിറച്ചി, നാടൻ കോഴിമുട്ട ഇവയും ഭക്ഷണത്തിൽപെടുത്താം. പാൽ, ഉഴുന്ന്, ഗോതമ്പ് നല്ല ഫലം തരും. ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ മധുരം, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഇവ പൊണ്ണത്തടിക്കും വന്ധ്യതക്കുമിടയാക്കുമെന്നതിനാൽ ഒഴിവാക്കണം.
ചികിത്സ
പുരുഷവന്ധ്യതയുടെ കാരണങ്ങൾ വ്യത്യസ്തമാകയാൽ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പ്രായം, ശാരീരിക മാനസിക ആരോഗ്യം, ശീലങ്ങൾ ഇവയൊക്കെ പരിഗണിച്ചാണ് ആയുർവേദം ചികിത്സ നൽകുന്നത്. ശുക്ലത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഔഷധങ്ങൾക്കൊപ്പം ശോധന ചികിസതകൾക്കും പുരുഷ വന്ധ്യതയിൽ ഏറെ പ്രധാന്യമുണ്ട്.
സ്നേഹാപാനം, സ്വേദനം, വമനം, വിരേചനം, വസ്തി, ഉത്തരവസ്തി, രാസായന വാജികരണ ചികിത്സകൾ... ഇവയെല്ലാം പുരുഷവന്ധ്യതക്ക് അവസ്ഥാനുസരണം നൽകുന്നു.
മനസിന്റെ ആരോഗ്യത്തിന് വന്ധ്യതാചികിത്സായിൽ ഏറെ പ്രധാന്യമുണ്ട്. മനസംഘർഷത്തിൽനിന്ന് അകലുന്നതോടൊപ്പം ലൈംഗികബന്ധം ആഹ്ലാദകരമാക്കാനും ദമ്പതിമാർ ശ്രദ്ധിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.