Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightAyurvedachevron_rightമഴക്കാല രോഗങ്ങള്‍...

മഴക്കാല രോഗങ്ങള്‍ വരുന്ന വഴി

text_fields
bookmark_border
mayakkala rogaghal
cancel

സാംക്രമിക രോഗങ്ങള്‍ കൂട്ടായത്തെുന്നത് മഴക്കാലത്തിന്‍െറ മാത്രം പ്രത്യേകതയാണ്. രോഗപ്പകര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മഴക്കാല രോഗങ്ങളെ ഇത്രകണ്ട് വ്യാപകമാക്കുന്നത്. രോഗവാഹകര്‍, മലിനമായ ജലവും പരിസരവും, ഉയര്‍ന്ന ജനസാന്ദ്രത എന്നിവയെല്ലാം രോഗപ്പകര്‍ച്ച സുഗമമാക്കുന്ന പ്രധാന ഘടകങ്ങളാണ്.

രോഗങ്ങള്‍ വരുന്ന വഴി

പകര്‍ച്ചവ്യാധികള്‍ പരത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് രോഗാണു വാഹകരാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും മിക്കവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ ശരീരത്തില്‍ നിലനില്‍ക്കും. ഇവര്‍ രോഗികളാകണമെന്നില്ല.

ഇവരുടെ മലമൂത്രങ്ങളില്‍ കൂടി ലക്ഷക്കണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്. ശുചിത്വവും രോഗപ്രതിരോധശേഷിയും മഴക്കാലത്ത് കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നു.

ജലജന്യ രോഗങ്ങൾ

കുടിവെള്ളം മലിനപ്പെടുന്നതാണ് മഴക്കാല രോഗങ്ങള്‍ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. ഫാക്ടറികളിലെയും ആശുപത്രികളിലേതുമടക്കം വിവിധ മാലിന്യങ്ങളുടെ സംഭരണകേന്ദ്രങ്ങളാണ് ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും പുഴകളും കൈത്തോടുകളുമെല്ലാം.

മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങള്‍ കിണറിലെ വെള്ളവുമായി കലരുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ മലിനജലം കുടിക്കുന്നതും ഈ വെള്ളത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴുകാനുപയോഗിക്കുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ക്കിടയാക്കുന്നു. കൂടാതെ തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങളും മഴക്കാല രോഗങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്.


കൊതുക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍

വ്യാപകമായി പടരുന്ന പകര്‍ച്ചപ്പനികളിലധികവും പരത്തുന്നത് കൊതുകുകളാണ്. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് കൊതുകുകള്‍ അധികവും മുട്ടയിട്ടു പെരുകുന്നത്. മതിലുകളും കോണ്‍ക്രീറ്റ് മുറ്റങ്ങളും വെള്ളം ഭൂമിയില്‍ താഴാന്‍ അനുവദിക്കാതെ കൊതുകുകള്‍ പെറ്റുപെരുകാനും ജലസ്രോതസ്സുകള്‍ മലിനമാകാനുമിടയാക്കി.

400 മില്യണ്‍ വര്‍ഷങ്ങളായി ഭൂമുഖത്ത് നിലനില്‍ക്കുന്ന അസാമാന്യ പാടവമുള്ള ജീവികളാണ് കൊതുകുകള്‍. ദിവസവും ശരാശരി മൂന്നു മുതല്‍ 10 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാനുള്ള കഴിവ് കൊതുകുകള്‍ക്കുണ്ട്. കൂടാതെ വളര്‍ച്ചയുടെ കാലയളവ് അന്തരീക്ഷ ഊഷ്മാവ് അനുസരിച്ച് കൂട്ടാനും കുറക്കാനുമുള്ള കഴിവും ഇവക്കുണ്ട്. ജപ്പാന്‍ ജ്വരം, ചികുന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ വൈറസുകളെ ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നത് കൊതുകുകളാണ്.

ഓരോതരം കൊതുകുകളും മുട്ടയിടാന്‍ വ്യത്യസ്ത സ്ഥലങ്ങളാണ് തെരഞ്ഞെടുക്കുക. ഒരു സ്പൂണ്‍ വെള്ളം ധാരാളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. മലിനജലത്തിലാണ് ജപ്പാന്‍ ജ്വരത്തിന് ഇടയാക്കുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. പാത്രങ്ങളിലും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ഡെങ്കിപ്പനിയും ചികുന്‍ഗുനിയയും പരത്തുന്ന കൊതുകുകള്‍ക്ക് താല്‍പര്യം. പാത്രം കഴുകുന്ന സ്ഥലം, പൂപ്പാത്രം എന്നിവ മുട്ടയിടാന്‍ കൊതുകുകള്‍ താവളമാക്കാറുണ്ട്.

പകര്‍ച്ചപ്പനി നിയന്ത്രണത്തിന് കൊതുക് നിവാരണം അനിവാര്യമാണ്. അതില്‍തന്നെ ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുന്നതാണ്. കൊതുകുകളുടെ മുട്ടകള്‍ വിരിയാന്‍ ഏഴുമുതല്‍ 10 ദിവസം വരെ എടുക്കും. വീടിന്‍െറ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, തുണി നനക്കുന്ന സ്ഥലം, ചിരട്ടകള്‍, തൊണ്ടുകള്‍, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം എന്നിവ കളയുന്നതോടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും. ഒപ്പം പ്രായപൂര്‍ത്തിയായ കൊതുകുകളെ നശിപ്പിക്കാനും ശ്രദ്ധിക്കണം.

മഴക്കാല രോഗങ്ങള്‍: പ്രധാന ലക്ഷണങ്ങള്‍

ഡെങ്കിപ്പനി: ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ജപ്പാന്‍ ജ്വരം: ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.

മഞ്ഞപ്പിത്തം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ചികുന്‍ഗുനിയ: ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളില്‍നിന്ന് നീര്, വേദന ഇവ ഉണ്ടാകും.

കോളറ: ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛര്‍ദി, ചര്‍മത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.

ടോണ്‍സിലൈറ്റിസ്: തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും.

വൈറല്‍ പനി: എളുപ്പം പടര്‍ന്നുപിടിക്കുന്ന പനി, ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.

എലിപ്പനി: എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലത്തെുന്നു. മുറിവുകളിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. പനി, കണ്ണിന് ചുവപ്പുനിറം, വേദന ഇവ കാണപ്പെടും.

ടൈഫോയ്ഡ്: രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൂടാതെ വാതരോഗങ്ങള്‍, ദഹനക്കുറവ് എന്നിവയും മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്. ദഹനക്കേടിനൊപ്പം അണുബാധയും തണുപ്പുമെല്ലാം ഛര്‍ദി-അതിസാര രോഗങ്ങളെ കൂട്ടും.

മഴക്കാലത്തെ ആരോഗ്യസംരക്ഷണം

മഴക്കാലത്ത് ശരീരബലവും ദഹനശക്തിയും പൊതുവെ കുറവായിരിക്കും. അതിനാല്‍ രോഗപ്രതിരോധശേഷിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആഹാരൗഷധങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുക.
രോഗങ്ങളുടെ പുനരാക്രമണം, പകര്‍ച്ചവ്യാധികളുടെ കടന്നുകയറ്റം എന്നിവ തടയാന്‍ ശരീരത്തെ നേരത്തേ തന്നെ സജ്ജമാക്കേണ്ടതുണ്ട്. ച്യവന്നപ്രാശം, ബ്രഹ്മരസായനം, അഗസ്ത്യരസായനം, ബലാരിഷ്ടം ഇവയിലേതെങ്കിലും ഒന്ന് നിത്യവും മഴക്കാലത്ത് ശീലമാക്കുന്നത് ശരീരബലത്തെ കൂട്ടി പ്രതിരോധശക്തി മെച്ചപ്പെടുത്തും. പ്രമേഹം, രക്തസമ്മര്‍ദം എന്നിവ ഉള്ളവര്‍ക്ക് അനുയോജ്യമായ കഷായങ്ങള്‍ കഴിക്കാം. കുട്ടികള്‍ക്ക് ഇന്ദുകാന്തഘൃതം, ഇന്ദുകാന്താമൃതം, പശുവിന്‍ നെയ്യ് ഇവ മികച്ച പ്രതിരോധത്തെ നല്‍കും. വര്‍ഷാരംഭത്തില്‍ തുളസിയില, ഇരുവേലിയില, ആടലോടകത്തില എന്നിവ 50 ഗ്രാം വീതം അഞ്ചുഗ്രാം ചുക്കും ചേര്‍ത്ത് ഒരു ലിറ്റര്‍ വെള്ളം തിളപ്പിച്ച് കാല്‍ ലിറ്ററാക്കി കുടിക്കുന്നത് ജലദോഷം, പനി, തുമ്മല്‍ എന്നിവ കുറക്കും. ഒപ്പം പ്രതിരോധശക്തി മെച്ചപ്പെടുത്തും.

മഴക്കാലം -ശ്രദ്ധയോടെ ഭക്ഷണം

മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങളാണ് ഉചിതം. ഗോതമ്പ്, ചെറുപയര്‍, തവിട് കളയാത്ത അരി, വഴുതനങ്ങ, വാഴക്കൂമ്പ്, പാവക്ക, നെല്ലിക്ക, കോവക്ക, മുരിങ്ങക്ക, കോഴിയിറച്ചി, ചെറുമത്സ്യങ്ങള്‍, ആട്ടിറച്ചി എന്നിവ ഭക്ഷണത്തില്‍പെടുത്താം.

പച്ചക്കറികളും തുമരയും ചേര്‍ത്ത സൂപ്പുകള്‍, മാംസസൂപ്പുകള്‍ എന്നിവയും മഴക്കാലത്ത് അനുയോജ്യമാണ്. ചുക്കും മല്ലിയും ജീരകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. മലരിട്ട് വെന്ത വെള്ളം ഛര്‍ദിയെയും മുത്തങ്ങയും വെളുത്തുള്ളിയും ചേര്‍ത്ത് തിളപ്പിച്ച വെള്ളം നിര്‍ജലീകരണത്തെയും തടയും.

അഭ്യംഗം
മഴക്കാലം വാതരോഗങ്ങളുടെ കാലമാണ്. ധന്വന്തരം കുഴമ്പ്, സഹചരാദി, പ്രഭഞ്ജനം ഇവയിലൊന്ന് പുറമേ പുരട്ടി കുളിക്കുന്നത് വേദനകള്‍ അകറ്റും. ഒപ്പം മുരിങ്ങയില, പുളിയില, ആവണക്കില ഇവ ചേര്‍ത്ത് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നതും നല്ല ഫലം തരും.

ശുചിത്വം
വര്‍ഷകാല രോഗനിയന്ത്രണത്തിന് ചികിത്സയോടൊപ്പം പ്രതിരോധ നടപടികളും ഊര്‍ജിതമാക്കേണ്ടതുണ്ട്. പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കണം. ഒപ്പം ജലശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കേണ്ടതുണ്ട്.

വ്യായാമം
ജോഗിങ്, യോഗ, സ്കിപ്പിങ് തുടങ്ങി വീട്ടിനുള്ളില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ വര്‍ഷകാലത്ത് അനുയോജ്യമാണ്.
മഴക്കാലരോഗങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ പലപ്പോഴും മാരകമാകാറുണ്ട്. സ്വയം ചികിത്സകള്‍ ഒഴിവാക്കി വൈദ്യസഹായം തേടുകയും വേണം.

(ലേഖിക മാന്നാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറാണ്)

drpriyamannar@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasonhealthayurvedadengue
Next Story