ഗർഭകാലം സുരക്ഷിതമാക്കാം....
text_fieldsമാതൃത്വത്തിലേക്കുള്ള ആഹ്ലാദപൂർണമായ തയാറെടുപ്പാണ് ഗർഭകാലം. ഒപ്പം നിരവധി ആകു ലതകളും പരിഭ്രമവും നിറയുന്ന കാലവും. ഗർഭകാലത്ത് സമീകൃത ഭക്ഷണവും ലഘു വ്യായാമങ്ങളും ശീലമാക്കുന്നതോടൊപ്പം നേരിടാനിടയുള്ള ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും ഗർഭിണി ബോധവതിയാകേണ്ടതുണ്ട്.
ആദ്യഘട്ടം
ആദ്യത്തെ മൂന്നുമാസം അഥവാ 12 ആഴ്ചയാണ് ഒന്നാംഘട്ടം. ഗർഭസ്ഥ ശിശുവിെൻറ അവയവ വളർച്ചയും രൂപപ്പെടലുകളും ഒക്കെ ആദ്യത്തെ മൂന്നുമാസങ്ങളിലാണ്. ആദ്യത്തെ ആഴ്ച പിന്നിടുേമ്പാഴേക്കും ഭ്രൂണം ഗർഭപാത്രത്തിൽ സ്ഥാനം ഉറപ്പിച്ച് അതിവേഗം വളർന്ന് തുടങ്ങും. ആഹാരം, മരുന്ന് ഇവയൊക്കെ ശ്രദ്ധയോടെ ഉപയോഗിക്കുന്നതോടൊപ്പം ഗർഭിണി ശരീരത്തിന് ആയാസമുണ്ടാകുന്ന യാത്രകൾ ഈ ഘട്ടത്തിൽ ഒഴിവാക്കുകയും വേണം.
രണ്ടാംഘട്ടം (12 ആഴ്ച മുതൽ 28 ആഴ്ച വരെ)
പതിനാലാമത്തെ ആഴ്ച കഴിയുന്നതോടെ കുഞ്ഞിെൻറ വളർച്ച വേഗത്തിലാകുന്നു. ആറുമാസം ആകുന്നതോടെ കൃഷ്ണമണികൾ വളർന്ന് കുഞ്ഞ് ഇമവെട്ടിത്തുടങ്ങും. ഏഴാം മാസം അവസാനമാകുന്നതോടെ കുഞ്ഞിന് പുറമെനിന്നുള്ള ശബ്ദങ്ങൾ കേൾക്കാനാകും. ചില ഗർഭിണികളിൽ അഞ്ചാംമാസത്തോടെ രക്തസമ്മർദം കാണാറുണ്ട്. കാലുകളിലും മറ്റും നീരുണ്ടാകുന്നതിെൻറ പ്രധാന കാരണം ഇതാണ്. കുഞ്ഞ് വലുതാകുന്നതോടെ വയറിലെ പേശികൾ വലിഞ്ഞ് ചിലരിൽ പാടുകളും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.
മൂന്നാംഘട്ടം (28 മുതൽ 40 ആഴ്ച വരെ)
എട്ടാംമാസം ആകുന്നതോടെ കുഞ്ഞിന് പ്രകാശത്തോട് പ്രതികരിക്കാനാകും. കുഞ്ഞിെൻറ ശരീരത്തിലെ രോമമെല്ലാം അപ്രത്യക്ഷമായി, അവയവങ്ങളെല്ലാം പ്രവർത്തനസജ്ജമാവുന്നത് ഒമ്പതാം മാസത്തോടെയാണ്. മൂന്നാംഘട്ടത്തിൽ ഗർഭിണികൾക്ക് പൊതുവെ ആലസ്യവും അസ്വസ്ഥതയും കൂടുതലായി അനുഭവപ്പെടാറുണ്ട്. രക്തസമ്മർദവും പ്രമേഹവും കൂടിയതോതിലുള്ള ഗർഭിണിക്ക് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. അതുപോലെ കുഞ്ഞിെൻറ ചലനങ്ങളും അമ്മ വിലയിരുത്തേണ്ടതുണ്ട്. ഗർഭത്തിെൻറ ഒടുവിലത്തെ ഈ ഘട്ടത്തിൽ 8-10 തവണയെങ്കിലും ദിവസവും കുഞ്ഞിെൻറ ചലനങ്ങൾ അമ്മയ്ക്കറിയാനാകും.
കരുതിയിരിക്കാം ഈ പ്രശ്നങ്ങളെ...
1. ഗർഭകാല പ്രമേഹം
അമ്മയുടെയും കുഞ്ഞിെൻറയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് ഗർഭകാല പ്രമേഹം. ഔഷധത്തോടൊപ്പം ആഹാര ക്രമീകരണവും, ലഘു വ്യായാമങ്ങളും ഇവർക്ക് കൂടിയേ തീരൂ. കുഞ്ഞിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ തുടക്കംമുതൽ തന്നെ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.
2. രക്തസമ്മർദം
ഗർഭകാലത്ത് കാലുകളിലും സന്ധികളിലും ഉണ്ടാകുന്ന നീര്, തലവേദന, മൂത്രത്തിെൻറ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ അശ്രദ്ധമായി കാണരുത്. രക്തസമ്മർദം ഉയരുന്നതിെൻറ സൂചനകളായും ഇത്തരം ലക്ഷണങ്ങൾ വരാം. കൃത്യമായ ഔഷധോപയോഗത്തിലൂടെ രക്തസമ്മർദത്തെ നിയന്ത്രിക്കാനാവും.
3. തൈറോയ്ഡ് രോഗങ്ങൾ
ഗർഭിണികളിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം സന്തുലിതമായിരിക്കണം. ഗർഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം ഇവയ്ക്ക് വഴിയൊരുക്കുമെന്നതിനാൽ തൈറോയ്ഡ് ഹോർമോണിെൻറ അളവ് ഗർഭിണി പരിശോധിക്കേണ്ടതാണ്.
4. ഗർഭം അലസൽ
ഗർഭം അലസാനുള്ള സാധ്യത ഏറ്റവും കൂടുതലായി കാണുന്നത് ഒന്നും രണ്ടും ഘട്ടത്തിലാണ്. അണ്ഡത്തിലോ ബീജത്തിലോ ഉണ്ടാകാവുന്ന ചെറിയ വൈകല്യങ്ങൾ, ഗർഭാശയ മുഴകൾ, ഹോർമോൺ വ്യതിയാനങ്ങൾ, അമ്മയുടെ അനാരോഗ്യം, വിവിധതരം അണുബാധകൾ, ഗുരുതരമായ ജനിതക തകരാറുകൾ ഇവയൊക്കെ ഗർഭം അലസാൻ ഇടയാക്കാറുണ്ട്.
5. മൂത്രത്തിലെ അണുബാധ
മൂത്രനാളിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അണുബാധ ഗർഭകാലത്ത് ഗൗരവമായി കാണണം. അടിക്കടി മൂത്രമൊഴിക്കാൻ തോന്നൽ, പനി, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുേമ്പാൾ എരിച്ചിൽ തുടങ്ങിയവ അണുബാധ രൂക്ഷമാകുന്നുവെന്നതിെൻറ സൂചനകളാണ്. കുഞ്ഞിെൻറ വളർച്ച കുറയൽ, വളർച്ചയെത്തും മുമ്പുള്ള പ്രസവം തുടങ്ങി വിവിധ പ്രശ്നങ്ങൾക്ക് മൂത്രത്തിലെ അണുബാധ ഇടയാക്കും.
6. അഞ്ചാംപനി
ഗർഭിണികളിൽ അഞ്ചാംപനി ബാധിച്ചാൽ കുഞ്ഞിന് അംഗവൈകല്യങ്ങളോ ബുദ്ധിമാന്ദ്യമോ ജീവഹാനിയോ സംഭവിക്കാം. ഗർഭിണിക്ക് ചിക്കൻ പോക്സ് ബാധിച്ചാലും കുഞ്ഞിന് അംഗവൈകല്യമോ, ഗർഭഛിദ്രം തന്നെയോ വരുമെന്നതിനാൽ രോഗപ്പകർച്ചക്ക് ഇടയാകുന്ന സാഹചര്യങ്ങൾ ഗർഭിണി ഒഴിവാക്കേണ്ടതാണ്.
7. വീഴ്ചകൾ
ഗർഭകാലത്ത് വീഴാനുള്ള സാധ്യതകൾ കൂടുതലാണ്. പടികളിൽനിന്നുള്ള വീഴ്ചകളാണ് കൂടുതൽ അപകടകരം. വേദനയും രക്തസ്രാവവും ശ്രദ്ധയോടെ കാണുകയും കുഞ്ഞിന് പരിക്കൊന്നും പറ്റിയില്ലയെന്നുറപ്പാക്കുകയും വേണം. ഗർഭിണികൾ കഴിവതും വീഴ്ചകൾ ഉണ്ടാകാതെ നോക്കണം. സാവധാനം നടക്കുകയും മടമ്പ് ഉയർന്ന ചെരിപ്പ് ഒഴിവാക്കുകയും വേണം. പടികയറുേമ്പാഴും ഇറങ്ങുേമ്പാഴും കൈവരികളിൽ പിടിക്കാനും ്ശ്രദ്ധിക്കണം.
8. വയറുവേദനയും രക്തസ്രാവവും
ആദ്യ 3 മാസങ്ങളിലുണ്ടാകുന്ന കടുത്ത വയറുവേദന ഗർഭാശയത്തിന് പുറത്ത് ഉണ്ടാകുന്ന ഗർഭധാരണത്തിെൻറ ലക്ഷണമാകാം. ഉടൻ ചികിത്സ തേടേണ്ടതാണ്. ഗർഭം അലസുന്നതിെൻറയോ പ്ലാസൻറ വിട്ടുപോരുന്നതിെൻറയോ ലക്ഷണമായും രക്തസ്രാവം വരാം. അതിനാൽ രക്തസ്രാവം ചെറുതുള്ളികൾ ആെണങ്കിൽ പോലും ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
9. കുഞ്ഞിെൻറ അനക്കക്കുറവ്
കുഞ്ഞ് ആരോഗ്യവാനാണെന്നുറപ്പിക്കാൻ കുഞ്ഞിെൻറ അനക്കങ്ങൾ സഹായകമാണ്. ചലനം ഇല്ലെന്നോ കുറവാണെന്നോ കണ്ടാൽ ഒരു വശം ചരിഞ്ഞ് കിടന്ന് അനക്കം ശ്രദ്ധിക്കുക. മണിക്കൂറിൽ 3 ചലനങ്ങളെങ്കിുലം ഉണ്ടോയെന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ ചികിത്സ തേടേണ്ടതാണ്.
ഗർഭകാല അസ്വസ്ഥതകളും പരിഹാരങ്ങളും
- ഛർദി- ഗർഭത്തിെൻറ ആദ്യമാസങ്ങളിൽ രാവിലെ ഉണർന്നെഴുക്കേൽക്കുേമ്പാൾ ഛർദി, ഓക്കാനം ഇവയുള്ളവർ മലര് പൊടിച്ച് കൽക്കണ്ടം ചേർത്ത് കഴിക്കുന്നത് നല്ല ഫലം തരും. വില്യാദി ലേഹ്യം അലിച്ചിറക്കുന്നതും ഗുണകരമാണ്.
- നടുവേദന- സഹചരാദി തൈലമോ ധന്വന്തര തൈലമോ ഇളം ചൂടോടെ പുരട്ടുന്നതോടൊപ്പം വിശ്രമിക്കുകയും വേണം.
- ചൊറിച്ചിൽ- ഏലാദി കേരം പുറമെ പുരട്ടുക.
- കാൽവണ്ണ ഉരുണ്ടുകയറുക- ആഹാരത്തിൽ കാൽസ്യം, ഉപ്പ് ഇവ കുറയുക, നടപ്പ് കൂടുക ഇവ കാൽവണ്ണ ഉരുണ്ടുകയറാനിടയാക്കും. ഭക്ഷണം മെച്ചപ്പെടുത്തുന്നതോടൊപ്പം കർപ്പൂരാദി തൈലം ഇളം ചൂടോടെ പുരട്ടാം.
- നീര്- ഗർഭത്തിെൻറ അവസാന മാസങ്ങളിൽ നീരുണ്ടാവുക സ്വാഭാവികമാണ്. തഴുതാമയും ഇഞ്ചിയും ചേർത്ത് പാൽക്കഷായം ഉണ്ടാക്കി കഴിക്കാം.
- രക്തസമ്മർദം- ഔഷധത്തോടൊപ്പം മുരിങ്ങയില ആഴ്ചയിൽ 3 തവണയെങ്കിലും ഭക്ഷണത്തിൽ പെടുത്തുന്നത് ഗർഭിണിയുടെ രക്തസമ്മർദം നിയന്ത്രണത്തിലാക്കാൻ സഹായകമാകും.
- നെഞ്ചെരിച്ചിൽ- ഗർഭിണിക്കുണ്ടാകുന്ന നെഞ്ചെരിച്ചിലിന് മഹാധന്യന്തരം ഗുളിക ജീരകവെള്ളത്തിൽ ചാലിച്ച് കഴിക്കുക.
- ഉറക്കക്കുറവ്- വലിയ ചന്ദനാദി തൈലം തലയിൽ പുരട്ടുന്നതോടൊപ്പം ഗോതമ്പ് അരച്ച് തുണിയിൽ പുരട്ടി കാൽവെള്ളയിൽ പതിച്ചിടുന്നത്. ഗർഭിണിക്ക് ഉറക്കമേകും.
കുഞ്ഞിെൻറ ക്രമാനുഗതമായ വളർച്ചക്കും ഗർഭരക്ഷയ്ക്കും
എല്ലാ മാസവും പ്രത്യേക മരുന്നുകളിട്ട് തയാറാക്കുന്ന പാൽക്കഷായം കഴിക്കുന്നത് ഗർഭിണിക്കും കുഞ്ഞിനും സംരക്ഷണമേകും. 15 ഗ്രാം മരുന്ന് ചതച്ച് 150 മില്ലി പാലും 600 മില്ലി വെള്ളം ചേർത്ത് തിളപ്പിച്ച് വറ്റിച്ച് 150 മില്ലി ആക്കി കഴിക്കുകയാണ് വേണ്ടത്.
ഒന്നാംമാസം കുറുന്തോട്ടി വേര്, 2-ാം മാസം തിരുതാളിയോ പുഷ്കരമൂലമോ, 3-ാം മാസം പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും ചേർത്ത്, നാലാം മാസം ഓരിലവേര്, 5-ാം മാസം ചിറ്റമൃത്, ആറാം മാസം കണ്ടക്കരിച്ചുണ്ട, 7-ാം മാസം യവം, 8-ാം മാസം പെരുംകുറുമ്പ വേര്, 9-ാം മാസം ശതാവരിക്കിഴങ്ങ് ഇവ ചേർത്ത് പാൽക്കഷായം തയാറാക്കാം.
എല്ലാ മാസവും കുറുന്തോട്ടി മാത്രമായാലും മതിയാകും. പോഷക ഭക്ഷണത്തോടൊപ്പം നടത്തം, ലഘു യോഗ ഇവയും ഗർഭിണി ശീലമാക്കണം. പാട്ട്, വായന, നല്ല സൗഹൃദം ഇവയിലൂടെ മാനസിക സമ്മർദം ഒഴിവാക്കാനും ഗർഭിണി ശ്രദ്ധിക്കണം.
ഡോ. പ്രിയ ദേവദത്ത്
കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ
drpriyamannar@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.