തർക്കങ്ങൾ ഒഴിവാക്കി ചികിത്സ വിഭാഗങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണം -ആയുർവേദ സെമിനാർ
text_fieldsകൊച്ചി: ചികിത്സയുടെ ലക്ഷ്യം മനുഷ്യനന്മയാണെന്നും വിവിധ ചികിത്സ വിഭാഗങ്ങൾ തമ്മിലെ വാദപ്രതിവാദങ്ങൾ ഒഴിവാക്കി എല്ലാ വിഭാഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാല നടത്തിയ ആയുർവേദ സെമിനാർ. എറണാകുളം ടി.ഡി.എം ഹാളിൽ 'ക്ലിനിക്കൽ പെർസ്പെക്റ്റിവ്സ് ഓഫ് ഡയബറ്റിക് ന്യൂറോപ്പതി' വിഷയത്തിൽ നടന്ന സെമിനാറിലാണ് ഈ നിർദേശം ഉയർന്നത്.
പി.വി.എസ് സൺറൈസ് ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. എസ്. രാംമനോഹർ ഡയബറ്റിക് ന്യൂറോപ്പതി എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഈ രോഗാവസ്ഥയുടെ ആയുർവേദ വീക്ഷണം തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. ആർ.കെ. രാധികാറാണി അവതരിപ്പിച്ചു. ഡയബറ്റിക് ന്യൂറോപ്പതിയുടെ ആയുർവേദ ചികിത്സരീതികൾ സംബന്ധിച്ച് ഡോ. വി.കെ. ശശികുമാർ (മെഡിക്കൽ സൂപ്രണ്ട്, അമൃത ആയുർവേദ ഹോസ്പിറ്റൽ, കൊല്ലം) പ്രബന്ധം അവതരിപ്പിച്ചു. ഡയബറ്റിക് ന്യൂറോപ്പതിയുടെ ചികിത്സാനുഭവങ്ങൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല സീനിയർ ഫിസിഷ്യൻ ഡോ. എം. പ്രവീൺ പങ്കുവെച്ചു.
ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മോഡറേറ്ററായി. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പകുതിയോളം ജനങ്ങൾക്ക് പ്രമേഹമുണ്ടെന്നും കാലത്തിന്‍റെ അനിവാര്യത കണക്കിലെടുത്താണ് സെമിനാറിനായി വിഷയം തെരഞ്ഞെടുത്തതെന്നും ഡോ. പി.എം. വാര്യർ പറഞ്ഞു. വ്യായാമത്തിന്‍റെ അനിവാര്യത സെമിനാറിൽ പങ്കെടുത്ത എല്ലാവരും വ്യക്തമാക്കി. മലയാളികൾ ആഹാരശീലം മാറ്റേണ്ടതുണ്ടെന്നും, ക്രമംതെറ്റിയുള്ള ആഹാരം ജീവിതത്തിന്‍റെ ഭാഗമാക്കി എന്നതാണ് രോഗാസ്ഥ വർധിക്കാൻ കാരണമെന്നും ഡോ. രാധികാറാണി പറഞ്ഞു. പ്രമേഹജന്യവാതവ്യാധികളുടെ ശമനത്തിന് പഞ്ചകർമം ഉൾപ്പെടെയുള്ള ആയുർവേദ ചികിത്സരീതികൾ ഫലപ്രദമാണെന്ന് ഡോ. രവികുമാർ പറഞ്ഞു. 'ക്ലിനിക്കൽ ആപ്ലിക്കേഷൻ ഓഫ് രസായന ഇൻ മോഡേൺ ടൈംസ്' പുസ്തകത്തിന്‍റെ പ്രകാശനം ഡോ. ഇ.എ. സോണിയ എറണാകുളം ആര്യവൈദ്യശാലയിലെ ഡോ. പി.ആർ. രമേഷിന് നൽകി നിർവഹിച്ചു.
ആയുർവേദ വിദ്യാർഥികൾക്ക് ആര്യവൈദ്യശാല നൽകുന്ന വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ പ്രബന്ധ മത്സരത്തിനുള്ള അവാർഡ്, ആര്യവൈദ്യൻ പി. മാധവവാര്യർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ്. വാര്യർ എൻഡോവ്മെന്‍റ് അവാർഡ്, ആര്യവൈദ്യൻ എൻ.വി.കെ. വാര്യർ എൻഡോവ്മെന്‍റ് പ്രൈസ്, മാലതി, എം.കെ. ദേവിദാസ് വാര്യർ എന്നിവരുടെ പേരിൽ നൽകുന്ന 'ജ്ഞാനജ്യോതി' അവാർഡ്, ആയുർവേദ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ഡോ. പി.എം. വാര്യർ വിതരണം ചെയ്തു. ആര്യവൈദ്യശാല സി.ഇ.ഒ ഡോ. ജി.സി. ഗോപാലപിള്ള സ്വാഗതവും ഡോ. പി. മോഹൻ വാര്യർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.