തൊലിപ്പുറത്തെ നിറ വ്യത്യാസം വേരിക്കോസ് വെയിനിൻെറ തുടക്കമോ?
text_fieldsഈ രോഗത്തെ പറ്റി കേള്‍ക്കാത്തവര്‍ കുറവാണ്. രോഗമില്ലാത്തവരും. നിന്നുകൊണ്ട് ജോലി ചെയുന്നവരുടെ എണ്ണം കൂടിയതിന് അനുസരിച്ച് സമൂഹത്തില്‍ വേരിക്കോസ് രോഗികളും കൂടി. പൊതുവെ, വലിയ കുഴപ്പമൊന്നും ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോള്‍ വളരെ ഉപദ്രവകാരിയും ആകാറുണ്ട് വേരിക്കോസ് വെയിന്‍.
എന്താണ് വേരിക്കോസ് വെയിന്‍?
വേരിക്കോസിറ്റി എന്ന് പറഞ്ഞാല്‍ സിരകളുടെ വികാസം എന്നാണ് അർഥം. അതായത് സിരകള്‍ ബലക്ഷയം വന്ന് വീര്‍ക്കുന്നു. സിരകളുടെ ഭിത്തികളില്‍ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍, അവയ്ക്ക് ഉള്ളിലെ രക്തത്തിന്‍റെ മർദ്ദം താങ്ങാനാകാതെ വികസിക്കേണ്ടി വരുന്നു. സിരകളെന്നാല്‍ വിവിധ ശരീരഭഗങ്ങളില്‍ നിന്നും രക്തം ഹൃദയത്തിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളാണല്ലോ. (ഹൃദയത്തില്‍ നിന്നും പുറത്തേക്ക് ധമനികളും). വേരിക്കോസിറ്റി സിരകളില്‍ മാത്രമാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും കാലുകളിലെ സിരകളില്‍.
അധിക സമയം നില്‍ക്കേണ്ടവരിലാണ് വേരിക്കോസ് വെയിന്‍ പൊതുവേ കാണപ്പെടുന്നത്. കാലുകളിലെ രക്തത്തിന് ഹൃദയത്തിലേക്ക് എത്തിചേരാന്‍ ഭൂഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് മാത്രമേ സാധിക്കൂ. ഭൂഗുരുത്വാകര്‍ഷണം രക്തത്തെ താഴേക്ക് വലിക്കുന്നു. അതിനെ അതിജീവിച്ച് രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കാന്‍ സിരകളില്‍ വാൽവുകളും സജ്ജമാണ്. എന്നാല്‍ അധിക നേരം ഒരേ നിൽപ്പ് നിൽക്കേണ്ടി വരുന്ന ആള്‍ക്കാരില്‍ രക്തത്തിന്‍റെ വേഗം കുറയുന്നു. ഈ കുറഞ്ഞ വേഗം, സിരകളുടെ ഭിത്തിയില്‍ മർദ്ദമേൽപ്പിക്കുകയും അവ ഇലാസ്തികത നഷ്ടപ്പെട്ട് വീര്‍ക്കുകയും ചെയ്യുന്നു. ഇത് സിരകളില്‍ രക്തം കെട്ടിനിൽക്കാന്‍ ഇടയാക്കുന്നു. അങ്ങനെ സിരകള്‍ വളഞ്ഞുപുളഞ്ഞവയായി തീരാന്‍ കരണമാകുന്നു.
രോഗ കാരണങ്ങള്‍
- പ്രായം: പ്രായം അധികരിക്കുന്തോറും സിരകളിലെ വാല്‍വുകള്‍ ബലക്ഷയമുള്ളതാകുന്നു.
- സ്ത്രീകളില്‍ : സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗർഭാവസ്ഥ മൂലം ഉള്ള വയറ്റിലെ മർദ്ദം അധികരിക്കുക. ആര്‍ത്തവ വിരാമം, ഗര്‍ഭ നിരോധന ഔഷധങ്ങള്‍ എന്നിവ സിരകളില്‍ ബലക്ഷയമുണ്ടാക്കുന്നു.
- അമിത വണ്ണം
- അധിക സമയം നില്‍ക്കുക, ഇരിക്കുക.
ലക്ഷണങ്ങള്‍
മിക്കവാറും ആള്‍ക്കരിലും വേരിക്കോസ് വെയിന്‍ ഒരു ലക്ഷണവും ഉണ്ടാക്കുന്നില്ല. എന്നാല്‍ രക്തം കട്ട പിടിക്കുന്നതു പോലുള്ള പ്രശ്നങ്ങൾ ഉണ്ടായാല്‍ വേദന, നീര്‍ക്കെട്ട്, ചൊറിച്ചില്‍, തൊലിപ്പുറത്ത് നിറ വ്യത്യാസം എന്നിവ ഉണ്ടാകുന്നു. വേരിക്കോസ് വെയിനിന്റെ പ്രധാന ലക്ഷണം ഞരമ്പുകളുടെ തടിപ്പാണ്. അത് ഏറിയും കുറഞ്ഞും ചെറിയ ഉയര്‍ന്ന ഞരമ്പ് എന്ന രീതിയിലോ തടിച്ച മുഴപൊലെ വലുതായോ വരാം. എങ്ങനെ ആയിരുന്നാലും ആ തടിപ്പ് മൃദു ആയതും, അമര്‍ത്തിയാല്‍ അമര്‍ന്ന് പൊകുകയും കയ്യെടുത്തല്‍ വീണ്ടും പൂര്‍വസ്തിതിയില്‍ ആകുകയും ചെയ്യുന്ന തരം ആയിരിക്കും.
ഞരമ്പുകള്‍ വളഞ്ഞ് പുളഞ്ഞ് വികൃതമായി കാണപ്പെടുന്നു.
ഉപദ്രവ രോഗങ്ങള്‍
വേരിക്കോസ് െവയിന്‍ മൂലം ഉണ്ടാകുന്ന മറ്റ് രോഗങ്ങളെ ഉപദ്രവ രോഗങ്ങള്‍ എന്ന് പറയാം.
- രക്തസ്രാവം : ബലക്ഷയം സംഭവിച്ച് സിര പൊട്ടി, രക്തസ്രാവം ഉണ്ടാകുന്നു.
- വ്രണങ്ങള്‍: പൊട്ടിയ സിരയിൽ അണുബാധയുണ്ടാവുകയും ഉണങ്ങാത്ത വ്രണങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു.
- രക്തക്കട്ടകള്‍: സിരകള്‍ക്കുള്ളില്‍ രക്തം കട്ടപിടിച്ച് അവ വേദനയുണ്ടാക്കുന്നു. അവ പിന്നീട് അവിടെ നിന്നും വ്യതിചലിച്ച് മറ്റ് ശരീരഭാഗങ്ങളില്‍ എത്തിപ്പെട്ടാല്‍ അവിടുത്തെ രക്ത പ്രവാഹം തടസപ്പെടുത്തി മറ്റ് അസുഖങ്ങള്‍ ഉണ്ടാക്കുന്നു. തലയില്‍ ആണെങ്കില്‍ പക്ഷാഘാതവും, ഹൃദയത്തില്‍ ആണെങ്കില്‍ ഹൃദയാഘാതവും ഉണ്ടാക്കാന്‍ ഇതിന് കഴിയും.
ചികിത്സ
വേരിക്കോസ് വെയിനിന് ആധുനിക വൈദ്യ സമ്പ്രദായത്തില്‍ ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ. വേരിക്കോസ് വെയിന്‍ വന്ന സിര മുറിച്ച് മാറ്റുകയാണ് പ്രധാനമായും ചെയ്യുന്നത്. പിന്നൊന്ന് ഇന്‍ജക്ഷന്‍ തെറാപ്പിയാണ്. ചെറിയ സിരകളില്‍ വളരെ ഫലപ്രമായി ചെയ്യന്‍ പറ്റുന്ന ഒരു ചികിത്സയാണിത്. രക്തക്കുഴലിലേക്ക് ഒരു മരുന്ന് ഇന്ജക്ട് ചെയ്യുകയാണ് ചെയ്യുന്നത്. അത് വെയ്നുകളെ പൂര്‍ണമായും അടയ്ക്കുകയും അങ്ങനെ സിര ഉപയോഗ യോഗ്യമല്ലാതെ ആകുകയും ചെയുന്നതൊടെ പുറമേ കാണുന്ന തടിപ്പ് പൂര്‍ണ്ണമായും മാറുന്നു.
ആയുര്‍വേദത്തില്‍ വേരിക്കോസ് വെയിന് അവസ്ഥ അനുസരിച്ചുള്ള ചികിത്സയാണുള്ളത്. വളരെ പഴക്കം ചെന്ന രോഗികളിലും പ്രായമായവരിലും പൊതുവേ രോഗം പൂര്‍ണ്ണമായും മാറില്ല. എന്നാല്‍ വേദന, ചൊറിച്ചില്‍, എരിച്ചില്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കുറക്കാന്‍ ആയുര്‍വേദ ചികിത്സ കൊണ്ട് കഴിയും. എന്നല്‍ യുവാക്കളിലും മധ്യവയസ്കരിലും അധികകാലമാകാത്ത തരം വേരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും മാറ്റാന്‍ സാധിക്കും. ആയുര്‍വേദത്തില്‍ ബാൻഡേജ് ചെയ്യുക, മരുന്നുകള്‍ കൊണ്ട് കെട്ടുക, മരുന്നുകള്‍ സേവിക്കുക, ദുഷിച്ച രക്തം പുറത്തേക്ക് ഏടുക്കുക, (ലീച്ച് തെറാപ്പി, സിരാ വ്യധം) എന്നിങ്ങനെയുള്ളാ ചികിത്സകളാണ് അവലംബിക്കാറുള്ളത്.
വേരിക്കോസ് രോഗികള്‍ ശ്രദ്ധിക്കേണ്ടത്
- കാലുകളില്‍ അമിതമര്‍ദ്ദം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- കൂടുതല്‍ നേരം നില്‍ക്കാതിരിക്കുക..
- അമിത ഭാരം തൂക്കിയെടുക്കാതിരിക്കുക.
- കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക.
- വെരിക്കോസ് വെയിനുള്ളിടത്ത് കൂടുതല്‍ ചൊറിയാതിരിക്കുക.
- ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക.
- അമിതവണ്ണം കുറയ്ക്കുക
- നടക്കുക, നീന്തുക, സൈക്കിളിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്.
- രാത്രി കിടക്കുമ്പോള്‍ കാല്‍ അല്പം ഉയര്‍ത്തി വയ്ക്കുക.
- യോഗ ശീലമാക്കുക.
- ലെഗ് ബാന്ഡേജ് കെട്ടുന്നത് ഞരമ്പിന്റെ തടിപ്പ് കുറയ്ക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.