സ്ത്രീ സൗഖ്യം ആയുർവേദത്തിലൂടെ
text_fieldsതിരക്കുപിടിച്ച പുതിയ കാലത്ത് ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിക്കാൻ സമയമെവിടെ? സൗന്ദര്യം നിലനിർത്താൻ സമയം പാഴാക്കാതെ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നുവെങ്കിലും ആരോഗ്യമെന്ന കോളം ഒഴിച്ചിടുകയാണ് പതിവ്. പഴയകാല ജീവിത ചര്യകളിൽ നിന്നും ഭക്ഷണ രീതികളിൽ നിന്നും മാറിയതാണ് സ്ത്രീകളുടെ അനാരോഗ്യത്തിന് പ്രധാനകാരണമെന്ന് ആയുർവേദ ശാസ്ത്രം അടിവരയിടുന്നു. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസും സൗന്ദര്യവുമുണ്ടാവുകയെന്നാണ് സ്ത്രീകൾ ആദ്യം തിരിച്ചറിയേണ്ടത്.
ആഹാരം, വ്യായാമം, നിദ്ര, മൈഥുനം ഇവയെ ആരോഗ്യത്തിെൻ്റ നെടുംതൂണുകളായാണ് ആയുർവേദം പ്രതിപാദിക്കുന്നത്. മിതമായ രീതിയിൽ യഥാ സമയത്ത് ഭക്ഷണം കഴിക്കുക, ചിട്ടയായ വ്യയാമം, കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, നല്ല ദാമ്പത്യ ജീവിതം നയിക്കുക എന്നിവ പാലിക്കുന്നവരിൽ അസുഖങ്ങൾ അകന്നു നിൽക്കും.
എന്നാൽ തിരക്കിനടയിൽ ഈ നാലു കാര്യങ്ങളും കൃത്യമായി നടക്കില്ലെന്നതാണ് സത്യം. റിട്ടയർമെൻ്റിനുശേഷം നട്ടെല്ലിനെ ബാധിക്കുന്ന ക്ഷയരോഗം സ്ഥിരീകരിച്ച വീട്ടമ്മയായുമായി സംസാരിക്കയുണ്ടായി. പോഷകാംശങ്ങൾ ഉള്ള ഭക്ഷണത്തിെൻ്റ കുറവായിരുന്നു അവരെ രോഗത്തിലേക്ക് നയിച്ചത്. ജോലിക്കു പോകുന്നതിനാൽ രാവിലെ എഴുന്നേറ്റ് ഭക്ഷണമുണ്ടാക്കുകയും കുട്ടികൾക്കും ഭർത്താവിനുമാവശ്യമുള്ളത് ഒരുക്കുകയും ചെയ്യുന്നതിനിടെ അവർ സ്വന്തം ഭക്ഷണ കാര്യം മറക്കുമായിരുന്നു. ഒഴിവു ദിവസങ്ങളിൽ രണ്ടോ മൂന്നോ ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കുകയായിരുന്നേത്ര പതിവ്. ഇത്തരം ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുമ്പോഴേക്കും അതിലെ പോഷകാംശങ്ങൾ മാറി അത് തികച്ചും അനാരോഗ്യകരമായി മാറിയിട്ടുണ്ടാകും.
![Working-Women Working-Women](https://www.madhyamam.com/sites/default/files/Working-Women.jpg)
ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. ജോലിയും ഗൃഹഭരണവും ഒരുമിച്ച് കൊണ്ടുപോകുന്ന മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതു തന്നെ. രക്തക്കുറവ്, അസ്ഥിക്ഷയം, വാതം, ഉദരരോഗങ്ങൾ, മൂതാശയ രോഗങ്ങൾ, പ്രമേഹം, കൊളസ്േട്രാൾ പോലുള്ള ജീവിത ശൈലി രോഗങ്ങൾ എന്നിവയെല്ലാം കൂടുതലായി കണ്ടുവരുന്നത് സ്ത്രീകളിലാണ്. പ്രമേഹവും ഹൃേദ്രോഗവും സ്ത്രീകൾക്ക് വരില്ലെന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ഡബിൾ റോൾ ചെയ്യുന്ന സ്ത്രീയുടെ ജോലിഭാരവും തുടർന്നുള്ള മാനസിക സമ്മർദ്ദവും ശാരീരിക വ്യായാമമില്ലായ്മയും അവരിൽ പ്രമേഹസാധ്യത കൂട്ടുന്നു. കൂടാതെ വിഷാദം, ഹൈപ്പർ ടെൻഷൻ പോലുള്ള മാനസിക വൈകല്യങ്ങളും അവരിൽ കണ്ടുവരുന്നു.
വീട്ടുജോലി, കുട്ടികളെ സ്കൂളിൽ വിടൽ, ഭർത്താവിന് ഓഫീസിലേക്കുവേണ്ട ഭക്ഷണം പാത്രത്തിലാക്കൽ.... തിരക്കുകൾ തീരാകാകുമ്പോഴേക്കും ഓഫീസിൽ പോകാൻ സമയമാകും. പിന്നെ പ്രഭാതഭക്ഷണം കഴിക്കാൽ ഒഴിവാക്കി, വെറും ചായയോ വെള്ളമോ കുടിച്ച് ഓടും. വൈകിട്ട് തിരിച്ചെത്തിയാലും പണിത്തിരക്കുകൾ. ഇതിനിടെ അവർ സ്വന്തം ഭക്ഷണകാര്യവും വിശ്രമവും മറക്കും. രാത്രി വൈകിയുള്ള ഉറക്കവും. പച്ചക്കറികളും ഇലക്കറികളുമൊന്നും അടുപ്പിക്കാറേയില്ല, നന്നാക്കി അരിഞ്ഞെടുക്കാൻ കൂടുതൽ സമയം വേണ്ടേന്ന് ചോദിക്കുന്നവരുമുണ്ട്. അനീമിയ അഥവാ വിളർച്ച ,രക്തക്കുറവ്, അസ്ഥിക്ഷയം 90 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നതിെൻ്റ കാരണം ഇതെല്ലാം തന്നെയാണ്. പോഷകസമൃദ്ധമായ ഭക്ഷണം, വിശ്രമം എന്നിവയുടെ കുറവ്.
ജോലി ചെയ്യുന്ന സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം മികച്ചതാക്കാൻ ചെയ്യേണ്ടത് അവർ കൃത്യമായ ടൈംടേബിളിൽ ദിനചര്യകൾ ക്രമീകരിക്കുക എന്നതാണ്. മാനസിക ശാരീരിക ഉന്മേഷം വീണ്ടെടുക്കാൻ രാവിലെ നേരത്തെ എഴുന്നേറ്റ് യോഗ പോലുള്ള വ്യായാമം ചെയ്യുക. ശേഷം ശുദ്ധമായ വെളത്തിൽ കുളിച്ച് വീട്ടുജോലികൾ ചെയ്തു തീർക്കാം. രാത്രി നേരത്തെ ഉറങ്ങാനും ശ്രദ്ധിക്കണം. വീട്ടുപണികൾ തീർത്ത് അർധ രാത്രി വരെ ടി.വി കണ്ട ശേഷം ഉറങ്ങുന്ന ശീലമാണെങ്കിൽ രാവിലെ ഉണരാൻ കഴിയില്ല. വിശ്രമവും നിദ്രയുമില്ലാത്ത അവസ്ഥയാണ് മാനസിക പിരിമുറുക്കത്തിനും പല ജീവിതശൈലി രോഗങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ ആരോഗ്യത്തെ കൂടി പരിഗണിക്കണം. പെട്ടന്ന് തയാറാക്കാൻ കഴിയുന്നത്, രുചിയുള്ളത് എന്നീ ഘടകങ്ങളിൽ നിന്നും മാറി പോഷകാംശമുള്ളവയെ സ്വീകരിക്കാം. ഫാസ്റ്റ് ഫുഡ്, എണ്ണയിൽ പൊരിച്ചെടുത്തവ, കൃത്രിമപാനീയങ്ങൾ എന്നിവയെ അടുക്കളയിൽ നിന്നും പുറത്താക്കിയാൽ നിങ്ങളുടെ കുടുംബം മുഴുവൻ പൂർണ ആരോഗ്യത്തോടിരിക്കും. ഭക്ഷണത്തിെൻ്റ അളവും പ്രധാനമാണ്. ബാക്കിവരുന്ന ഭക്ഷണം പാഴാക്കണ്ടല്ലോ എന്നു കരുതി, സ്വന്തം വയറ്റിൽ കുത്തിത്തിരുകുന്ന സ്ത്രീകളുണ്ട്.ഇതും ഒഴിവാക്കേണ്ട ശീലമാണ്.
![Fast-Food-Eating Fast-Food-Eating](https://www.madhyamam.com/sites/default/files/Fast-Food-Eating.jpg)
പണ്ട്കാലത്ത് സ്ത്രീകൾ ചായ, കാപ്പി, എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ എന്നിവ അമിതമായി ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഇന്ന് പുറത്തിറങ്ങുന്ന അവരും ഇത്തരം ശീലങ്ങളിലേക്ക് മാറി. അതുകൊണ്ടു തന്നെ ക്രമമല്ലാത്ത ആർത്തവം, പി.സി.ഒ.ഡി (പോളിസിസ്റ്റിക് ഓവേറിയൻ സിൻേഡ്രാം), പുരുഷ ഹോർമോണിെൻ്റ അളവു വർധിക്കൽ എന്നിവയില്ലാത്ത യുവതികളില്ല. മേദസ് അഥവാ കൊഴുപ്പ് കൂടുന്നതാണ് ഇതിെൻ്റ പ്രധാന കാരണം. ശരിയല്ലാത്ത ഭക്ഷണ ക്രമവും വ്യായാമക്കുറവും തന്നെയാണ് ഇവിടെയും വില്ലൻ. ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിത അവസ്ഥയാണ് ഇത്തരം അസുഖങ്ങൾക്ക് കാരണമാകുന്നത്. ക്രമരഹിതമായ ആർത്തവം പ്രശ്നമാകുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ഹോർമോൺ കോമ്പിനേഷനുകൾ ഉപയോഗിക്കുയാണ് പതിവ്. എന്നാൽ, ദീർഘനാൾ ഹോർമോൺ ഗുളികകൾ തുടരുന്നത് വന്ധ്യത, ഹൃദ്രോഗം പോലുള്ളവക്ക് കാരണമാകും. ഈ അവസ്ഥകളിൽ ഭക്ഷണവും, വ്യായാമവും ചിട്ടപ്പെടുത്തുക എന്നതു തന്നെയാണ് ചെയ്യേണ്ടത്.
സ്താനാർബുദം സ്ത്രീകളിൽ അധികരിക്കുന്നതും ഹോർമോൺ ഇംമ്പാലൻസ് മൂലമാണ്. വിറ്റാമിൻ എയുടെ കുറവ്, അമിത കൊഴുപ്പുള്ള ആഹാരങ്ങൾ, മുലയൂട്ടൽ കുറഞ്ഞത്, ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അധികം ശരീരത്തിലെത്തുന്ന ഹോർമോൺ എന്നിവ പ്രധാന കാരണങ്ങളാണ്. ആയുഷ്കാമീയത്തിൽ ഗുരുവായുള്ള (പെട്ടന്ന് ദഹിക്കുന്നവ) ഭക്ഷണം വയറിെൻ്റ പകുതി അഥായത് വിശപ്പുമാറാനുള്ളത് മാത്രം കഴിക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപാദിക്കുന്നത്. വയറിെൻ്റ അരഭാഗം ഭക്ഷണവും കാൽ ഭാഗം വെള്ളവും കാൽ ഭാഗം വായുവുമായിരിക്കണം എന്ന് ആയുർവേദം. എന്നാൽ രാവിലെയുള്ള തിരക്കിൽ പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് ഓഫീസിലേക്ക് ഓടുന്നവർ ഇടവേളക്ക് എണ്ണപലഹാരവും ചായയും ഉച്ചക്ക് പാത്രത്തിലാക്കിയ ഭക്ഷണവും വൈകിട്ട് വയറുനിറഞ്ഞ് കവിയുന്നതുവരെ ഫാസ്റ്റ്ഫുഡും കഴിക്കുന്നു. ഇതിൽ ഏതാണ് ആരോഗ്യകരമായിട്ടുള്ളത്?
![Tea-at-Office. Tea-at-Office.](https://www.madhyamam.com/sites/default/files/Tea-at-Office.jpg)
കൃത്യസമയത്ത് ഭക്ഷണം കഴിയാത്തതുമൂലം ഉദരസംബന്ധമായ അസുഖങ്ങൾ കൂടുന്നതും വർക്കിങ് വുമൻ ഗ്രൂപ്പിലാണ്. ഗ്യാസ്ട്രബിൾ, അൾസർ, അസിഡിറ്റി, മലബന്ധം, മൂലക്കുരു തുടങ്ങിയ പ്രശ്നങ്ങളെല്ലാം സമയരകമമില്ലാത്തതും മോശവുമായ ഭക്ഷണശീലത്തിൽ നിന്നും വരുന്നതാണ്. മലബന്ധം, മൂലക്കുരു എന്നീ അസുഖങ്ങൾ യുവതികളിൽ തന്നെ കണ്ടുവരുന്നുണ്ട്. സാധാരണയായി പ്രായമാകുമ്പോൾ മലാശയത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ച് വിസർജ്യത്തെ പുറത്തേക്കു തള്ളാൻ കഴിയാതെ വരുമ്പോഴാണ് മലബന്ധമുണ്ടാകുന്നത്. മാംസാഹാരങ്ങളുടെ അമിത ഉപയോഗം, എണ്ണയിൽ പൊരിച്ച പലഹാരങ്ങൾ, ലഹരി ഉൽപന്നങ്ങൾ എന്നിവയുടെ ഉപഭോഗം സ്ത്രീകളിലും കൂടിയതിനാൽ ചെറുപ്രായത്തിൽ തന്നെ ഇത്തരം അസുഖങ്ങൾ അവരിലുമെത്തുന്നു. സമയക്കുറവുമൂലം മല വിസർജനത്തിന് ഇരിക്കാൻ മടിക്കുന്നതും കാരണം തന്നെ.
തിരക്കിനിടയിൽ ഭക്ഷണത്തിനൊപ്പം വിട്ടുകളയുന്ന ഒന്നാണ് വെള്ളംകുടിക്കൽ. സ്ത്രീകൾ ആരോഗ്യത്തോടിരിക്കാൻ പകൽ സമയത്ത് 8 തവണ വരെയും രാത്രി 2 തവണയും മൂത്രമൊഴിക്കണം. എന്നാൽ മൂത്രമൊഴിക്കേണ്ട മടിക്ക് വെള്ളം കുടി ഒഴിവാക്കും. വേഗങ്ങളെ തടുക്കരുതെന്നാണ് ആയുർവേദ ശാസ്ത്രം. മതിയായ ടോയ്ലറ്റ് സൗകര്യങ്ങളുടെ അഭാവം മൂത്രശങ്കക്ക് തടയിടുമ്പോൾ അണുബാധ, മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ കല്ല് എന്നിങ്ങനെയുള്ള മൂത്രാശയ രോഗങ്ങളാണ് പിടികൂടുന്നത്. വെള്ളം തിളപ്പിക്കുമ്പോൾ മണവും നിറവും കിട്ടാനിടുന്ന പൊടികൾക്ക് പകരം ജീരകം, മല്ലി, ചുക്ക് എന്നിവ ചേർത്താൽ ദഹനത്തിനും മൂത്രാശയ ശുദ്ധിക്കും നല്ലതാണ്. മൂത്രസംബന്ധമായ അസുഖങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് ഞെരിഞ്ഞിലോ ബാർലിയോ ഇട്ട് തിളപ്പിച്ച വെള്ളം.
ഭക്ഷണത്തിൽ ശ്രദ്ധിക്കാം
- കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
- ചുവന്ന മുളക്, മസാലകൾ, ഈസ്റ്റ്, സോഡാപ്പൊടി പോലുള്ളവ, ഈസി ടു കുക്ക് ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം കുറക്കുക.
- കൃത്രിമ പാനീയങ്ങൾ, ബേക്കറി പലഹാരങ്ങൾ, എണ്ണ പലഹാരങ്ങൾ, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കാം
- ചുവന്നമുളകിന് പകരം പച്ചമുളക്, കാന്താരി മുളക്, കുരുമുളക് എന്നിവ ഉപയോഗിക്കാം
- ഭക്ഷണം പാകം ചെയ്യുമ്പോൾ ജീരകം, കായം, ചുക്ക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഉൾപ്പെടുത്താം. ഗ്യാസ്ട്രബിൾ വരാതിരിക്കാനും ദഹനം എളുപ്പത്തിലാക്കാനും ഇവക്ക് കഴിയും.
- മുരങ്ങയില, ചീര, തവിഴാമ, തകര പോലുള്ള പ്രകൃതിദത്തമായ ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ഉദരരോഗങ്ങളെ ചെറുക്കും. തവിഴാമ കരൾ സംബന്ധമായ അസുഖങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്.
- പഞ്ചസാര ഉപയോഗം കുറച്ച് പകരം ശർക്കര, കൽക്കണ്ടം എന്നിവ ഉപയോഗിക്കാം. ശർക്കര ധാരാളം ഇരുമ്പു സത്ത് അടങ്ങിയതിനാൽ വിളർച്ചയെ പ്രതിരോധിക്കും.
- ചെറിയ ഉള്ളി ഉദരപ്രശ്നങ്ങളെ ചെറുക്കുന്നതാണ്. രക്തവർധനവിനും ഇള്ളി നല്ലതാണ്.
- ഉലുവ ശരീരബലത്തിന് ഉചിതമാണ്.
- തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ജലദോഷം, തുമ്മൽ പോലുള്ള ബുദ്ധിമുട്ടുകളെ ഇല്ലാതാക്കും.
- എണ്ണപലഹാരങ്ങളോ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങളോ കഴിച്ചാൽ ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയുമിട്ട മോര് കഴിക്കുന്നത് നല്ലതാണ്.
- മോര്, തൈര് എന്നിവ മലബന്ധം, മൂലക്കുരു പോലുള്ള അസുഖങ്ങളെ തടയും.
- കൃത്രിമ പൊടികളിട്ട് വെള്ളം തിളപ്പിക്കുന്നതിനു പകരം ജീരകം, മല്ലി, ചുക്ക്, ഞെരിഞ്ഞിൽ എന്നിവ ഉപയോഗിക്കാം.
- ഉപ്പിെൻ്റ അമിത ഉപയോഗം കുറക്കുക.
![exercise exercise](https://www.madhyamam.com/sites/default/files/exercise_0.jpg)
വ്യായാമം
ദിവസത്തിൽ 18 മണിക്കൂറും ജോലികൾ ചെയ്തു കൊണ്ടേയിരിക്കുന്നു, പിന്നെ എങ്ങനെയാ വ്യായമമില്ലെന്ന് പറയുകയെന്നാണ് പലരുടെയും ചോദ്യം. നിങ്ങൾ 24 മണിക്കൂറും ജോലി എടുത്താലും അത് വ്യായാമമായി പരിഗണിക്കാൻ കഴിയില്ല. ശരീരത്തിെൻ്റ എല്ലാ ഭാഗങ്ങൾക്കും പേശികൾക്കും ഉത്തേജനവും ഉണർവും കിട്ടുന്ന കായികപ്രവർത്തിയാണ് വ്യായാമം. മടുപ്പിനെയും ക്ഷീണത്തെയും മാറ്റാൻ പറ്റിയ ഔഷധമാണ് വ്യായാമം. അതിനായി പ്രത്യേക സമയം നീക്കിവെച്ച് ശ്രദ്ധയോടെ ചെയ്യുമ്പോൾ മാത്രമേ ആരോഗ്യത്തിന് ഗുണകരമായി ഭവിക്കുന്നുള്ളൂ. പോസ്റ്റ്വുമൻ ജോലിയുള്ളയാൾ 8 മണികൂർ ജോലിക്കിടെ 6 മണിക്കൂർ നടക്കുന്നുണ്ടെങ്കിലും അത് വ്യായാമമാകില്ല. മറിച്ച് ശരീരത്തെ മോശമായി ബാധിക്കുകയും ചെയ്യും. ശരീരത്തിലെ എല്ലാ പേശികൾക്കും ആയാസം കിട്ടുന്ന വ്യായാമങ്ങൾ വേണം ചെയ്യാൻ. യോഗ വീട്ടിലിരുന്ന് ചെയ്യാവുന്ന നല്ല വ്യായാമമാണ്.
ധ്യാനം, പ്രാണായാമം പോലുള്ളവ ഉല്ലാസത്തിനും വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറക്കുന്നതിനും ഉചിതമാണ്. പ്രണായാമം ചെയ്യുമ്പോൾ തലച്ചോറിലേക്ക് കടക്കുന ഓക്സിജൻ അളവ് കൂടുതലായതിനാൽ മൈേഗ്രൻ അഥവാ ചെന്നികുത്ത് പോലുള്ള ബുദ്ധിമുട്ടുകളും കുറയും.
![Couple Couple](https://www.madhyamam.com/sites/default/files/Couple_0.jpg)
ദാമ്പത്യം
പങ്കാളിയുമൊത്തുള്ള സന്തുഷ്ട ജീവിതം പകുതി അസുഖങ്ങളെ അകറ്റി നിറത്തും. ലൈംഗികമായ ഇടപെടലുകളിൽ നിന്നുണ്ടാകുന്ന ഉത്തേജനവും സ്ത്രീയുടെ ആരോഗ്യത്തിൽ പ്രധാന പങ്കുണ്ട്. ഉറക്കമില്ലായ്മ, വിഷാദം, മാനസിക പിരിമുറുക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് തടയിടുന്നതാണ് പങ്കാളിയുമായുള്ള സഹകരണം. തുറന്ന പെരുമാറ്റം, സംഭാഷണങ്ങൾ, സ്പർശനം, സ്നേഹം, കരുതൽ എന്നിവ ഉൾക്കൊണ്ടാൽ സൗഖ്യമുണ്ടാകും.
തയാറാക്കിയത്: വി.ആർ ദീപ്തി
കടപ്പാട്
ഡോ. ആര്യാദേവി
കൺസൽട്ടിങ് ചീഫ്
‘സുകൃതം’ ആയുർവേദ ചികിത്സാലയം
മാങ്കാവ്, കോഴിക്കോട്
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.