ഹൃദയാരോഗ്യസംരക്ഷണത്തിനായി ആയുർവേദം
text_fieldsആരോഗ്യകരമായ ഹൃദയം സമഗ്രമായ ആരോഗ്യത്തിനും ദീർഘായുസ്സിനും അത്യന്താപേക്ഷിതമാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, ഹൃദയസ്തംഭന മരണങ്ങളിൽ അനുദിനം ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. അനാരോഗ്യകരവും ഉദാസീനവുമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളും രുചിയ്ക്കുമാത്രം പ്രാധാന്യം നൽകുന്ന സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗവും, ആരോഗ്യപരമായ മറ്റ് കാരണങ്ങൾ കൂടാതെ, ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
‘പ്രിവന്റീവ് കാർഡിയോളജി’ എന്ന വിഭാഗത്തിൽ ആയുർവേദ തത്വങ്ങൾ ദൈനംദിന ജീവിതത്തിൽ സമന്വയിപ്പിക്കുന്നത് ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. പുരാതനവും എന്നാൽ കാലോചിതവുമായ ആരോഗ്യശാസ്ത്രമായ ആയുർവേദം ഭക്ഷണക്രമത്തിലൂടെയും, മരുന്നുകളിലൂടെയും, മനഃശാസ്ത്രത്തിലൂടെയും, ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിനുള്ള മൂല്യവത്തായ ജ്ഞാനം പ്രദാനം ചെയ്യുന്നു.
ആയുർവേദം വിവരിക്കുന്ന ഹൃദ്രോഗ കാരണങ്ങൾ
ആയുർവേദം ഹൃദയാരോഗ്യത്തിനായി രോഗപ്രതിരോധം, ശാരീരികവും വൈകാരികവുമായ സന്തുലിതാവസ്ഥ, എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ പരസ്പരബന്ധം മനസ്സിലാക്കുന്നതിലൂടെ, വ്യക്തികൾക്ക് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ജീവിതശൈലി മാറ്റങ്ങൾ സ്വീകരിക്കാൻ കഴിയും.
ഹൃദയം അവബോധത്തിൻ്റെയും ജീവശക്തിയുടെയും കേന്ദ്രമായ ചേതനാസ്ഥാനമായി കണക്കാക്കപ്പെടുന്നു. ശാരീരിക ആരോഗ്യത്തെ മാനസികവും ആത്മീയവുമായ ക്ഷേമവുമായി ബന്ധിപ്പിക്കുന്ന പ്രാണപ്രവാഹത്തിൽ ഹൃദയത്തിന്റെ പ്രവർത്തനത്തിന് പങ്കുണ്ട്. അനാഹത ചക്രം മുഖേന ഹൃദയവും സൂക്ഷ്മ ശരീരവുമായി സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു. ശരീരത്തിൽ പോഷകങ്ങളും ഊർജ്ജവും സഞ്ചരിക്കുന്ന സ്രോതസ് എന്നറിയപ്പെടുന്ന മാർഗങ്ങളുടെ ശരിയായ പ്രവർത്തനം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇവയിലുണ്ടാകുന്ന തടസങ്ങൾ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം.
ശാരീരിക ദോഷങ്ങളായ വാത പിത്ത കഫങ്ങളുടെ അസന്തുലിതാവസ്ഥ, ഉയർന്ന രക്തസമ്മർദ്ദം, ക്രമരഹിതമായ ഹൃദയതാളം, ഇൻഫ്ളമേഷൻ, കൊളസ്ട്രോൾ പ്രശ്നങ്ങൾ, അമിത വണ്ണം, മെറ്റബോളിസത്തിൽ ഉണ്ടാകുന്ന തകരാറുകൾ, പ്ലാക്ക് അടിഞ്ഞുകൂടൽ, അലസത തുടങ്ങിയ പ്രധാന ലക്ഷണങ്ങളോടുകൂടി ഹൃദയത്തിന്റെ പ്രവർത്തന വൈകല്യങ്ങൾക്കു നിദാനമാകുന്നു.
തെറ്റായ ജീവിത രീതികളാൽ ചീത്ത കൊളസ്ട്രോളും, കൊഴുപ്പ് ഉണ്ടാക്കുന്ന വസ്തുക്കളും ക്രമേണ രക്തക്കുഴലുകൾക്കുള്ളിൽ പറ്റിപ്പിടിച്ചു കനത്ത ആവരണം അഥവാ പ്ലാക്ക് ഉണ്ടാക്കുന്നു, ഇത് വിവിധ അവയവങ്ങളിലേക്കും കലകളിലേക്കുമുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നു. ഈ അവസ്ഥ രക്തക്കുഴലുകളുടെ വഴക്കം ഇല്ലാതാക്കുന്നതു മൂലം സമ്മർദ്ദത്തിലേക്കു നയിക്കുകയും ചെയ്യും. ഹൃദയപേശികൾക്ക് രക്തമേകുന്ന കൊറോണറി ധമനികളുടെ ഈ സങ്കോചമോ തടസ്സമോ ഹൃദയത്തിന്‍റെ ശരിയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, അതിന്‍റെ ഫലമായി നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കിൽ ഹൃദയാഘാതം പോലും ഉണ്ടാകുന്നു.
ഹൃദയാരോഗ്യത്തിനായി സ്വീകരിക്കേണ്ട ജീവിതശൈലി
●ഹൃദയ-ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക:
ഹൃദയാരോഗ്യകരമായ ഭക്ഷണക്രമം ആയുർവേദ ചികിത്സയിൽ അനിവാര്യമാണ്. വൈവിധ്യമാർന്ന നിറങ്ങളിലും തരങ്ങളിലും ലഭ്യമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും ആന്റിഓക്സിഡന്റ് ഘടകങ്ങളാൽ സമ്പുഷ്ടമായതിനാൽ ഹൃദയാരോഗ്യത്തിനു അനുകൂലമാണ്. തവിടുകളയാത്ത അരി,ഓട്സ്, ബാർലി തുടങ്ങിയ ധാന്യങ്ങൾ നിത്യവും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവയിലടങ്ങിയിരിക്കുന്ന നാരുകളും കോംപ്ലക്സ് അന്നജവും ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ ശുദ്ധമായ നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ ഹിതകരമായ കൊഴുപ്പ് അടങ്ങിയ എണ്ണകൾ പാചകത്തിനായി ഉപയോഗിക്കുക. ഒമേഗ 3 കൊഴുപ്പുകളടങ്ങിയ മത്സ്യം, ബദാം, വാൽനട്ട് എന്നിവ നിത്യേന കഴിക്കാം. ഇവ HDL കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും ഹിതകരമല്ലാത്ത LDL കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
പയറുവർഗങ്ങളും കൊഴുപ്പില്ലാത്ത പാലുൽപ്പന്നങ്ങളും ഹൃദ്രോഗികളുടെ ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യും.
പാചകത്തിൽ ഹൃദയാരോഗ്യത്തെ നിലനിർത്തുവാൻ സഹായകമായ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളായ കായം, മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുക. ഇവ സ്വാഭാവിക രക്തം നേർപ്പിക്കുന്ന ഗുണങ്ങളുള്ളതിനാൽ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഇൻഫ്ളമേഷൻ, അമിതരക്ത സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കുന്നതും ഒപ്പം ശരിയായ ദഹനവും പോഷകമൂല്യങ്ങളുടെ ആഗിരണവും ഉറപ്പുവരുത്തുന്നു. ആരോഗ്യമുള്ള ഹൃദയം നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്. രോഗിയുടെ ശാരീരിക അധ്വാനവും കാലാവസ്ഥയും അടിസ്ഥാനമാക്കി ദിവസവും കുറഞ്ഞത് 8-12 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ടതുണ്ട്.
കൂടാതെ സ്ഥിരമായ ഭക്ഷണ സമയം ദിവസവും പാലിക്കേണ്ടതുണ്ട്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെയും മെറ്റബോളിസത്തെയും സഹായിക്കുന്നു.
ട്രാൻസ് ഫാറ്റ്, പഞ്ചസാര, കൃത്രിമ അഡിറ്റീവുകൾ എന്നിവ അടങ്ങിയ സംസ്കരിച്ച ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആഹാരത്തിൽ ഉപ്പിന്റെ അളവും നിയന്ത്രിക്കേണ്ടതുണ്ട്. മുതിർന്നവരിൽ ദിവസവും കഴിക്കുന്ന ഉപ്പിന്റെ അളവ് 3-4 ഗ്രാമിൽ താഴെയായി പരിമിതപ്പെടുത്തുക.
ശാരീരിക ബലം , രോഗപ്രതിരോധശേഷി എന്നിവയുടെ സൂക്ഷ്മമായ സത്തയായ ഓജസിന്റെ സ്ഥാനമാണ് ഹൃദയം.ശരിയായ ദഹനത്തിൻ്റെയും പോഷണത്തിൻ്റെയും അന്തിമ ഉൽപ്പന്നമാണ് ഓജസ്. അതിനാൽത്തന്നെ ഓജസിൻ്റെ ഗുണം അഗ്നിയുടെ ശക്തിയുടെ നേരിട്ടുള്ള പ്രതിഫലനമാണ്. ശ്രദ്ധയോടെ ഭക്ഷണം കഴിക്കുകയും കൃത്യമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്യുമ്പോൾ അഗ്നി ശക്തിപ്പെടുന്നു. ഇത് ശരീരത്തിന്റെ പരമമായ തേജസ്സ് ആയ ഓജസ്സിനെ വർദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി നൽകുകയും ചെയ്യും.
പ്രസിദ്ധമായ ആയുർവേദ ഉൽപ്പന്നമായ ച്യവനപ്രാശത്തിൽ ഹൃദയ സംബന്ധമായ ഗുണങ്ങൾക്ക് പേരുകേട്ട നെല്ലിക്ക, അശ്വഗന്ധ, ദശമൂലം എന്നിവയുൾപ്പെടെയുള്ള ഔഷധദ്രവ്യങ്ങൾ അടങ്ങിയിരിക്കുന്നു. വൈദ്യ നിർദേശപ്രകാരം ച്യവനപ്രാശത്തിന്റെ ഉപയോഗം ഹൃദയാരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സമഗ്രമായ ആരോഗ്യത്തെ പരിപോഷിപ്പിക്കാനും സഹായിക്കും.
●ലഹരിവസ്തുക്കൾ ഒഴിവാക്കുക
മദ്യം, പുകവലി, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഹൃദ്രോഗ സാധ്യതയെ പതിന്മടങ്ങാക്കുന്നതിനാൽ അവയെ പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്.
●ഉചിതമായ വ്യായാമം
ശരിയായ വ്യായാമം
●ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തി ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.
●അഗ്നിയെ ഉത്തേജിപ്പിച്ചു ദഹനം മെച്ചപ്പെടുത്തുന്നു.
●ശരീരത്തിലെ വിഷാംശങ്ങളുടെ ശരിയായ ഉന്മൂലനം പ്രോത്സാഹിപ്പിക്കുന്നു.
●പ്രാണന്റെ ചംക്രമണം ഉറപ്പുവരുത്തുന്നു.
●ഓജസിനെ സംരക്ഷിക്കുന്നു.
നടത്തം, സൈക്ലിംഗ്, അല്ലെങ്കിൽ നൃത്തം തുടങ്ങിയ എയറോബിക് വ്യായാമങ്ങൾ ദിവസവും 30 മിനിട്ടു വീതം ആഴ്ചയിൽ അഞ്ച് തവണ ഉൾപ്പെടുത്തുക. ഇത്തരം വ്യായാമങ്ങൾ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. വ്യായാമം ശരീരത്തിലും മനസ്സിലും അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കും.നമ്മുടെ ശാരീരികശേഷിയുടെ അമ്പത് ശതമാനം വരെ ഉപയോഗപ്പെടുത്തി വ്യായാമം ചെയ്യണമെന്ന് ആയുർവേദം ശുപാർശ ചെയ്യുന്നു. ഓട്ടം, സൈക്ലിംഗ്, നീന്തൽ, ജിമ്മിലെ കാർഡിയോ വർക്കൗട്ടുകൾ തുടങ്ങിയ വ്യായാമങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഹൃദ്രോഗികൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം.
ജോലിസംബന്ധമായിപ്പോലും ദീർഘനേരം ഇരിക്കുന്നത് ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ തുടർച്ചയായി 30 മിനിറ്റിൽ കൂടുതൽ ഇരിക്കാതെ ലഘുവായ സ്ട്രെച്ചിങ് വ്യായാമങ്ങളിലേർപ്പെടുക.
●യോഗ, പ്രാണായാമം,ധ്യാനം - ഹൃദയത്തിനായി മാനസിക വ്യായാമങ്ങൾ
യോഗ ഒരു ശാരീരിക വ്യായാമം മാത്രമല്ല, മനസ്സിനും ശരീരത്തിനും ആത്മാവിനും ഗുണം ചെയ്യുന്ന ഒരു സമഗ്ര പരിശീലനമാണിത്. ഭുജംഗാസനം, സേതു ബന്ധാസനം തുടങ്ങിയ ആസനങ്ങൾ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും വഴക്കം വർദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സൂര്യ നമസ്കാരം സമഗ്രമായ ശാരീരികക്ഷമതയ്ക്ക് അത്യുത്തമവും ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.
മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്നതിനുള്ള ശക്തമായ ഉപകരണമാണ് ശ്വസന വ്യായാമങ്ങൾ. പ്രാണായാമം ശ്വസനത്തെ സന്തുലിതമാക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നാഡിശുദ്ധി പ്രാണായാമം, ഭ്രമരി തുടങ്ങിയ പ്രാണായാമ മുറകൾ വിദഗ്ദ്ധ ശിക്ഷണത്തിൽ പരിശീലിക്കുന്നത് ഊർജ്ജത്തെ സന്തുലിതമാക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.
ധ്യാനം സമ്മർദ്ദത്തിൻ്റെ തോത് ഗണ്യമായി കുറയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് നിർണായകമാണ്. മനസ്സിനെ ശാന്തമാക്കാനും ശ്വാസകോശ ശേഷി മെച്ചപ്പെടുത്താനും ഹൃദയത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ധ്യാനം സഹായിക്കും. ദിവസവും 10-20 മിനിറ്റ് ധ്യാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ഉത്കണ്ഠ കുറയ്ക്കുകയും റിലാക്സേഷൻ നൽകുകയും ചെയ്യും.
●ആവശ്യത്തിന് വിശ്രമം
വ്യായാമത്തോടൊപ്പം പ്രാധാന്യമേറിയതാണ് ശരിയായ വിശ്രമം. ഹൃദയാരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്. മുതിർന്നവർ കുറഞ്ഞത് 6 -8 മണിക്കൂർ ഉറക്കം ഉറപ്പു വരുത്തേണ്ടതുണ്ട്. സർക്കാഡിയൻ റിഥം ക്രമീകരിക്കുന്നതിന് ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. ഉറങ്ങുന്നതിനു മുൻപ് ചെറു ചൂട് വെള്ളത്തിൽ കുളിക്കുന്നത് പേശികൾക്കും മനസ്സിനും വിശ്രമം നൽകും. വൈകാരിക അസ്വസ്ഥതയോ തീവ്രമായ ശബ്ദങ്ങളോ ടെലിവിഷനോ തുടങ്ങിയ ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലുകൾ ഇല്ലാത്ത ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ ഉറക്കം തിരഞ്ഞെടുക്കുക.
●മികച്ച സാമൂഹികജീവിതം നിലനിർത്തുക
ഹൃദയാരോഗ്യത്തിനായി വൈകാരികമായ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ വളർത്തുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. വൈകാരിക ക്ഷേമം വർദ്ധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും കഴിയുന്ന കുടുംബ-സുഹൃദ് സംഗമങ്ങൾ, പ്രാദേശിക ഇവൻ്റുകൾ, സന്നദ്ധപ്രവർത്തനം, നിങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന ക്ലബ്ബുകൾ എന്നിവയ്ക്കായി സമയം കണ്ടെത്തുക.
ഹൃദ്രോഗപ്രതിരോധത്തിനായുള്ള ആയുർവേദ ടിപ്സ്
●വെളുത്തുള്ളി ഒരു തുടം (ശ്രദ്ധിക്കുക- ഒരു ഇതളല്ല, ഒരു മുഴുവൻ വെളുത്തുള്ളി), 15 ഗ്രാം ഇഞ്ചി എന്നിവ ചെറുതായി നുറുക്കി 2 ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ്സാക്കി വറ്റിച്ചു അരിച്ചെടുക്കുക. ഇതിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത നീര് ചേർത്തു ദിവസവും രാവിലെ ആഹാരത്തിനു മുൻപ് കഴിക്കുക. Hyperacidity, Gastritis ഇവയുള്ളവർ ആഹാരത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത്.
●10 ഗ്രാം നീർമരുത് (Terminalia arjuna) പൊടിച്ചു 4 ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ചു അര ഗ്ലാസ്സാക്കി വറ്റിച്ചു അരിച്ചെടുത്തു ദിവസവും ഒരുനേരം കുടിക്കുന്നത് തുടർച്ചയായി ശീലമാക്കുക. മറ്റേതെങ്കിലും രോഗങ്ങൾക്കു മരുന്നുപയോഗിക്കുന്നവർക്കും ഇതു തുടരാവുന്നതാണ്.
●ആരോഗ്യത്തിനനുസൃതമായി, ദിവസവും 20 മിനിറ്റെങ്കിലും നടക്കുന്നത് ശീലമാക്കുക.
●കഴിയുന്ന തരത്തിൽ ദിവസവും ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക.
●മാനസികമായി സന്തോഷം കിട്ടുന്ന സാഹചര്യങ്ങളിൽ ജീവിക്കുക. മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് സന്തോഷകരവും സംതൃപ്തി നൽകുന്നതുമായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഹൃദയാരോഗ്യത്തെ ഊർജ്ജസ്വലമാക്കാൻ പിന്തുണയ്ക്കും.
●പ്രമേഹം ആരംഭിച്ചു 5 വർഷങ്ങൾ കഴിഞ്ഞ രോഗികൾ, എല്ലാവർഷവും ഹൃദയ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുക.
ഭക്ഷണക്രമം, വ്യായാമം, സ്ട്രെസ് മാനേജ്മെൻ്റ്, വൈകാരിക ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ആയുർവേദ ജീവിതശൈലി സ്വീകരിക്കുന്നത് ഹൃദയാരോഗ്യത്തെയും ജീവിത നിലവാരത്തെയും ആഴത്തിൽ സ്വാധീനിക്കും. നിങ്ങളുടെ ദിനചര്യയിലെ ചെറിയ, ശ്രദ്ധാപൂർവമായ മാറ്റങ്ങൾ ശാശ്വതമായ നേട്ടങ്ങളിലേക്ക് നയിക്കും.ആരോഗ്യകരമായ ഹൃദയത്തിലേക്കും കൂടുതൽ ഊർജസ്വലമായ ജീവിതത്തിലേക്കും നിങ്ങളുടെ യാത്ര ആയുർവേദത്തോടൊപ്പം ആരംഭിക്കുക.ഓർമ്മിക്കുക, സ്ഥിരത പ്രധാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.