വിലക്കു വാങ്ങാം നിർമിത ഹൃദയവും; ആദ്യ വിൽപന നടത്തി ഫ്രഞ്ച് കമ്പനി, വില 1.3 കോടി
text_fieldsപാരിസ്: മനുഷ്യ ജീവിതവും വ്യവഹാരങ്ങളും കൂടുതൽ ലളിതമാക്കി നിർമിത ബുദ്ധി അഥവാ ആർടിഫിഷ്യൽ ഇന്‍റലിജൻസ് നമ്മോടോപ്പം കൂട്ടുകൂടിയിട്ട് ഏറെയായി. സങ്കീർണത ആവശ്യപ്പെടുന്ന ബൗദ്ധിക ഇടപെടലുകൾക്ക് നിർമിത ബുദ്ധിയുടെ സഹായം കൂടാതെ കഴിയില്ല. എന്നാൽ, ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയവും കൃത്രിമമായി നിർമിച്ച് ശരീരത്തിൽ ഘടിപ്പിച്ചാൽ പ്രവർത്തനം സുഗമമാകുമോ? ഹൃദ്രോഗം ലോകത്തുടനീളം മനുഷ്യന് വെല്ലുവിളി ഉയർത്തുന്ന കാലത്ത് അതും സാധ്യമെന്ന് തെളിയിക്കുകയാണ് ഫ്രഞ്ച് കമ്പനി.
കൃത്രിമ അവയവ നിർമാണ രംഗത്തെ സാന്നിധ്യമായ ഫ്രഞ്ച് കമ്പനി 'കാർമറ്റ്' ആണ് ആദ്യമായി വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച കൃത്രിമ ഹൃദയം വിൽപന നടത്തിയത്. രോഗിയുടെ ഹൃദയത്തിൽ ഇത് ഘടിപ്പിക്കുകയും ചെയ്തു. 2008ൽ കമ്പനി സ്ഥാപിച്ച ശേഷം ആദ്യമായാണ് നിർമിത ഹൃദയം രോഗിയിൽ ഘടിപ്പിക്കുന്നതെന്നും ഇറ്റാലിയൻ നഗരമായ നേപിൾസിലെ അസിയൻഡ ഓസ്പെഡലിയറ ആശുപത്രിയിൽ ഡോ. സിറോ മായേല്ലായുടെ കാർമികത്വത്തിൽ വെച്ചുപിടിപ്പിക്കൽ പൂർത്തിയായതായും കമ്പനി അറിയിച്ചു.
നിർമിത ഹൃദയ നിർമാണത്തിന് കമ്പനി 2020ൽ യൂറോപ്യൻ യൂനിയൻ ലൈസൻസ് നേടിയിരുന്നു. രോഗിക്ക് അഞ്ചു വർഷം വരെ അധിക ആയുസ്സ് നൽകാൻ ശേഷിയുള്ളതാണ് കൃത്രിമ ഹൃദയമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏകദേശം 1.3 കോടിയിലേറെ രൂപയാണ് കൃത്രിമ ഹൃദയത്തിന് ചെലവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ൽ 11 രോഗികളിൽ കമ്പനി നടത്തിയ പരീക്ഷണങ്ങളിൽ ആറു മാസം വരെ രോഗികൾക്ക് അധിക ആയുസ്സ് ലഭിച്ചെന്നാണ് കണ്ടെത്തൽ. സാധാരണ മനുഷ്യ ഹൃദയത്തെക്കാൾ ഭാരം കൂടുതലാണ് നിർമിത ഹൃദയത്തിന്. ഒരു കിലോയോളം വരും. ഇതിന്‍റെ മൂന്നിലൊന്നേ മനുഷ്യ ഹൃദയത്തിന് വരൂ. ഇറ്റലിയിലാണ് വിൽപന നടത്തിയതെങ്കിലും ജർമനി ഉൾപെടെ മറ്റു രാജ്യങ്ങളിലും ഭാവിയിൽ വിൽപന തകൃതിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.