നെഞ്ചുവേദനയെ ഭയക്കേണ്ടത് എപ്പോള്‍?
text_fieldsലക്ഷണങ്ങള്‍ നിസ്സാരവത്കരിക്കുന്നത് അപകടം. താരതമ്യേന അപകടകാരിയല്ലാത്ത അസിഡിറ്റി (ആസിഡ് റിഫ്ലക്സ് ) മുതല്‍ അതി ഗുരുതരമായ ഹൃദയാഘാതത്തിന്റെ വരെ പ്രധാന ലക്ഷണമാണ് നെഞ്ചുവേദന. അനുഭവപ്പെടുന്ന വേദനയും മറ്റു ലക്ഷണങ്ങളും ഒരു പരിധിവരെ സമാനമായതിനാല്‍, കാരണം തിരിച്ചറിയുകയെന്നത് ഏറെ പ്രയാസവുമാണ്. ജീവന് അപകടത്തിലായേക്കാവുന്ന ഹൃദയാഘാതം സംഭവിക്കുന്നതിനു മുമ്പുള്ള സൂചനയായി പലര്‍ക്കും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ അവഗണിക്കാന്‍ പാടില്ലാത്ത ഒരു രോഗലക്ഷണം കൂടിയാണിത്. നെഞ്ചുവേദന അനുഭവപ്പെടുന്ന സമയങ്ങളിലെല്ലാം അത് അസിഡിറ്റിയുടെ ഭാഗമായ വേദനയാകുമെന്ന് തെറ്റിദ്ധരിക്കുന്നത് ജീവന്‍തന്നെ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, സാധാരണ കണ്ടുവരാറുള്ള അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയേണ്ടതും അത്യാവശ്യമാണ്.
നെഞ്ചുവേദനക്ക് പിന്നിലെ രണ്ട് പ്രധാന കാരണങ്ങള്‍
നെഞ്ചുവേദന അനുഭവപ്പെടുന്നവരില്‍, പ്രത്യേകിച്ച് യുവാക്കളില്‍ രണ്ടു കാരണങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ഒന്ന് ഹൃദയാഘാതത്തിന്റെ ഭാഗമായുള്ള നെഞ്ചുവേദന, അല്ലെങ്കില്‍ ആസിഡ് റിഫ്ലക്സ് (Gastro-oesophageal Reflux Disease) കാരണമുണ്ടാകുന്ന അപകട സാധ്യതയില്ലാത്ത നെഞ്ചുവേദന. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാന രണ്ടു ലക്ഷണങ്ങള്‍. കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഭക്ഷണം കഴിച്ച ഉടന്‍ അനുഭവപ്പെടുന്ന നെഞ്ചുവേദനയും അനുബന്ധ പ്രശ്നങ്ങളും അസിഡിറ്റിയുടെ (ആസിഡ് റിഫ്ലക്സ്) ലക്ഷണമായി പരിഗണിക്കാം. വേദന അനുഭവപ്പെടുന്നതിനു തൊട്ടുമുമ്പ് കഴിച്ച ഭക്ഷണത്തിന്റെ സ്വഭാവം പരിശോധിച്ചുകൊണ്ട് നെഞ്ചുവേദനക്ക് പിന്നില്‍ ഉദരസംബന്ധമായ പ്രശ്നങ്ങളാണോ എന്ന് ഉറപ്പിക്കാനാകും.
കാരണങ്ങള്‍
ആസിഡ് റിഫ്ലക്സിന്റെ ഭാഗമായുള്ള നെഞ്ചുവേദനക്കു പിന്നില്‍ ഭക്ഷണരീതിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. അമിതമായ എരിവ്, മസാല എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത്, സിട്രസ് അടങ്ങിയ പഴങ്ങള്‍ കൂടുതലായി കഴിക്കുന്നത് എന്നിവയെല്ലാം ഇതിന് വഴിയൊരുക്കും. കൂടാതെ അമിതവണ്ണം, പുകവലി, മദ്യപാനം, മാനസിക സംഘര്‍ഷം തുടങ്ങിയവയും അസിഡിറ്റി സംബന്ധമായ പ്രയാസങ്ങള്‍ക്ക് കാരണമാകാറുണ്ട്.
സ്വയം തിരിച്ചറിയാന്‍ കഴിയുമോ?
നെഞ്ചുവേദനയുടെ കാരണങ്ങള്‍ എല്ലായ്പോഴും സ്വയം കണ്ടെത്താന്‍ സാധിക്കണമെന്നില്ല. മാത്രമല്ല, എല്ലാവരിലും കൃത്യമായ ലക്ഷണങ്ങള്‍ പ്രകടമാകുമെന്ന് ഉറപ്പിക്കാനും കഴിയില്ല. എങ്കിലും നെഞ്ചുവേദന ഏതുതരമാണെന്ന് അനുമാനിക്കാന്‍ രണ്ടു സൂചനകള്‍ ശ്രദ്ധിക്കുന്നത് ഒരുപരിധി വരെ സഹായിക്കും. ഭക്ഷണം കഴിച്ചയുടന്‍ നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന അസിഡിറ്റിയുടെ ഭാഗമാകാനാണ് സാധ്യത കൂടുതല്‍. എന്നാല്‍, ഭക്ഷണത്തിന്റെ ഭാഗമല്ലാതെ, എന്തെങ്കിലും ആയാസകരമായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നെഞ്ചുവേദന ഉണ്ടാകുന്നുവെങ്കില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങളാകാം കാരണം. വേഗത്തില്‍ നടക്കുമ്പോഴോ കഠിനമായ ജോലികള്‍ ചെയ്യുന്ന സമയങ്ങളിലോ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അപകട സൂചനയായി കാണുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ലക്ഷണങ്ങള്‍ നിസ്സാരവത്കരിക്കരുത്
നെഞ്ചിന്റെ ഇടതു ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടുകയും ഈ വേദന മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക് എന്നിവയുടെ ലക്ഷണമായി കണക്കാക്കാം. മാത്രമല്ല, അസാധാരണമായ രീതിയില്‍ വിയര്‍ക്കുകയും ചെയ്യും. എന്നാല്‍, എല്ലാവരിലും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല. പ്രത്യേകിച്ച് പ്രമേഹരോഗികളില്‍, ഇവരില്‍ വളരെ നിശ്ശബ്ദമായ രീതിയിലാണ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത്.
മറ്റുള്ളവരില്‍ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇവരില്‍ സാധാരണ അനുഭവപ്പെടാറില്ല. അതിനാല്‍, എല്ലാ നെഞ്ചുവേദനയും അസിഡിറ്റിയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിക്കുന്നതും ഹാര്‍ട്ട് അറ്റാക്കിന്റെ ഗുരുതരമായ ലക്ഷണങ്ങള്‍ക്കായി കാത്തിരിക്കുന്നതും പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തും. ചെറിയ അസ്വസ്ഥതകള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുന്നതും ചികിത്സ തേടുന്നതും ജീവന് സുരക്ഷിതമാക്കാന്‍ സഹായിക്കും.
ഡോക്ടറെ സമീപിക്കാന്‍ മടി വേണ്ട
കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കാന്‍ മടിക്കരുത്. രോഗിക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ വിലയിരുത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ചില കേസുകളില്‍ വിദഗ്ധ പരിശോധനകളുടെ സഹായത്തോടെ മാത്രമേ വേദന ഏതുതരമാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. ലക്ഷണങ്ങള്‍ അപകട സൂചന നല്കുന്നുവെങ്കില് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടോ എന്നറിയാനായി ഇ.സി.ജി പോലുള്ള ടെസ്റ്റുകള്‍ ആവശ്യമായി വരും.
ഹാര്‍ട്ട് അറ്റാക്ക് സാധ്യതയുണ്ടെങ്കില്‍ ഇതുവഴി തിരിച്ചറിയാന്‍ സാധിക്കും. രോഗി അനുഭവിക്കുന്ന നെഞ്ചുവേദനയുടെ സ്വഭാവം, മറ്റു പ്രയാസങ്ങള്‍, പ്രായം എന്നിവ പരിഗണിച്ചുകൊണ്ടാണ് ഏതുതരം പരിശോധന നടത്തണമെന്ന് തീരുമാനിക്കുന്നത്. അപകട സൂചനയുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഹാര്‍ട്ട് അറ്റാക്കുമായി ബന്ധപ്പെട്ട വേദനയല്ല എന്നുറപ്പുവരുത്തിയ ശേഷം മാത്രമേ അസിഡിറ്റി പരിഹരിക്കുന്നതിന് ആവശ്യമായ ചികിത്സ നല്‍കേണ്ടതുള്ളൂ. തുടര്‍ച്ചയായി മരുന്ന് കഴിച്ചുകൊണ്ട് ഈ അവസ്ഥ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍, ശാശ്വതമായ പരിഹാരം ഉറപ്പാക്കുന്നതിനായി ജീവിതശൈലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.
പരിഹാരം ജീവിതശൈലിയിലെ നിയന്ത്രണം
ജീവിതശൈലിയിലെ അനാരോഗ്യകരമായ ശീലങ്ങളാണ് അസിഡിറ്റിയും അനുബന്ധ പ്രശ്നങ്ങളും അനുഭവപ്പെടാന്‍ പ്രധാന കാരണം. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുന്നത് ശാശ്വത പരിഹാരം നല്‍കും. മരുന്നുകള്‍ കഴിക്കുന്നത് താല്ക്കാലികമായ പ്രതിവിധിയാകുമെങ്കിലും പൂര്‍ണമായും ഭേദപ്പെടാന്‍ നല്ല ഭക്ഷണരീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. അച്ചാറുകള്‍, വറുത്തെടുത്ത ഭക്ഷണങ്ങള്‍, മദ്യപാനം, പുകവലി, മാനസിക സമ്മർദം എന്നിവയെല്ലാം ഒഴിവാക്കുകയും അമിതവണ്ണം കുറക്കുകയും ചെയ്തുകൊണ്ട് അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
സമയക്രമം പാലിച്ചുകൊണ്ടുള്ള ഭക്ഷണം കഴിക്കുന്നതും വളരെ പ്രധാനമാണ്. വലിയ അളവില്‍ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് പകരം കുറഞ്ഞ അളവില്‍ പല തവണകളായി ഭക്ഷണം കഴിക്കുക എന്നതും ആരോഗ്യകരമായ രീതിയാണ്. കൂടാതെ, ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂര്‍ കഴിഞ്ഞുമാത്രം ഉറങ്ങാന്‍ കിടക്കുക. ഉറങ്ങുമ്പോള്‍ തലയുടെ ഭാഗം ഉയര്ന്നിരിക്കുന്നതിനായി തലയണകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
യുവാക്കളില്‍ കൂടുതല്‍
അസിഡിറ്റി പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് യുവാക്കളിലാണ്. നിയന്ത്രണമില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണരീതിയാണ് കാരണം. മാത്രമല്ല, കൃത്യമായ ഉറക്കമില്ലാത്തതും സമയക്രമം തെറ്റി ഭക്ഷണം കഴിക്കുന്നതും യുവാക്കളില്‍ ഇത്തരം പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിന് വഴിയൊരുക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.