ജലദോഷമുണ്ടോ; കാരണക്കാരനായ വൈറസ് കോവിഡിനെ ചെറുക്കുമെന്ന് ബ്രിട്ടീഷ് പഠനം
text_fieldsലണ്ടൻ: കരുത്ത് കൂടുതലുള്ളവൻ അതിജീവിക്കുമെന്നാണല്ലോ ശാസ്ത്രത്തിെൻറ ഒന്നാം പ്രമാണം. കൊറോണ വൈറസ് ഉഗ്രരൂപിയായി മനുഷ്യലക്ഷങ്ങളെ കീഴടക്കുന്ന കാലത്ത് അതിനെ ചെറുക്കാൻ കഴിയുന്ന ഇത്തിരിക്കുഞ്ഞൻ വൈറസിനെ പരിചയപ്പെടുത്തുകയാണ് ബ്രിട്ടീഷ് സംഘം.
അത് മറ്റാരുമല്ല, നമ്മെ വെറുതെ അലോസരപ്പെടുത്തി ഇടക്കിടെ വരാറുള്ള സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസാണ് ഇവിടെ ശക്തരിൽ ശക്തൻ. ഈ വൈറസ് കോവിഡിന് കാരണമാകുന്ന സാഴ്സ് കോവ്-2 വൈറസിനെ ചെറുക്കുമെന്നാണ് കണ്ടെത്തൽ. ബ്രിട്ടനിലെ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് നിർണായക സ്ഥിരീകരണം. റിനോവൈറസ് ആണ് മനുഷ്യരിൽ പൊതുവെ ജലദോഷം ഉണ്ടാക്കുന്നത്. റിനോവൈറസും സാഴ്സ് കോവ്-2 വൈറസും ഒന്നിച്ച് ശരീരത്തിലുണ്ടായാൽ ജലദോഷത്തിന് കാരണമാകുന്ന വൈറസ് തന്നെ ജയിക്കുമെന്നും സാഴ്സ് കോവ്-2നെ പുറന്തള്ളുമെന്നും പഠനം വ്യക്തമാക്കുന്നു.
ചില വൈറസുകൾ മറ്റുള്ളവയെ കൂടെകൂട്ടി ജീവിക്കാൻ താൽപര്യം കാണിക്കുന്നവയാണ്. അഡെനോവൈറസ് ഇതിന് ഉദാഹരണം. എന്നാൽ, ജലദോഷത്തിന് കാരണമാകുന്ന റിനോവൈറസ് ഒറ്റക്കു ജീവിക്കുന്നവയാകയാൽ സാഴ്സ് കോവ്-2ന് ഒപ്പം കൂടാനാകില്ല. ഒറ്റക്കാണ് ഇവ മനുഷ്യ ശരീരത്തെ ആക്രമിക്കുന്നതും ഒറ്റക്കാണ് അവ അകത്തു ജീവിക്കുന്നതും.
മനുഷ്യ ശ്വാസനാളിയുടെ ഒരു പകർപ്പിലേക്ക് ഇരു വൈറസുകളെയും ഒന്നിച്ച് കടത്തിവിട്ടായിരുന്നു ഗ്ലാസ്ഗോ വാഴ്സിറ്റി ഗവേഷകരുടെ പഠനം. എന്നാൽ, അതിവേഗം സാഴ്സ് കോവ്-2 പുറന്തള്ളപ്പെട്ടു. 24 മണിക്കൂർ മുമ്പ് റിനോവൈറസിനെ കടത്തിവിട്ട് അവിടെ നിലയുറപ്പിക്കാൻ അവസരം നൽകിയ ശേഷം കോവിഡ് വൈറസ് എത്തിയപ്പോൾ അകത്തു പ്രവേശിക്കാൻ പോലും അവക്കു സാധ്യമായില്ല.
ഇതോടെ, ശരീരത്തിൽ ജലദോഷ വൈറസ് ഉള്ളവരുടെ അകത്തുകയറി അനേക ഇരട്ടിയായി പെരുകാൻ കോവിഡ് വൈറസിന് ഒരിക്കലും സാധ്യമാകില്ലെന്ന് കണ്ടെത്തിയതായി ഗവേഷകർ വ്യക്തമാക്കുന്നു.
പക്ഷേ, ഇവിടെയുള്ള വലിയ പ്രശ്നം മറ്റൊന്നാണ്. ജലദോഷം ശരീരത്തിലുള്ളിടത്തോളമാണ് ഈ വൈറസ് പ്രതിരോധിക്കുക. ജലദോഷം മാറി ശരീരം സാധാരണ നിലയിലെത്തിയാൽ ശരീരം സ്വയം ഉൽപാദിപ്പിച്ച പ്രതിരോധം കുറഞ്ഞ് കോവിഡ് വൈറസിന് അകത്തുകയറാൻ വഴിയൊരുങ്ങും.
2009ൽ പന്നിപ്പനി യൂറോപിൽ പടർന്നുപിടിച്ചപ്പോൾ നടത്തിയ ഗവേഷണങ്ങളിലും സമാന ഫലം കണ്ടെത്തിയിരുന്നു. ജലദോഷ വൈറസിന് പന്നിപ്പനി വൈറസിനെ ചെറുക്കാനാകുമെന്നായിരുന്നു കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.