മരുന്നിന് 60 ഇരട്ടി വിലകൂട്ടി വിറ്റ കമ്പനി ഓഹരി ഉടമകൾക്ക് നൽകിയത് 4000 കോടി രൂപ ലാഭ വിഹിതം; പിഴയിട്ട് അധികൃതർ
text_fieldsലണ്ടൻ: അവശ്യവിഭാഗത്തിൽപെട്ട തൈറോയ്ഡ് ഗുളികകൾക്ക് 6,000 ശതമാനം അധിക വിലയിട്ട് വിൽപന നടത്തിയ മരുന്നുകമ്പനി ഓഹരി ഉടമകൾക്ക് ലാഭ വിഹിതമായി നൽകിയിരുന്നത് വൻതുക. ബ്രിട്ടീഷ് കമ്പനിയായ അഡ്വാൻസ് ഫാർമയാണ് മരുന്നിന് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപറത്തി 60 ഇരട്ടി അധിക വിലയിട്ടത്. ലാഭ വിഹിതമായി 40 കോടി പൗണ്ട് (4,000 കോടി രൂപയിലേറെ) നൽകുകയും ചെയ്തു.
ശരീരത്തിലെ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറയുന്നതിന് നൽകുന്ന മരുന്നിനായിരുന്നു കൊല്ലുംവില. വിപണിയിൽ എതിരാളികളില്ലാത്തത് അവസരമായി കണ്ടാണ് വില കൂട്ടിയിരുന്നതെന്ന് ബ്രിട്ടീഷ് കോംപിറ്റീഷൻ ആന്‍റ് മാർകറ്റ് അതോറിറ്റി കണ്ടെത്തി. 2007 മുതൽ ലഭ്യമായ ലിയോതൈറോനിൻ ഗുളികകൾക്ക് 2009ൽ 20 പൗണ്ടായിരുന്നത് 2017 ആകുേമ്പാഴേക്ക് വില 248 പൗണ്ടായി. ലിയോതൈറോനിൻ പേറ്റന്‍റില്ലാത്ത മരുന്നാണെങ്കിലും മറ്റു കമ്പനികൾ ഉൽപാദിപ്പിക്കാത്തതാണ് തുണയായത്. 2006ൽ യു.കെ ദേശീയ ആരോഗ്യ വകുപ്പ് ആറു ലക്ഷം പൗണ്ട് ഈ മരുന്നിനായി ചെലവഴിച്ചിടത്ത് 2016 ആകുേമ്പാഴേക്ക് മൂന്നു കോടി പൗണ്ടായി കുത്തനെ ഉയർന്നു. ഇതിനായി ഇത്രയും തുക ചെലവഴിക്കാനില്ലാത്തതിനാൽ 2015ൽ രോഗികൾ നേരിട്ട് തുക നൽകേണ്ടവയുടെ പട്ടികയിൽ സർക്കാർ പെടുത്തി. എന്നാൽ, ലിയോതൈറോനിൻ ഗുളികകൾ കഴിക്കുന്ന രോഗികൾ മറ്റു മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്തത് അവസരമായി.
തുക കുത്തനെ ഉയർത്തിയതിന് കമ്പനി 10 കോടി പൗണ്ട് നഷ്ടപരിഹാരമായി നൽകണമെന്നാണ് അധികൃതരുടെ വിധി. ഇതേ കമ്പനിക്കെതിരെ മറ്റൊരു മരുന്നുമായി ബന്ധപ്പെട്ട് വേറെയും 4.3 കോടി പൗണ്ട് പിഴ ലഭിച്ചിരുന്നു.
ലാഭവിഹിതമായും വായ്പയായും മറ്റുമാണ് വൻതുക കമ്പനി ഓഹരി ഉടമകൾക്ക് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.