ദുബൈ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി...
text_fieldsദുബൈ ഒരു തുറന്ന ‘ജിമ്മാ’യി മാറുകയാണ്.ആരോഗ്യത്തെ കുറിച്ചും ഫിറ്റ്നസിനെ കുറിച്ചും ഒരു ജനത മുഴുവൻ സംസാരിക്കുകയും വ്യായാമം ശീലമാക്കുകയും ചെയ്യുന്ന ഒരു മാസക്കാലം. ലോകത്ത് അതുല്യമായ ‘ദുബൈ ഫിറ്റ്നസ് ചാലഞ്ചെ’ന്ന മഹാ ഫിറ്റ്നസ് മാമാങ്കത്തിന്റെ വിശേഷങ്ങളറിയാം...
ദുബൈ നഗരം മുഴുവൻ ഫിറ്റ്നസ് ആരവങ്ങളിലേക്ക് പ്രവേശിക്കുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമായി. ആരോഗ്യ സംരക്ഷണത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തുക മാത്രമല്ല, ദിനേന വ്യായാമം ചെയ്യുന്നത് ജീവിതശീലമാക്കുന്നതിന് സഹായിക്കുന്നത് കൂടിയാണ് 30ദിവസം നീളുന്ന പരിപാടി. ചൂടുകാലം മാറി തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്ന സമയത്തെ ചാലഞ്ച് ദുബൈയുടെ മനോഹരമായ പ്രകൃതിയെ ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.
ശനിയാഴ്ച ആരംഭിച്ച ചാലഞ്ചിന്റെ ഏഴാം എഡിഷൻ നവംബർ 26വരെയാണ് നീണ്ടുനിൽക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2017ൽ ആരംഭിച്ച സംരംഭമാണിത്. ഒരു മാസക്കാലം എല്ലാ ദിവസവും 30മിനുറ്റ് സമയം വ്യായാമത്തിന് ഒഴിഞ്ഞുവെക്കുകയാണ് ചലഞ്ചിൽ പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഈ കാലയളവിനിടയിൽ വ്യത്യസ്തങ്ങളായ പരിപാടികളും സംഘടിപ്പിക്കും. നടത്തം, ടീം സ്പോർട്സ്, പാഡ്ൽ ബോർഡിങ്, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, ഫുട്ബാൾ, യോഗ, സൈക്ലിങ് തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തപ്പെടും. ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനും ഏറ്റവും മികച്ച സ്ഥലമെന്ന നിലയിൽ ദുബൈയുടെ പദവി ഉയർത്തുന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. www.dubaifitnesschallenge.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് പരിപാടിയുടെ ഭാഗമാകേണ്ടത്.
കഴിഞ്ഞ വർഷങ്ങളിൽ ദുബൈ ഒന്നടങ്കം ഏറ്റെടുത്ത ചാലഞ്ചിൽ ഇത്തവണ കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ചാലഞ്ചിന്റെ ഭാഗമായ വൻ പരിപാടികളായ ദുബൈ റൈഡ്, ദുബൈ റൺ എന്നിവയും ഇത്തവണയും ഗംഭീരമായി ഒരുക്കുന്നുണ്ട്. ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ചാണ് ദുബൈ റൺ ഒരുക്കാറുള്ളത്. പല കുടുംബങ്ങളും ഒന്നിച്ച് പരിശീലനം നടത്തി, ഒരുമിച്ചോടി ദുബൈ റണ്ണിന്റെ ഭാഗമാകാനുള്ള ശ്രമം ചാലഞ്ചിന്റെ തുടക്കം മുതൽ ആരംഭിക്കാറുണ്ട്. ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഇത്തവണത്തെ പ്രത്യേകതകളായി സ്കൈപൂൾ ത്ത്രൈ്ലൺ, സ്റ്റാൻഡ് അപ്പ് പെഡൽ ചാലഞ്ച് എന്നിവയും ഒരുങ്ങുന്നുണ്ട്.
കുറഞ്ഞ സമയത്തിനുള്ളിൽ ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങൾ ശീലമാക്കുന്നതോടെ ജീവിതശൈലി രോഗങ്ങളെ പമ്പകടത്തി, ആരോഗ്യപ്രദവും സന്തോഷം നിറഞ്ഞതുമായ ജീവിതം എല്ലാവർക്കുമെന്ന സന്ദേശമാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ച് പങ്കുവെക്കുന്നത്.
ഫിറ്റ്നസ് വില്ലേജുകൾ
ഇത്തവണ ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ച് മൂന്ന് ഫിറ്റ്നസ് വില്ലേജുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ഇവിടെ സൗജന്യ ക്ലാസുകളും ആക്ടിവിറ്റികളും മറ്റു പ്രവർത്തനങ്ങളും അരങ്ങേറും. കൈറ്റ് ബീച്ച്, മുഷ്രിഫ് പാർക്ക്, വൺ സെൻട്രൽ എന്നിവിടങ്ങളിലായാണ് വില്ലേജുകൾ ഒരുക്കിയിട്ടുള്ളത്. വില്ലേജുകൾക്ക് പുറത്തും നിരവധി സൗജന്യ ഫിറ്റ്നസ് ക്ലാസുകളും പരിപാടികളും ഒരുക്കുന്നുണ്ട്. നഗരത്തിൽ 600 സൗജന്യ ഫിറ്റ്നസ് ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ഫിറ്റ്നസ് വില്ലേജുകളിലെ പ്രവർത്തനങ്ങൾ:
ഡി.പി വേൾഡ് കൈറ്റ് ബീച്ച് ഫിറ്റ്നസ് വില്ലേജ്
വില്ലേജിൽ 24സ്പോർട്സ്, ഫിറ്റ്നസ് സോണുകൾ ഒരുക്കും. കുട്ടികൾക്കു വേണ്ടിയുള്ള ചിൽഡ്രൻസ് സോൺ, കൗമാരക്കാർക്ക് വേണ്ടിയുള്ള സോൺ, വിനോദങ്ങൾ നിറഞ്ഞ റീബൗണ്ടർ സോൺ, സൺ സാൻഡ് സ്പോർട്സ് ബോക്സിങ് റിങ് എന്നിവയും യോഗ, ഫുട്ബാൾ, ബാസ്കറ്റ്ബാൾ, പെഡൽ തുടങ്ങിയവക്കുള്ള സോണുകളും ഇതിൽ ഉൾപ്പെടുന്നതാണ്. പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ടുമുതൽ ഒരു മണിവരെ സ്കൂൾ കുട്ടികൾക്കായുള്ള ആക്ടിവിറ്റികളാണ്. വൈകുന്നേരം മൂന്നു മണിമുതൽ 10മണി വരെ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കും. വാരാന്ത്യങ്ങളിൽ പ്രവേശനം വൈകു. ഏഴു മുതൽ രാത്രി 10മണിവരെയാണ്.
ആർ.ടി.എ മുഷ്രിഫ് പാർക്ക് സൈക്ക്ൾ സെൻറർ
തുടക്കക്കാർക്കും കുട്ടികൾക്കും പരിചയസമ്പന്നരായ റൈഡർമാരുള്ള കുടുംബങ്ങൾക്കുമായി മൗണ്ടൻ ബൈക്ക് ട്രെയിലുകൾ, റോഡ് ട്രാക്കുകൾ എന്നിവയടക്കം 136 ഗൈഡഡ് ഗ്രൂപ്പ് ബൈക്ക് റൈഡുകൾ ആർ.ടി.എ മുഷ്രിഫ് പാർക്ക് സൈക്ക്ൾ സെൻറിൽ ഒരുക്കും. ലഭ്യതയനുസരിച്ച് ഓരോ സെഷനും സൗജന്യ ബൈക്കുകൾ നൽകുകയും ചെയ്യും. മുഷ്രിഫ് പാർക്കിൽ പരിസ്ഥിതി സൗന്ദര്യം ആസ്വദിച്ച് സൈക്കിൾ ചവിട്ടാം. 70,000 മരങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. കിളികളുടെ കളകള നാദവും കേട്ട് സൈക്കിൾ ചവിട്ടാം. ഓരോ ട്രാക്കിലും കൃത്യമായ സൂചന ബോർഡുകളുണ്ട്. ഗൈഡുകൾ സൈക്കിളിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. വാരാന്ത്യങ്ങളിലാണ് കൂടുതൽ സൈക്ലിസ്റ്റുകൾ ഇവിടേക്ക് ഒഴുകുന്നത്. ഒറ്റക്കും സംഘങ്ങളായും എത്തുന്നവരുണ്ട്. രാവിലെ ആറ് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ട്രാക്കിലേക്ക് പ്രവേശനം.
റൺ ആൻഡ് റൈഡ് സെൻട്രൽ (വൺ സെൻട്രൽ)
ഈ ഫിറ്റ്നസ് വില്ലേജിൽ ഓട്ടം മുതൽ വർക്കൗട്ടുകൾ വരെയുള്ളവയെ കുറിച്ച് വിവിധ കോംപ്ലിമെന്ററി ക്ലാസുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 07 മുതൽ രാത്രി 10വരെ, മാസം മുഴുവൻ 600ലധികം സൗജന്യ സെഷനുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജോലിക്ക് മുമ്പോ ശേഷമോ അല്ലെങ്കിൽ ഉച്ചഭക്ഷണ ഇടവേളയിൽ പോലും 30 മിനിറ്റ് വ്യായാമത്തിന് അനുയോജ്യമായ സ്ഥലമാണിത്. അഡിഡാസ്, ആസിക്സ്, മെരാസ്, സൺ ആൻഡ് സാൻഡ് സ്പോർട്ട്, സിറോ തുടങ്ങിയ ബ്രാൻഡുകൾ പങ്കെടുക്കുന്ന 400 മണിക്കൂറിലധികം പ്രവർത്തനങ്ങൾ വില്ലേജിൽ സംഘടിപ്പിക്കും. ദുബൈ റൈഡ്, ദുബൈ റൺ ഇവന്റുകളിൽ പങ്കെടുക്കുന്നവർക്ക് അവരുടെ വസ്ത്രങ്ങൾ ശേഖരിക്കുന്ന പോയിന്റു കൂടിയാണിത്.
ദുബൈ ഫിറ്റ്നസ് ചാലഞ്ചിനോടനുബന്ധിച്ച് ആയിരക്കണക്കിന് പേർ പങ്കെടുക്കുന്ന ഈവൻറുകൾക്ക് ദുബൈ നഗരം സാക്ഷ്യം വഹിക്കാറുണ്ട്. അതേപോലെ ഫിറ്റ്നസ് പ്രോൽസാഹിപ്പിക്കുകയും അതിനെകുറിച്ച് ബോധവൽകരണം നടത്തുകയും ചെയ്യുന്ന ചെറിയ പരിപാടികളുമുണ്ടാകാറുണ്ട്.
ജനമൊഴുകുന്ന പരിപാടികൾ
പ്രധാന പരിപാടികൾ:
ദുബൈ റൈഡ്: നവംബർ 12നാണ് ഇത്തവണ ദുബൈ റൈഡ് അരങ്ങേറുന്നത്. ശൈഖ് സായിദ് റോഡിൽ നടക്കുന്ന വമ്പൻ സൈക്ലിങ് ഈവന്റാണിത്. കുടുംബങ്ങൾക്കും പുതിയ സൈക്ലിസ്റ്റുകൾക്കും സൈക്ലിങ് പ്രേമികൾക്കും എല്ലാം പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് രണ്ട് റൂട്ടുകളിൽ ഒന്ന് തിരഞ്ഞെടുക്കാം; നാലു കി.മീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ട് അല്ലെങ്കിൽ 12 കി .മീറ്റർ ശൈഖ് സായിദ് റോഡ് കോഴ്സ്.
വാഹനങ്ങൾ ചീറിപായുന്ന ശൈഖ് സായിദ് റോഡിൽ ദുബൈയുടെ സൗന്ദര്യം ആസ്വദിച്ച് സൈക്കിളിൽ ചുറ്റിത്തിരിയാനുള്ള അസുലഭ മുഹൂർത്തം കൂടിയാണ് ദുബൈ റൈഡ്. 10,000ഓളം റൈഡർമാരാണ് സൈക്കിളുമായി നിരത്തിലിറങ്ങുന്നത്.
ദുബൈ സ്റ്റാൻഡ്-അപ്പ് പാഡിൽ: നവംബർ 18നാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) അവതരിപ്പിക്കുന്ന ഈ പരിപാടി നടക്കുക. ഹത്തയിലെ മനോഹര മലനിരകളുടെ പശ്ചാത്തലത്തിലാണ് പരിപാടി നടക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന പരിപാടിക്ക് മുമ്പായി സ്റ്റാൻഡ്-അപ്പ് പാഡിലിൽ പ്രാവീണ്യം നേടുന്നതിന് സൗജന്യ പരിശീലന സെഷനുകളും ഒരു മാസ് ചലഞ്ച് ഇവന്റും ഒരുക്കുന്നുണ്ട്.
ദുബൈ റൺ: ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ സമാപനമായി നടക്കുന്ന ഏറ്റവും ജനപങ്കാളിത്തമുണ്ടാകുന്ന പരിപാടിയാണ് ദുബൈ റൺ. ലോകത്തെ ഏറ്റവും വലിയ ഫ്രീ റൺ എന്ന് വിശേഷിക്കപ്പെടുന്ന പരിപാടിയുടെ അഞ്ചാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. ദുബൈ നഗരത്തിന്റെ ഏറ്റവും പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ നടക്കുന്ന റണ്ണിൽ രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ചു കി.മീറ്റർ ഡൗൺടൗൺ ഫാമിലി റൂട്ടും 10കി. മീറ്റർ ശൈഖ് സായിദ് റോഡ് റൂട്ടുമാണ് റണ്ണിന്റെ രണ്ടിനങ്ങൾ. നവംബർ 26നാണിത് അരങ്ങേറുക.
വുമൺസ് റണ്ണും സൗത്ത് റൈഡും: നവംബർ അഞ്ചിന് അരങ്ങേറുന്ന രണ്ട് പരിപാടികളാണ് ദുബൈ വുമൺസ് റൺ(3 കി.മീ, 5 കി.മീ, 10 കി.മീ), ദുബൈ സൗത്ത് റൈഡ് ആൻഡ് റൺ എന്നിവ. സൈക്കിളിസ്റ്റുകൾക്ക് ദുബൈ സൗത്ത് ആസ്വദിക്കാനുള്ള അവസരം നൽകുന്ന റൈഡിൽ 80 കി.മീറ്റർ, 40 കി.മീറ്റർ റൂട്ടുകളാണുള്ളത്. ദുബൈ സൗത്ത് റണ്ണിൽ 10 കി.മീറ്റർ, 5 കി.മീറ്റർ, 3 കി.മീറ്റർ റൂട്ടുകളാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.