Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_rightഹെപ്പറ്റൈറ്റിസ് കരുതൽ...

ഹെപ്പറ്റൈറ്റിസ് കരുതൽ വേണം

text_fields
bookmark_border
Hepatitis
cancel

ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ ധർമങ്ങളുണ്ട്. ആന്തരിക അവയവങ്ങളിൽ ഏറ്റവും വലുത് കരൾ ആണ്. അഞ്ഞൂറിൽപരം സങ്കീർണമായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, ഏകദേശം ഒന്നര കിലോയോളം ഭാരമുള്ള ഒരു മെഗാ ഫാക്ടറികൂടിയാണിത്. ദഹനവ്യവസ്ഥയിൽനിന്ന് ആഗിരണം ചെയ്യപ്പെടുന്ന വിവിധ പോഷക വസ്തുക്കളും വിഷവസ്തുക്കളും പോർട്ടൽ വെയ്ൻ (portal vein) വഴി കരളിൽ എത്തുകയും വിവിധ ഉൽപാദന-ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം ഹൃദയം വഴി അവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.

പ്രോട്ടീന്റെ വിവിധ രൂപങ്ങൾ, ദഹനരസത്തിന്റെ (BILE) ഉൽപാദനം, പ്രതിരോധ വസ്തുക്കൾ, രക്തം കട്ടപിടിക്കുന്നതിനു സഹായകരമായ ഘടകങ്ങൾ, ഗ്ലൈക്കോജൻ (Glycogen), വിവിധ ജീവകങ്ങൾ എന്നിവയുടെ ഉൽപാദനം, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, വിഷ വസ്തുക്കൾ നിർവീര്യമാക്കുക ഇവ എല്ലാം കരളിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ലോക കരൾദിനം

കരൾ രോഗങ്ങളെപ്പറ്റി അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി അറിയപ്പെടുന്നു. വൈദ്യശാസ്ത്ര നൊ​േബൽ ജേതാവും ഫിസിഷ്യനും ജനിതകശാസ്ത്രജ്ഞനുമായ ബാറൂഖ് സാമുവൽ ബ്ലെംബർഗിന്റെ ജന്മദിനംകൂടിയാണ് ഈ ദിവസം. ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരിച്ചറിയുകയും സാംക്രമിക രോഗാണുക്കളുടെ വ്യാപനം, പ്രതിരോധം എന്നീ മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകളും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം ലോക കരൾ ദിനമായി അറിയപ്പെടുന്നു. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് രോഗികളുള്ളത് ഇന്ത്യയിലാണ്. 2030ഓട് കൂടി ഇത്തരത്തിലുള്ള രോഗങ്ങളെ അപ്രത്യക്ഷമാക്കണം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഇല്ലാതെ കരൾ രോഗങ്ങൾ ആദ്യം തിരിച്ചറിയാതെ പോകുന്നു.

മഞ്ഞപ്പിത്തം നവജാത ശിശുക്കളിൽ

നവജാത ശിശുക്കളിൽ മഞ്ഞപ്പിത്തം മുതിർന്നവരിൽനിന്നും വ്യത്യസ്തമാണ്. സാധാരണ രീതിയിൽ രക്തത്തിലെ ചുവന്ന രക്താണുക്കൾ വിഘടിച്ച് ബിലിറൂബിൻ ഉണ്ടാകുന്നു. ഇത് കരൾവഴി കുടലിലേക്ക് പുറംതള്ളപ്പെടുന്നു. രക്തത്തിൽ ബിലിറൂബിൻ കൂടുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. നവജാത ശിശുക്കളിൽ ചുവന്ന രക്താണുക്കളുടെ ആയുസ്സ്, കുറവായതിനാലും കരളിന്റെ പ്രവർത്തനശേഷി പൂർണതോതിൽ ആകാത്തതിനാലും ബിലിറൂബിന്റെ അളവ് കൂടിവരുന്നു.

പ്രസവിച്ച് 2, 3 ദിവസംകൊണ്ട് മഞ്ഞ നിറം പ്രത്യക്ഷപ്പെടുകയും 5-6 ദിവസം കഴിയുന്നത്തോടെ കുറഞ്ഞു വരാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ, ജനിച്ച് ആദ്യത്തെ 24 മണിക്കൂറിനുള്ളിലോ പരിധിവിട്ട് നീണ്ടുനിൽക്കുന്നതോ ആയ മഞ്ഞപ്പിത്തം പലപ്പോഴും ഗൗരവമേറിയ മറ്റു ചില രോഗങ്ങളുടെ ലക്ഷണമാകാം. ഇവർക്ക് കൂടുതൽ രോഗ പരിശോധനയും, രോഗ കാരണമനുസരിച്ച് വിദഗ്ദ ചികിത്സയും അനിവാര്യമായി വരും.

ഹെപ്പറ്റൈറ്റിസ്

എല്ലാവരെയും എല്ലാ കാലത്തും ഏതു പ്രായത്തിലും ബാധിക്കാവുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് അഥവാ കരൾവീക്കം. പലരും അവർക്ക് ഈ രോഗം ഉണ്ടെന്നറിയാത്ത വാഹകർ ആയിരിക്കും. കരൾ വീക്കത്തിന് ഒരു പ്രധാന കാരണം ABCDE വൈറസുകളാണ്. ഈ വൈറസുകൾക്ക് പുറമെ ചില ബാക്ടീരിയകൾ, ടോക്സിൻസ് സ്വന്തം ശരീരത്തിന് തന്നെ ഹാനികരമായി മാറുന്ന പ്രതിവസ്തുക്കൾ വിൽസൻസ് ഡിസീസ്, ആൽക്കഹോൾ തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിനു കാരണമാകുന്നു.

ഹെപ്പറ്റൈറ്റിസ് എ & ഇ: ഹെപ്പറ്റൈറ്റിസ് ‘എ’യും ‘ഇ’യും മലിനജലത്തിലൂടെ (FECO-ORAL) പകരുന്നവയാണ്. നമ്മുടെ ഏതു നാട്ടിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത് ഹെപ്പറ്റൈറ്റിസ് Aയാണ്. ഇവയുടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 2-3 ആഴ്ചകൾ കൊണ്ട് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പനി, വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം തടയുക എന്നതാണ് പ്രധാനം. സാധാരണ രീതിയിൽ 2-3 ആഴ്ചകൾക്കകം രോഗം ഭേദമാകും. എന്നാൽ, ഹെപ്പറ്റൈറ്റിസ് ‘എ’ വന്ന് ചില മരണങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഹെപ്പറ്റൈറ്റിസ് ‘ഇ’: മേൽപറഞ്ഞ മാർഗങ്ങളിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ‘ഇ’യും പകരുന്നത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 2 മുതൽ 10 ആഴ്ചകൾക്കു ശേഷമായിരിക്കും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഈ രോഗം കൂടുതലായാൽ കരളിന്റെ പ്രവർത്തനം ക്ഷയിക്കാനും പ്രത്യേകിച്ച്, ഗർഭിണികളാണെങ്കിൽ അപകടാവസ്ഥയിലേക്കു പോകാനും സാധ്യതയുണ്ട്.

ഹെപ്പറ്റൈറ്റിസ് ‘ബി’: ഇത് ഒരു ജലജന്യരോഗമല്ല. അമ്മയിൽനിന്ന് കുഞ്ഞിലേക്ക് പ്രസവ സമയത്തോടനുബന്ധിച്ച് രോഗം പകരാം. രോഗികളിൽനിന്ന്, രക്തദാനം, ലൈംഗികബന്ധങ്ങൾ, മയക്കുമരുന്ന് കുത്തിവെക്കാനുപയോഗിക്കുന്ന സൂചി, പച്ചകുത്തൽ, ഷേവിങ് ബ്ലേഡ് തുടങ്ങിയവ വഴിയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ രോഗിക്ക് സിറോസിസ്, ലിവർ കാൻസർ എന്നിവ വരാൻ സാധ്യത കൂടുതലാണ്. നവജാത ശിശുക്കളിൽ ജനിച്ച ഉടനെയും പിന്നീട് ഒന്നര, രണ്ടര, മൂന്നര മാസത്തിൽ മറ്റു പ്രതിരോധ കുത്തി​െവപ്പുകളും നൽകി വരുന്നു.

ഹെപ്പറ്റൈറ്റിസ് ‘സി’&‘ഡി’: രക്തം സ്വീകരിക്കുന്നവരിലും മയക്കുമരുന്നുകൾ കുത്തിവെക്കുന്നവരിലും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങൾ വഴിയും ഇത് പടരുന്നു. ഹെപ്പറ്റൈറ്റിസ് ‘ബി’ ഉണ്ടെങ്കിൽ ഹെപ്പറ്റൈറ്റിസ് ‘ഡി’ ഒരുമിച്ചോ പിന്നീടോ വരാനുള്ള സാധ്യത കൂടുതലാണ്.

ഫാറ്റി ലിവർ

ലോക ജനസംഖ്യയിൽ മൂന്നിലൊന്ന് പേർക്ക് ഫാറ്റി ലിവർ ഉണ്ട്. അമിതമായ കൊഴുപ്പ് കൂടുമ്പോൾ ഇത് കരളിലും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും കെട്ടിക്കിടക്കുന്നു. ക്രമേണ, പലപ്പോഴും ഏതാനും വർഷങ്ങൾക്കുശേഷമാണ് അവ കരളിന്റെ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങുന്നത്. രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകണമെന്നില്ല. കരളിനകത്ത് വേദന വഹിക്കുന്ന നാഡീവ്യൂഹങ്ങൾ ഇല്ലാത്തതിനാൽ വേദന പൊതുവെ അനുഭവപ്പെടാറില്ല. ക്ഷീണം വിശപ്പില്ലായ്മ, ഓക്കാനം അഥവാ ഛർദി ഇവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

ബിലിറൂബിൻ കരളിൽനിന്ന് കുടലിലേക്ക് പുറന്തള്ളാനുള്ള ശക്തി നഷ്ടപ്പെടുന്നത്തോടെ മഞ്ഞനിറം ഉണ്ടാകുന്നു. വയറിൽ നീര് കെട്ടുന്ന അവസ്ഥ, രക്തം ചർദിക്കുക, മലം കറുപ്പ് നിറത്തിൽ പോകുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക തുടങ്ങിയവ കരൾ രോഗം മൂർച്ഛിച്ചതിന്റെ ലക്ഷണങ്ങളാണ്. ഓരോ വർഷവും ഇന്ത്യയിൽ രണ്ട് ലക്ഷം പേർ കരൾരോഗം മൂലം മരിക്കുകയും പത്ത് ലക്ഷം പേർക്ക് പുതുതായി ലിവർ സിറോസിസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഇത് ഒരു നിശ്ശബ്ദ മഹാമാരിയായി വ്യാഖ്യാനിക്കപ്പെടുന്നു.

ഇവ ശ്രദ്ധിക്കുക

  • തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
  • കൈകൾ ഭക്ഷണത്തിനു മുമ്പും ശേഷവും സോപ്പിട്ട് കഴുകുക. നഖംവെട്ടുക
  • പഴം, പച്ചക്കറികൾ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക
  • ചടങ്ങുകളിൽ ലഭിക്കുന്ന വെൽക്കം ഡ്രിങ്ക്, ജ്യൂസ് എന്നിവ കഴിവതും ഒഴിവാക്കുക
  • കുപ്പി വെള്ളവും ഫിൽട്ടറിൽനിന്നുള്ള വെള്ളവും എല്ലായ്പോഴും അണുമുക്തമാകണമെന്നില്ല. അവ കഴിവതും ഒഴിവാകുക
  • ഭക്ഷണത്തിൽ ഈച്ച വരാതെ അടച്ചു സൂക്ഷിക്കുക
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
  • സ്കൂളിൽനിന്നു വരുന്ന കുട്ടികൾ വസ്ത്രങ്ങൾ മാറ്റി കൈ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക
  • ഹെപ്പറ്റൈറ്റിസ് ‘എ’ക്ക് പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണ്. ആറുമാസം ഇടവിട്ട് രണ്ടു കുത്തിവെപ്പുകളാണുള്ളത്.ഒറ്റ ഡോസ് മാത്രമുള്ള പുതിയ വാക്സിനുകളും ഇന്ന് ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HepatitisWorld Hepatitis Day
News Summary - Hepatitis should be taken care
Next Story