ആയുഷ്കാലം ആരോഗ്യത്തോടെയിരിക്കാം
text_fieldsജീവിതം എങ്ങനെയെങ്കിലും ജീവിച്ചുതീർത്താൽമതിയോ? പോരാ, ജീവിച്ചിരിക്കുന്നത്രയും കാലം രോഗങ്ങളില്ലാതെ, മറ്റാരെയും പ്രയാസപ്പെടുത്താതെ ആരോഗ്യത്തോടെയിരിക്കണം. ഇത് പലരുടെയും ആഗ്രഹം മാത്രമല്ല,സ്ഥിരം പ്രാർത്ഥന കൂടിയാണ്
ആരോഗ്യത്തോടെ ജീവിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല, പക്ഷേ എന്തുകൊണ്ടാണ് ഭൂരിഭാഗം പേരും അതിനുള്ള ആത്മാർത്ഥമായ ശ്രമം നടത്താത്തത്. മടി മാത്രമല്ല, ജീവിതശൈലിയുടെയോ ദിനചര്യയുടെയോ ഭാഗമാക്കി മാറ്റാൻ കഴിയാത്തതുകൊണ്ടാണ് അത് പിന്തുടരാൻ കഴിയാത്തത്. ഒരു കാര്യം 21 ദിവസം തുടർച്ചയായി ചെയ്താൽ അതിനെ ശീലമാക്കി മാറ്റാം എന്നാണ് പഠനങ്ങൾ പറയുന്നത്. അതിനുള്ള ഒരു മികച്ച അവസരമാണ് ദുബൈ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 28 മുതൽ നവംബർ 26 വരെ നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. വളരെ അപൂർവമായി മാത്രം കിട്ടുന്ന ഒരു അവസരമാണിത്. അതിനെ പരമാവധി നന്നായി ഉപയോഗിച്ച് ആരോഗ്യം ഒരു ശീലമാക്കി മാറ്റാൻ എല്ലാവരും ശ്രമിക്കുക.
30 ദിവസം 30 മിനിറ്റ് വ്യായാമം എന്നതാണ് ദുബൈ ഫിറ്റ്നസ് ചലഞ്ച്. മുതിർന്ന ഒരു വ്യക്തിക്ക് ദിവസവും മിനിമം 30 മിനിറ്റെങ്കിലും വ്യായാമം വേണം. നല്ല ആരോഗ്യത്തോടെയിരിക്കുന്നത് ശരീരത്തെ മാത്രമല്ല മനസ്സിനെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നു. കാർഡിയോ വാസ്കുലാർ വ്യായാമത്തിന് പ്രാധാന്യം കൊടുത്തുവേണം വ്യായാമരീതി പ്ലാൻ ചെയ്യേണ്ടത്. ഹൃദയത്തിന്റെ ആരോഗ്യം, രക്തസമ്മർദ്ദം, ഹൃദയസംബന്ധിയായ രോഗങ്ങൾ എന്നിവ തടയുന്നതിന് കാർഡിയോ വാസ്കുലാർ വ്യായാമം സഹായിക്കുന്നു. രക്തസമ്മർദ്ദം മറ്റൊരുപാട് രോഗങ്ങൾക്ക് കാരണമാകുകയും ഹൃദയത്തിന്റെ ആരോഗ്യം ദുർബലമാക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിതമാക്കി നിർത്താൻ ദിവസേനയുള്ള വ്യായാമം കൊണ്ട് സാധിക്കുന്നു.
ശരീരഭാരം കൂടുന്നത് പലരുടെയും ആശങ്കയാണ്. പ്രത്യേകിച്ച് ദുബൈയിൽ ജങ്ക് ഫുഡ് പോലുള്ള ഭക്ഷണം കഴിച്ച് ശരീരഭാരവും അതുവഴിയുള്ള രോഗങ്ങളും കൂടുന്നത് സർവസാധാരണമാണ്. ജങ്ക് ഫുഡ് ശരീരത്തിൽ നിരവധിയായ ഹോർമോൺ വ്യതിയാനങ്ങളുണ്ടാക്കുന്നു. അത് കൊഴുപ്പ് വർധിപ്പിക്കുകയും സ്ത്രീകളിൽ പ്രത്യുൽപാദനശേഷിയെ വരെ ബാധിക്കുകയും ചെയ്യുന്നു. രാത്രിഭക്ഷണം വൈകി കഴിക്കുക, കഴിച്ചയുടനെ ഉറങ്ങുക എന്നിവ വളരെ അനാരോഗ്യകരമാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതും ആരോഗ്യത്തെ നിർണ്ണയിക്കുന്ന ഘടകമാണ്.
കഴിക്കുന്ന ഭക്ഷണം കൃത്യമായി എനർജിയായി മാറ്റപ്പെടേണ്ടതും കൊഴുപ്പായി സൂക്ഷിക്കപ്പെടാതിരിക്കേണ്ടതും അത്യാവശ്യമാണ്. അതിന് വ്യായാമം നിർബന്ധമാണ്. വ്യായാമം മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യുന്നു. വളരെ പ്രധാനപ്പെട്ട മറ്റൊന്നാണ് എല്ലിന്റെ ആരോഗ്യം. എല്ലിന്റെ ആരോഗ്യം കുറഞ്ഞുവരുന്നത് ഓസ്റ്റിയോ പെറോസിസ്, മുട്ടുവേദന, തേയ്മാനം പോലുള്ളവയ്ക്ക് കാരണമാകുന്നു. പ്രായം കൂടുന്തോറും രോഗാവസ്ഥ കൂടിവരും. വേഗത്തിലുള്ള നടത്തം, വെയ്റ്റ് ട്രെയ്നിങ് എന്നിവ എല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. എല്ലിന്റെ ആരോഗ്യത്തിനായി ഭക്ഷണരീതിയിലും അനുയോജ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
പേശികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യായാമരീതികളും സ്ഥിരമായി ചെയ്യേണ്ടതുണ്ട്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീരത്തിന്റെ ബാലൻസ് നിലനിർത്തുന്നതിനും അത് അത്യാവശ്യമാണ്. ബാലൻസ് നഷ്ടമാകുന്നത് നമ്മൾ വീഴുന്നതിനും മറ്റും കാരണമാകുന്നു. പ്രായമാകുന്തോറും ശരീരത്തിനു വരുന്ന ബലക്ഷയം വീഴ്ചയോടെ രൂക്ഷമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വീഴാതെ സൂക്ഷിക്കണം എന്ന് ഡോക്ടർമാർ പ്രത്യേകം പറയാറുണ്ട്.
വ്യായാമം മാനസികാരോഗ്യത്തിനും
ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാവുക എന്നത് എല്ലാവർക്കുമറിയുന്ന കാര്യമാണ്. മാനസികാരോഗ്യം നിലനിർത്തുന്നതിന് രോഗങ്ങളകന്നു നിൽക്കുന്ന അവസ്ഥ അനിവാര്യമാണ്. സമ്മർദ്ദം, ഉൽക്കണ്ഠ എന്നിവ കുറക്കാനും ഉറക്കം, ഓർമ എന്നിവ ശക്തിപ്പെടുത്താനും വ്യായാമം ആവശ്യമാണ്. ശരീരത്തിൽ സന്തോഷത്തിന്റെ ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നത് വ്യായാമം ചെയ്യുമ്പോഴാണ്. കൊഗ്നിറ്റീവ് വളർച്ചയ്ക്കും വ്യായാമം ആവശ്യമാണ്. വൈകാരിക സ്ഥിരതയില്ലായ്മ പൊതുവേ മനുഷ്യന്റെ ഒരു ദൗർബല്യമാണ്. ശരീരത്തിലെ ഹോർമോൺ വ്യത്യാസങ്ങളാണ് അതിനു കാരണം. ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിന് ശരീരത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്.
ഇന്ത്യക്കാർക്ക് ജനിതകപരമായും, ഭക്ഷണരീതി, ഗാഡ്ജറ്റുകളോടുള്ള അഡിക്ഷൻ, പുകവലി, ഉറക്കം, ജോലി സമ്മർദ്ദം എന്നിവ കാരണവും പൊതുവേ ഹൃദയാഘാത സാധ്യത കൂടുതലാണ്. അതിനുള്ള പ്രതിരോധം എന്ന നിലയിൽ വ്യായാമം ശീലമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരോഗ്യം ആയുസ്സിന്റെ മാത്രം മാനദണ്ഡമല്ല. ജീവിച്ചിരിക്കുന്നത്ര കാലം എങ്ങനെ ജീവിക്കുന്നു എന്നതിന്റെ സൂചകം കൂടിയാണ്.
hആരോഗ്യം വ്യക്തികളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. കൂടാതെ, മൂഡ് നിയന്ത്രിച്ചു നിർത്തുന്നതിനാൽ വ്യക്തിബന്ധങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകുകയും ചെയ്യുന്നു. ചുരുക്കത്തിൽ വ്യായാമം, അതുവഴി ആരോഗ്യം ഓരോ ദിവസത്തിന്റെയും സന്തോഷത്തിന് അനിവാര്യമാണെന്നു മനസ്സിലാക്കാം. അതിനാൽ ആരോഗ്യത്തോടെയിരിക്കാൻ, സന്തോഷത്തോടെയിരിക്കാൻ ദുബായ് നമുക്ക് തരുന്ന ഈ സുവർണ്ണാവസരം ആസ്വദിച്ച് ഉപയോഗിക്കാൻ എല്ലാവരും ശ്രമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.