ആരോഗ്യരംഗത്ത് പുതുവിപ്ലവമായി മില്ലറ്റ്സ്
text_fieldsജീവിത ശൈലി രോഗങ്ങൾ പെരുകിയതോടെ ഭക്ഷണ ക്രമത്തിൽ കാര്യമായ മാറ്റത്തിന് ഒരുങ്ങുകയാണ് യുവതലമുറ. ചോറിന്റെ അളവ് കുറച്ചതും അത്താഴത്തിനു ഗോതമ്പ് മതിയെന്ന് നിശ്ചയിച്ചതും ഓട്സിലേക്കു വഴിമാറിയതുമൊക്കെ ഇതിന്റെ ഭാഗമായിരുന്നെങ്കിൽ ഇപ്പോഴിതാ ചെറുധാന്യ (മില്ലറ്റ്സ്) വിഭവങ്ങളിലേക്ക് തിരിയുന്ന ന്യൂ ജനറേഷന്റെ എണ്ണം ലോകമെമ്പാടും ദിനം പ്രതി വർധിക്കുകയാണ്.
2018 ദേശീയ ചെറുധാന്യ വർഷമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പുതുതലമുറ കാര്യമായി ഗൗനിച്ചിരുന്നില്ലെന്ന് വേണം കരുതാൻ. പക്ഷെ, കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും സ്ഥിതി മറിച്ചായിരുന്നു. തമിഴ്നാടിന്റെയും കർണാടകയുടെയും ഗ്രാമീണ മേഖലകളുടെ ഭക്ഷ്യ ശീലത്തിൽ ചെറുധാന്യങ്ങളുണ്ടായിരുന്നു. കർണാടകയിലെ ബംഗളൂരു പോലുള്ള വൻ നഗരങ്ങളിലെ പുതുതലമുറയെ ചെറുധാന്യങ്ങളുടെ ഗുണമേൻമയിലേക്ക് ആകർഷിക്കാനും അവർക്കായി. 2021-22 മുതലാണ് കേരളത്തിലും ചെറുധാന്യ വിപണി വളർച്ചയുടെ പാതയിലേക്കെത്തിയത്. 2022-23 വർഷത്തിൽ ഈ രംഗത്ത് പുതുസംരംഭങ്ങളുടെ കുതിച്ചു ചാട്ടം തന്നെ പ്രകടമായി.
2023 ഇന്റർനാഷനൽ ഇയർ ഓഫ് മില്ലറ്റ്സ് ആയി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതോടെ സംരംഭങ്ങളുടെ വേഗം കൂടി. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന ഏത് കാർഷിക , ഭക്ഷ്യ മേളകിലും മില്ലറ്റ് സംരംഭകരുടെ നിറ സാന്നിധ്യമുണ്ട്. കൊഴുപ്പും പ്രോട്ടീനും സമീകൃത അളവിലുള്ള ആരോഗ്യ ഭക്ഷണമാണ് ചെറുധാന്യങ്ങൾ. ഒപ്പം, നല്ലൊരളവ് ഭക്ഷ്യനാരുകളും. ഗോതമ്പിലും ബാർലിയിലുമൊക്കെയുള്ള പ്രോട്ടീൻ ഘടകമായ ഗ്ലൂട്ടൻ മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഈ ഗ്ലൂട്ടൻ രഹിത ഭക്ഷണമാണ് ആശ്രയം. ചെറു ധാന്യങ്ങളിലെ സ്റ്റാർച്ച് കണികകൾക്ക് അരി, ഗോതമ്പ് എന്നിവയിലേതിനേക്കാൾ ഇരട്ടി വലിപ്പമുണ്ട്. ദഹന വേളയിൽ സാവകാശമേ അവ ഗ്ലൂക്കോസയി മാറൂ. അതുകൊണ്ടുതന്നെ പ്രമേഹക്കാർക്ക് യോജിച്ച ‘ലേ ഗ്ലൈസെമിക് ഫുഡ്‘ കൂടിയാണ് മില്ലറ്റ്.
അർബുധത്തെ പ്രതിരോധിക്കാം; മില്ലറ്റുകൾക്ക് ഗുണങ്ങളേറെ
പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ കൗമാരക്കാർക്കിടയിൽപോലും പിടിമുറക്കുന്ന കാലമാണിത്. ഈ രോഗങ്ങളെ നിയന്ത്രിക്കാനും ചെറുക്കാനും ചെറുധാന്യങ്ങൾ ചേർന്ന ഭക്ഷണക്രമത്തിനു കഴിയമെന്നതിനാൽ ഇത്തരം ഭക്ഷ്യശീലങ്ങളിലേക്ക് മാറുന്നവരുടെ എണ്ണവും വർധിച്ചുവരുന്നു. ഭക്ഷ്യ നാരിന്റെ കാര്യത്തിൽ (6.4 മുതൽ 12.6 ശതമാനം വരെ) ചെറുധാന്യങ്ങൾ മുന്നിലാണ്. ഏഴ് മുതൽ 12.5 ശതമാനം വരെ മാംസ്യം അടങ്ങിയ ചെറുധാന്യങ്ങൾ സസ്യമാംസ്യത്തിന്റെ മികച്ച സ്രോതസ്സാണ്. മാത്രമല്ല, മെഥിയോണിൻ, ല്യൂസിൻ മുതലായ അവശ്യ അമിനോ അമ്ലങ്ങളാൽ സമ്പുഷ്ടമാണ് ഇവയിലെ മാംസ്യം. ചെറു ധാന്യങ്ങളിൽ 1.7 മുതൽ 5.4 ശതമാനം വരെയാണ് കൊഴുപ്പിന്റെ അളവ്.
ആരോഗ്യഗുണങ്ങൾ
ധാതുക്കളുടെ കലവറ: ചെറുധാന്യങ്ങൾ ധാതുസമ്പന്നമായതിനാൽ അവ കഴിക്കുന്നത് കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ, സിങ്ക് മുതലായ സൂക്ഷ്മ പോഷകങ്ങളുടെ കുറവ് പരഹരിക്കാൻ സഹായിക്കുന്നു. കാത്സ്യത്തിന്റെ സമൃദ്ധമായ സ്രോതസ്സാണ് ചെറുധാന്യങ്ങൾ. ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ചെറുധാന്യങ്ങൾ സീലിയാക് രോഗത്താൽ കഷ്ടപ്പെടുന്നവർക്ക് സുരക്ഷിതമായ ഭക്ഷ്യ വിഭവമാണ്. ചെറുധാന്യങ്ങുടെ പതിവായുള്ള ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കും. ചെറുധാന്യങ്ങളിലെ ഭക്ഷ്യനാരും കാർബോഹൈഡ്രേറ്റ് ഘടകങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും. പ്രമേഹാനുബന്ധ പ്രശ്നങ്ങളായ തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയെ നിയന്ത്രിക്കാനും ചെറുധാന്യങ്ങൾ ഫലപ്രദമാണ്.
അണുബാധ തടയാം
ബാക്ടീരിയ, ഫംഗസ് എന്നിവയാൽ ശരീരത്തിലുണ്ടാകുന്ന അണുബാധകളെ തടയാൻ ചെറുധാന്യങ്ങൾക്ക് കഴിയും. കൂടാതെ ഭക്ഷ്യനാരുകൾ ഭക്ഷണത്തിലെ കൊളസ്ട്രോൾ ആഗിരം ചെറുക്കുന്നതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. അമിത വണ്ണം തടയാനും ചെറുധാന്യങ്ങളുടെ ഉപയോഗം ഗുണം ചെയ്യും.
ലോകത്തിലെ ഏറ്റവും പുരാതന വിള
ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന പുൽവർഗ്ഗത്തിൽപ്പെട്ട ഒരു ചെറുധാന്യമാണ് തിന (മില്ലറ്റുകൾ). ചൈനയാണ് തിനയുടെ ജന്മദേശം. കളസസ്യമായും വഴിയോരങ്ങളിലും കണ്ടുവരുന്ന തിന ഇറ്റാലിയൻ മില്ലറ്റ്, ജർമൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് എന്നിങ്ങനെ വളരുന്ന രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പുരാതന വിളയാണ് തിന.
ഏതാണ്ട് 7000 വർഷങ്ങൾക്കു മുമ്പേ ചൈനയിൽ തിന കൃഷ്ടിചെയ്തിരുന്നു എന്നതിന് ചരിത്രരേഖകൾ ഉണ്ട്. മറ്റു ധാന്യങ്ങളേക്കാൾ നാരിന്റെ അംശം കൂടുതലുള്ള കോഡോ മില്ലറ്റ് അഥവാ വരക്, മധ്യപ്രദേശിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങിപ്പോയി. ഉയർന്ന ആന്റി ഓക്സിഡന്റ് അംശം ഉള്ള ഇവയിലെ അന്നജം ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് ഫലപ്രദമാണ്. പോഷക മൂല്യത്തിന്റെ അളവെടുത്താൽ ഗോതമ്പിനേക്കാളും അരിയേക്കാളും മുമ്പിലാണ് ചെറുധാന്യങ്ങളിൽപ്പെട്ട തിന. ഭക്ഷണത്തിലെ നാരുകൾ ശരീരത്തിലെ ദഹനം, വിസർജന വ്യവസ്ഥകളെ സഹായിക്കുകയും രക്തത്തിലെ കൊളസ്ട്രോളിന്റെയും പഞ്ചസാരയുടെയും അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഓട്സിലുള്ളതിനു സമാനമായ തോതിൽ നാരുകൾ മില്ലറ്റിൽ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.