'മിഠായി'പദ്ധതി എല്ലാ ജില്ലകളിലും; ഉദ്ഘാടനം ഇന്ന്
text_fieldsതൃശൂർ: ടൈപ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ നൽകുന്ന 'മിഠായി പദ്ധതി'എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നു.
എറണാകുളം ഗവ. മെഡിക്കൽ കോളജ്, കണ്ണൂർ മെഡിക്കൽ കോളജ്, കൊല്ലം വിക്ടോറിയ ഹോസ്പിറ്റൽ, പത്തനംതിട്ട കോഴഞ്ചേരി ജില്ല ഹോസ്പിറ്റൽ, അടിമാലി താലൂക്ക് ഹോസ്പിറ്റൽ, പാലക്കാട് വനിത ശിശുക്ഷേമ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ജില്ല ആശുപത്രി, കൽപ്പറ്റ ജില്ല ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിലാണ് സാറ്റ്ലൈറ്റ് മിഠായി സെന്‍ററുകൾ പുതുതായി തുടങ്ങുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ കോഴിക്കോട്, തൃശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സേവനം നൽകുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇൻസുലിൻ പെൻ, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആരോഗ്യ ഭക്ഷണ ഉപദേശങ്ങളും പരിരക്ഷയും മിഠായി പദ്ധതിയിലൂടെ നൽകിവരുന്നു.
മിഠായി സെന്‍ററുകൾ നാടിന് സമർപ്പിക്കലും ബോധവത്കരണ കൈപ്പുസ്തക വിതരണവും 25ന് വൈകീട്ട് മൂന്നിന് എറണാകുളം മെഡിക്കൽ കോളജിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.