'ദിവസവും അഞ്ച് ബിരിയാണി, 101 കിലോ ഭാരം; ഒരുവർഷംകൊണ്ട് ഈ നടൻ കുറച്ചത് 30 കിലോ ശരീരഭാരം
text_fieldsസിലംബരശൻ എന്ന തമിഴ് നടന്റെ മാറ്റത്തിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവസവും അഞ്ച് ബിരിയാണിവരെ കഴിച്ചിരുന്ന, 101 കിലോ ശരീരഭാരം ഉണ്ടായിരുന്ന സിമ്പു എന്ന സിലംബരശൻ കഠിനപ്രയത്നം കൊണ്ട് കുറച്ചത് 30 കിലോയാണ്. അവസാനം ഇറങ്ങിയ ഹിറ്റ് ചിത്രമായ 'മാനാടി'ൽ താരം പ്രത്യക്ഷപ്പെട്ടതോടെയാണ് മാറ്റത്തിന്റെ കഥ പുറത്തറിഞ്ഞത്. ഒരു ഫിറ്റ്നസ് ട്രെയിനറുടെ സഹായത്തോടെയായിരുന്നു സിമ്പുവിന്റെ ട്രാൻസഫർമേഷൻ.
മോശം നാളുകൾ
2011 ലാണ് സിമ്പു എന്ന പേരിൽ അറിയപ്പെടുന്ന സിലമ്പരശന്റെ കരിയറിലെ ഹിറ്റ് ചിത്രം 'ഒസ്തി' റിലീസ് ആവുന്നത്. ഹിന്ദിയിൽ സൽമാൻ ഖാന്റെ ബ്ലോക്ബസ്റ്റർ സിനിമയായ 'ദബാംഗി'ന്റെ തമിഴ് റീമേക്കാണിത്. ഇതിനു ശേഷം പുറത്തിറങ്ങിയ അച്ചം യെൻപതു, മദമയ്യടാ എന്നീ ചിത്രങ്ങൾ കഴിഞ്ഞപ്പോൾ സിമ്പുവിന്റെ ശരീര ഭാരം കൂടി. ലുക്കിലും അഭിനയത്തിലും സിമ്പു ആളാകെ മാറി. കരിയറിൽ മോശം നടൻ എന്ന ഇമേജും ഇയാളുടെ പേരിലായി. നിരവധി വിവാദങ്ങളിൽ അകപ്പെടുകയും തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ വിലക്ക് വരെ നേരിടേണ്ടി വന്നു. നാലുവർഷത്തോളം സിമ്പുവിന് സിനിമകൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ കാലമത്രയും വീട്ടിലാണ് സിമ്പു ചെലവഴിച്ചത്.
മാറ്റത്തിന്റെ തുടക്കം
2020 ൽ തന്റെ ഉറ്റ സുഹൃത്ത് മഹത് രാഘവേന്ദ്രയുടെ വിവാഹത്തിന് എത്തിയപ്പോഴാണ് മുൻ ഫിറ്റ്നസ് ട്രെയിനർ സന്ദീപ് രാജിനെ സിമ്പു പരിചയപ്പെടുന്നത്. ജീവിത രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയപ്പോഴേ സിമ്പുവിന്റെ ശരീരത്തിൽ വലിയ മാറ്റങ്ങൾ വന്നു. സംവിധായകൻ മണിരത്‌നത്തിന്റെ 'ചെക്ക ചിവന്ത വാനം' സിനിമ ചെയ്യുന്ന സമയത്താണ് തന്റെ ജീവിതത്തിലെ അനാരോഗ്യകരമായ ഘട്ടം ഉപേക്ഷിക്കാൻ സിമ്പു തയ്യാറായത്. 'ആ സിനിമയിൽ വളരെ വേഗത്തിൽ ഞാൻ ഓടുന്ന ഒരു സീൻ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ എന്റെ കാൽമുട്ടിന് വളരെയധികം വേദനയുണ്ടായി.
ആ സമയത്ത് എന്റെ ഫിസിക്കൽ ആക്ടിവിറ്റി പൂജ്യമാണ്. ദിവസം മുഴുവൻ വീട്ടിൽ കസേരയിലാണ് ഞാൻ ഇരിക്കാറുള്ളത്. ജിമ്മിൽ പോകാറില്ല. ഒരുപാട് കാലത്തിനുശേഷം ആ സീനിനായി ഞാൻ ഓടിയപ്പോൾ എനിക്ക് വേദനയുണ്ടായി. അന്നു ഞാൻ ഒരുപാട് കരഞ്ഞു. എനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് സിനിമ കണ്ട ശേഷം പലരും പറഞ്ഞു. എന്നാൽ 'മന്നാട്' സിനിമയിൽ ഒരു സീനിനായി എനിക്ക് ഓടേണ്ടി വന്നു, ആർക്കും എന്നെ പിടിക്കാൻ കഴിഞ്ഞില്ല," സിമ്പു ഒരു അഭിമുഖത്തിൽ പറഞ്ഞു.
മാംസം നിർത്തി പച്ചക്കറിയിലേക്ക്
ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ സിമ്പു മാംസം കഴിക്കുന്നത് നിർത്തി. പച്ചക്കറികൾ മാത്രം കഴിച്ചു. ഒരു ദിവസം അഞ്ചു ബിരിയാണിവരെ സിമ്പു കഴിക്കുമായിരുന്നെന്ന് സന്ദീപ് രാജ് പറയുന്നു. ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ അദ്ദേഹം മാംസം കഴിക്കുന്നത് നിർത്തി. പച്ചക്കറികൾ മാത്രം കഴിച്ചു, ഭക്ഷണം സ്വയം പാചകം ചെയ്യാൻ തുടങ്ങി. കർശനമായ ഡയറ്റ് കൂടാതെ, അദ്ദേഹം ഫിറ്റ്‌നസ് ദിനചര്യയും പിന്തുടർന്നു. എല്ലാ ദിവസവും പുലർച്ചെ 4.30 ന് എഴുന്നേൽക്കും, നടത്തം, ഭാരോദ്വഹനം, നീന്തൽ, സ്‌പോർട്‌സ്, കാർഡിയോ എന്നിവ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുന്നു.
2021 ഫെബ്രുവരിയോടെ അദ്ദേഹത്തിന് ഏകദേശം 10 കിലോ കുറഞ്ഞുവെന്ന് സന്ദീപ് പറഞ്ഞു. അവസാനം പരിശോധിച്ചപ്പോൾ 70 കിലോയായിരുന്നു സിമ്പുവിന്റെ ഭാരം. അധികം വൈകാതെ തന്നെ താൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ചുള്ള ഷോർട് ഫിലിം സിമ്പു റിലീസ് ചെയ്യുമെന്നും സന്ദീപ് പറഞ്ഞു. നിലവിൽ നിരവധി സിനിമകളുടെ പണിപ്പുരയിലാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.