50 കോടി ഫൈസർ വാക്സിൻ വാങ്ങി ലോകത്തിന് നൽകാൻ ബൈഡന്‍റെ അമേരിക്ക
text_fieldsവാഷിങ്ടൺ: 50 കോടി കോവിഡ് വാക്സിൻ വാങ്ങി മറ്റു രാജ്യങ്ങൾക്ക് നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ബ്രിട്ടനിൽ അടുത്ത ദിവസം ആരംഭിക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ ഔദ്യോഗിക പ്രഖ്യാപനം നടക്കും. വലിയ വാക്സിൻ നിർമാണ കമ്പനികളിലേറെയും അമേരിക്കയലായിട്ടും ലോക വ്യാപകമായി അനുഭവിക്കുന്ന വാക്സിൻ കമ്മി പരിഹരിക്കാൻ ബൈഡൻ നടപടി സ്വീകരിക്കുന്നില്ലെന്ന വ്യാപക പരാതിയുടെ സാഹചര്യത്തിലാണ് നടപടി.
യു.എസിൽ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇതിനകം വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. ബ്രിട്ടനും സമാനമായി പകുതി പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്.
20 കോടി വാക്സിൻ ഈ വർഷവും അവശേഷിച്ച 30 കോടി അടുത്ത വർഷവും കയറ്റി അയക്കാനാണ് പദ്ധതി. അവികസിത രാജ്യങ്ങളെ സഹായിക്കാനായി രൂപം നൽകിയ 'കൊവാക്സ്' പദ്ധതിയുടെ ഭാഗമായാകും വാക്സിൻ വിതരണം. 92 പാവപ്പെട്ട രാജ്യങ്ങൾക്കും ആഫ്രിക്കൻ യൂനിയനുമാണ് ഇവ കൈമാറുക. നേരത്തെ 30 കോടി വാക്സിൻ സ്വരൂപിക്കുമെന്നത് കൂടി ചേർത്തുവായിച്ചാൽ മൊത്തം സമാഹരിക്കുക 80 കോടി വാക്സിനാകും. ഇന്ത്യക്ക് 60 ലക്ഷം വാക്സിൻ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആഗോള രാജ്യങ്ങൾക്കിടയിൽ ട്രംപ് നഷ്ടപ്പെടുത്തിയ അമേരിക്കൻ സദ്പേര് വാക്സിൻ വിതരണംവഴി തിരിച്ചുപിടിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.