എന്താണ് ഡയബറ്റിക് ന്യൂറോപ്പതി? എങ്ങനെ പ്രതിരോധിക്കാം
text_fieldsഡയബറ്റിക് ന്യൂറോപ്പതി എന്നാൽ എന്താണെന്ന് ഇന്ന് പലർക്കും അറിവില്ല. പ്രമേഹംമൂലം ഞരമ്പുകൾക്ക് ഉണ്ടാകുന്ന കേടിനെയാണ് ഡയബറ്റിക് ന്യൂറോപ്പതി എന്നു പറയുന്നത്. സാധാരണയായി പ്രമേഹം വന്ന് പത്തോ ഇരുപതോ വർഷം കഴിയുമ്പോഴാണ് ഡയബറ്റിക് ന്യൂറോപ്പതിയുടെ ബുദ്ധിമുട്ടുകൾ കണ്ടുതുടങ്ങുന്നത്. എന്നാൽ, പുതിയ പഠനങ്ങൾ തെളിയിക്കുന്നത് പ്രമേഹത്തേക്കാൾ മുമ്പുതന്നെ ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു എന്നാണ്.
ഇതിൽ പോളി ന്യൂറോപ്പതിയാണ് ഏറ്റവും കോമണായി കണ്ടുവരുന്ന ഡയബറ്റിക് ന്യൂറോപ്പതി. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് ഇവ തുടക്കത്തിലേ ബാധിക്കുക. കാലുകളിൽനിന്നാണ് ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. കാല് പുകച്ചിൽ, മരവിപ്പ്, വേദന, സ്പർശനം നഷ്ടപ്പെടുന്ന അവസ്ഥ -ഇവയിലൂടെയാണ് പ്രമേഹം ഞരമ്പുകളിൽ ബാധിച്ചതായി മനസ്സിലാക്കാനാകുന്നത്. സ്പർശനശേഷി കുറയുന്നതുമൂലം കാലുകളിലുണ്ടാകുന്ന ചെറിയ മുറിവുകൾ തിരിച്ചറിയാൻ കഴിയാതെ പോകുന്നു. ഇതിനെ ഡയബറ്റിക് ഫൂട്ട് എന്നു പറയുന്നു.
പെട്ടെന്ന് പ്രോഗ്രസ് ചെയ്യുന്ന ഒരു രോഗമല്ല ഡയബറ്റിക് ന്യൂറോപ്പതി. കാലപ്പഴക്കംകൊണ്ട് രൂപപ്പെടുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ഭയപ്പെടേണ്ടതില്ല. പ്രമേഹം ഉണ്ടെന്നറിഞ്ഞാൽ കാലുകളിൽ കാണുന്ന ലക്ഷണങ്ങൾ ഒന്നും അവഗണിക്കരുത്. പ്രമേഹം എപ്പോഴും കൺട്രോൾഡ് ആക്കി വെക്കുക. പ്രമേഹം കൂടുമ്പോഴാണ് കാലുകളിലേക്കുള്ള രക്തയോട്ടം നിലക്കുകയോ കുറയുകയോ ചെയ്യുന്നത്. ഇന്ന് ഡയബറ്റിക് ന്യൂറോപ്പതിക്കുള്ള മരുന്നുകൾ വളരെ കുറവാണ്. ഇതിന്റെ ലക്ഷണങ്ങൾ കണ്ടാൽ അതിനു വേണ്ട ട്രീറ്റ്മെന്റുകൾ ചെയ്യാം എന്നതു മാത്രമാണ് സാധ്യമായിട്ടുള്ള കാര്യം. പ്രമേഹം പെട്ടെന്ന് കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ ലക്ഷണങ്ങൾക്ക് വേണ്ട ട്രീറ്റ്മെന്റുകൾ ചെയ്ത് ഡയബറ്റിക് ന്യൂറോപ്പതിയിൽനിന്ന് കംപ്ലീറ്റായി റിക്കവർ ചെയ്യാം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്ട്രെസ് കുറക്കുക, ആരോഗ്യഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറക്കുക, കൊളസ്ട്രോള്‍ ഇടക്ക് പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താനും സഹായിക്കും. പലരും പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ പ്രമേഹം കുറയുമെന്നാണ് കരുതുന്നത്. എന്നാല്‍, നമ്മള് കഴിക്കുന്ന മറ്റു ചില ഭക്ഷണപദാർഥങ്ങളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
ഈ ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ...
കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്: കാര്‍ബണേറ്റഡ് പാനീയങ്ങളില്‍ അടങ്ങിയ ഷുഗര്‍ വളരെ കൂടുതലാണ്. രുചിവ്യത്യാസംകൊണ്ട് നാം തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. ഇത് ഭക്ഷണക്രമത്തില്‍നിന്ന് ഒഴിവാക്കുക.
കാന്‍ഡ് ജ്യൂസ്: കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക
കേക്ക് ടോപ്പിങ്: കേക്കുകള്‍ വീട്ടില്‍ തയാറാക്കിയാലും കടയില്‍നിന്നു വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.
സിറപ്പുകള്‍: പഴങ്ങള്‍ സിറപ്പുകളുടെ രൂപത്തില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ കൃത്രിമമായി മധുരം ചേര്‍ത്തിരിക്കും. ഇതും പൂര്‍ണമായും ഒഴിവാക്കുക.
സാലഡ് ഡ്രസിങ്: സാലഡുകളും മറ്റും അലങ്കരിക്കുന്നതിനുവേണ്ടിയുള്ള സോസുകളില്‍ അമിതമായ അളവില്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം അലങ്കാരങ്ങള്‍ സാലഡില്‍ ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.