Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFitnesschevron_right'ഇത്...

'ഇത് പ്രവർത്തിക്കാനുള്ള സമയമാണ്'; ഹെപ്പറ്റൈറ്റിസിനെതിരെ കരുതൽ വേണം

text_fields
bookmark_border
World Hepatitis Day
cancel

കരളിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറുണ്ടോ? കരള്‍ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. അതിനാല്‍ തന്നെ ശരീരത്തിന്റെ കെമിക്കല്‍ ഫാക്ടറി എന്നാണ് കരൾ അറിയപ്പെടുന്നത്. ദഹനത്തെ സഹായിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ഒരു അവശ്യ അവയവമാണ് കരള്‍. ഇന്ന്‌ ലോക ഹെപ്പറ്റൈറ്റിസ്‌ ദിനത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

1965 ൽ ആദ്യമായി ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിഞ്ഞ ബ്ലുംബെർഗിന്റെ ജന്മദിനമായതിനാലാണ് ജൂലൈ 28 ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധകുത്തിവെപ്പ് കണ്ടുപിടിച്ചതും ബ്ലുംബെർഗാണ്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധം വളർത്തുക, പ്രതിരോധം, പരിശോധന, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുക, രോഗത്തെ ചെറുക്കുന്നതിന് മെച്ചപ്പെട്ട പൊതുജനാരോഗ്യ നയങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഹെപ്പറ്റൈറ്റിസ് ദിനം വർഷം തോറും ആചരിക്കുന്നത്. 'ഇത് പ്രവർത്തിക്കാനുള്ള സമയമാണ്' എന്നതാണ് 2024ലെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ സന്ദേശം.

ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിന്റെ കോശങ്ങൾക്കുണ്ടാകുന്ന വീക്കമാണ്. അണുബാധകൾ മൂലവും മദ്യപാനം, ചില മരുന്നുകൾ, ഓട്ടോ ഇമ്യൂൺ അസുഖങ്ങൾ എന്നിവ മൂലവുമാണ് പ്രധാനമായും കരൾ വീക്കം ഉണ്ടാകുന്നത്. ഇതിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത് ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുവിഭാഗത്തിൽപ്പെട്ട വൈറസുകളാണ്. ഓരോന്നും ബാധിക്കുന്ന രീതിയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും വ്യത്യസ്തമാണ്. മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ.

രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ അവബോധം പ്രധാനമാണ്. എ, ഇ വിഭാഗത്തിൽപെട്ട വൈറസ് ബാധകൾ തീവ്രമല്ലാത്തതിനാൽ വൈറസിനെതിരെയുള്ള മരുന്നുകൾ ആവശ്യമില്ല. ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും പരിചരണവുമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് ആന്റി വൈറൽ മരുന്നുകളും ചികിത്സയും ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി രോഗങ്ങള്ക്ക് ഫലപ്രദമായ വാക്‌സിനുകൾ ഇന്നു ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എ, ഇ വൈറസുകൾ മലിനമായ ഭക്ഷണം, ജലം എന്നിവയിലൂടെയും ബി, സി, ഡി എന്നീ വൈറസുകൾ രോഗബാധയുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്.

രോഗിയിൽ നിന്ന് രക്തം സ്വീകരിക്കുക, ലൈംഗികബന്ധം പുലർത്തുക എന്നിവയെല്ലാം വൈറസുകൾ പകരുന്ന വഴികളാണ്. രോ​ഗിയായ അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും രോഗം പകരാം. അണുവിമുക്തമാക്കാത്ത ശസ്ത്രക്രിയ ഉപകരണങ്ങൾ, ബാർബർ ഷോപ്പുകളിലും ടാറ്റു സ്റ്റുഡിയോകളിലും മറ്റും ഉപയോഗിക്കുന്ന മൂർച്ചയേറിയ ഉപകരണങ്ങൾ, ബ്ലേഡുകൾ എന്നിവയും രോഗവ്യാപനത്തിന് ഇടയാക്കാറുണ്ട്.

പ്രതിരോധ മാർഗങ്ങൾ

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
  • ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകള്‍ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
  • മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക.
  • ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.
  • ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
  • രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
  • സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ, മറ്റൊരാള്‍ ഉപയോഗിക്കുകയോ ചെയ്യരുത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HepatitisWorld Hepatitis Day
News Summary - World Hepatitis Day
Next Story