‘ബെളുത്തിട്ട് പാറാം’ ക്രീമുകളും ഹെയർ ഡൈയും കാൻസറിന് കാരണമാകുമോ?
text_fieldsസൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ചെറിയ കുട്ടികൾ മുതൽ ക്രീമുകളടക്കം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് രാസവസ്തുക്കൾ അടങ്ങിയ ഇത്തരം വസ്തുക്കൾ മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകത്തെമ്പാടും നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുന്നുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ ആരോഗ്യത്തിന് എങ്ങിനെയാണ് ദോഷകരമാകുന്നതെന്ന് പരിശോധിക്കാം....
രാസവസ്തുക്കളുടെ അളവ്
സോഷ്യൽ മീഡിയയിലെയും ടി.വിയിലെയും പരസ്യങ്ങൾ കണ്ട് ക്രീമുകൾ വാങ്ങി തേക്കുന്നതിന് മുമ്പ് അവയിൽ അടങ്ങിയ രാസവസ്തുക്കളുടെ ഗുണനിലവാരം, അളവ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്നാൽ, ഭൂരിഭാഗം പേരും ഇവയെക്കുറിച്ചൊന്നും ബോധവാന്മാരല്ല. ഇവ തുടർച്ചയായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിർമാതാക്കൾതന്നെ നൽകുന്ന മുന്നറിയിപ്പുകളെക്കുറിച്ചും ഭൂരിപക്ഷം പേർക്കും അറിവില്ല.
ഹെയർ ഡൈയെ സൂക്ഷിക്കണം
50 ശതമാനത്തിലധികം ആളുകളും ഇന്ത്യയിൽ ഹെയർ ഡൈ അല്ലെങ്കിൽ ഹെയർ കളറുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽതന്നെ സ്ത്രീകളാണ് കൂടുതൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് കോടിക്കണക്കിന് ഡോളറിന്‍റെ വിപണിയാണ് ഇത്തരം ഉൽപന്നങ്ങൾക്ക് ഇന്ത്യയിലുള്ളത്. മുടിക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന വസ്തുക്കൾ മനുഷ്യരിൽ കാൻസറിന് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ച് രണ്ടു പതിറ്റാണ്ടിലധികമായി ഗവേഷകരുടെ നേതൃത്വത്തിൽ നിരവധി പഠനങ്ങൾ നടന്നുവരുന്നുണ്ട്. ഇവയിൽ പലതിലും ഹെയർ ഡൈകൾ കാൻസറിന് കാരണമാവുന്നുണ്ട് എന്ന് മുന്നറിയിപ്പ് നൽകുന്നു. ചില പഠനങ്ങളിൽ ഇതു തെളിയിക്കപ്പെടാതെയും പോയിട്ടുണ്ട്.
‘ഇന്‍റർനാഷനൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ’ ഇതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഈ ഏജൻസി നടത്തിയ പഠനത്തിൽ, കാൻസറിന് കാരണമാവുന്ന വസ്തുക്കളുടെ (Carcinogens) പട്ടികയിൽ ഇത്തരം ഉൽപന്നങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കാൻസർ സാധ്യതയുള്ളവയുടെ പട്ടികയിൽ ഇവയുണ്ട്.
‘ചിലപ്പോൾ കാൻസറിന് കാരണമായേക്കാം’ എന്ന് മുന്നറിയിപ്പ് നൽകുന്ന വസ്തുക്കളുടെ പട്ടികയായ ‘2A’യിൽ ഹെയർ ഡൈകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഉൽപന്നങ്ങൾ നിരന്തരം ഉപയോഗിക്കുന്ന ഹെയർ കട്ടിങ് സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ജോലിയെടുക്കുന്നവർക്ക് കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഐ.എ.ആർ.സി കണ്ടെത്തിയിട്ടുണ്ട്.
ഹെയർ ഡൈകൾ ഉപയോഗിച്ചാൽ കാൻസർ വരും എന്ന് വ്യക്തമായി തെളിയിക്കാൻ കഴിയുന്ന ഗവേഷണ ഫലങ്ങൾ ലഭ്യമല്ലാത്തതിനാൽതന്നെ ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ടാറ്റൂ വില്ലനാകും
യുവതീയുവാക്കളിൽ ‘പച്ചകുത്തൽ’ അഥവാ ടാറ്റൂയിങ് സാധാരണമാണിപ്പോൾ. പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ്’ ജേണലിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയ പഠനത്തിൽ പച്ചകുത്തുന്നവരിൽ അത് ചെയ്യാത്തവരെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത 21 ശതമാനത്തോളം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽതന്നെ ‘ലിംഫോമ’ എന്ന ഗണത്തിൽപ്പെട്ട കാൻസറാണ് കൂടുതലായി കണ്ടുവരുന്നത്.
ടാറ്റൂവിന് വേണ്ടി ഉപയോഗിക്കുന്ന മഷികളിൽ ഉപയോഗിക്കുന്ന ഘന ലോഹങ്ങൾ, അസോ ഡൈകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ ഹാനികരമായ പദാർഥങ്ങളാണ് അപകട സാധ്യതയുയർത്തുന്നത്. ഇവയിലധികവും കാൻസറിന് കാരണമാവും എന്ന് കണ്ടെത്തിയ രാസവസ്തുക്കളാണ്. ചർമത്തിലൂടെ ഇത്തരം രാസവസ്തുക്കൾ ശരീരത്തിൽ പ്രവേശിച്ച് കാലക്രമേണ ‘കഴല’കൾ എന്ന് വിളിക്കുന്ന ലിംഫ് ഗ്രന്ഥികളിലും (lymph glands) മറ്റ് അവയവങ്ങളിലും അടിഞ്ഞുകൂടുകയും കാൻസർ ഉൾപ്പെടെയുള്ള ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ടാറ്റൂകളെ കാൻസറുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകൾ താരതമ്യേന പരിമിതമാണെങ്കിലും തൊലിപ്പുറത്ത് കണ്ടുവരുന്ന മെലനോമ (Melanoma), സ്ക്വാമസ് സെൽ കാർസിനോമ (Squamous cell carcinoma), ബേസൽ സെൽ കാർസിനോമ (Basal cell carcinoma) തുടങ്ങിയ കാൻസറുകൾ നിരവധി പേരിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുമുക്തമാക്കാത്തപക്ഷം ഹെപ്പറ്റൈറ്റിസ്- സി വരാനുള്ള സാധ്യത. ഹെപ്പറ്റൈറ്റിസ്- സി രോഗികളിൽ ചെറുതല്ലാത്ത ശതമാനം പേരിൽ ‘ലിംേഫാമ’ എന്ന കാൻസർ കണ്ടുവരുന്നുണ്ട് എന്നതും ഗൗരവതരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.