കോവിഡിൽ നഷ്ടമായ മണവും രുചിയും തിരിച്ചുകിട്ടാൻ ഒരു വർഷത്തോളമെടുക്കും -പഠനം
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ചതിനുശേഷം രുചിയും മണവും നഷ്ടമായോ? നഷ്ടമായ മണവും രുചിയും തിരിച്ചുകിട്ടാൻ ഒരു വർഷം വരെ ചിലപ്പോൾ കാത്തിരിക്കേണ്ടി വരുമെന്നാണ് ഇപ്പോൾ വിദഗ്ധരുടെ അഭിപ്രായം.
കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച 2020 മുതൽ, അനോസ്മിയ അഥവ മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടൽ രോഗലക്ഷണമായി കണക്കാക്കിയിരുന്നു. മണം നഷ്ടമാകുന്നത്, ഒരു വ്യക്തിയുടെ ജീവിതനിലവാരത്തെ കാര്യമായി ബാധിക്കും. ഭക്ഷണത്തിെൻറ രുചി തിരിച്ചറിയുന്നതിനോ അന്തരീക്ഷത്തിലെ മറ്റു വസ്തുക്കളുടെ മണം തിരിച്ചറിയുന്നതിനോ ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റു പ്രവർത്തനങ്ങൾക്കോ ഇവ തടസമാകും.
ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഗവേഷകർ 97 കോവിഡ് രോഗികളിൽ നടത്തിയ പരിശോധനയിൽ ഒരു വർഷമെടുത്താണ് ഇവരുടെ മണവും രുചിയം തിരിച്ചറിയാനുള്ള കഴിവ് വീണ്ടെടുത്തതെന്ന് പറയുന്നു. നാലുമാസത്തിലൊരിക്കൽ ഇവരിൽ സർവേ നടത്തുകയായിരുന്നു ഗവേഷകർ. കോവിഡിൽ മണവും രുചിയും നഷ്ടമായവർക്ക് ഇവ രണ്ടും തിരിച്ചുകിട്ടാൻ ഒരു വർഷത്തോളമെടുത്തേക്കാമെന്ന പഠനം ജാമാ നെറ്റ്വർക്ക് ഒാപ്പണിൽ പ്രസിദ്ധീകരിച്ചു.
സ്ഥിരം പരിശോധനക്ക് വിധേയമായിരുന്ന 51 രോഗികളിൽ 49 പേർക്കും എട്ടുമാസത്തിനുള്ളിൽ മണവും രുചിയും പൂർണമായും തിരിച്ചുകിട്ടിയിരുന്നു. മറ്റു രണ്ടുപേരിൽ ഒരാൾക്ക് അതിനുശേഷം മണം തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ മറ്റൊരാൾക്ക് പഠനം പൂർത്തിയാക്കിയതിന് ശേഷം മണവും രുചിയും തിരിച്ചുകിട്ടിയിട്ടില്ല. 91 രോഗികളിൽ 46 പേരിൽ എല്ലാവർക്കും ഒരു വർഷത്തിനകം ഇന്ദ്രിയങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സംബന്ധിയായി വരുന്ന അനോസ്മിയ പൂർണമായും ഭേദമാകാൻ ഒരു വർഷത്തോളമെടുക്കും. പോസ്റ്റ് കോവിഡ് സിൻഡ്രോമുള്ളവരിൽ ഇവയുടെ ദൈർഘ്യം കണ്ടെത്തുന്നതിന് കൂടുതൽ വിവരങ്ങൾ ആവശ്യമായി വരും -യൂനിവേഴ്സിറ്റിയിലെ ഗവേഷകരിലൊരാളായ മാരിയോൻ റെനോഡ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.