ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാൻ
text_fieldsഅതിവേഗ ലോകത്ത് നിശബ്ദമായ ആരോഗ്യ പ്രതിസന്ധിയായി മാറുകയാണ് ജീവിതശൈലി രോഗങ്ങൾ. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകൾ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. ഉദാസീനമായ ശീലങ്ങൾ, പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മർദ്ദം എന്നിവയാണ് ജീവിതശൈലി രോഗങ്ങൾക്ക് വളമാകുന്നത്. സാംക്രമിക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജീവിതശൈലി രോഗങ്ങൾ തടയാനാകും. എന്നാൽ ദൈനംദിന ജീവിതത്തിൽ സജീവവും സുസ്ഥിരവുമായ പരിശ്രമം ആവശ്യം. നിശബ്ദ കൊലയാളിയായി മാറുന്ന ഈ ജീവിതശൈലി രോഗങ്ങളെ എങ്ങിനെ നേരിടാം? എൽഎൽഎച്ച് ഹോസ്പിറ്റൽ മുസഫയിലെ കാർഡിയോളജി സ്പെഷ്യലിസ്റ് ഡോ. അരുൺ ഹരി വിശദീകരിക്കുന്നു.
എന്താണ് ജീവിതശൈലി രോഗങ്ങൾ?
ജീവിതശൈലി രോഗങ്ങൾ നമ്മുടെ ദൈനംദിന ശീലങ്ങളുമായും പൊതു ജീവിതരീതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണരീതി, ശാരീരിക അധ്വാനമില്ലായ്മ, വ്യായാമക്കുറവ്, മാനസിക സമ്മർദ്ദം, അപര്യാപ്തമായ ഉറക്കം എന്നിവയെല്ലാം ഇത്തരം രോഗങ്ങൾക്ക് കാരണമാകാറുണ്ട്. സാധാരണയായി കാണപ്പെടുന്ന ജീവിതശൈലി രോഗങ്ങളാണ് ഹൃദ്രോഗം, പക്ഷാഘാതം, പ്രേമേഹം, പൊണ്ണത്തടി എന്നിവ.
ജീവിതശൈലി രോഗങ്ങൾ എങ്ങിനെ തടയാം?
പലപ്പോഴും ലളിതമായ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്നതിലൂടെ ഈ രോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയും.
· വ്യായാമം ചെയ്യുക
എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യകരമായ ജീവിതം ഉറപ്പ് വരുത്തും. നടത്തം, യോഗ തുടങ്ങി അവനവന്റെ ശരീരത്തിന് അനുയോജ്യമായ വ്യായാമത്തിലേർപ്പെടുന്നത് ശരീരം ഫിറ്റായി നിർത്തുന്നതിനോടൊപ്പം ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും സഹായിക്കും. കൃത്യമായ ശരീരഭാരം നിലനിർത്താനും ഇതിലൂടെ സാധിക്കും.
· സമീകൃതാഹാരം കഴിക്കുക
പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ തുടങ്ങി ശരീരത്തിനാവശ്യമായ ഘടകങ്ങൾ കൃത്യമായ അളവിൽ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും, രോഗങ്ങളെ ചെറുക്കാനും സഹായിക്കും.
· സമ്മർദ്ദം കുറയ്ക്കുക
വേഗമേറിയ നമ്മുടെ ജീവിതം പലപ്പോഴും വിട്ടുമാറാത്ത സമ്മർദ്ദത്തിലേക്ക് നയിക്കാറുണ്ട്. ഇത് ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകും. ധ്യാനം, യോഗ, ഡീപ് ബ്രീത്തിങ് എന്നിവ ശീലിക്കുന്നത് സമ്മർദ്ദം ലഘൂകരിക്കാനും ആരോഗ്യം മൊത്തത്തിൽ മെച്ചപ്പെടുത്താനും സഹായിക്കും.
· ആരോഗ്യ പരിശോധനകൾ നടത്തുക
ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നത് അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അനിവാര്യമാണ്. പതിവായി ആരോഗ്യ പരിശോധനകൾ നടത്തുന്നതിലൂടെ രോഗങ്ങൾ വേഗത്തിൽ കണ്ടെത്താനും നിയന്ത്രിക്കാനും കഴിയും.
ഇത്തരത്തിൽ, ആരോഗ്യത്തിന് മുൻഗണന കൊടുത്ത് ജീവിക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളെ തടയാനും, കൂടുതൽ ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും.
ഡോ. അരുൺ ഹരി, കാർഡിയോളജി സ്പെഷ്യലിസ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.