കോവിഡ് ബാധിക്കാത്ത കുട്ടികളിൽ കോവിഡാനന്തര ലക്ഷണങ്ങൾ നിസാരമായി കാണരുതെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: മൂന്നാംതരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയാണെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. നിലവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കുട്ടികളിലെ രോഗബാധ നിരക്ക് വളരെ താഴ്ന്ന നിലയിലാണ്. എന്നാൽ, പ്രത്യക്ഷത്തിൽ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോവിഡ് ശേഷമുള്ള കോവിഡാനന്തര ലക്ഷണങ്ങൾ നിസാരമായി കണക്കാക്കരുതെന്നാണ് വിദഗ്ധരുടെ നിർദേശം.
മൂന്നാംതരംഗം രൂക്ഷമായി ബാധിക്കുന്ന മഹാരാഷ്ട്രയിൽ ഒരു ശതമാനത്തിൽ താഴെയാണ് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചത്. കുട്ടികളിൽ പരിശോധന നടത്താത്തതും സ്വയം പരിശോധനക്ക് ശേഷം ഫലം വെളിപ്പെടുത്താത്തതുമാണ് ഇതിന്റെ കാരണമെന്ന് വിദഗ്ധർ പറയുന്നു.
മഹാരാഷ്ട്രയിൽ ഡിസംബർ 25 മുതൽ ജനുവരി ആറുവരെ ഒന്നുമുതൽ 10 വയസുവരെയുള്ള കുട്ടികളിൽ 2400 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, ഒന്നും രണ്ടും തരംഗങ്ങൾ പരിശോധിക്കുമ്പോൾ മുംബൈയിലെ കുട്ടികളുടെ രോഗ വ്യാപനം 10 മുതൽ 15 ശതമാനം വരെയായിരിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മൂന്നാംതരംഗം എല്ലാവരെയും ബാധിക്കുമെന്ന് പീഡിയാട്രീഷനായ ഡോ. ബകുൽ പരേഖ് പറയുന്നു. 'രോഗം സ്ഥിരീകരിക്കുന്ന യുവാക്കളുടെ എണ്ണം കൂടിയാൽ കുട്ടികളിലും രോഗബാധിതരുടെ എണ്ണം അതിന് അനുപാതമായി കൂടും. കുട്ടികളിലെ മരണസംഖ്യ കുറവാണ്' -ഡോക്ടർ പറയുന്നു. നിലവിൽ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. മുംബൈയിൽ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ 1500 ബെഡുകൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.
കുട്ടികളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തവരാണെങ്കിലും കോവിഡിന് ശേഷമുള്ള കാർഡിയാക് പ്രശ്നങ്ങൾ, മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം എന്നിങ്ങനെയുളള സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കുട്ടികളെ നിരന്തരം ശ്രദ്ധിക്കണമെന്നും ശിശുരോഗവിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.