കരളിന്റെ കരളിനെ കാത്തു സൂക്ഷിക്കാം - കുട്ടികളിലെ ഫാറ്റി ലിവർ
text_fieldsമുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. അനിയന്ത്രിതമായ ഭക്ഷണ രീതികൾ, ജീവിത ശൈലീ മാറ്റങ്ങൾ എന്നിവ കുട്ടികളിലും ഫാറ്റി ലിവറിനു കാരണമാകാറുണ്ട്. കരളിൽ കൊഴുപ്പിന്റെ അംശം അനിയന്ത്രിതമായി കൂടുമ്പോൾ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും പിന്നീട് ഗുരുതരമായ കരൾ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പൊതുസമൂഹം ഫാറ്റി ലിവറിനെ കുറിച്ച് ബോധവാന്മാരാണെങ്കിലും കുട്ടികളിൽ ഈയൊരു അവസ്ഥ പൊതുവെ ചർച്ച ചെയ്യപ്പെടാറില്ല. മുതിർന്നവരിൽ ഫാറ്റി ലിവർ കണ്ടെത്തുന്നത് പലപ്പോഴും ഹെൽത്ത് ചെക്കപ്പ് നടത്തുമ്പോഴായിരിക്കും, എന്നാൽ ചെക്കപ്പ് നടത്തുമ്പോൾ കുട്ടികളുടെ കാര്യം അച്ഛനമ്മമാർ വിട്ടു പോകാറുണ്ട്. ഫാറ്റിലിവർ എന്നത് അമിത വണ്ണമുള്ളവർക്ക് മാത്രം കാണുന്ന അവസ്ഥയാണ് എന്നൊരു തെറ്റിദ്ധാരണയും സമൂഹത്തിലുണ്ട്. പ്രമേഹം, തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം തുടങ്ങി അമിതവണ്ണമില്ലാത്തവരിൽ പോലും കാണാവുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്.
അച്ഛനമ്മമാർ മാതൃകയാവണം
കുട്ടികൾക്കു എന്നും എല്ലാകാര്യത്തിലും മാതൃകയാവേണ്ടത് അച്ഛനമ്മമാർ ആണല്ലോ. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണശൈലി വളർത്തിയെടുക്കുന്നതിനു വഴികാണിച്ചു കൊടുക്കാൻ നമ്മൾ ശ്രദ്ധിക്കാറില്ല. വീട്ടിലാണെങ്കിലും ഭക്ഷണ നിയന്ത്രണം പൊതുവെ മുതിർന്നവരിലും അസുഖങ്ങൾ ഉള്ളവരിലേക്കും മാത്രമായി ഒതുങ്ങാറുണ്ട്. ആരോഗ്യകരമായ ഭക്ഷണശൈലി കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കണം. രക്ഷിതാക്കൾ പാലിക്കുന്ന ശ്രദ്ധയും മിതത്വവും കണ്ടു വളർന്നാൽ മാത്രമേ കുട്ടികൾ ചിട്ടയായ ഭക്ഷണ രീതി പിന്തുടരുകയുള്ളൂ.
എന്തെല്ലാം കഴിക്കാം?
പച്ചക്കറികൾ, പാൽ, പയറുവർഗങ്ങൾ, മുട്ട തുടങ്ങി പ്രോടീൻ ഘടകം ഉള്ള ഭക്ഷണങ്ങൾ, വെജിറ്റബിൾ സാലഡുകൾ എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം. മധുരപലഹാരങ്ങളും, കൊഴുപ്പിന്റെ അംശമുള്ള ഭക്ഷണങ്ങളും അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്യപ്പെട്ട ഭക്ഷണങ്ങൾ, ശീതള പാനീയങ്ങൾ, ചോക്ലേറ്റുകൾ എന്നിവ പെട്ടെന്ന് വണ്ണം വെക്കാനും അതുമൂലം ഫാറ്റി ലിവറിലേക്ക് നയിക്കാനും കാരണമാകും.
മരുന്നുകളും മറ്റും ആരോഗ്യകരമായ ഭക്ഷണ രീതിക്ക് ഒരിക്കലും പകരമാവില്ല. പ്രോടീൻ പൗഡറുകളോ, മറ്റു സപ്പ്ളിമെന്റുകളോ ആവശ്യമായി വരുമ്പോൾ ഡോക്ടറുടെ വിദഗ്ധ അഭിപ്രായം തേടി മാത്രം കൊടുക്കാൻ ശ്രദ്ധിക്കണം. പരസ്യങ്ങളും മറ്റും അടിസ്ഥാനമാക്കി കുട്ടികൾക്ക് ഇത്തരം സപ്പ്ളിമെന്റുകളോ ലേഹ്യങ്ങളോ കൊടുക്കുന്നത് ദോഷം ചെയ്യാൻ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ള സ്റ്റിറോയ്ഡ്, ഹെവി മെറ്റൽസ് തുടങ്ങിയവ കരളിന് ഹാനികരമായി വരാനും സാധ്യതയുണ്ട്.
വ്യായാമങ്ങളുടെ പ്രസക്തി
ദീർഘ നേരം മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഗെയിംസ്, ടെലിവിഷൻ എന്നിവ ഉപയോഗിക്കുന്ന ഇന്നത്തെ നമ്മുടെ കുട്ടികൾ ഔട്ട് ഡോർ സ്പോർട്സിനോട് താല്പര്യം കുറച്ചേ കാണിക്കൂ. ഈ പ്രവണത മാറ്റുകയും സ്കൂളിലും വീട്ടിലും വ്യായാമങ്ങളും കായിക മത്സരങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണം. സൈക്ലിംഗ്, ഫുട് ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മേലനങ്ങിയുള്ള കളികളിൽ കുട്ടികളെ ഉൾപെടുത്താൻ ശ്രദ്ധിക്കണം. എപ്പോഴും വാഹനങ്ങളെ ആശ്രയിക്കാതെ ഇടക്കൊക്കെ കാൽനടയായി പോകുന്നതും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ശീലിപ്പിക്കണം. ശരീരത്തിലെ കൊഴുപ്പിന്റെ അംശം കുറക്കുന്നതിനും അത് മൂലം ഫാറ്റി ലിവർ തടയുന്നതിനും സ്ഥിരമായി വ്യായാമം ചെയ്യുന്നത് കുട്ടികൾക്കും ഉത്തമമാണ്.
അദ്ധ്യാപകർ ശ്രദ്ധിക്കേണ്ടത്
സ്‌കൂളുകളിൽ ആവശ്യാനുസരണം കളിക്കളങ്ങൾ ഉണ്ട് എന്നത് എല്ലാ രക്ഷിതാക്കളും അധ്യാപകരും ഉറപ്പ് വരുത്തണം. നിശ്ചിത സമയം സ്പോർട്സിനു മാറ്റിവെക്കുമ്പോൾ തന്നെ എല്ലാ കുട്ടികളും ഒരുപോലെ പങ്കെടുക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കണം. കളിക്കളങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന കുട്ടികളെയും അമിത വണ്ണമുള്ള കുട്ടികളെയും കണ്ടെത്തി ജീവിത ശൈലിയിലും ഭക്ഷണരീതിയിലും വരുത്തേണ്ട മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്താൻ രക്ഷിതാക്കളെ ഉപദേശിക്കണം. ഹെൽത്ത് ചെക്കപ്പുകളും, ബോധവത്കരണ സെഷനുകളും സ്‌കൂളുകളിൽ നടപ്പാക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം അധ്യാപകരും മുന്നോട്ട് വരണം.
* കരൾ രോഗങ്ങൾ ഏറെയായി കണ്ടു വരുന്ന ഈ കാലത്തു, മുൻകരുതലുകൾ തുടങ്ങേണ്ടത് ചെറുപ്രായത്തിൽ തന്നെയാണ്.
* അമിത വണ്ണമുള്ള കുട്ടികളിലും പാരമ്പര്യമായി കരൾ രോഗങ്ങൾ ഉള്ളവരിലും ഫാറ്റി ലിവർ സ്ക്രീനിംഗ് ഉപയോഗപ്പെടാം.
* എല്ലാ സ്‌കൂളുകളിലും ഔട്ട് ഡോർ സ്പോർട്സ് നിർബന്ധമാക്കുകയും എല്ലാ കുട്ടികളും പങ്കെടുക്കുന്നു എന്നുറപ്പ് വരുത്തുകയും വേണം.
* ആരോഗ്യകരമായ ഭക്ഷണശൈലിയിലും ചിട്ടയായ വ്യായാമത്തിലും അച്ചനമ്മമാർ കുട്ടികളെ ഉൾപെടുത്താൻ ശ്രദ്ധിക്കുക.
MBBS, MD, DNB (Pediatrics), DM(Gastro)
Medical and Pediatric Gastroenterology and Hepatology, Meitra Hospital, Calicut.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.